കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ പിജി ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി. കേസില്‍ ശിക്ഷാവിധി തിങ്കളാഴ്ച. പ്രതി ഡോക്ടറെ ആക്രമിച്ചതും ലൈംഗികമായി പീഡിപ്പിച്ചതും തെളിഞ്ഞെന്നും വിചാരണ കോടതി വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്‍പതിനാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആര്‍ ജി കര്‍ മെഡിക്കല്‍ കോളജില്‍ 31 കാരിയായ ജൂനിയര്‍ ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെടുന്നത്. ആശുപത്രിയിലെ സെമിനാര്‍ ഹാളിലാണ് ഡോക്ടരുടെ മൃതദേഹം കണ്ടെത്തിയത്. അര്‍ധനഗ്‌നയായ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.
പ്രാഥമിക പരിശോധനയ്ക്കും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടും അനുസരിച്ച് കൊല്ലപ്പെടുന്നതിന് മുന്‍പ് ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നു. കൊല്‍ക്കത്ത പൊലീസിലെ സിവില്‍ വളണ്ടിയര്‍ ആയിരുന്ന സഞ്ജയ് റോയിയെ തൊട്ടടുത്ത ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. സിബിഐയാണ് കേസ് അന്വേഷണം നടത്തിയത്. 45 പേജുള്ള കുറ്റപത്രമാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്. സഞ്ജയ് റോയിയെ കുറ്റകൃത്യത്തിലെ ഏക പ്രതിയാക്കുന്നതിന് 11 തെളിവുകളാണ് പട്ടികപ്പെടുത്തിയിട്ടുള്ളത്.
സംഭവം നടന്ന് മൂന്ന് മാസങ്ങള്‍ക്ക് ശേഷം നവംബര്‍ 11- നാണ് കോടതിയില്‍ ബലാത്സംഗ, കൊലപാതക കേസിന്റെ വിചാരണ ആരംഭിക്കുന്നത്. സുപ്രീംകോടതിയും ഹൈക്കോടതിയും നിര്‍ണായക ഇടപെടല്‍ നടത്തിയ കേസില്‍ സംഭവം നടന്ന് അഞ്ച് മാസത്തിന് ശേഷമാണ് വിധി പറഞ്ഞിരിക്കുന്നത്.
ജൂനിയര്‍ ഡോക്ടരുടെ ബലാത്സംഗക്കൊലപാതകം രാജ്യവ്യാപകമായി പ്രതിഷേധത്തിന് കാരണമായിരുന്നു. പശ്ചിമ ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നീതിയും ശക്തമായ സുരക്ഷാ നടപടികളും ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധങ്ങള്‍ ഏറെ നീണ്ടുനിന്നു. പ്രതിക്ക് തൂക്കുകയര്‍ ഉറപ്പാക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്