കോയമ്പത്തൂര്‍: കോയമ്പത്തൂരിലെ സുലൂരില്‍ പത്ത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളെ കണ്ട തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീര്‍ത്തനയുടെയും പശ്ചിമ മേഖല ഐജി ആര്‍.വി രമ്യാ ഭാരതിയുടെയും പ്രതികരണങ്ങള്‍ വലിയ വിവാദത്തിലേക്ക്. ദാരുണമായ ഒരു ക്രിമിനല്‍ കേസിനെക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ ഇരുവരും പുഞ്ചിരിച്ചുകൊണ്ടും പൊട്ടിച്ചിരിച്ചുകൊണ്ടും സംസാരിച്ചതാണ് പൊതുസമൂഹത്തിലും സാമൂഹ്യമാധ്യമങ്ങളിലും കടുത്ത പ്രതിഷേധത്തിന് കാരണമായത്.
കേസുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെ ഐജി ആര്‍.വി രമ്യാ ഭാരതി മറ്റ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പൊട്ടിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഡിഐജി പി. സ്വാമിനാഥന്‍, എസ്പി അല്ലട്ടിപള്ളി പവന്‍ കുമാര്‍ റെഡ്ഡി എന്നിവര്‍ക്കൊപ്പമുള്ള വാര്‍ത്താ സമ്മേളനത്തിന് തൊട്ടുമുമ്പായിരുന്നു ഈ സംഭവം. ക്രൂരമായ കൊലപാതകത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പുലര്‍ത്തിയ ഇത്തരം നിരുത്തരവാദപരമായ സമീപനം ഇരയോടും കുടുംബത്തോടും കാണിക്കുന്ന തികഞ്ഞ നിര്‍വികാരതയും നിസംഗതയുമാണെന്ന് ജനങ്ങള്‍ കുറ്റപ്പെടുത്തി.
സമാനമായ രീതിയില്‍ വ്യവസായ മന്ത്രി എസ്. കീര്‍ത്തനയും ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ കടുത്ത വിമര്‍ശനത്തിന് ഇരയായി. ഔദ്യോഗിക യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മന്ത്രിയോട് സുലൂര്‍ കേസിലെ പുരോഗതിയെക്കുറിച്ച് ചോദിച്ചപ്പോള്‍, താന്‍ 'ഭരണപരമായ ചോദ്യങ്ങള്‍ക്ക്' മാത്രമേ മറുപടി നല്‍കൂ എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയും പുഞ്ചിരിക്കുകയും ചെയ്തതാണ് വിവാദമായത്.
സംഭവം കടുത്ത രാഷ്ട്രീയ വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. മാധ്യമങ്ങളുമായുള്ള ആശയവിനിമയം അവസാനിച്ചതിന് ശേഷമുള്ള തന്റെ ശരീരഭാഷയെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ മനപ്പൂര്‍വം വളച്ചൊടിക്കുകയാണെന്നും സ്വാഭാവികമായി വന്ന പുഞ്ചിരിയെ ദാരുണമായ സംഭവവുമായി ബന്ധപ്പെടുത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി കീര്‍ത്തന പറഞ്ഞു.
മെയ് 21 നാണ് സുലൂരില്‍ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന പത്ത് വയസുകാരിയെ കാണാതാവുകയും പിന്നീട് ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്തത്. കേസില്‍ കുട്ടിയുടെ കുടുംബവുമായി പരിചയമുള്ള നാഗപട്ടണം സ്വദേശി കെ. കാര്‍ത്തി (33) ഉള്‍പ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി ജോസഫ് വിജയ് കേസില്‍ ദ്രുതഗതിയിലുള്ള അന്വേഷണത്തിനും കര്‍ശന നിയമനടപടികള്‍ക്കും ഉത്തരവിട്ടിട്ടുണ്ടെങ്കിലും, ഭരണാധികാരികളുടെയും പൊലീസിന്റെയും ഭാഗത്തുനിന്നുണ്ടായ ഈ അനാസ്ഥ പൊതുജനരോഷം ഇരട്ടിയാക്കിയിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
