സൈബർ തട്ടിപ്പുകാരുടെ വ്യാജ സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്തം ബാങ്കുകൾക്ക് മേൽ കെട്ടിവെക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കിക്കഴിഞ്ഞു. തുടർച്ചയായ മുന്നറിയിപ്പുകൾ അവഗണിച്ച് ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്ന ഉപഭോക്താക്കളുടെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായതായി കണക്കാക്കേണ്ടി വരുമെന്ന് കോടതി നിരീക്ഷിച്ചു.
ഈ സാഹചര്യത്തിൽ തട്ടിപ്പിലൂടെയുണ്ടാകുന്ന സാമ്പത്തിക നഷ്ടം ഉപഭോക്താക്കൾ തന്നെ സഹിക്കേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തേജ് കരിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സമർപ്പിച്ച അപ്പീൽ അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി പുറത്തുവന്നത്. സൈബർ തട്ടിപ്പിലൂടെ 2.6 ലക്ഷം രൂപ നഷ്ടപ്പെട്ട ഗ്രേറ്റർ നോയിഡയിലെ കോളേജ് അധ്യാപകന് പലിശയടക്കം തുക തിരികെ നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
ബാങ്കിന്റെ ഭാഗത്ത് സുരക്ഷാ വീഴ്ചയോ സാങ്കേതിക തകരാറോ ഉണ്ടായതായി തെളിയിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ മുഴുവൻ ബാധ്യതയും ബാങ്കിന് മേൽ ചുമത്താനാകില്ലെന്ന് കോടതി വ്യക്തമാക്കി.
ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ ബാങ്കിങ് വിവരങ്ങൾ ചോർത്തുന്ന മാൽവെയറുകൾ ഫോണിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഒടിപി അല്ലെങ്കിൽ പാസ്‌വേഡ് മറ്റുള്ളവർക്ക് നേരിട്ട് കൈമാറിയാൽ മാത്രമേ ഉപഭോക്താവിന്റെ ഭാഗത്ത് വീഴ്ചയുള്ളൂ എന്ന് പറയാനാകില്ലെന്നും ജഡ്ജിമാർ ഓർമ്മിപ്പിച്ചു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുൻപ് പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ മുൻനിർത്തിയാണ് ഹൈക്കോടതി ഈ കേസിൽ നിർണ്ണായകമായ നിരീക്ഷണം നടത്തിയത്. സൈബർ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ഡിജിറ്റൽ ബാങ്കിങ് ഉപയോഗിക്കുന്ന എല്ലാവർക്കും ഈ വിധി വലിയൊരു മുന്നറിയിപ്പാണ് നൽകുന്നത്.
English Summary: The Delhi High Court ruled that bank customers who click on suspicious links despite multiple warnings from banks and regulators will be considered negligent. The court added that the bank cannot be held liable for financial losses arising from such cyber frauds unless a security breach in the banking system is proven.
Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, India News, India News Malayalam, Banking Fraud Case, Cyber Crime Kerala, Delhi High Court Verdict, SBI Cyber Fraud
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
