ന്യൂഡെല്‍ഹി: ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തികള്‍ മതത്തെ രാഷ്ട്രീയത്തില്‍ നിന്ന് വേറിട്ട് നിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീം കോടതി. തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡു തയാറാക്കാന്‍ മൃഗക്കൊഴുപ്പ് കലര്‍ത്തിയ മായം കലര്‍ന്ന നെയ്യ് ഉപയോഗിച്ചുവെന്ന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ആരോപണം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ പരാമര്‍ശം.
കേസ് ഫയല്‍ ചെയ്യുന്നതിനും പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കുന്നതിനും മുമ്പുതന്നെ മുഖ്യമന്ത്രി നായിഡു വിഷയത്തില്‍ പരസ്യ പ്രതികരണം നടത്തിയെന്ന് കോടതി ചൂണ്ടിക്കാട്ടി.
സെപ്തംബര്‍ 25 ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും സെപ്റ്റംബര്‍ 26 ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തെങ്കിലും സെപ്തംബര്‍ 18 ന് തന്നെ മുഖ്യമന്ത്രി അവകാശവാദം ഉന്നയിച്ചതായി കോടതി പറഞ്ഞു.
'അപ്പോള്‍ നിങ്ങള്‍ തന്നെ അന്വേഷണത്തിന് ഉത്തരവിട്ടപ്പോള്‍, മാധ്യമങ്ങളില്‍ പോകേണ്ട ആവശ്യം എന്തായിരുന്നു? കുറഞ്ഞത്, ദൈവങ്ങളെ രാഷ്ട്രീയത്തില്‍ നിന്ന് അകറ്റി നിര്‍ത്തണം' കോടതി പരാമര്‍ശിച്ചു.
കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമോയെന്ന കാര്യത്തില്‍ കേന്ദ്രത്തോട് നിര്‍ദേശം തേടാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ആവശ്യപ്പെട്ട സുപ്രീം കോടതി വിഷയം വ്യാഴാഴ്ചത്തേക്ക് മാറ്റി.
മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി, രാജ്യസഭാ എംപിയും മുന്‍ ടിടിഡി ചെയര്‍മാനുമായ വൈ വി സുബ്ബ റെഡ്ഡി, ചരിത്രകാരന്‍ വിക്രം സമ്പത്ത്, ആധ്യാത്മിക പ്രഭാഷകനായ ദുഷ്യന്ത് ശ്രീധര്‍ എന്നിവര്‍ സമര്‍പ്പിച്ച മൂന്ന് ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്.
ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാരിന്റെ കാലത്ത് തിരുപ്പതി ലഡ്ഡൂ തയ്യാറാക്കാന്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഈ മാസം ആദ്യം ആരോപിച്ചത് വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിരുന്നു. ഇതിന് മറുപടിയായി, രാഷ്ട്രീയ നേട്ടത്തിനായി നായിഡു ഹീനമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്