ന്യൂഡെല്‍ഹി: തെക്കന്‍ ലെബനനില്‍ നിലയുറപ്പിച്ചിരിക്കുന്ന യുഎന്‍ സമാധാന സേനാംഗങ്ങളുടെ സുരക്ഷയില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. സമാധാന സേനയുടെ ആസ്ഥാനത്തേക്ക് ഇസ്രയേല്‍ നടത്തിയ വെടിവെപ്പിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ആശങ്ക. 600 ഇന്ത്യന്‍ സൈനികര്‍ ലെബനനിലെ യുഎന്‍ സമാധാന സേനയുടെ ഭാഗമാണ്. ഇസ്രായേല്‍-ലെബനന്‍ അതിര്‍ത്തിയിലെ 120 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബ്ലൂലൈനിലാണ് ഇവരെ നിയോഗിച്ചിരിക്കുന്നത്.
'ബ്ലൂലൈനില്‍ സുരക്ഷാ സ്ഥിതി മോശമാകുന്നതില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ഞങ്ങള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുന്നു. യുഎന്‍ കേന്ദ്രത്തിന്റെ സ്വാതന്ത്ര്യം എല്ലാവരും ബഹുമാനിക്കുകയും ഉചിതമായ നടപടികള്‍ കൈക്കൊള്ളുകയും വേണം. യുഎന്‍ സമാധാന സേനാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുക,' വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ലെബനനിലെ യുണൈറ്റഡ് നേഷന്‍സ് ഇന്ററിം ഫോഴ്സിന്റെ (യുനിഫില്‍) നഖൗറ ആസ്ഥാനവും സമീപത്തെ സ്ഥലങ്ങളും ഇസ്രായേല്‍ സേന ആവര്‍ത്തിച്ച് ആക്രമിച്ചതായി യുഎന്‍ പറഞ്ഞതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രസ്താവന വന്നത്.
നഖൂരയിലെ യുണിഫില്‍ ആസ്ഥാനത്തെ ഒരു നിരീക്ഷണ ഗോപുരത്തിന് നേരെ ഇസ്രയേല്‍ ടാങ്ക് നടത്തിയ വെടിവെപ്പില്‍ രണ്ട് സമാധാന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കുകള്‍ ഗുരുതരമല്ലെങ്കിലും സമാധാന സേനാംഗങ്ങള്‍ ആശുപത്രിയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്