ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം ഇന്ന്; ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് ചടങ്ങുകള്‍ ആരംഭിക്കും

MAY 17, 2025, 7:22 PM

വത്തിക്കാന്‍ സിറ്റി:  ആഗോള കത്തോലിക്കാസഭയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിന്നാലാമനെ മാര്‍പാപ്പയായി ഔദ്യോഗികമായി വാഴിക്കുന്ന ചടങ്ങ് ഞായറാഴ്ച നടക്കും. വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ പ്രാദേശിക സമയം രാവിലെ പത്തിന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നര) ചടങ്ങുകള്‍ ആരംഭിക്കും. രണ്ട് മണിക്കൂറോളം നീളും.

സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കുള്ളിലാണ് ചടങ്ങുകളുടെ ആരംഭം. ബസിലിക്കയുടെ അടിയിലുള്ള വിശുദ്ധപത്രോസിന്റെ ശവകുടീരം, പൗരസ്ത്യസഭകളിലെ പാത്രിയാര്‍ക്കീസുമാര്‍ക്കൊപ്പം മാര്‍പാപ്പ സന്ദര്‍ശിക്കും. അവിടെ പ്രാര്‍ഥന. റോമിലെ ബിഷപ്പും (ലിയോ പതിന്നാലാമന്‍ മാര്‍പാപ്പ) ആദ്യ മാര്‍പാപ്പയായ പത്രോസും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന ചടങ്ങാണിത്. തുടര്‍ന്ന് രണ്ട് ഡീക്കന്മാര്‍ പാലിയം, മുക്കുവന്റെ മോതിരം, ബൈബിള്‍ എന്നിവയേന്തി സെയ്ന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്ക് മുന്നില്‍ ഒരുക്കിയിരിക്കുന്ന അള്‍ത്താരയിലേക്ക് പോകും. ഇവിടെയാണ് പാലിയവും മുക്കുവന്റെ മോതിരവും അണിയിക്കല്‍ ഉള്‍പ്പെടെയുള്ള പ്രധാന ചടങ്ങുകള്‍ നടക്കുക.

സുവിശേഷവായനയ്ക്ക് ശേഷം ലിയോ പതിന്നാലാമനെ മാര്‍പാപ്പയുടെ സ്ഥാനചിഹ്നങ്ങള്‍ അണിയിക്കും. മൂന്ന് ഭൂഖണ്ഡങ്ങളില്‍നിന്നുള്ള ഓരോ കര്‍ദിനാള്‍മാരാണ് ഇത് നിര്‍വഹിക്കുക. ആദ്യത്തെയാള്‍ ലിയോ പതിന്നാലാമനെ പാലിയം അണിയിക്കും. രണ്ടാമത്തെയാള്‍, മാര്‍പാപ്പയ്ക്ക് ദൈവികസഹായം തേടുന്ന പ്രാര്‍ഥന ചൊല്ലും. മൂന്നാംകര്‍ദിനാള്‍ പ്രാര്‍ഥനനടത്തി മുക്കുവന്റെ മോതിരം അണിയിക്കും. മോതിരത്തില്‍ വി. പത്രോസ് വഞ്ചിയിലിരുന്ന് വലവീശുന്ന ചിത്രവും, പാപ്പയുടെ പേരുമുണ്ടാകും. ആദ്യ മാര്‍പാപ്പയായ വി. പത്രോസ് മുക്കുവനായിരുന്നു. അതുകൊണ്ടാണ് 'മുക്കുവന്റെ മോതിരം' എന്ന് പേര്.

മാര്‍പാപ്പ ദിവംഗതനായാലോ സ്ഥാനത്യാഗംചെയ്താലോ മോതിരം നശിപ്പിച്ചുകളയും. ഓരോ മാര്‍പാപ്പയ്ക്കും വേണ്ടി പുതിയതുണ്ടാക്കും. പരമ്പരാഗതമായി സ്വര്‍ണത്തിലാണ് ഇത് പണിയുക. വെള്ളിയിലുണ്ടാക്കി സ്വര്‍ണംപൂശാറുമുണ്ട്. ബെനഡിക്ട് പതിനാറാമന്‍ പാപ്പ സ്വര്‍ണമോതിരമാണ് അണിഞ്ഞത്. എന്നാല്‍, ഫ്രാന്‍സിസ് പാപ്പ സ്വര്‍ണംപൂശിയ വെള്ളിമോതിരമാണ് തിരഞ്ഞെടുത്തത്.

കഴുത്തിലണിയുന്ന വെളുത്ത തുണിയാണ് പാലിയം. ഇത് മാര്‍പാപ്പയുടെ അധികാരത്തെയും ഉത്തരവാദിത്വത്തെയും സൂചിപ്പിക്കുന്നു. കുഞ്ഞാടുകളുടെ രോമംകൊണ്ടാണ് പാലിയം നെയ്യുന്നത്. ഓരോവര്‍ഷവും സെയ്ന്റ് ആഗ്നസിന്റെ തിരുനാളില്‍ ട്രെ ഫൊണ്ടെയ്‌നില്‍ നിന്ന് രണ്ട് കുഞ്ഞാടുകളെ റോമിലെ സെയ്ന്റ് ആഗ്നസ് ബസിലിക്കയിലെത്തിക്കും. വി. പൗലോസ് രക്തസാക്ഷിത്വംവരിച്ചയിടമാണ് ട്രെ ഫൊണ്ടെയ്ന്‍ എന്നാണ് വിശ്വാസം. ബസിലിക്കയില്‍ കുഞ്ഞാടുകളെ ആശീര്‍വദിക്കും. അതുകഴിഞ്ഞ് മാര്‍പാപ്പയ്ക്ക് സമ്മാനിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam