ഓര്‍ത്തോഡോക്സ്-യാക്കോബായ തര്‍ക്കത്തില്‍ വിശ്വാസികളുടെ കണക്കെടുക്കണം; സുപ്രധാന നിര്‍ദേശവുമായി സുപ്രീം കോടതി

DECEMBER 17, 2024, 3:23 AM

ന്യൂഡല്‍ഹി: ഓര്‍ത്തോഡോക്സ് യാക്കോബായ തര്‍ക്കത്തില്‍ സുപ്രധാന നിര്‍ദേശവുമായി സുപ്രീം കോടതി. തര്‍ക്കത്തിലുള്ള എറണാകുളം, പാലക്കാട് ജില്ലകളിലായുള്ള ആറ് പള്ളികളുടെ കൈമാറ്റത്തില്‍ തല്‍സ്ഥിതി തുടരാനും സുപ്രീം കോടതി നിര്‍ദേശിച്ചു.

കേരളത്തില്‍ ഓര്‍ത്തോഡോക്സ്, യാക്കോബായ വിഭാഗത്തില്‍പ്പെട്ട എത്ര പേരുണ്ടെന്ന് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. തര്‍ക്കങ്ങള്‍ ഉള്ള പള്ളികളില്‍ എത്ര വിശ്വാസികള്‍ ഇരു വിഭാഗത്തിനും ഉണ്ടെന്ന കണക്കും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിക്ക് കൈമാറണം. കേസില്‍ ജനുവരി 29, 30 തീയതികളില്‍ വിശദമായ വാദം കേള്‍ക്കും. അന്നുവരെയാണ് തല്‍സ്ഥിതി തുടരേണ്ടത്.

തര്‍ക്കത്തിലുള്ള എറണാകുളം, പാലക്കാട് ജില്ലകളിലെ ആറ് പള്ളികളുടെ ഭരണം ഓര്‍ത്തോഡോക്സ് വിഭാഗത്തിന് കൈമാറാന്‍ ഡിസംബര്‍ മൂന്നിന് പുറപ്പടുവിച്ച ഉത്തരവില്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവ് അടിയന്തിരമായി നടപ്പാക്കാന്‍ നിര്‍ദേശിക്കണമെന്ന് ഓര്‍ത്തോഡോക്സ് സഭയുടെ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ മലങ്കര സഭയിലെ പള്ളികളിലെ സെമിത്തേരി തര്‍ക്കം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ വിശദമായി വാദം കേള്‍ക്കുന്നതിനാല്‍ അത്തരം ഒരുത്തരവ് ഈ ഘട്ടത്തില്‍ പുറപ്പെടുവിക്കുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

മലങ്കര സഭയുടെ എല്ലാ പള്ളികളിലും തല്‍സ്ഥിതി തുടരണം എന്ന നിര്‍ദേശമാണ് സുപ്രീംകോടതി ആദ്യം നല്‍കിയത്. എങ്കിലും, തര്‍ക്കത്തില്‍ ഉള്ള ആറ് പള്ളികളിലേക്ക് അത് ചുരുക്കണമെന്ന് ഓര്‍ത്തോഡോക്സ് സഭയുടെ അഭിഭാഷകര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ഇതിനോടകം ഓര്‍ത്തഡോക്സ് സഭ ഭരണം ഏറ്റെടുത്ത പള്ളികളിലും ഈ ഉത്തരവ് പ്രശ്നമാകും എന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് തല്‍സ്ഥിതി ആറ് പള്ളികളില്‍ മാത്രമായി സുപ്രീംകോടതി നിജപ്പെടുത്തിയത്. തര്‍ക്കത്തിലുള്ള പള്ളികളില്‍ എന്തെങ്കിലും ക്രമസമാധാന പ്രശനങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് ഇടപെടാമെന്നും ജസ്റ്റിസ് മാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

കേരളത്തില്‍ ഓര്‍ത്തോഡോക്സ് യാക്കോബായ വിഭാഗത്തില്‍പ്പെട്ട എത്ര പേരുണ്ടെന്ന് അറിയിക്കാനാണ് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു. പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഉള്ള കണക്കാണ് സംസ്ഥാനസര്‍ക്കാര്‍ കൈമാറേണ്ടത്. മലങ്കര സഭയ്ക്ക് എത്ര പള്ളികള്‍ ഉണ്ടെന്നും, ഓരോ വിഭാഗത്തിനും എത്ര പള്ളികള്‍ ഉണ്ടെന്നും സംസ്ഥാനസര്‍ക്കാര്‍ അറിയിക്കണം. വില്ലേജ് അടിസ്ഥാനത്തിലുള്ള വിവരങ്ങളാണ് സംസ്ഥാനസര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് കൈമാറേണ്ടത്.

തര്‍ക്കങ്ങള്‍ ഉള്ള പള്ളികളില്‍ എത്ര വിശ്വാസികള്‍ ഇരു വിഭാഗത്തിനും ഉണ്ടെന്ന് അറിയിക്കാനും സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. പള്ളി അടിസ്ഥാനത്തിലുള്ള കണക്ക് സമര്‍പ്പിക്കാന്‍ ഓര്‍ത്തോഡോക്സ്, യാക്കോബായ വിഭാഗങ്ങള്‍ക്കും സുപ്രീം കോടതി അനുമതി നല്‍കി. വിശ്വാസികളെ സംബന്ധിച്ച കണക്കെടുപ്പും, ഹിത പരിശോധനയും മുമ്പ് എടുത്തിട്ടുള്ളത് ആണെന്നും അതിനാല്‍ പുതുതായി കണക്കെടുപ്പിന്റെ ആവശ്യം ഇല്ലെന്നും ഓര്‍ത്തോഡോക്സ് സഭയുടെ അഭിഭാഷകര്‍ സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു.

മലങ്കര സഭയിലെ പള്ളി സെമിത്തേരികളില്‍ യാക്കോബായ പുരോഹിതര്‍ ശവസംസ്‌കാര ശുശ്രൂഷ ചെയ്യുന്നത് തടയുന്നത് എന്തിനെന്ന് സുപ്രീം കോടതി വാക്കാല്‍ ആരാഞ്ഞു. ഓര്‍ത്തോഡോക്സ് - യാക്കോബായ തര്‍ക്കവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് സുപ്രീംകോടതി ഈ നിരീക്ഷണം നടത്തിയത്. ശവസംസ്‌കാര ശുശ്രൂഷ സംബന്ധിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ രണ്ട് സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടുണ്ടെന്ന് യാക്കോബായ വിഭാഗം സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി.

ആദ്യ സത്യവാങ്മൂലത്തില്‍ നിയമസഭാ പാസ്സാക്കിയ സെമിത്തേരി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ശവസംസ്‌കാര ശുശ്രൂഷ നടപടികള്‍ എന്നാണ് വ്യക്തമാക്കിയത്. എന്നാല്‍ അധിക സത്യവാങ്മൂലത്തില്‍ സെമിത്തേരി നിയമം അംഗീകരിക്കുന്നില്ലെന്നും, 1934 ലെ സഭാ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ആണ് ശവസംസ്‌കാര ശുശ്രൂഷാ നടപടികള്‍ നടത്തേണ്ടത് എന്ന നിലപാടാണ് സ്വീകരിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam