മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ അടുത്ത രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളായ 'അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ', 'അവഞ്ചേഴ്‌സ്: സീക്രട്ട് വാർസ്' എന്നിവയുടെ പണിപ്പുരയിലാണ് സംവിധായകരായ റൂസ്സോ ബ്രദേഴ്‌സ് (ആന്റണി റൂസ്സോ, ജോ റൂസ്സോ).
എന്നാൽ ഈ രണ്ട് ചിത്രങ്ങളും പൂർത്തിയാകുന്നതിന് മുൻപ് തന്നെ, മാർവലിന്റെ മറ്റൊരു രഹസ്യ പ്രോജക്റ്റിൽ കൂടി ഇവർ ഒപ്പുവെച്ചതായാണ് ഹോളിവുഡിൽ നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഔദ്യോഗികമായി പ്രഖ്യാപിച്ച അഞ്ചാമത്തെയും ആറാമത്തെയും അവഞ്ചേഴ്‌സ് ചിത്രങ്ങൾക്ക് പുറമെ, ഏഴാമതൊരു ചിത്രം കൂടി റൂസ്സോ ബ്രദേഴ്‌സിന്റെ നേതൃത്വത്തിൽ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നാണ് സൂചന.
പ്രമുഖ ഹോളിവുഡ് ഇൻസൈഡറായ അലക്സ് പെരസ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, റൂസ്സോ ബ്രദേഴ്‌സ് മറ്റൊരു അവഞ്ചേഴ്‌സ് ചിത്രത്തിനായുള്ള പ്രാരംഭ ചർച്ചകളിലാണ്. 'സീക്രട്ട് വാർസ്' എന്ന വരാനിരിക്കുന്ന ചിത്രത്തിന്റെ കഥാ പശ്ചാത്തലം വളരെ വലുതായതിനാൽ അത് രണ്ട് ഭാഗങ്ങളായി തിരിക്കാനുള്ള സാധ്യതകളാണ് സംവിധായകർ പരിശോധിക്കുന്നത്.
'അവഞ്ചേഴ്‌സ്: എൻഡ്‌ഗെയിം' എന്ന എക്കാലത്തെയും വലിയ വിജയത്തിന് ശേഷം റൂസ്സോ ബ്രദേഴ്‌സ് മാർവലിലേക്ക് തിരിച്ചെത്തുന്നു എന്ന വാർത്ത ആരാധകർ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. വരാനിരിക്കുന്ന 'അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ' എന്ന ചിത്രത്തിൽ അയൺമാനായി തിളങ്ങിയ റോബർട്ട് ഡൗണി ജൂനിയർ 'ഡോക്ടർ ഡൂം' എന്ന വില്ലൻ വേഷത്തിൽ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
വമ്പൻ താരനിര അണിനിരക്കുന്ന 'അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ' 2026 ഡിസംബർ 18-നും 'അവഞ്ചേഴ്‌സ്: സീക്രട്ട് വാർസ്' 2027 ഡിസംബർ 17-നും തീയേറ്ററുകളിൽ എത്തും. പുതിയ ചിത്രത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാണെങ്കിലും മാർവലിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
