ഹൈദരാബാദ്: യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റിന് (യുഎസ്എഐഡി) കീഴിലുള്ള വിദേശ സഹായ പദ്ധതികള്‍ക്കുള്ള ഫണ്ട് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം മരവിപ്പിച്ചതിനെത്തുടര്‍ന്ന് ഹൈദരാബാദിലെ ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ മൂന്ന് ക്ലിനിക്കുകള്‍ കഴിഞ്ഞ മാസം അടച്ചു. ഏകദേശം 5000 ആളുകള്‍ക്കാണ് ഈ ക്ലിനിക്കുകളിലൂടെ സേവനം ലഭിച്ചിരുന്നത്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, യുഎസ് നികുതിദായകരുടെ പണം ഉപയോഗിച്ച് ഫണ്ട് ചെയ്യുന്ന എല്ലാ പദ്ധതികളും തന്റെ 'അമേരിക്ക ഫസ്റ്റ്' നയവുമായി യോജിച്ചു പോകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍, അവലോകനം ചെയ്യാത്ത എല്ലാ വിദേശ സഹായങ്ങളും 90 ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
റോയിട്ടേഴ്സ് റിപ്പോര്‍ട്ട് അനുസരിച്ച്, അടച്ചുപൂട്ടിയ മിത്ര് ക്ലിനിക്കുകള്‍ കൂടുതലും നടത്തുന്നത് ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ള ഡോക്ടര്‍മാരും കൗണ്‍സിലര്‍മാരുമാണ്. മഹാരാഷ്ട്രയിലെ കല്യാണിലും പൂനെയിലുമാണ് മറ്റ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നത്.
ഹോര്‍മോണ്‍ തെറാപ്പി, മാനസികാരോഗ്യം, എച്ച്‌ഐവി, മറ്റ് ലൈംഗിക രോഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള കൗണ്‍സിലിംഗ്, പൊതു വൈദ്യ പരിചരണത്തിന് പുറമേ നിയമസഹായം എന്നിവ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ മിത്ര് ക്ലിനിക്കുകള്‍ നല്‍കിയിരുന്നു.
ക്‌ളിനിക്കുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പ്രതിവര്‍ഷം 30 ലക്ഷം രൂപ വരെ ആവശ്യമാണ്. എട്ട് പേര്‍ക്കാണ് ഇവിടെ ജോലി നല്‍കിയിരിക്കുന്നത്. പൊതുവോ സ്വകാര്യമോ ആയ ഫണ്ടിംഗിന്റെ ഇതര സ്രോതസ്സുകള്‍ക്കായി തിരയുകയാണെന്ന് ക്‌ളിനിക്കുമായി ബന്ധപ്പെട്ടവര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.
എന്നിരുന്നാലും, എച്ച്‌ഐവി ബാധിതര്‍ക്ക് ആന്റി റിട്രോവൈറല്‍ മരുന്നുകള്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള ചില ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് ക്ലിനിക്കുകളുടെ സംഘാടകര്‍ക്ക് യുഎസ്എഐഡിയില്‍ നിന്ന് ഇളവ് ലഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്