ഇംഫാല്‍: മണിപ്പൂരിലെ ജിരിബാമില്‍ സിആര്‍പിഎഫ് ക്യാമ്പ് ആക്രമിച്ച് 10 കുക്കി തീവ്രവാദികള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന്, സിആര്‍പിഎഫ് തിരിച്ചടിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് അക്രമമുണ്ടായത്. അക്രമികളുടെ കൈവശം നിരവധി ആയുധങ്ങള്‍ കണ്ടെടുക്കുകയും ചെയ്തതായി വൃത്തങ്ങള്‍ പറഞ്ഞു.
സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരു സിആര്‍പിഎഫ് ജവാന്‍ ഇപ്പോള്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം കുക്കി തീവ്രവാദികള്‍ ബോറോബെക്ര പോലീസ് സ്റ്റേഷന്‍ ആക്രമിച്ചതിനെ തുടര്‍ന്ന് പോലീസ് തിരിച്ചടിച്ചിരുന്നു.
സായുധരായ തീവ്രവാദികള്‍ ജകുരധോറിലെ മെയ്‌തേയ് സമുദായത്തിന്റെ ഉപേക്ഷിക്കപ്പെട്ട മൂന്ന്-നാല് വീടുകള്‍ക്കും തീയിട്ടു.
മണിപ്പൂരിലെ അക്രമം മൂന്നാം ദിവസവും തുടരുന്നതിനിടെ ഞായറാഴ്ച ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ സനസാബിയില്‍ ഏറ്റുമുട്ടലിനിടെ നാലാം മഹാര്‍ റെജിമെന്റിലെ ഒരു ജവാന് വെടിയേറ്റിരുന്നു. ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സനാസബി ലൗക്കോളിലെ മെയ്തേയ് ജനവാസ മേഖലയിലും സമീപത്തെ തമ്നപോക്പി ഗ്രാമത്തിലും നെല്ല് കൊയ്യുകയായിരുന്ന കര്‍ഷകരെ കുക്കി തീവ്രവാദികള്‍ ആക്രമിച്ചതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
ബിഎസ്എഫ് 4-ാം മഹര്‍ റെജിമെന്റിലെയും 119-ാം ബറ്റാലിയനിലെയും ഉദ്യോഗസ്ഥരും ഇംഫാല്‍ ഈസ്റ്റ് ജില്ലാ പോലീസും ആക്രമണത്തിന് തിരിച്ചടി നല്‍കി. ഇത് 40 മിനിറ്റ് നീണ്ട വെടിവെയ്പ്പിലേക്ക് നയിച്ചു.
വെള്ളിയാഴ്ചയും ശനിയാഴ്ചയും രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഈ ആഴ്ചയുടെ തുടക്കത്തില്‍ മേഖലയില്‍ അക്രമം രൂക്ഷമായിരുന്നു. ജിരിബാം ജില്ലയില്‍ 31 കാരിയായ സ്ത്രീ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ബിഷ്ണുപൂര്‍ ജില്ലയില്‍ നെല്‍വയലില്‍ ജോലി ചെയ്തിരുന്ന 34 കാരിയായ സ്ത്രീ വെടിയേറ്റ് മരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്