ഡെറാഡൂണ്‍: ഏക സിവില്‍ കോഡ് കരട് ബില്‍ ഉത്തരാഖണ്ഡ് നിയമസഭയില്‍ അവതരിപ്പിച്ചു. ബി.ജെ.പി എം.എല്‍.എമാരുടെ ജയ് ശ്രീറാം വിളികള്‍ക്കിടയില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ദാമിയാണ് ബില്‍ അവതരിപ്പിച്ചത്. വിവാഹം, വിവാഹ മോചനം, ഭൂമിയിലും സ്വത്തിലുമുള്ള അവകാശം, പിന്തുടര്‍ച്ചാവകാശം തുടങ്ങിയവയില്‍ എല്ലാ മത വിഭാഗങ്ങള്‍ക്കും ഒറ്റ നിയമം നിര്‍ദേശിക്കുന്നതാണ് കരട് ബില്‍.
ഏക സിവില്‍കോഡ് കരടിന് ഞായറാഴ്ച ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. റിട്ട. സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് 749 പേജുള്ള കരട് നിര്‍ദേശങ്ങള്‍ തയാറാക്കിയത്. ബില്‍ അവതരിപ്പിക്കാനായി രണ്ട് ദിവസത്തെ പ്രത്യേക നിയമസഭ സമ്മേളനമാണ് സര്‍ക്കാര്‍ വിളിച്ചിരിക്കുന്നത്.
അതേസമയം ഗോത്ര വിഭാഗക്കാരെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ പ്രതിഷേധങ്ങള്‍ക്കിടെയാണ് ബില്‍ അവതരിപ്പിച്ചത്. നടപടി തിടുക്കത്തിലാണെന്നും കരട് ബില്‍ വായിക്കാന്‍ പോലും ബി.ജെ.പി സമയം നല്‍കിയില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പ്ലക്കാര്‍ഡുകളുമായി കോണ്‍ഗ്രസ് സഭയില്‍ പ്രതിഷേധിച്ചിരുന്നു.
വിവാഹം കഴിക്കാതെയുള്ള ലിവ്-ഇന്‍ ബന്ധങ്ങള്‍, ബഹുഭാര്യത്വം-ബഹുഭര്‍തൃത്വം, ശൈശവ വിവാഹം എന്നിവ നിയമപ്രകാരം കര്‍ശനമായി നിരോധിക്കും. എല്ലാ മതങ്ങളിലുമുള്ള പെണ്‍കുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കല്‍, വിവാഹമോചനത്തിനുള്ള ഏകീകൃത നടപടിക്രമം എന്നിവയും ബില്ലിലുണ്ട്. ചര്‍ച്ച പോലും നടക്കാതെ ഏക സിവില്‍ കോഡ് സംസ്ഥാനത്ത് നടപ്പാക്കാനുള്ള ശ്രമമാണ് ബി.ജെ.പിയുടേതെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് വിമര്‍ശിച്ചു. ചട്ടങ്ങള്‍ പാലിക്കാതെയാണ് ബില്‍ പാസ്സാക്കാന്‍ സംസ്ഥാന സര്‍ക്കാറും മുഖ്യമന്ത്രിയും തിടുക്കം കാട്ടുന്നത്.
ബില്ലിന്റെ പകര്‍പ്പ് പോലും പ്രതിപക്ഷത്തിന് ലഭിച്ചിട്ടില്ല. ബില്‍ പഠിക്കും മുമ്പ് ഉടനടി ചര്‍ച്ച വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യം. ഉത്തരാഖണ്ഡ് പോലെയൊരു സംസ്ഥാനത്ത് ഏക സിവില്‍ കോഡ് നടപ്പാക്കി കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി പരീക്ഷണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, അഭിമാനത്തിന്റെ നിമിഷമാണിതെന്നാണ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ദാമി എക്‌സില്‍ കുറിച്ചത്. 'ദേവഭൂമിയായ ഉത്തരാഖണ്ഡിലെ ജനങ്ങള്‍ക്ക് തുല്യ അവകാശം നല്‍കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഏക സിവില്‍ കോഡ് ബില്‍ ഇന്ന് സഭയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഇത് സംസ്ഥാനത്തെ ജനങ്ങള്‍ക്കാകെ അഭിമാനത്തിന്റെ നിമിഷമാണ്. ഏക സിവില്‍ കോഡ് നടപ്പാക്കാനായി നടപടി കൈക്കൊള്ളുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി' -അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്