കീവ്: നിരീക്ഷണം അവസാനിപ്പിച്ച്, റഷ്യയില്‍ വിന്യസിച്ചിരിക്കുന്ന ഉത്തരകൊറിയന്‍ സൈന്യം യുദ്ധക്കളത്തില്‍ എത്തുന്നതിന് മുമ്പ് വേണ്ട നടപടിയെടുക്കാന്‍ സഖ്യകക്ഷികളോട് അഭ്യര്‍ത്ഥിച്ച് ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി.
ഉത്തരകൊറിയന്‍ സൈനികര്‍ക്ക് പരിശീലനം നല്‍കുന്ന ക്യാമ്പുകളില്‍ ഉക്രെയ്ന്‍ ആക്രമണം നടത്താനുള്ള സാധ്യത സെലെന്‍സ്‌കി ഉയര്‍ത്തിക്കാട്ടി. കൊറിയന്‍ സൈനികര്‍ എവിടെയാണുള്ളതെന്ന് കീവിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പാശ്ചാത്യ നിര്‍മ്മിത ദീര്‍ഘദൂര ആയുധങ്ങള്‍ ഉപയോഗിച്ച് റഷ്യയുടെ വിദൂര ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ സഖ്യകക്ഷികളുടെ അനുമതി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
'അമേരിക്ക നിരീക്ഷിക്കുന്നു, ബ്രിട്ടന്‍ നിരീക്ഷിക്കുന്നു, ജര്‍മ്മനി നിരീക്ഷിക്കുന്നു. ഉത്തരകൊറിയന്‍ സൈന്യം ഉക്രെയിന്‍കാരെ ആക്രമിക്കാന്‍ എല്ലാവരും കാത്തിരിക്കുകയാണ്, '' സെലെന്‍സ്‌കി ടെലിഗ്രാമിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഏകദേശം 8,000 ഉത്തരകൊറിയന്‍ സൈനികര്‍ ഇപ്പോള്‍ ഉക്രെയ്‌നിന്റെ അതിര്‍ത്തിക്കടുത്തുള്ള റഷ്യയുടെ കുര്‍സ്‌ക് മേഖലയില്‍ ഉണ്ടെന്നും വരും ദിവസങ്ങളില്‍ ഉക്രെയ്ന്‍ സൈനികര്‍ക്കെതിരായ പോരാട്ടത്തില്‍ ക്രെംലിനിനെ സഹായിക്കാന്‍ അവര്‍ തയ്യാറെടുക്കുകയാണെന്നും യുഎസിലെ ബൈഡന്‍ ഭരണകൂടം വ്യാഴാഴ്ച അറിയിച്ചിരുന്നു.
റഷ്യന്‍ ഉപകരണങ്ങളും ആയുധങ്ങളുമായി 7,000-ലധികം ഉത്തരകൊറിയക്കാരെ ഉക്രെയ്നിനടുത്തുള്ള പ്രദേശങ്ങളിലേക്ക് കടത്തിയതായി ശനിയാഴ്ച ഉക്രെയ്നിന്റെ മിലിട്ടറി ഇന്റലിജന്‍സ് അറിയിച്ചു. റഷ്യയുടെ ഫാര്‍ ഈസ്റ്റിലെ അഞ്ച് സ്ഥലങ്ങളില്‍ ഉത്തര കൊറിയന്‍ സൈനികര്‍ക്ക് പരിശീലനം നല്‍കുന്നുണ്ടെന്ന് ജിയുആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഏജന്‍സി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്