ജനവിധിയും തരംഗങ്ങളും

MAY 16, 2024, 10:52 AM

അര നൂറ്റാണ്ടുകാലമായി ഇന്ത്യൻ തെരഞ്ഞെടുപ്പുകൾ വീക്ഷിക്കുന്ന ഒരാളെന്ന നിലയിൽ എന്നെ ഏറ്റവുമധികം ആകർഷിക്കുന്ന വിഷയം പലപ്പോഴും പ്രത്യക്ഷപ്പെടുന്ന തരംഗങ്ങൾ എന്ന അത്ഭുത പ്രതിഭാസമാണ്. ഏതു തെരഞ്ഞടുപ്പിലും നിരീക്ഷകർ ആദ്യംചോദിക്കുന്ന ചോദ്യം ഒരു തരംഗത്തിന്റെ ലക്ഷണങ്ങൾ എവിടെയെങ്കിലും കാണപ്പെടുന്നുണ്ടോ എന്നാണ്. അങ്ങനെയൊരു തരംഗമുണ്ടെങ്കിൽ പിന്നെ കാര്യങ്ങൾ എളുപ്പമായി. അതിന്റെ ഒഴുക്കിനൊത്തു നീന്തിയാൽ ആരാണ് ആദ്യം കര പിടിക്കുക എന്നറിയാൻ എളുപ്പമാണ്.

എന്നാൽ തരംഗങ്ങൾ കണ്ടെത്തുകയെന്നത് എളുപ്പമല്ല. ഭൂമി കുലുക്കത്തിൽ പ്രസരിക്കുന്ന ശാക്തിക തരംഗങ്ങൾ നഗ്‌നനേത്രം കൊണ്ടു കാണാനാവില്ല. എന്നാൽ അതിന്റെ ആഘാതം നമ്മുടെ കൺമുന്നിൽ പ്രത്യക്ഷപ്പെടുകയും ചെയ്യും. വന്മരങ്ങൾ ഒറ്റ നിമിഷത്തിൽ നിലംപൊത്തും; ആകാശചുംബികളായ കെട്ടിടങ്ങൾ ചീട്ടുകൊട്ടാരംപോലെ തകർന്നുവീഴും.

സമുദ്രാന്തർഭാഗത്തെ സുനാമിയെന്നപോലെ ജനങ്ങളുടെ അന്തരാളത്തിലാണ് തെരഞ്ഞെടുപ്പുകളെ മാറ്റിമറിക്കുന്ന തരംഗങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്. സുനാമിയുടെ ഉത്ഭവം നമ്മൾനേരിട്ടു കാണുന്നില്ല. എന്നാൽ അതിന്റെ ആഘാതത്തിൽ ഉയർന്നുവരുന്ന ഭീമൻ തിരമാലകൾ തീരങ്ങളെ കയ്യിലെടുത്ത് അമ്മാനമാടുന്നു. കടലിൽ അതിന്റെ ദീർഘവൃത്തങ്ങളിൽ പെട്ടുപോകുന്ന ചെറുതോണികൾ മാത്രമല്ല, വമ്പൻ കപ്പലുകൾപോലും തകർന്നടിയുന്നു.

vachakam
vachakam
vachakam

പലപ്പോഴും ഒരു മുന്നറിയിപ്പുമില്ലാതെയാണ് ഇങ്ങനെ തരംഗങ്ങൾ ഉയർന്നുവരുന്നത്. അതൊരു പ്രാകൃതിക പ്രതിഭാസമാണ്. തെരഞ്ഞെടുപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന തരംഗങ്ങളും അപ്രകാരം തന്നെ. അവയുടെ പ്രഭാവകേന്ദ്രം ചിലപ്പോൾ നമുക്ക് കാണാൻ കഴിയും. ചിലപ്പോൾ സമൂഹത്തിൽ ജനഹൃദയങ്ങളിലാണ് തരംഗങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്. അത് നിശ്ശബ്ദമായി ഒരു സൂക്ഷ്മവൈദ്യുത പ്രസരണംപോലെ നിരന്തരം വികാസം പ്രാപിക്കുന്നു. ജനവിധിയെ മാറ്റിമറിക്കാനുള്ള ശക്തി അത് ക്രമേണനേടുന്നു.

മുമ്പൊക്കെ ഇത്തരം പ്രതിഭാസങ്ങളെ അവയുടെ പ്രഭാവമായി പ്രത്യക്ഷപ്പെടുന്ന നിർണായക ചരിത്രമുഹൂർത്തങ്ങളുടെ പശ്ചാത്തലത്തിലാണ് നിരീക്ഷകരും പണ്ഡിതന്മാരും കണ്ടെത്തിയതും വിലയിരുത്തിയതും. എന്നാൽ സമീപകാലത്തായി തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ ചിന്താഗതിയിൽ വരുന്ന മാറ്റങ്ങളെ സർവേകൾ വഴി നിരീക്ഷിക്കാനും വിലയിരുത്താനുമുള്ളശേഷി ഗവേഷകർ നേടിയിട്ടുണ്ട്.

അമേരിക്കപോലുള്ള രാജ്യങ്ങളിൽ ഇത്തരം സർവേകൾ വളരെ കൃത്യമായി ഭാവിഫലങ്ങൾ പ്രവചിക്കുന്നുണ്ട്. അതിനാൽ വോട്ടെണ്ണി തീരും മുമ്പുതന്നെ പല ടെലിവിഷൻ ചാനലുകളും വിജയിയെ പ്രഖ്യാപിച്ചു കഴിയും. കഴിഞ്ഞ തവണ ഡൊണാൾഡ് ട്രംപിന്റെ പരാജയം മർഡോക്കിന്റെ സ്വന്തം ചാനൽ ഫോക്‌സ് ന്യൂസ് മുൻകൂട്ടി പ്രഖ്യാപിച്ചത് അദ്ദേഹത്തെ കുപിതനാക്കി. അതോടെ ചാനലും ട്രംപും തമ്മിൽ നിലനിന്ന സൗഹൃദം അവസാനിക്കുകയും ചെയ്തു.

vachakam
vachakam
vachakam

പാശ്ചാത്യരാജ്യങ്ങളിൽ കാണുന്നപോലെ ഇന്ത്യയിൽ അത്തരം പ്രവചനങ്ങൾ പൂർണമായും ഫലപ്രദമായി കാണാറില്ല. പ്രവചനങ്ങൾ പലതും ജനവിധി വരുമ്പോൾ വെയിലിൽ മഞ്ഞെന്നപോലെ ഒലിച്ചുപോകും. അതിനു കാരണങ്ങൾ പലതുണ്ട്. ഒന്നാമത്, പലപ്പോഴും സർവേകൾ നടത്തുന്നത് കക്ഷി രാഷ്ട്രീയ താല്പര്യങ്ങൾ മുന്നിൽ വെച്ചു കൊണ്ടാണ്. ഇന്ത്യയിൽ മിക്കവാറും എല്ലാ മാധ്യമങ്ങളും ഇങ്ങനെ കക്ഷിരാഷ്ട്രീയ താൽപര്യങ്ങൾക്കു വിധേയരാണ് എന്നത് ഒരു സത്യം മാത്രമാണ്. അതിനാൽ അവരുടെ സർവേകൾ ജനങ്ങളെ ആകർഷിക്കുന്നില്ല; അവ പലപ്പോഴും രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗം മാത്രമാണെന്ന് പിന്നീട് തെളിയിക്കപ്പെടുകയും ചെയ്യുന്നു.

രണ്ടാമതൊരു വിഷയം, ഇനി പൂർണമായും പ്രൊഫഷണൽ അടിസ്ഥാനത്തിൽ നടത്തപ്പെടുന്ന സർവേകൾ ആയാലും ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പുകളിൽ അവയുടെ ഫലശ്രുതി പരിമിതമായിരിക്കും. അതിനുള്ള കാരണം ഇന്ത്യയുടെ വൈപുല്യമാണ്. ഒരു ഉപഭൂഖണ്ഡത്തിന്റെ സ്വഭാവമുള്ള രാജ്യമാണ് ഇന്ത്യ. അതിന്റെ നാനാഭാഗങ്ങളിൽ അധിവസിക്കുന്ന ജനങ്ങളുടെ വികാര വിചാരങ്ങൾ വളരെയേറെ വ്യത്യസ്തമാണ്. അതിലൊരു പൊതുധാരണ ഉണ്ടായി വരുമ്പോൾ മാത്രമാണ് രാജ്യവ്യാപകമായ ഒരു തരംഗത്തിനുള്ള സാധ്യത ഉയർന്നുവരുന്നത്. അതു താരതമ്യേന അപൂർവമായി മാത്രമേ ഉണ്ടാകാൻ ഇടയുള്ളൂ.

എന്നാൽ കഴിഞ്ഞ അരനൂറ്റാണ്ടിൽ അത്തരം സന്ദർഭങ്ങൾ പലതും ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ടായിട്ടുണ്ട്. 1977ൽ നടന്ന പൊതുതെരഞ്ഞെടുപ്പുനോക്കുക. അടിയന്തിരാവസ്ഥ പിൻവലിച്ചു ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ കൊടുംകാറ്റിനു മുമ്പുള്ള കടൽപോലെ ഇന്ത്യൻ രാഷ്ട്രീയരംഗം ശാന്തമായിരുന്നു. പ്രതിപക്ഷനേതാക്കൾ മിക്കവരും ജയിലറയിൽ. മാധ്യമങ്ങൾ പൂർണ നിശ്ശബ്ദതയിൽ. നാട്ടിലൊരു പ്രക്ഷോഭമോ പ്രതിഷേധമോ കാണാനില്ല. അതിനാൽ ജയം ഉറപ്പ് എന്ന ധാരണയിൽവോട്ടെടുപ്പിനു ചാടിയിറങ്ങിയ ഇന്ദിരയും മകൻ സഞ്ജയ് ഗാന്ധിയും എട്ടു നിലയിൽ പൊട്ടി. അതിനു കാരണമായത് ജനസമൂഹത്തിൽ ഒരു വിദ്യുത് തരംഗംപോലെ പ്രസരിച്ച പ്രതിഷേധത്തിന്റെ നിശബ്ദ സാന്നിധ്യമാണ്. അടിച്ചമർത്തലും അമിതമായ നിയന്ത്രണങ്ങളും അതു പരസ്യമായി പുറത്തേക്കു പൊട്ടിപ്പുറപ്പെടുന്നതിനെ തടഞ്ഞു. പക്ഷേ വോട്ടെടുപ്പിൽ ജനകീയ പ്രതിഷേധം ഒരു തരംഗമായി വളർന്നു.

vachakam
vachakam
vachakam

പിന്നീട് അത്തരമൊരു തരംഗം കാണുന്നത് 1984 ഡിസംബറിൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ്. ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചതിനു തൊട്ടുപിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ എന്താവും ജനവിധി എന്ന കാര്യത്തിൽ ഒരു സംശയവും ഉണ്ടായിരുന്നില്ല. രാജീവ് ഗാന്ധി ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് അന്ന് കരസ്ഥമാക്കി.

പിന്നീട് സമാനമായ ഒരു അനുഭവം നമ്മൾ കാണുന്നത് 1991ൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിലാണ്. 1989ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധിയും കോൺഗ്രസ്സും വിജയിച്ചില്ല. അന്ന് പലരുടെയും പിന്തുണയോടെ വി.പി. സിങ് പ്രധാനമന്ത്രിയായി. എന്നാൽ അദ്ദേഹത്തിന്റെ സർക്കാരും അധികകാലം തുടർന്നില്ല. അങ്ങനെയുള്ള കലങ്ങിയ രാഷ്ട്രീയ അന്തരീക്ഷത്തിലാണ് രാഷ്ടപതി ആർ. വെങ്കിട്ടരാമൻ ഇടക്കാല തെരഞ്ഞെടുപ്പിന് ഉത്തരവിടുന്നത്. രണ്ടു ഘട്ടമായാണ് വോട്ടെടുപ്പു നടന്നത്. എന്നാൽ ഒന്നാംഘട്ടം കഴിഞ്ഞ ഉടനെ രാജീവ് ഗാന്ധി തമിഴ്‌നാട്ടിൽ കൊല്ലപ്പെട്ടു. അതുണ്ടാക്കിയ സഹതാപ തരംഗമാണ് ജൂണിൽ കോൺഗ്രസ്സ് നേതാവ് പി.വി. നരസിംഹ റാവുവിനെ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിച്ചത്.

പിന്നീടൊരു തരംഗം നമ്മൾ കാണുന്നത് 2019ൽ നരേന്ദ്രമോദിയുടെ രണ്ടാമത് തെരഞ്ഞെടുപ്പിന്റെ വേളയിലാണ്. അന്ന് പുൽവാമയിൽ പാകിസ്ഥാൻ പിന്തുണയുള്ള ചാവേറുകൾ നടത്തിയ കടന്നാക്രമണം വമ്പിച്ച ജനരോഷമാണ് ഇന്ത്യയിൽ ഉണ്ടാക്കിയത്. ജെയ്‌ഷെ മുഹമ്മദ് എന്ന ഇസ്ലാമിക തീവ്രവാദിസംഘമായിരുന്നു ആക്രമണത്തിന്റെ പിന്നിൽ. മോദിയുടെ കനത്ത വിജയത്തിന് അതാണ് കളമൊരുക്കിയത് എന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എന്നാൽ പുൽവാമ ഒറ്റപ്പെട്ട ഒരു തരംഗമായിരുന്നില്ല. 2008ൽ മുംബൈയിൽ നടന്ന ഏകപക്ഷീയമായ ആക്രമണം മുതൽ പാകിസ്ഥാൻ കേന്ദ്രീകൃതമായ സംഘങ്ങളുടെ നീക്കങ്ങൾ സംബന്ധിച്ച ഭീതികൾ സമൂഹത്തിൽ നിലനിന്നിരുന്നു. ലക്ഷർ ഇ തായ്ബ എന്നപേരിലുള്ള തീവ്രവാദി സംഘത്തിലെ പത്തുപേരാണ് മുംബൈ നഗരത്തിൽ 12 ഇടങ്ങളിൽ അന്ന് ആക്രമണം അഴിച്ചുവിട്ടത്. അത്തരം അനുഭവങ്ങൾ കൂടുതൽ കർക്കശമായ പ്രതിരോധ പ്രവർത്തനങ്ങൾ വേണം എന്ന അഭിപ്രായം സമൂഹത്തിൽ ഉയർത്തി. നരേന്ദ്രമോദിയുടെ വമ്പിച്ച ജനപിൻതുണയുടെ പ്രധാന ഘടകങ്ങളിലൊന്ന് ശക്തനായ ഭരണാധികാരി എന്ന പ്രതിച്ഛായ വളർത്തുന്നതിൽ അദ്ദേഹം വിജയിച്ചു എന്നതു തന്നെയാണ്.

പക്ഷേ തരംഗങ്ങൾ ദീർഘകാലം സ്വാധീനം നിലനിർത്തുന്നില്ല. കാരണം കൂടുതൽ ഗുരുതരമായ വിഷയങ്ങൾ നിത്യജീവിതത്തിൽ ഉയർന്നുവരുന്നു. അത് ജനങ്ങളുടെ ചിന്തയിലും മനോഭാവത്തിലും മാറ്റം വരുത്തുന്നു. അതിനാൽ എന്താണ് ജനങ്ങളുടെ മനസ്സിലുള്ളത് എന്നറിയുക പ്രയാസം തന്നെയാണ്. ഈയിടെ പുറത്തുവന്ന സി.എസ്.ഡി.എസ് ലോക്‌നീതി സർവേ പറയുന്നത് മഹാഭൂരിപക്ഷം ജനങ്ങളും ഏറ്റവും പ്രധാന പ്രശ്‌നമായി കാണുന്നത് വിലക്കയറ്റവും തൊഴിലില്ലായ്മയും ആണെന്നാണ്. ആരാണതിന് ഉത്തരവാദി എന്ന കാര്യത്തിൽ പൊതുവായ യോജിപ്പില്ല. ഒരുപക്ഷേ ഇത്തവണ വോട്ടെടുപ്പിൽ കാണപ്പെട്ട വമ്പിച്ച ഇടിവ് ജനങ്ങളുടെ നീരസത്തിന്റെ ഒരു പ്രതിഫലനമാണെന്നും വരാം.

എൻ.പി. ചെക്കുട്ടി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam