മുംബൈ: നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ച മുഹമ്മദ് ഷെരീഫുള്‍ ഇസ്ലാമിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് മുംബൈ പൊലീസ്. ഇയാള്‍ നേരത്തെ ശുചീകരണ ജോലികള്‍ക്കായി സെയ്ഫിന്റെ വീട്ടില്‍ വന്നിട്ടുള്ളയാളാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇയാള്‍ ബംഗ്ലാദേശ് പൗരനാണെന്ന സംശയവും നേരത്തെ തന്നെ പൊലീസ് വെളിപ്പെടുത്തിയിരുന്നു.
സെയ്ഫ് അലി ഖാന്റെ വീട്ടില്‍ ജോലിക്ക് നില്‍ക്കുന്ന ഹരി എന്നയാളുടെ നിര്‍ദേശ പ്രകാരമായിരുന്നു ഷെരീഫുള്‍ ഇസ്ലാം നടന്റെ വീട്ടിലെത്തി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഈ സംഭവം കഴിഞ്ഞ് ഏതാനും നാളുകള്‍ പിന്നിട്ടപ്പോഴായിരുന്നു മോഷണശ്രമം. പ്രതി മുഹമ്മദ് ഷരീഫുള്‍ വിവിധ പേരുകളിലാണ് പ്രദേശത്ത് അറിയപ്പെട്ടിരുന്നത്. സൗകര്യാര്‍ത്ഥം ഇഷ്ടമുള്ള പേരുകള്‍ ഉപയോഗിക്കുകയായിരുന്നു. വിജയ് ദാസ്, ബിജോയ് ദാസ്, മുഹമ്മദ് ഇല്യാസ്, ബിജെ എന്നീ പേരുകളില്‍ ഇയാള്‍ അറിയപ്പെട്ടിരുന്നുവെന്നാണ് വിവരം.
താനെയിലെ ഹിരാനന്ദനി എസ്റ്റേറ്റിലെ മെട്രോ നിര്‍മാണ സൈറ്റിന് സമീപമുള്ള തൊഴിലാളി ക്യാമ്പില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെയാണ് ഷെരീഫുള്‍ ഇസ്ലാം പിടിയിലായത്. ഇയാളുടെ കൈവശമുള്ള തിരിച്ചറിയല്‍ രേഖകള്‍ വ്യാജമാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
മോഷ്ടിക്കാനായിരുന്നു സെയ്ഫിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ കയറിയതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. എന്നാല്‍ മോഷണശ്രമം തന്നെയായിരുന്നോ അക്രമിയുടെ ലക്ഷ്യമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സെയ്ഫിന്റെ വീട്ടില്‍ നിന്ന് ലഭിച്ച വിരലടയാളങ്ങള്‍ ഷരീഫുള്‍ ഇസ്ലാമിന്റേതാണെന്ന് സ്ഥിരീകരിച്ചതിനാല്‍ ഇയാള്‍ തന്നെയാണ് നടനെ കുത്തിപ്പരിക്കേല്‍പ്പിച്ചതെന്ന നിഗമനത്തില്‍ എത്തിയിരിക്കുകയാണ് പൊലീസ്.
അതേസമയം ഇയാള്‍ മോഷ്ടിക്കാന്‍ വേണ്ടിയാണ് നടന്റെ അപ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിച്ചതെന്ന മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കൂടാതെ അക്രമിക്ക് മറ്റൊരാളുടെ സഹായം ലഭിച്ചതായും പൊലീസ് കരുതുന്നു. സംശയനിഴലിലുള്ള ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്