പ്രമുഖ ബേബി ഫുഡ് നിർമ്മാതാക്കളായ നെസ്‌ലെ ഇന്ത്യയിൽ വിൽക്കുന്ന ബേബി ഫുഡിൽ പഞ്ചസാര ചേർക്കുന്നുവെന്ന റിപ്പോർട്ട് വലിയ വാർത്തയായിരുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കയിലും തങ്ങളുടെ ഉൽപ്പന്നങ്ങളിൽ പഞ്ചസാര ചേർക്കുന്നുണ്ടെങ്കിലും യൂറോപ്പിലും യുകെയിലും വിൽക്കുന്ന അതേ ഉൽപ്പന്നങ്ങളിൽ പഞ്ചസാര ചേർക്കുന്നില്ല എന്നത് നെസ്‌ലെയുടെ അവികസിത രാജ്യങ്ങളോടുള്ള വിവേചനമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ത്യ ഇതിനകം തന്നെ ഇതിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നെസ്‌ലെയുടെ നീക്കം എന്തുകൊണ്ടാണ് ഇത്ര വലിയ പ്രശ്‌നമാകുന്നത്? കുഞ്ഞുങ്ങൾക്ക് നൽകുന്ന ഭക്ഷണത്തിൽ ഉയർന്ന അളവിൽ പഞ്ചസാര ചേർത്താൽ എന്ത് സംഭവിക്കും?
കുട്ടികൾക്ക് വളരെ ചെറുപ്പത്തിൽ തന്നെ പഞ്ചസാര നൽകാൻ തുടങ്ങുന്നത് നിരവധി പ്രശ്നങ്ങൾക്ക് കാരണമാകുന്നു. അതായത് അവർക്ക് നൽകുന്ന ആരോഗ്യകരമായ ഭക്ഷണത്തിലെ പല പോഷകങ്ങളും ശരീരം ശരിയായി ആഗിരണം ചെയ്തേക്കില്ല. മധുരപലഹാരങ്ങൾ ആർക്കാണ് ഇഷ്ടപ്പെടാത്തത്? മുതിർന്നവരെപ്പോലെ, കുട്ടികൾക്കും മധുരപലഹാരങ്ങളിൽ പ്രത്യേക താൽപ്പര്യമുണ്ട്. ഏകദേശം ആറ് മാസം പ്രായമുള്ള ഒരു കുഞ്ഞിന് പോലും മധുരപലഹാരങ്ങൾക്ക് അടിമയാകാം. ഇത് കുറയ്ക്കാൻ സഹായിക്കുന്ന രുചികളെല്ലാം അവരെ പരിചയപ്പെടുത്തേണ്ടതുണ്ട്.
കുട്ടികളുടെ ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ്സ്, പ്രോട്ടീനുകൾ, മറ്റ് പോഷകങ്ങൾ എന്നിവ മിതമായ അളവിൽ അടങ്ങിയിരിക്കണം. പഞ്ചസാര ഒരു കാർബോഹൈഡ്രേറ്റാണ്. ചില ഭക്ഷണങ്ങളിൽ പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഉദാഹരണത്തിന്, പാലിലെ ലാക്ടോസ് ഒരു പ്രകൃതിദത്ത പഞ്ചസാരയാണ്. പഴങ്ങളിൽ കാണപ്പെടുന്ന ഫ്രക്ടോസിനെ ആരോഗ്യകരമായ പഞ്ചസാരയുടെ ഉറവിടമായും കണക്കാക്കാം. എന്നിരുന്നാലും, ഇവയെല്ലാം കുട്ടികൾക്ക് മിതമായ അളവിൽ നൽകണം.
കുട്ടികൾക്കായി വിപണിയിൽ നിന്ന് വാങ്ങുന്ന ഭക്ഷണ ഉത്പന്നങ്ങളെ കുറിച്ച് രക്ഷിതാക്കൾ കൃത്യമായി അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇത്തരം ഭക്ഷ്യോൽപ്പന്നങ്ങൾ തയ്യാറാക്കുന്ന സമയത്ത് പഞ്ചസാര വിവിധ രൂപങ്ങളിൽ ചേർക്കപ്പെടാം. വൈറ്റ് ഷുഗർ, ഷുഗർ സിറപ്പുകൾ തുടങ്ങിയവയെല്ലാം ചേർത്ത മധുര ഭക്ഷണങ്ങളും പാനീയങ്ങളുമൊക്കെ ഇന്ന് ലഭ്യമാണ്. പ്രത്യേകിച്ച് ഇത്തരം ഉൽപ്പന്നങ്ങൾ കുഞ്ഞുങ്ങൾക്ക് നൽകാനായി വാങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ കുഞ്ഞ് പതിവിലും ആക്റ്റീവ് ആയി കാണപ്പെടുന്നുണ്ടെങ്കിൽ അതിന് ഒരു കാരണം ഇത്തരം ഭക്ഷണങ്ങൾ മൂലമാകാം.
അറിഞ്ഞോ അറിയാതെയോ കുട്ടികൾക്ക് മധുരമുള്ള ഭക്ഷണങ്ങൾ നൽകുന്നത് പൊണ്ണത്തടിക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പലരും മറക്കുന്നു. കുട്ടികൾക്ക് പതിവായി അമിതമായി പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ നൽകുന്നത് അവരുടെ വിശപ്പ് വർദ്ധിപ്പിക്കുകയും അവരിൽ ഭക്ഷണത്തോടുള്ള ആസക്തി വളർത്തുകയും ചെയ്യും, ചെറിയ കുട്ടികളിൽ പോലും. ഇതിന്റെ ഫലമായി ശരീരഭാരം വർദ്ധിക്കുകയും പൊണ്ണത്തടി ഉണ്ടാകുകയും ചെയ്യുന്നു.
പഞ്ചസാര ശരീരത്തിലെത്തുന്നത് മറ്റു പോഷകങ്ങളുടെ ആഗിരണം കുറയ്ക്കുന്നു. ഉദാഹരണത്തിന് ഇരുമ്പ്, വിറ്റാമിൻ ബി 12, മറ്റു പോഷകക്കുറവ് എന്നിവയ്ക്കും ഇത് കാരണമാകുന്നു. ഇത്തരം പോഷകങ്ങളൊക്കെ കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കും വികാസത്തിനും സുപ്രധാന പങ്കുവഹിക്കുന്നവയാണ്. കൂടാതെ ദന്തക്ഷയം, അലർജി, വയറുവേദന, വയറിളക്കം എന്നിവയൊക്കെ കുട്ടികളിലുണ്ടാകാം. മാത്രവുമല്ല, കുടൽ ബാക്ടീരിയയിലെ അസന്തുലിതാവസ്ഥ കാരണം ദഹനപ്രശ്നത്തിന് വരെ ഇത് കാരണമാകാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്