ബംഗളൂരു: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ ബംഗളൂരു സ്വദേശിനിക്ക് 32 കോടി രൂപ നഷ്ടമായി. സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ 57 കാരിക്കാണ് പല തവണകളായി കോടികള്‍ നഷ്ടപ്പെട്ടത്.
സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് തട്ടിപ്പ് സംഘം സ്ത്രീയില്‍ നിന്ന് പണം കൈക്കലാക്കിയത്. ആറ് മാസംകൊണ്ട് ഏകദേശം 187 തവണകളായാണ് പരാതിക്കാരിയില്‍ നിന്ന് പണം തട്ടിയെടുത്തതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 2024 സെപ്റ്റംബറിലാണ് തട്ടിപ്പിന്റെ തുടക്കം. ഡിഎച്ച്എല്‍ കുറിയറിന്റെ എക്സിക്യൂട്ടിവാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പുസംഘം സ്ത്രീയെ ആദ്യം ഫോണില്‍ വിളിച്ചത്. നിങ്ങളുടെ പേരില്‍ മുംബൈയിലെ ഓഫീസില്‍ ഒരു പാഴ്സല്‍ വന്നിട്ടുണ്ടെന്നും ഇതില്‍ എംഡിഎംഎ അടങ്ങിയിട്ടുണ്ടെന്നുമാണ് ഫോണില്‍ വിളിച്ചയാള്‍ പറഞ്ഞത്.
പാഴ്സലുമായി ബന്ധമില്ലെന്നും താന്‍ ബംഗളരൂവിലാണ് താമസിക്കുന്നതെന്നുമാണ് സ്ത്രീ മറുപടി നല്‍കിയത്. എന്നാല്‍ പാഴ്സലിനൊപ്പം നല്‍കിയ ഫോണ്‍നമ്പര്‍ സ്ത്രീയുടേതാണെന്നായിരുന്നു വിശദീകരണം. തുടര്‍ന്ന് സിബിഐ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി മറ്റൊരാള്‍ സംസാരിച്ചു. പരാതിക്കാരിക്കെതിരേ തെളിവുകളുണ്ടെന്നും അറസ്റ്റുണ്ടാകുമെന്നായിരുന്നു ഇയാളുടെ ഭീഷണി. തുടര്‍ന്ന് വീഡിയോകോളില്‍ വരാനും ആവശ്യപ്പെട്ടു. ഏകദേശം രണ്ടുദിവസം വീഡിയോകോളില്‍ ഇയാള്‍ സ്ത്രീയെ നിരീക്ഷണത്തിലാക്കി.
ശേഷം സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന മറ്റുചിലരും വീഡിയോകോളില്‍ സ്ത്രീയെ 'തടങ്കലിലാക്കി'. എവിടെപ്പോകുന്നു, എന്തുചെയ്യുന്നു എന്നെല്ലാം കൃത്യമായി അറിയിക്കാനും നിര്‍ദേശിച്ചു. മകന്റെ വിവാഹം നടക്കാനിരിക്കുന്നതിനാല്‍ പരാതിക്കാരി തട്ടിപ്പുകാരുടെ നിര്‍ദേശങ്ങളെല്ലാം അനുസരിക്കുകയായിരുന്നു. ജാമ്യത്തിനെന്ന പേരില്‍ ആദ്യം രണ്ടുകോടി രൂപയാണ് തട്ടിപ്പുകാര്‍ കൈക്കലാക്കിയത്. പിന്നീട് നികുതികളെന്ന് പറഞ്ഞ് വീണ്ടും പണം കൈക്കലാക്കി. ഇതിനുശേഷം പരാതിക്കാരിയുടെ സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആവശ്യപ്പെട്ടു.
ബാങ്കിലെ പണംമുഴുവന്‍ കൈമാറണമെന്നും പരിശോധനയ്ക്കുശേഷം നിരപരാധിയാണെന്ന് കണ്ടെത്തിയാല്‍ ഇതെല്ലാം തിരികെനല്‍കുമെന്നും പറഞ്ഞു. മകന്റെ വിവാഹത്തിന് മുന്‍പ് 'ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്' ലഭിക്കുമെന്നും പറഞ്ഞു. ഇതോടെ ബാങ്കിലെ സ്ഥിരനിക്ഷേപം ഉള്‍പ്പെടെ പിന്‍വലിച്ചാണ് പരാതിക്കാരി പണം കൈമാറിയത്. തുടര്‍ന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നപേരില്‍ ഒരു വ്യാജരേഖയും അയച്ച് നല്‍കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
