നിരന്തരമായി വൻതോതിലുള്ള ഫ്ളൈറ്റ് റദ്ദാക്കൽ, പൈലറ്റ് ക്ഷാമം മുതൽ, എയർ ഇന്ത്യയുമായി തങ്ങളുടെ ശമ്പളഘടന ക്രമീകരിക്കാനുള്ള പദ്ധതികളുടെ പേരിൽ വിസ്താര ക്രൂവിന് കൂട്ട അവധിയിൽ പ്രവേശിക്കുന്നത് വരെ പ്രശ്നങ്ങളാൽ നിറഞ്ഞ ഒട്ടേറെ വഴികളിലൂടെ സഞ്ചരിച്ചാണിപ്പോൾ വിസ്താര വിട പറയുന്നത്.
ഇന്ത്യയിലെ വ്യവസായിക ഗ്രൂപ്പായ ടാറ്റാ സൺസിന്റെയും സിങ്കപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ വിസ്താര എയർലൈൻസ് 2013ലാണ് സ്ഥാപിക്കപ്പെട്ടത്. ഇവർ രണ്ടുപേരും 1990 മദ്ധ്യകാലത്ത് ഫുൾ സർവീസ് എയർലൈൻ തുടങ്ങാൻ വ്യോമയാന രംഗത്ത് 49% നേരിട്ടുള്ള വിദേശ നിക്ഷേപത്തിനു അനുമതി നൽകിയപ്പോൾ, ടാറ്റാ സൺസും സിങ്കപ്പൂർ എയർലൈൻസും സംയുക്ത സംരംഭം ആരംഭിക്കാൻ വീണ്ടും തീരുമാനിച്ചു.
ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായിട്ടായിരുന്നു വിസ്താര
എയർലൈൻ ആരംഭിച്ചത്. ടാറ്റാ സൺസ്, സിങ്കപ്പൂർ എയർലൈൻസ് എന്നിവയുടെ സംയുക്ത
സംരംഭമായി തുടങ്ങിയ വിസ്താരയിൽ 51 ശതമാനം ഓഹരികൾ ടാറ്റയ്ക്കും 49 ശതമാനം
ഓഹരികൾ സിങ്കപ്പൂർ എയർലൈനുമാണ് ഉള്ളത്. പിന്നീടാണ് ഇന്ത്യയുടെ വിമാന സർവീസ്
ആയ എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നത്.
ഇതോടെ വിസ്താരയും എയർ
ഇന്ത്യയും ലയിക്കാൻ തീരുമാനിക്കുകയും ചെയ്തു. വിസ്താരയുടെ ഹബ് ഡൽഹി
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു. ഇന്ത്യയിലെ
ആഭ്യന്തര സർവീസ് റൂട്ടുകളിൽ ആദ്യമായി പ്രീമിയം എക്ണോമി സീറ്റുകൾ
കൊണ്ടുവന്നത് വിസ്താരയാണ്.
ലയനം പൂർത്തിയായതോടെ ആഭ്യന്തര മേഖലയിൽ ഇൻഡിഗോയുടെയും ടാറ്റയുടെയും അപ്രമാദിത്തം ഊട്ടിയുറപ്പിക്കപ്പെടും എന്നൊരാശങ്ക നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ഒമ്പതു മാസത്തെ വിമാനയാത്രക്കാരുടെ കണക്കെടുത്താൽ 90 ശതമാനത്തിലേറെയാളുകളും ഉപയോഗിച്ചത് ഇതിലേതെങ്കിലുമൊരു ഗ്രൂപ്പിന്റെ സർവീസാണ്. സ്പൈസ്ജെറ്റ്, ആകാശ അടക്കം മറ്റ് എല്ലാ വിമാനക്കമ്പനികളും കൂടി ചേർന്നാലും വിപണി വിഹിതം ഒമ്പതു ശതമാനത്തോളം മാത്രമാണ്. വിപണിയിൽ രണ്ട് ശക്തർ മാത്രം അവശേഷിക്കെ മത്സരക്ഷമത കുറയുമെന്നുള്ളതുകൊണ്ടു തന്നെ ടിക്കറ്റ് നിരക്കിൽ യാത്രക്കാർക്ക് പറയത്തക്ക ഗുണം കിട്ടില്ലെന്നു കരുതുന്നവരുമുണ്ട്.
ലയനത്തിനു ശേഷവും ഇൻഡിഗോയ്ക്ക് കടുത്ത വെല്ലുവിളിയുയർത്താൻ എയർ ഇന്ത്യയ്ക്ക് കഴിയുമെന്ന് പറയാറായിട്ടില്ല. വിമാനങ്ങളുടെ എണ്ണത്തിലും വിപണി വിഹിതത്തിലും ഇൻഡിഗോ ഇപ്പോഴും ബഹുദൂരം മുന്നിലാണ്. എയർ ഇന്ത്യ ഓർഡർ ചെയ്ത പുതിയ 470 വിമാനങ്ങൾ കൂടിയെത്തുമ്പോഴായിരിക്കും യഥാർഥ ചിത്രം വെളിവാകുക. 2021 ഒക്ടോബർ എട്ടിനാണ് ടാറ്റാ സൺസ് എയർ ഇന്ത്യ ലേലത്തിൽ സ്വന്തമാക്കിയതായി ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റിന്റെ സെക്രട്ടറി പുഹിൻ കെന്റ് പാണ്ഡെയാണിത് പ്രഖ്യാപിച്ചത്. അന്നാ വാർത്ത എവിയേഷൻ മേഖലയിൽ ഏറെ ആകാംക്ഷ ഉയർത്തി. 68 വർഷത്തിനു ശേഷമാണ് എയർലൈൻ ടാറ്റാ ഗ്രൂപ്പ് തിരികെ പിടിക്കുന്നത്.
ഇന്ത്യയിലെ ആദ്യത്തെ സിവിൽ ഏവിയേഷൻ പൈലറ്റായ ജഹാംഗീർ രത്തൻജി ദാദാഭോയ് ടാറ്റാ 1930 ഏപ്രിലിൽ ടാറ്റാ എയർലൈൻസ് എന്ന പേരിൽ രാജ്യത്തെ ആദ്യ ആഭ്യന്തര എയർലൈൻ സ്ഥാപിച്ചു. സ്വതന്ത്ര്യത്തിന് മുമ്പായി വിവിധ രാജ്യങ്ങളിലെ രാജാക്കന്മാർ ടാറ്റയുടെ വിമാന സർവീസ് ഉപയോഗിച്ച് യാത്ര നടത്തിയിരുന്നു. സ്വാതന്ത്ര്യം ലഭിച്ച ശേഷം ടാറ്റാ ഗ്രൂപ്പ് ഒരു പുതിയ വിദേശ എയർ സർവീസായ 'എയർ ഇന്ത്യ ഇന്റർനാഷണൽ' ആരംഭിക്കാൻ തീരുമാനിച്ചു. ഇതോടെ കിഴക്ക് പടിഞ്ഞാറുമായി ബന്ധിപ്പിക്കുന്ന ആദ്യത്തെ ഏഷ്യൻ എയർലൈൻ ആയി ഈ സ്ഥാപനം മാറി.
1953ലെ ദേശസാൽക്കരണത്തെ തുടർന്ന് ടാറ്റാ എയർലൈനുകളും മറ്റ് ഒമ്പത് ആഭ്യന്തര വിമാനക്കമ്പനികളും ലയിച്ച് ഇന്ത്യൻ എയർലൈൻസ് ആയി മാറി. ഇതിനൊപ്പം തന്നെ എയർ ഇന്ത്യ ഇന്റർനാഷണൽ സർക്കാർ ഏറ്റെടുക്കുകയും ഇതിനെ എയർ ഇന്ത്യയിൽ ലയിപ്പിക്കുകയും ചെയ്തു. ഈ നീക്കത്തെ ജെആർഡി ടാറ്റയും എയർലൈൻ വ്യവസായത്തിലെ മറ്റ് പ്രമുഖരും എതിർത്തു. ഇതിന് പിന്നാലെ ജെആർഡിയെ എയർ ഇന്ത്യയുടെ ചെയർമാനായും ഇന്ത്യൻ എയർലൈൻസ് ഡയറക്ടർമാരിൽ ഒരാളായും നിയമിച്ചു. ജെഡിആറിന്റെ നേതൃത്വത്തിൽ പുതിയ സ്ഥാപനം അടുത്ത 25 വർഷത്തേക്ക് അതിന്റെ മുന്നേറ്റം തുടർന്നു. ഉദാരവൽക്കരണവും ചെലവുകുറഞ്ഞ സ്വകാര്യ വിമാന സർവീസ് എന്നിവ വന്നതോടെ എയർ ഇന്ത്യയുടെ കാലിടറാൻ തുടങ്ങി.
വിമാനക്കമ്പനിയെ
സ്വകാര്യവൽക്കരിച്ചു കൊണ്ട് ലാഭത്തിലാക്കാൻ വിവിധ സർക്കാരുകൾ ശ്രമം
നടത്തി. വിവിധ രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം ഇത് നടന്നില്ല. ആഭ്യന്തര
വിമാനക്കമ്പനിയായ ഇന്ത്യൻ എയർലൈൻസ് എയർ ഇന്ത്യയുമായി 2007ൽ സർക്കാർ
ലയിപ്പിച്ചു. ഇതോടെ കമ്പനി കൂടുതൽ സമ്മർദ്ദത്തിൽ ആകുകയും വളരെ വലിയ
നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തു.
നഷ്ടമുണ്ടാക്കിയ എയർ
ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കാനുള്ള നടപടികൾ 2018ൽ കേന്ദ്രസർക്കാർ
ആരംഭിച്ചു. എങ്കിലും ലേലത്തിൽ പങ്കെടുക്കാൻ അന്ന് ആരും തയ്യാറായില്ല.
വീണ്ടും ഈ ശ്രമം തുടർന്നതോടെയാണ് ഒക്ടോബർ 8ന് ടാറ്റാ ഗ്രൂപ്പ് ലേലത്തിൽ എയർ
ഇന്ത്യയെ സ്വന്തമാക്കിയത്.
ടാറ്റാ സൺസിന്റെ അനുബന്ധ സ്ഥാപനമായ
തലേസ് പ്രൈവറ്റ് ലിമിറ്റഡ് എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികൾക്കും എയർ
ഇന്ത്യ എക്സ്പ്രസിനുമായി 18,000 കോടി നൽകും. എയർ ഇന്ത്യയുടെ ഗ്രൗണ്ട്
ഹാൻഡ്ലിംഗ് കമ്പനിയുടെ 50 ശതമാനം ഓഹരികളും കമ്പനി സ്വന്തമാക്കും.
നിലവിൽ
എയർ ഇന്ത്യയ്ക്ക് 61,562 കോടി രൂപയുടെ കടബാധ്യതയുണ്ട്. ഇതിൽ 46,262 കോടി
രൂപ എയർ ഇന്ത്യ അസറ്റ് ഹോൾഡിംഗ് ലിമിറ്റഡ് കൈകാര്യം ചെയ്യും. കടം കൈകാര്യം
ചെയ്യുന്നതിനായി സൃഷ്ടിച്ച ഒരു പ്രത്യേക സ്ഥാപനമാണിത്. 15,000 കോടി രൂപ
തലേസ് അടയ്ക്കും. ഇടപാടിന് ശേഷം 2700 കോടി രൂപ പണമായി സർക്കാരിന്റെ പേരിൽ
തന്നെ അവശേഷിക്കും.
കഴിഞ്ഞ കുറെ വർഷത്തിനിടെ എയർ ഇന്ത്യ മൊത്തം 20,000
കോടി രൂപയുടെ കടബാധ്യത വരുത്തിവച്ചിട്ടുണ്ട്. ഇതിന് പുറമെ 2009 മുതൽ എയർലൈൻ
പ്രവർത്തനക്ഷമമാക്കുന്നതിനായി ഒരു ലക്ഷം കോടിയിലധികം രൂപയാണ് കേന്ദ്രം
നിക്ഷേപിച്ചത്.
ടാറ്റാ ഗ്രൂപ്പിന് എയർലൈൻ ബിസിനസ്സിൽ ഏർപ്പെടാൻ നേരത്തെ തന്നെ താത്പര്യം ഉണ്ടായിരുന്നു. 2013ൽ സിവിൽ ഏവിയേഷൻ മേഖലയിൽ 49 ശതമാനം വരെ വിദേശ നേരിട്ടുള്ള നിക്ഷേപം ഇന്ത്യൻ സർക്കാർ അനുവദിച്ചിരുന്നു. ടാറ്റാ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈനിന്റെയും സംയുക്ത സംരംഭം വീണ്ടും ശ്രദ്ധ പിടിച്ചുപറ്റി. ഇത് വിസ്താര എയർലൈനിന് ജീവൻ നൽകി. ടാറ്റാ സൺസിന് സ്ഥാപനത്തിൽ 51 ശതമാനം ഓഹരി വിഹിതമാണുള്ളത്. ശേഷിക്കുന്ന ഓഹരികൾ സിംഗപ്പൂർ എയർലൈൻസിന്റെ കൈവശമാണുമാണുണ്ടായിരുന്നത്.
പത്തു വർഷത്തെ സർവീസിനു ശേഷം, വിസ്താര ചരിത്രമായി തീർന്നിരിക്കുന്നു. 2024 നവംബർ 12ന് പുലർച്ചെ അവസാന സർവീസ് നടത്തി വിസ്താര വ്യോമയാന രംഗത്തുനിന്ന് പിൻവാങ്ങി. എയർ ഇന്ത്യ വിസ്താര ലയനം പൂർത്തിയായതോടെ എയർ ഇന്ത്യ ബ്രാൻഡിൽ പുതിയ സർവീസുകൾ തുടങ്ങി. വിസ്താര അരങ്ങൊഴിഞ്ഞതോടെ രാജ്യത്തെ ഏക ഫുൾ സർവീസ് കാരിയർ ആയി എയർ ഇന്ത്യ മാറിയിരിക്കുന്നു. എന്നാൽ ബ്രാൻഡിംഗിന് അപ്പുറം, ലയിപ്പിച്ച സ്ഥാപനത്തിന് പ്രവർത്തനപരമായ ഏറെ വെല്ലുവിളികൾ നേരിടേണ്ടിവരും എന്നതുറപ്പ്.
എമ എൽസ എൽവിൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്