ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിൾ ക്ലബ് എന്ന ചിത്രത്തിനെതിരെ പരാതി. അന്തരിച്ച നടൻ കെപിഎസി അസീസിന്റെ മകൻ രാജാ അസീസാണ് ചിത്രത്തിനെതിരെ പരാതിയുമായി രംഗത്ത്.
കുടുംബത്തിന്റെ സമ്മതമില്ലാതെ അച്ഛന്റെ ചിത്രം സിനിമയിലുപയോഗിച്ചു എന്നാണ് രാജാ അസീസിന്റെ പരാതി. നിയമപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംവിധായകൻ ആഷിഖ് അബുവിന്റെ അസോസിയേറ്റ് ആണെന്നുപറഞ്ഞ് ഒരാൾ വിളിച്ചാണ് അച്ഛന്റെ ചിത്രം ചോദിച്ചത്. അച്ഛന്റെ ചിത്രം സിനിമയിൽ ആവശ്യമുണ്ടെന്നും ഒരു രംഗത്തിൽ വെയ്ക്കാനാണെന്നും ഇയാൾ പറഞ്ഞു. ഇത് കേട്ട് താൻ സമ്മതിച്ചെന്നും എന്നാൽ തനിക്ക് എന്തെങ്കിലും ചെറിയ വേഷം തരണമെന്നും അഭ്യർത്ഥിച്ചു. ഇതവർ സമ്മതിക്കുകയും ചെയ്തു.
ഇതോടെ താൻ കാറ്റ് എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ ആസിഫ് അലിക്കും മുരളി ഗോപിക്കുമൊപ്പം അഭിനയിച്ച സീനുൾപ്പെടെ എല്ലാം അവർക്ക് അയച്ച് നൽകിയെന്നും രാജാ അസീസ് പറഞ്ഞു. പിറ്റേന്ന് വിളിച്ച് രണ്ട് സൈഡ് തിരിഞ്ഞിട്ടുള്ള ഫോട്ടോ വേണം എന്നുപറഞ്ഞു.
അതും അയച്ചുകൊടുത്തു. ഇതെല്ലാം ചെയ്തിട്ട് തന്റെ സമ്മതമില്ലാതെ ആഷിഖ് അബുവും സംഘവും പടം റിലീസ് ചെയ്യുകയായിരുന്നെന്ന് രാജാ അസീസ് പറഞ്ഞു.ഇതിനു ശേഷം താൻ ആഷിഖ് അബുവിനെയും അസോസിയേറ്റ് ഡയറക്ടറെയും ബന്ധപ്പെടാൻ ശ്രമിച്ചെന്നും എന്നാൽ ഇരുവരും ഫോണെടുത്തില്ലെന്നും രാജ കൂട്ടിച്ചേർത്തു.
അതേസമയം ക്രിസ്മസ് റിലീസായി പുറത്തിറങ്ങിയ ചിത്രം മികച്ച പ്രേക്ഷകപ്രതികരണം നേടി മുന്നേറുകയാണ്. തോക്കുകള്‍ കൊണ്ട് കഥ പറയുന്ന ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്കും മേക്കിംഗിനുമാണ് ഏറ്റവും കയ്യടി ഉയരുന്നത്. തികച്ചും ഒരു റെട്രോ സ്‌റ്റൈല്‍ സിനിമയാണ് ‘റൈഫിള്‍ ക്ലബ്’.
ബോളിവുഡില്‍ ശ്രദ്ധേയ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള, വേറിട്ട വേഷങ്ങളില്‍ വിവിധ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള അനുരാഗ് കശ്യപിന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് ‘റൈഫിള്‍ ക്ലബ്’. ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, വിന്‍സന്റ് വടക്കന്‍, വിശാല്‍ വിന്‍സന്റ് ടോണി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നതാണ് ചിത്രം. സിനിമയുടെ ഛായാഗ്രഹണവും ആഷിഖ് അബു തന്നെയാണ് നിര്‍വഹിക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് നായര്‍, ശ്യാം പുഷ്‌കരന്‍, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ്. ‘മായാനദി’ക്ക് ശേഷം ആഷിക്ക് അബു, ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്