ന്യൂഡല്‍ഹി: ബെല്‍ജിയത്തില്‍ അറസ്റ്റിലായ പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസിലെ പ്രതി ഇന്ത്യന്‍ രത്‌നവ്യാപാരി മെഹുല്‍ ചോക്സിയെ ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. സിബിഐ, ഇ.ഡി ഉദ്യോഗസ്ഥര്‍ ബെല്‍ജിയത്തിലേക്ക് പോകാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. മെഹുല്‍ ചോക്സിയെ കൈമാറുന്നതിനുള്ള രേഖകള്‍ തയ്യാറാക്കുന്നതിനും ബെല്‍ജിയം സര്‍ക്കാരുമായി ബന്ധപ്പെട്ട മറ്റ് നടപടിക്രമങ്ങള്‍ക്കുമാണ് ഉദ്യോഗസ്ഥര്‍ അങ്ങോട്ടേക്ക് പോകുന്നത്.
ഇന്ത്യന്‍ അധികൃതരുടെ ആവശ്യപ്രകാരം ഏപ്രില്‍ 12 നാണ് ചോക്സിയെ ബെല്‍ജിയം പൊലീസ് അറസ്റ്റ് ചെയ്തത്. ബെല്‍ജിയത്തിലേക്ക് പോകാനുള്ള ഉദ്യോഗസ്ഥരുടെ പേരുകള്‍ ഇ.ഡി, സിബിഐ ആസ്ഥാനങ്ങളില്‍ തയ്യാറായി വരികയാണ്. ഇരു ഏജന്‍സികളില്‍ നിന്നും രണ്ടോ മൂന്നോ ഉദ്യോഗസ്ഥര്‍ വീതമായിരിക്കും പോകുക. ഇന്ത്യക്ക് കൈമാറുന്നത് സംബന്ധിച്ച് ചോക്സി നിയമപരമായ തടസങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് കേസുകള്‍ സംബന്ധിച്ച് വിശദമായ രേഖകള്‍ സഹിതമാണ് ഉഗ്യോഗസ്ഥര്‍ ബെല്‍ജിയത്തിലേക്ക് തിരിക്കുക. ഇരു അന്വേഷണ ഏജന്‍സികളുടേയും മേധാവികള്‍ ചര്‍ച്ചകളും ഇതിനോടകം നടത്തിയിട്ടുണ്ട്.
അറസ്റ്റിന് പിന്നാലെ ചോക്സിക്ക് ജാമ്യം ലഭ്യമാക്കുനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് കഴിഞ്ഞ ദിവസം ചോക്സിയുടെ അഭിഭാഷകന്‍ പറഞ്ഞിരുന്നു. കാന്‍സര്‍ ചികിത്സ നടത്തുകയാണെന്നും യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടുകളും ഉന്നയിച്ചാണ് ചോക്സി ജാമ്യത്തിനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.
2018 ലും 2021 ലുമായി മുംബൈ കോടതി പുറപ്പെടുവിച്ച രണ്ട് അറസ്റ്റ് വാറണ്ടുകളുടെ അടിസ്ഥാനത്തിലാണ് ചോക്‌സിയെ പിടികൂടിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്