പട്‌ന: ബിഹാറില്‍ ഒരിക്കല്‍ കൂടി വിശ്വാസവോട്ട് നേടി മുഖ്യമന്ത്രി നിതീഷ് കുമാര്‍. തിങ്കളാഴ്ച ബിഹാര്‍ നിയമസഭയില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിന് അനുകൂലമായി 129 വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടു. ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വോട്ടെടുപ്പിന് മുമ്പ് ഇറങ്ങിപ്പോയി. അഞ്ച് ആര്‍ജെഡി എംഎല്‍എമാരെങ്കിലും കൂറുമാറി നിതീഷ് കുമാറിന് വോട്ട് ചെയ്തത് പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയായി.
ജനുവരി 28 നാണ് ഇന്ത്യ സഖ്യത്തിന്റെ പ്രധാന ശില്‍പ്പിയായിരുന്ന നിതീഷ് കുമാര്‍ ആര്‍ജെഡിയുമായുള്ള സഖ്യം ഉപേക്ഷിച്ച് എന്‍ഡിഎയിലേക്ക് മടങ്ങിയത്. നിലവില്‍ 243 അംഗ സഭയില്‍ ബിജെപിക്ക് 77 എംഎല്‍എമാരും ജെഡിയുവിന് 44 എംഎല്‍എമാരാണുള്ളത്. 4 എംഎല്‍എമാരുള്ള ജിതന്‍ റാം മാഞ്ചിയുടെ എച്ച്എഎമ്മും എന്‍ഡിഎയുടെ ഭാഗമാണ്.
2005ല്‍ താന്‍ അധികാരത്തില്‍ വന്നതിന് ശേഷം ബിഹാറില്‍ കാര്യമായ വികസനം ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിതീഷ് പറഞ്ഞു. 'അതിനുമുമ്പ്, അദ്ദേഹത്തിന്റെ (തേജസ്വി യാദവിന്റെ) അച്ഛനും അമ്മയ്ക്കും 15 വര്‍ഷം ബീഹാറിനെ സേവിക്കാന്‍ അവസരം ലഭിച്ചു. അവര്‍ എന്താണ് ചെയ്തത്? ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ ധാരാളം സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഞാന്‍ അധികാരത്തില്‍ വന്നതോടെ ഈ സംഘര്‍ഷങ്ങള്‍ നിലച്ചു,' നിതീഷ് കുമാര്‍ പറഞ്ഞു.
ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വി യാദവിനെതിരെ ആഞ്ഞടിച്ച നിതീഷ്, അദ്ദേഹത്തിന്റെ പിതാവ് ലാലു പ്രസാദും അമ്മ റാബ്രി ദേവും സംസ്ഥാനം ഭരിച്ചിരുന്ന കാലത്തെ ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. 'ഇതിനുമുമ്പ് അദ്ദേഹത്തിന്റെ (തേജസ്വിയുടെ) അച്ഛനും അമ്മയ്ക്കും ജോലി ചെയ്യാന്‍ അവസരം ലഭിച്ചു, ബീഹാറില്‍ എന്താണ് സംഭവിച്ചത്? ആ സമയത്ത് ആരെങ്കിലും രാത്രി പുറത്തിറങ്ങാന്‍ ധൈര്യപ്പെടുമോ? റോഡുണ്ടായിരുന്നോ?' വികാരനിര്‍ഭരമായ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
ആര്‍ജെഡി നേതാക്കള്‍ അധികാരത്തിലിരുന്ന് ധനസമ്പാദനം നടത്തുകയായിരുന്നെന്നും കുമാര്‍ ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്