വിറങ്ങലിച്ച് കശ്മീര്‍! അജ്ഞാത രോഗം ബാധിച്ച് 16 മരണം; 38 പേര്‍ക്ക് രോഗലക്ഷണം

JANUARY 18, 2025, 3:24 AM

രജൗരി: ജമ്മു കശ്മീരില്‍ അജ്ഞാത രോഗം ബാധിച്ച് 16 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 38 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയെന്നും അധികൃതര്‍ അറിയിച്ചു. ബാദല്‍ ഗ്രാമത്തില്‍ ഡിസംബര്‍ ഏഴ് മുതല്‍ റിപ്പോര്‍ട്ട് ചെയ്ത അജ്ഞാത രോഗത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായില്ല. മൂന്ന് കുടുംബങ്ങളില്‍ നിന്നുള്ള പതിനൊന്ന് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് ഒരേ രോഗലക്ഷണങ്ങളാല്‍ മരിച്ചത്.

രോഗബാധ ബാദല്‍ ഗ്രാമത്തിലെ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (NCDC) തുടങ്ങിയ മെഡിക്കല്‍ വിദഗ്ധരും സംഘടനകളും നിരവധി പരിശോധനകള്‍ നടത്തിയെങ്കിലും രോഗത്തിന്റെ കാരണം അജ്ഞാതമായി തുടരുകയാണ്. ഇന്ന് ബാദല്‍ ഗ്രാമത്തില്‍ നിന്നുള്ള ഒരു സ്ത്രീക്ക് കൂടി രോഗ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

അജ്ഞാത രോഗത്തിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് രജൗരി ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലാ ഭരണകൂട അധികൃതരും ആരോഗ്യ വകുപ്പും പൊലീസും ഒരുമിച്ചാണ് അജ്ഞാത രോഗത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. ഡിസംബര്‍ ഏഴ് മുതലാണ് രജൗരി ജില്ലയില്‍ അജ്ഞാത രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെ പ്രദേശത്ത് വൈദ്യസഹായത്തിനായി മെഡിക്കല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

'സ്ഥിതിഗതികള്‍ ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അജ്ഞാത രോഗവുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടുകള്‍ 8-10 ദിവസത്തിനുള്ളില്‍ ലഭ്യമാകും. പ്രദേശത്ത് വൈദ്യസഹായം നല്‍കിയിട്ടുണ്ട്, വീടുതോറുമുള്ള കൗണ്‍സിലിങ്ങും നിരീക്ഷണവും തുടരുന്നു. ഐസിഎംആര്‍ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്, ഞങ്ങള്‍ ദിവസേന സാമ്പിളുകള്‍ എടുക്കുന്നുണ്ട്. ഡോക്ടര്‍മാരുടെ സേവനം 24 മണിക്കൂറും ലഭ്യമാണ്,'- മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

രോഗത്തിന്റെ ലക്ഷണം

അജ്ഞാത രോഗം ബാധിച്ച് മരിച്ചവരില്‍ പനി, അമിതമായി വിയര്‍ക്കല്‍, ഛര്‍ദി, നിര്‍ജലീകരണം, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്.

ബാദല്‍ ഗ്രാമത്തില്‍ പരസ്പരം ബന്ധമുള്ള മൂന്ന് കുടുംബങ്ങളെയാണ് രോഗം നിലവില്‍ ബാധിച്ചിരിക്കുന്നതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. രോഗലക്ഷണങ്ങള്‍ക്ക് മുമ്പേ എല്ലാവരും ഒരേ ഭക്ഷണമായിരുന്നു കഴിച്ചതെന്നും കണ്ടെത്തിയിരുന്നു. എന്നിരുന്നാലും എന്താണ് രോഗത്തിന്റെ കാരണമെന്ന് കണ്ടെത്താന്‍ ഇതുവരെ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ശ്രമങ്ങള്‍ തുടരുകയാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

അന്വേഷണത്തിന് പ്രത്യേക സംഘം

അജ്ഞാത രോഗം ബാധിച്ചുള്ള മരണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ രജൗരി പൊലീസ്, പൊലീസ് സൂപ്രണ്ട് (ഓപ്പറേഷന്‍സ്) ബുധാല്‍ വജാത്ത് ഹുസൈന്റെ നേതൃത്വത്തില്‍ 11 അംഗ എസ്ഐടി രൂപീകരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam