രാഹുലിന്റെ ചാട്ടുളി പോലുള്ള ചോദ്യങ്ങൾ ജനമനസ്സുകളിൽ നിന്നും മായാൻ പോകുന്നില്ല..!

JULY 3, 2024, 3:29 PM

തികച്ചും ജനാധിപത്യ വിരുദ്ധമാണ് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗഭാഗങ്ങൾ സഭാ രേഖകളിൽ നിന്നും നീക്കിയത്. നിയമനിർമ്മാണ സഭകളുടെ രേഖകൾ ചരിത്രപരമായും പ്രധാനമാണ്. ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. എന്നാൽ അനേകരുടെ മനസിലുയരുന്ന ചോദ്യങ്ങളാണ്  രാഹുലിന്റേത് എന്നതിനാൽ മനുഷ്യ മനസ്സുകളിൽ നിന്നും ആർക്കുമത് തുടച്ചുനീക്കാനാവില്ല. 

ഏറെ മൂർച്ചയുള്ള  വാക്കുകൾ കൊണ്ട് വിവിധ വിഷയങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും കടന്നാക്രമിക്കുന്ന രാഹുൽ ഗാന്ധി. അതേ, പുതിയ പാർലമെന്റിൽ  തന്റെ കന്നിപ്രസംഗത്തിലുടനീളം കത്തിക്കയറുകയായിരുന്നു രാഹുൽ ഗാന്ധി. 

'ജയ് ശ്രീറാം' എന്ന മുദ്രാവാക്യം ഉയർന്നപ്പോൾ ഭരണഘടന വിജയിക്കട്ടെ എന്ന് വിളിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പ്രസംഗം ആരംഭിച്ചത്. ഒരുമണിക്കൂർ നാൽപത് മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തിൽ അഗ്‌നിവീർ, കർഷക പ്രക്ഷോഭങ്ങൾ, ബി.ജെ.പിയുടെ വിദ്വേഷപ്രചാരണം എന്നിങ്ങനെ വിവിധ വിഷയങ്ങൾ രാഹുൽ ഉയർത്തിക്കാട്ടി.

vachakam
vachakam
vachakam

ആദ്യം ഭരണഘടനയുടെ പതിപ്പ് ഉയർത്തിക്കൊണ്ട്  രാഹുൽ, പിന്നീട് പ്രസംഗത്തിനിടെ ദൈവങ്ങളുടെ ചിത്രങ്ങളും അദ്ദേഹം എടുത്തുകാട്ടി. മതമൈത്രിയെ കുറിച്ച് സംസാരിക്കാൻ ബി.ജെ.പിക്ക് അവകാശമില്ലെന്ന് ആരോപിച്ചായിരുന്നു രാഹുൽ ദൈവങ്ങളുടെ ചിത്രങ്ങൾ ഉയർത്തിക്കാട്ടിയത്. പരമശിവന്റെ ചിത്രം ഉയർത്തിക്കാട്ടിയുള്ള രാഹുലിന്റെ പ്രസംഗം ബി.ജെ.പിയെ നന്നേ ചൊടിപ്പിച്ചിരുന്നു.

''രാമക്ഷേത്രം നിർമിച്ച അയോധ്യയിൽ സാധാരണക്കാരായ ജനങ്ങൾ ബി.ജെ.പിയെ പാഠം പഠിപ്പിച്ചു. ക്ഷേത്ര നിർമാണത്തിന്റെ പേരിൽ പാവപ്പെട്ടവരുടെ ഭൂമി പിടിച്ചുപറിച്ചു. അവരുടെ തൊഴിലുകൾ ഇല്ലാതാക്കി. ഇതിൽ ജനം ബിജെപിയെ പാഠം പഠിപ്പിച്ചു,'' ഭരണഘടനയ്ക്ക് എതിരായി ഒരു വ്യവസ്ഥാപിത ആക്രമണം നടന്നിട്ടുണ്ടെന്നും ഇത് ചോദ്യം ചെയ്തവർ ആക്രമിക്കപ്പെട്ടുവെന്നും രാഹുൽ പറഞ്ഞു.  ''എന്നെപ്പോലും എല്ലാ ഭാഗത്തുനിന്നും ആക്രമിച്ചു.

ഇഡി എന്നെ 55 മണിക്കൂർ ചോദ്യം ചെയ്തു. നമ്മുടെ എല്ലാ മഹാന്മാരും അഹിംസയെക്കുറിച്ചും ഭയം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. എന്നാൽ ഹിന്ദു എന്ന് സ്വയം വിളിക്കുന്നവർ അക്രമത്തെയും വിദ്വേഷത്തെയും അസത്യത്തെയും കുറിച്ച് മാത്രമേ സംസാരിക്കൂ. നിങ്ങൾ ഒരുതരത്തിലും ഹിന്ദുക്കളല്ല''തുടങ്ങിയ രീതിയിലായിരുന്നു രാഹുലിന്റെ വിമർശനം.

vachakam
vachakam
vachakam

ഇതിന് പിന്നാലെ മോദി ശ്രീരാമന്റെ പ്രതിനിധിയാണെന്ന് പറഞ്ഞ് ഭരണപക്ഷ എംപിമാർ എഴുന്നേറ്റെങ്കിലും അതാണ് അയോധ്യയിൽ കിട്ടിയതെന്ന് പരിഹസിക്കുകയായിരുന്നു രാഹുൽ. ''പ്രധാനമന്ത്രി കോർപ്പറേറ്റുകളുടെ പ്രതിനിധിയാണ്. കർഷകരെ തീവ്രവാദികളെന്നാണ് സർക്കാർ വിളിക്കുന്നത്. ആത്മഹത്യ ചെയ്ത കർഷകർക്ക് വേണ്ടി ഒരു മിനിറ്റ് മൗനം ആചരിക്കാൻ പോലും സർക്കാർ തയ്യാറല്ല. നീറ്റ് പ്രഫഷണൽ പരീക്ഷയല്ല. അത് ബിസിനസ് പരീക്ഷയാണ്. യുവാക്കളുടെ ഭാവിയെ കുറിച്ച് ഒരു ചർച്ചക്ക് പോലും സർക്കാർ തയാറല്ല. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്നത് വലിയ അതിക്രമമാണ്.'' 

ഹിന്ദു മതത്തിന്റെ പേരിൽ വിദ്വേഷവും ഹിംസയും പ്രചരിപ്പിക്കുന്നതിനെതിരെ ബി.ജെ.പിയെയും ആർഎസ്എസിനെയും ആഞ്ഞടിച്ച രാഹുലിന്റെ പരാമർശങ്ങൾ പക്ഷെ സഭ രേഖകളിൽ കാണാനില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ളവർ എതിർപ്പ് പ്രകടിപ്പിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പരാമർശങ്ങൾ സഭ രേഖകളിൽനിന്ന് സ്പീക്കർ നീക്കിയത്.

സമാനമായി രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആർഎസ്എസിനെയും മോദിയെയും കടന്നാക്രമിച്ച് നടത്തിയ പ്രസംഗത്തിന്റെ വലിയ ഭാഗങ്ങളും രേഖകളിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു. '' പറയാനുള്ളത് പറഞ്ഞു, അതാണ് സത്യം. അവർക്ക് എത്ര വേണമെങ്കിലും നീക്കം ചെയ്യാം, പക്ഷേ സത്യം വിജയിക്കും. സത്യത്തെ മോദിയുടെ ലോകത്ത് മാത്രമേ ഇല്ലാതാക്കാൻ കഴിയൂ'' എന്നായിരുന്നു പരാമർശങ്ങൾ നീക്കം ചെയ്ത നടപടിയോടുള്ള രാഹുലിന്റെ പ്രതികരണം.

vachakam
vachakam
vachakam

നടപടിക്രമങ്ങളുടെ ഏതെല്ലാം ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന തീരുമാനം പൂർണമായും സഭയുടെ പ്രിസൈഡിംഗ് ഓഫീസറുടേതാണ്. ലോക്‌സഭയുടെ കാര്യത്തിൽ അത് സ്പീക്കർക്കും രാജ്യസഭയിൽ ചെയർമാനുമാണ് ആ അധികാരം. പാർലമെന്റിനുള്ളിൽ ഉറപ്പുനൽകിയിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഈ വ്യവസ്ഥ. ലോക്‌സഭയിലെ നടപടിക്രമങ്ങളുടെയും പെരുമാറ്റത്തിന്റെയും ചട്ടങ്ങളുടെ റൂൾ 380 പ്രകാരം സംവാദത്തിൽ അപകീർത്തികരമോ അസഭ്യമോ പാർലമെന്ററി വിരുദ്ധമോ അന്തസില്ലാത്തതോ ആയ വാക്കുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് അഭിപ്രായമുണ്ടെങ്കിൽ, സ്പീക്കർക്ക് തന്റെ വിവേചനാധികാരം ഉപയോഗിച്ച് അത്തരം വാക്കുകൾ സഭാ നടപടികളിൽ നിന്ന് നീക്കം ചെയ്യാൻ ഉത്തരവിടാം. എംപിമാർക്ക് ഉപയോഗിക്കാൻ കഴിയാത്ത അൺപാർലമെന്ററി പദങ്ങളുടെ ഒരു പട്ടികയും ഉണ്ട്. സമയാസമയങ്ങളിൽ ഇത് അപ്‌ഡേറ്റ് ചെയ്യാറും ഉണ്ട്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മോദിയെയും വ്യവസായി ഗൗതം അദാനിയെയും ബന്ധപ്പെടുത്തി ലോക്‌സഭയിൽ രാഹുൽ നടത്തിയ പ്രസംഗത്തിന്റെ വലിയൊരു ഭാഗം നീക്കം ചെയ്തിരുന്നു. 53 മിനിറ്റ് നീണ്ട പ്രസംഗത്തിനിടെ അദ്ദേഹം നടത്തിയ 18 പരാമർശങ്ങൾ രേഖകളിൽ കാണാനില്ല. അടുത്ത ദിവസം ഇതേ വിഷയത്തിൽ ഖാർഗെ നടത്തിയ ആറ് പരാമർശങ്ങളും പിന്നീട് ലോക്‌സഭയും രാജ്യസഭയും നീക്കം ചെയ്തു. രാജ്യസഭാ ചെയർമാനും ഉപാധ്യക്ഷനുമായ ജഗ്ദീപ് ധൻഖറിന് നൽകിയ പരാതിയിൽ, സർക്കാരിനെയും അതിന്റെ നയങ്ങളെയും അവയുടെ അനന്തരഫലങ്ങളെയും കുറിച്ചുള്ള ഏതൊരു വിമർശനത്തിനും സഭയുടെ അന്തസ് കുറയ്ക്കാൻ കഴിയില്ലെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി.

2020ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശങ്ങൾ നീക്കം ചെയ്ത അപൂർവ നടപടിയും സ്പീക്കറിൽ നിന്നുണ്ടായിട്ടുണ്ട്. മോദി സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള ബന്ധം മോശമായിരുന്ന കാലത്താണ് പ്രധാനമന്ത്രി രാജ്യസഭയിൽ നടത്തിയ പരാമർശങ്ങൾ ഔദ്യോഗിക രേഖകളിൽ നിന്ന് നീക്കുന്ന അപൂർവ നടപടി ഉണ്ടാകുന്നത്.

ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിൽ മോദി ഉപയോഗിച്ച വാക്ക്  അന്നത്തെ രാജ്യസഭാ ചെയർമാൻ എം. വെങ്കയ്യ നായിഡു നീക്കം ചെയ്യുകയായിരുന്നു. പൗരത്വ (ഭേദഗതി) നിയമത്തെക്കുറിച്ചും ആസൂത്രിതമായ ദേശീയ ജനസംഖ്യാ രജിസ്റ്ററെക്കുറിച്ചും മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞിരുന്നു. വിചിത്രമെന്നു പറയട്ടെ, നായിഡുവിന്റെ ആ ടേം കഴിഞ്ഞതോടെ ബിജെപി ആ നായിഡുവിനെത്തന്നെ നീക്കം ചെയ്തു. 

പാർലമെന്ററി രേഖകളിൽ നിന്ന് വാക്കുകളോ വാക്യങ്ങളോ പ്രസംഗത്തിന്റെ ഭാഗങ്ങളോ നീക്കം ചെയ്യുന്നത് ഒരു പതിവ് നടപടിക്രമമാണെങ്കിലും ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായ സാഹചര്യം ആയിരുന്നതിനാൽ ഇത് വിവാദമാവുകയായിരുന്നു.

എന്നാൽ രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങളെ സംബന്ധിച്ചിടത്തോളം ബി.ജെ.പി, ആർ.എസ്.എസ്, അദാനി തുടങ്ങിയ പദങ്ങളെല്ലാം സഭയിൽ അൺപാർലമെന്ററി ആണ്. ഭരണപക്ഷത്തിനെതിരെയുള്ള രാഹുലിന്റെ പല കടന്നുകയറ്റങ്ങളും ഇത്തരത്തിൽ സഭയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുമുണ്ട്. കൂടുതൽ വിവാദവും വിദ്വേഷവും നിറഞ്ഞ പരാമർശങ്ങൾ ഭരണപക്ഷ എംപിമാരിൽ നിന്ന് തന്നെ സഭയിൽ ഉണ്ടായിട്ടും സ്പീക്കറുകാരുടെ നടപടികൾ പലപ്പോഴും നീളുന്നത് രാഹുലിനും പ്രതിപക്ഷത്തിനും നേരെയാണ് എന്നു  മാത്രം..!

എന്തുതന്നെ ആയാലും നരേന്ദ്ര മോദിയേയും കൂട്ടരേയും കൂടുതൽ പ്രകോപിതരാക്കാനും അസ്വസ്ഥരാക്കാനും രാഹുൽ ഗാന്ധി എന്ന പ്രതിപക്ഷ നേതാവിന് കഴിഞ്ഞിരിക്കുന്നു. രാഹുൽ ഉന്നയിച്ച ഒരു ചോദ്യത്തിനു പോലും ഉത്തരമില്ലാതെ പ്രതിരോധത്തിലാകുന്ന മോദിയെയാണ് കണ്ടത്. രാഹുലിനെ അടക്കിനിർത്താൻ സാധിക്കില്ലെന്ന് മനസിലായപ്പോൾ എപ്പോഴുമുള്ളത് പോലെ രാഹുലിന്റെ പ്രസംഗത്തെ വർഗീയമായി വളച്ചൊടിക്കുകയായിരുന്നു മോദി. അത് സംഘപരിവാർ കടന്നൽ കൂട്ടങ്ങളും ഏറ്റെടുത്തു. എന്നാൽ ബി.ജെ.പിയുടെ സഖ്യകക്ഷികളൊന്നും അതിൽ പങ്കു ചേർന്നില്ലെന്നത് മോദിയെ ഏറെ അസ്വസ്ഥനാക്കുകയും ചെയ്തു എന്നതിന്റെ ഏറ്റവും നല്ല തെളിവാണ് മോദി കഴിഞ്ഞ ദിവസം നടത്തിയ അധിക്ഷേപം മാത്രം ചൊരിഞ്ഞ മറുപടിപ്രസംഗം.

എമ എൽസ എൽവിൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam