ജന്മദിന നിറവില്‍ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി. 1951 സെപ്റ്റംബര്‍ ഏഴിന് ജനിച്ച മമ്മൂട്ടി തന്റെ 74-ാം ജന്മദിനമാണ് ആഘോഷിക്കുന്നത്. മലയാളത്തിന്റെ പ്രിയനടന്‍ രോഗമുക്തനായി തിരിച്ചുവരുന്നതിന്റെ ആഹ്ലാദത്തിലാണ് പിറന്നാള്‍ ആഘോഷം. സഹപ്രവര്‍ത്തകരും ആരാധകരും പ്രിയതാരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നു തുടങ്ങി. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ പ്രത്യേകിച്ച് ആഘോഷങ്ങളൊന്നുമില്ലാതെയാണ് പിറന്നാള്‍ ദിനമെന്ന് സന്തത സഹചാരിയായ എസ്. ജോര്‍ജ് പറഞ്ഞു. ചികിത്സാര്‍ഥം സിനിമയില്‍ നിന്ന് അവധിയെടുത്ത് ചെന്നൈയിലേക്കുപോയ മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനായെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. തിരിച്ചെത്തിയാല്‍ ഉടന്‍ മഹേഷ് നാരായണന്റെ പുതിയ ചിത്രത്തില്‍ ചേരുമെന്ന സൂചനയും ഉണ്ട്.
ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ആറ് മാസമായി സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്ന മമ്മൂട്ടി ഉടന്‍ കേരളത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ചെന്നൈയിലെ വസതിയില്‍ മമ്മൂട്ടി വിശ്രമത്തിലാണ്. കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി മലയാള സിനിമയുടെ സ്പന്ദനങ്ങള്‍ മമ്മൂട്ടിയിലൂടെയാണ് മലയാളി അറിയുന്നത്. അഭിനയത്തില്‍ കാലത്തിനൊപ്പം സ്വയം അപ്‌ഡേറ്റ് ചെയ്ത് 74-ാം വയസിലും മുപ്പതുകാരനൊപ്പം മത്സരിക്കുകയാണ് അദ്ദേഹം.
കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിനുള്ള മികച്ച നടന്‍മാരുടെ അന്തിമ പട്ടികയില്‍ മമ്മൂട്ടിയുള്ളത് അതിനൊരു ഉദാഹരണം മാത്രം. അഭിനയത്തോട് അടങ്ങാത്ത അഭിനിവേശമായിരുന്നു അന്നും ഇന്നും മമ്മൂട്ടിക്ക്. മലയാള സിനിമ കേരളമെന്ന ഇട്ടാവട്ടത്തിന് അപ്പുറം ചര്‍ച്ചയാകുന്നത് മമ്മൂട്ടി ചിത്രങ്ങളിലൂടെയാണ്. നിറക്കൂട്ടും ന്യൂഡല്‍ഹിയും മലയാള സിനിമയുടെ യശസ് ഉയര്‍ത്തുന്നവയായിരുന്നു. മമ്മൂട്ടിയുടെ താരമൂല്യം തന്നെയാണ് കേരളത്തിനു പുറത്തും വിറ്റഴിക്കപ്പെട്ടത്. മമ്മൂട്ടിയെന്നാല്‍ മലയാളിക്ക് 'മാസ്' ഹീറോയായി. പിന്നീടങ്ങോട്ട് ആ പൗരുഷം ആഘോഷിക്കപ്പെട്ട എത്രയെത്ര സിനിമകള്‍.
പി.ഐ.മുഹമ്മദ് കുട്ടിയെന്നാണ് മമ്മൂട്ടിയുടെ യഥാര്‍ഥ പേര്. മുഹമ്മദ് കുട്ടിയെന്ന പൊടിമീശക്കാരന്‍ 1971 ഓഗസ്റ്റ് ആറിന് റിലീസ് ചെയ്ത 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന സിനിമയില്‍ മുഖം കാണിച്ചു. മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയായിരുന്നു അന്ന് മുഹമ്മദ് കുട്ടി. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷമാണ് മമ്മൂട്ടിക്ക് ലഭിച്ചത്. രണ്ട് ചെറിയ ഷോട്ടുകളില്‍ മാത്രമാണ് മമ്മൂട്ടി അഭിനയിച്ചത്. അന്നത്തെ സൂപ്പര്‍താരം സത്യന്‍ ആയിരുന്നു അനുഭവങ്ങള്‍ പാളിച്ചകളിലെ നടന്‍. സത്യന്റെ അവസാന സിനിമ കൂടിയായിരുന്നു അത്. സത്യന്റെ അവസാന ചിത്രം മമ്മൂട്ടിയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റമായത് കാലത്തിന്റെ കാവ്യനീതി.
അഭിനയജീവിതം അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ മലയാളം, തമിഴ്, ഇംഗ്ലീഷ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായി 400 ലേറെ സിനിമകളില്‍ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ മികച്ച നടനുള്ള ദേശീയ അവാര്‍ഡും ആറ് തവണ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും മമ്മൂട്ടി കരസ്ഥമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്