ന്യൂഡെല്‍ഹി: ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണല്‍ സെക്രട്ടറി തന്നെ ആക്രമിച്ചെന്ന പാര്‍ട്ടിയുടെ രാജ്യസഭാ എംപി സ്വാതി മലിവാളിന്റെ ആരോപണം ശരിവെച്ച് ആം ആദ്മി പാര്‍ട്ടി. പേഴ്‌സണല്‍ സെക്രട്ടറി ബിഭാവ് കുമാറിനെതിരെ അരവിന്ദ് കെജ്രിവാള്‍ കര്‍ശന നടപടിയെടുക്കുമെന്ന് പാര്‍ട്ടി അറിയിച്ചു.
തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ വസതിയിലാണ് സ്വാതിക്കെതിരെ അക്രമമുണ്ടായത്. അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണല്‍ സ്റ്റാഫ് തന്നോട് മോശമായി പെരുമാറിയെന്ന് മലിവാള്‍ സിവില്‍ ലൈന്‍സ് പോലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞതോടെയാണ് സംഭവം പുറത്തായത്. ആക്രമണത്തിന് ശേഷം മലിവാള്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചിരുന്നു.
മുതിര്‍ന്ന എഎപി നേതാവ് സഞ്ജയ് സിംഗാണ് സംഭവം സ്ഥിരീകരിച്ചത്. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
'ഇന്നലെ, അരവിന്ദ് കെജ്രിവാളിനെ കാണാന്‍ സ്വാതി മലിവാള്‍ അദ്ദേഹത്തിന്റെ വസതിയില്‍ പോയിരുന്നു. ഡ്രോയിംഗ് റൂമില്‍ അദ്ദേഹത്തെ കാണാന്‍ കാത്തുനില്‍ക്കുമ്പോള്‍, ബിഭാവ് കുമാര്‍ അവരോട് മോശമായി പെരുമാറി. ഇത് അങ്ങേയറ്റം അപലപനീയമായ സംഭവമാണ്. കെജ്രിവാള്‍ ഇതില്‍ കര്‍ശന നടപടിയെടുക്കും,'' സഞ്ജയ് സിംഗ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'സ്വാതി മലിവാള്‍ രാജ്യത്തിനും സമൂഹത്തിനും വേണ്ടി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്. പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് അവര്‍. ഞങ്ങള്‍ എല്ലാവരും അവര്‍ക്കൊപ്പം നില്‍ക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ സമ്മര്‍ദ്ദമുപയോഗിച്ച് സ്വാതി മലിവാളിനെ നിശബ്ദയാക്കുകയാണെന്നും സംഭവത്തെ മുഴുവന്‍ ഒതുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഡെല്‍ഹി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ ആരോപിച്ചു.
സ്വാതി മലിവാളിനെതിരായ ആക്രമണത്തെ അപലപിച്ച ദേശീയ വനിതാ കമ്മീഷന്‍ (എന്‍സിഡബ്ല്യു) വിഷയം അന്വേഷിക്കാന്‍ അന്വേഷണ സംഘത്തെ അയക്കുമെന്ന് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്