ന്യൂഡെല്‍ഹി: വ്യക്തി എന്ന നിലയില്‍ തനിക്ക് മാത്രമല്ല, തന്റെ ആദര്‍ശങ്ങള്‍ക്കും തത്വങ്ങള്‍ക്കും കൂടിയുള്ള ബഹുമതിയാണ് ഭാരത് രത്‌നയെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി. ഭാരതരത്നയെ അങ്ങേയറ്റം വിനയത്തോടും കൃതജ്ഞതയോടും കൂടി സ്വീകരിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതി പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു മുതിര്‍ന്ന നേതാവ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സാമൂഹ്യ മാധ്യമമായ എക്‌സിലെ പോസ്റ്റിലൂടെ അദ്വാനിക്ക് ഭാരതരത്‌ന നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചത്. ''ശ്രീ എല്‍.കെ അദ്വാനി ജിക്ക് ഭാരതരത്‌നം നല്‍കുമെന്ന വിവരം പങ്കിടുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാന്‍ അദ്ദേഹത്തോട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു,' മോദി എക്‌സില്‍ കുറിച്ചു. ഇന്ത്യയുടെ വികസനത്തില്‍ എല്‍ കെ അദ്വാനി വഹിച്ച പങ്കിനെ പ്രധാനമന്ത്രി മോദി ഊന്നിപ്പറയുകയും രാജ്യത്തെ ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞരില്‍ ഒരാളായി അദ്ദേഹത്തെ വാഴ്ത്തുകയും ചെയ്തു.
കറാച്ചിയില്‍ ജനിച്ച എല്‍ കെ അദ്വാനി ഇന്ത്യ-പാക് വിഭജനത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് താമസം മാറിയ വ്യക്തിയാണ്. 1941 ല്‍ പതിനാലാമത്തെ വയസ്സില്‍ അദ്ദേഹം ആര്‍എസ്എസ് അംഗമായി. 1951 ല്‍ ശ്യാമ പ്രസാദ് മുഖര്‍ജി സ്ഥാപിച്ച ഭാരതീയ ജനസംഘത്തില്‍ ചേര്‍ന്നു.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യവുമായി 1990 ല്‍ അദ്വാനി ആരംഭിച്ച രാമരഥയാത്രയാണ് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തെ തന്നെ മാറ്റിവരച്ചത്. 1991 ലെ പൊതുതെരഞ്ഞെടുപ്പില്‍, മുമ്പ് ദേശീയ രാഷ്ട്രീയത്തില്‍ താരതമ്യേന ചെറിയ പങ്ക് വഹിച്ചിരുന്ന ബിജെപി, കോണ്‍ഗ്രസിന് ശേഷം പാര്‍ലമെന്റിലെ രണ്ടാമത്തെ വലിയ കക്ഷിയായി ഉയര്‍ന്നു. പടപടിയായി ഇന്ത്യയുടെ രാഷ്ട്രീയ അധികാരം നേടിയെടുക്കാന്‍ ബിജെപിക്ക് തുണയായതും അദ്വാനിയുടെ നേതൃത്വമാണ്.
എന്നാല്‍ വാജ്‌പേയിക്ക് ശേഷം ബിജെപിക്ക് തെരഞ്ഞെടുപ്പ് വിജയം നേടിക്കൊടുക്കാന്‍ സാധിക്കാഞ്ഞതോടെ ബിജെപിയില്‍ ക്രമേണ അദ്വാനി ഒതുക്കപ്പെട്ടു. മുന്‍ ശിഷ്യനായ നരേന്ദ്ര മോദിയുടെ കടന്നുവരവോടെ അദ്വാനി പക്ഷം ബിജെപിയില്‍ ന്യൂനപക്ഷമായി. 2014 ല്‍ മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നതിനെ അദ്വാനി എതിര്‍ത്തെങ്കിലും വിലപ്പോയില്ല. അധികാരത്തിലെത്തിയ ശേഷം രാഷ്ട്രപതി സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവിനെ പരിഗണിക്കാനും മോദി തയാറായില്ല. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കും അദ്വാനിക്കുള്ള ക്ഷണം വൈകിയത് അഭ്യൂഹങ്ങള്‍ക്കിടയാക്കി. ഈ സാഹചര്യത്തില്‍ മുതിര്‍ന്ന നേതാവിനുള്ള ഭാരത് രത്‌ന രാഷ്ട്രീയമായും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്