ന്യൂഡെല്‍ഹി: കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യവാചകം ചൊല്ലിക്കൊടുത്തു. മാര്‍ച്ച് 6 ന് സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാര്‍ശയെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തിന്റെ നിയമനം അംഗീകരിച്ചിരുന്നു.
ഈ നിയമനത്തോടെ, 34 ജഡ്ജിമാരുടെ അംഗീകൃത അംഗബലമുള്ള സുപ്രീം കോടതിയില്‍ 33 ജഡ്ജിമാരായി. ജസ്റ്റിസ് ബാഗ്ചി 2031 മെയ് മാസത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സ്ഥാനമേല്‍ക്കും. 2031 മെയ് 25 ന് ജസ്റ്റിസ് കെ വി വിശ്വനാഥന്‍ വിരമിക്കുന്നതോടെ, ജസ്റ്റിസ് ബാഗ്ചി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് എത്തുകയും 2031 ഒക്ടോബര്‍ 2 ന് വിരമിക്കുന്നതുവരെ ആ സ്ഥാനത്ത് തുടരുകയും ചെയ്യും.
2011 ജൂണിലാണ് ജസ്റ്റിസ് ബാഗ്ചിയെ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായി നിയമിച്ചത്. 2021 ജനുവരിയില്‍ അദ്ദേഹത്തെ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി, 2021 നവംബറില്‍ കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു. ഹൈക്കോടതി ജഡ്ജിയായി 13 വര്‍ഷത്തെ സേവനത്തിനിടെ, വിവിധ നിയമ മേഖലകളില്‍ അദ്ദേഹത്തിന് വിപുലമായ പരിചയം ലഭിച്ചിട്ടുണ്ട്.
2013 ല്‍ ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിച്ചതിനുശേഷം, കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നിന്ന് രാജ്യത്തെ പരമോന്നത ജുഡീഷ്യല്‍ സ്ഥാനത്തേക്ക് എത്തുന്ന ആദ്യ ജഡ്ജിയാവും ബാഗ്ചി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്