സ്വാതി മലിവാൾ എന്ന പുലിവാൽ

MAY 19, 2024, 5:00 PM

അയ്യയ്യോ.., തീക്കട്ടയിൽ ഉറുമ്പരിക്കുകയോ..? 

കലികാലം എന്നല്ലാതെന്തു പറയാൻ..! പറഞ്ഞുവരുന്നത് ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എം.പിയായ സ്വാതി മലിവാളിനെക്കുറിച്ചാണ്. കക്ഷി ജനിച്ചുവീണതുതന്നെ സാമൂഹ്യപ്രവർത്തകയുടെ കുപ്പായമണിഞ്ഞുകൊണ്ടായിരുന്നു. നാരിമണികളുടെ നാനാവിത പുരോഗതിക്കുവേണ്ടി നാഴികയ്ക്ക് നാല്പതുവട്ടം ആലോചിച്ചാലോചിച്ച് തല പുണ്ണാക്കുന്നു. നാരികളേ വിചാരിച്ച് അവർക്ക്  ഊണില്ല, ഉറക്കമില്ല. നാരി വിദ്വേഷത്താൽ അമർന്നിരിക്കുന്നവർക്കെതിരെ ഉരുളയ്ക്കുപ്പേരിപോലുള്ള മറുപടി പറയാൻ, നിരത്തിലിറങ്ങാൻ മടിയില്ലാത്തവൾ. ആർക്കൊപ്പവും കൊടിപിടിച്ച് പൊടി പറത്തി മുന്നേറുന്നവൾ.

മഹാകവി വള്ളത്തോൾ പറഞ്ഞതുപോലെ 'പെരുത്തുനൂറ്റാണ്ടിന്നിടയ്‌ക്കൊരിക്കൽ' മാത്രമേ സ്വാതി മലിവാളിനെപ്പോലുള്ള ഒരു ലോകോപകാരി അവതരിക്കുകയുള്ളൂ. നാരികളുടെ അവകാശങ്ങൾക്കും സാമൂഹിക പ്രശ്‌നങ്ങൾക്കും വേണ്ടി തൊണ്ടപൊട്ടുമാറ് ഉച്ചത്തിൽ ഇക്കണ്ട കാലമത്രയും വാദിച്ചിരുന്നു. നാരികൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ഒരു ബുൾഡോസറെന്ന പോലെ പോരാടുന്നതിനും കർശനമായ നിയമങ്ങൾ നടപ്പിലാക്കുന്നതിനും വേണ്ടി മലമറിക്കാനും മടിയില്ലാത്ത  മലിവാൾ, ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള വിവിധ കാമ്പെയ്‌നുകളുമായും പ്രസ്ഥാനങ്ങളുമായും ഒളിഞ്ഞും തെളിഞ്ഞും ബന്ധപ്പെട്ടുകൊണ്ടെയിരിക്കുന്നവൾ..!

vachakam
vachakam
vachakam

അങ്ങിനെയുള്ളവരെ ആരാണ് ബഹുമാനിക്കാത്തത്. അതുകൊണ്ടുതന്നെ ഒമ്പതുവർഷം മുമ്പ് മലിവാളിനെ ഡൽഹി വനിതാ കമ്മീഷൻ ചെയർപേഴ്‌സണായങ്ങ് നിയമിച്ചിരുത്തി. പിന്നെ തെല്ലും മടിക്കാതെ ഡൽഹിയിലെ ആസിഡ് ആക്രമണങ്ങൾ, ലൈംഗികാതിക്രമങ്ങൾ, സ്ത്രീ സുരക്ഷ തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള സംരംഭങ്ങൾക്കാണ് മലിവാൾ അരയും തലയും മുറിക്കി ഇറങ്ങിത്തിരിച്ചത്. ഇതൊക്കെ കണ്ടപ്പോൾ അരവിന്ദ് കെജ്രിവാളിന് അടങ്ങിയിരിക്കാൻ കഴിഞ്ഞില്ല. തുടർന്നു വന്ന രാജ്‌സഭാ ഒഴിവിലേക്ക് ശീതള കോമള മഹളാരത്‌നം

സ്വാതി മലിവാളിനെത്തന്നെ പിടിച്ചിരുത്തി. ആംആദ്മിപാർട്ടിയിൽ സ്ത്രീകളുടെ കുറവ് നികത്താൻ വേണ്ടുന്നതിലേറെ ശേഷിയും ശേമൂഷിയുമുള്ളൊരുത്തിയ തപ്പിനടക്കുമ്പോഴാണ് കെജ്രിവാളിന്റെ ബുദ്ധിയിൽ ഈ ഫെമിനിസ്റ്റ് ഓടിക്കയറിയത്. പിന്നെന്തു നോക്കാൻ..! സംഗതിയങ്ങനെ കൊടിപിടിച്ചുമുന്നേറുമ്പോഴാണ് പുലിവാൽ സ്വാതി മലിവാളിന്റെ രൂപത്തിലെത്തിയത്. ഈ സ്ത്രീ ഇപ്പോൾ ബി.ജെ.പിയുടെ ചട്ടുകമായി മാറിയിരിക്കുകയാണെന്നാണ് ആം ആദ്മിയുടെ അപ്പസ്‌തോലന്മാർ പറയുന്നത്.   

അരവിന്ദ് കെജ്രിവാളിന്റെ മനസാക്ഷിസുക്ഷിപ്പുകാരനായ  മാനേജർ ബിഭാവ് കുമാറാണ് പ്രതി. കണ്ടാലൊരു ഗുണ്ടയേപ്പോലിരിക്കുമെങ്കിലും ശിശുസഹജമായ മനസിനുടമയെന്നാണ് പാർട്ടിപ്രവർത്തകരുടെ വാമൊഴി. അദ്ദേഹം അകാരണമായി  സ്വാതിയ അച്ചാലും മുച്ചാലും അടിച്ച്  അവശയാക്കിയത്രെ. അരിശം എന്നിട്ടും തീരീതെ ബിഭാവ് കുമാർ എന്ന ദ്രോഹി   അവരുടെ തന്നെ  ആർത്തവരക്തത്തിൽ അവരെ മുക്കിക്കളഞ്ഞു. എന്നിട്ടും ഒരു മനുഷ്യൻ പോലും സഹായത്തിനെത്തിയില്ല. നന്ദികെട്ട എല്ലാപഹയന്മാരും പഹച്ചികളും  കണ്ണിൽ ചോരയില്ലാത്തവരായിപ്പോയെന്നുകൂടി പറയാൻ സ്വാതിക്കൊരു മടിയുമില്ല. 

vachakam
vachakam
vachakam

പാർട്ടിയുമായി സ്വാതിക്ക് 20 കൊല്ലക്കാലത്തെ ഇഴപിരിയ്ക്കാനാകാത്ത ബന്ധമുണ്ട്. എന്നിട്ടുകൂടി ഇന്നലെ വന്നവളുമാരുടെ ആട്ടും തുപ്പും ഏൽക്കേണ്ടിവന്നതിലുള്ള ദു:ഖം വേറേയും. എന്തായാലും ബി.ജെ.പി ഉഷാറിലാണ്. ഡൽഹിയിൽ എം.എച്ച്.എ മുതൽ പോലീസ് വരെയുള്ള ബി.ജെ.പിയുടെ മുഴുവൻ സംവിധാനങ്ങളും നാരീശക്തി വേണ്ടവിധം ഉപയോഗപ്പെടുത്താനുള്ള തീവ്രശ്രമത്തിലുമാണ്. എന്നാൽ സ്വാതിയുടെ അടികൊണ്ടിട്ടുള്ള അവശവേഷത്തിലെ ഭാവാഭിനയം തീരെപ്പോരെന്നൊരു പരാതിയുണ്ട്. 

ഇങ്ങനെയൊക്കെയാണെങ്കിലും ആം ആദ്മിയുമായുള്ള  ബന്ധം വിച്ഛേദിക്കാനൊന്നും സ്വാതി യ്ക്കു കഴിയുകയില്ല.  ഭരണഘടനയിലെ 10ാം ഷെഡ്യൂളിലെ ഖണ്ഡിക 2ലെ സെക്ഷൻ (2)ൽ പറഞ്ഞിരിക്കുന്നതുപോലെ, അവരുടെ രാജ്യസഭാ കാലയളവിൽ അവർക്ക് മറ്റൊരു പാർട്ടിയിൽ ചേരാനും കഴിയുകയില്ലത്രെ. എന്തായാലും വരുന്നത് വരുന്നിടത്തു വച്ചു  കണ്ടറിയാനും കരണം മറിയാനും കെജ്രിവാളിനോളം കരത്തുള്ളവർ ഇന്ന് ഇന്ത്യൻ അരാഷ്ട്രീയത്തിൽ വേറെയില്ല.  ഇതുമാത്രമാണൊരാശ്വാസം.

ജോഷി ജോർജ്

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam