വീട്ടിലിരുന്ന് ജോലി ചെയ്‌തോളൂ, പക്ഷെ ഒറ്റ 'കണ്ടീഷന്‍': നയം മാറ്റവുമായി ഡെല്‍

MARCH 20, 2024, 5:24 AM

ന്യൂയോര്‍ക്ക്: വര്‍ക്ക് ഫ്രം ഹോം നിലപാടില്‍ വന്‍ മാറ്റവുമായി പ്രമുഖ ടെക് കമ്പനിയായ ഡെല്‍. ഓഫീസിലേക്ക് വരാതെ വര്‍ക്ക് ഫ്രം ഹോം തുടരുന്നവര്‍ക്ക് ഇനി മുതല്‍ ജോലിയില്‍ സ്ഥാനക്കയറ്റം ഉണ്ടാവില്ലെന്ന് വ്യക്തമാക്കി കമ്പനി പുറത്തിറക്കിയ ഉത്തരവ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ അടക്കം വലിയ ചര്‍ച്ചയായിരിക്കുകയാണ്. മുന്‍പ് വര്‍ക്ക് ഫ്രം ഹോമിനെ അനുകൂലിച്ചിരുന്ന കമ്പനി പലപ്പോഴായി ഹൈബ്രിഡ് ഓപ്ഷന്‍ നടപ്പാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പലരും ഓഫീസിലേക്ക് വരാന്‍ മടിച്ചതോടെയാണ് ഇനി വീട്ടിലിരിക്കുന്നവര്‍ക്ക് പ്രമോഷനില്ലെന്ന നയം സ്വീകരിച്ചത്.

കോവിഡ് കാലത്താണ് കമ്പനി ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കിയത്. ജീവനക്കാരില്‍ വര്‍ക്ക് ഫ്രം ഹോം തുടരുന്നവരില്‍ ഭൂരിഭാഗം പേരും ഓഫീസിലേക്ക് വരാന്‍ മടിക്കുന്നതാണ് പുതിയ മാറ്റത്തിന് കാരണം. ജീവനക്കാരെ എങ്ങനെയും ഓഫീസിലെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നയം കമ്പനി സ്വീകരിച്ചതെന്നാണ് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടുതല്‍ കാര്യക്ഷമതയ്ക്കും നവീന ആശയങ്ങള്‍ക്കും ഇന്‍ പേഴ്‌സണ്‍ ആശയവിനിമയം അത്യാവശ്യമാണെന്നും അതിനാലാണ് മാറ്റമെന്നുമാണ് കമ്പനിയുടെ വിശദീകരണം.

മെയ് മുതല്‍ ജീവനക്കാരെ ഹൈബ്രിഡ് എന്നും റിമോട്ട് എന്നും രണ്ട് കാറ്റഗറിയായി തിരിക്കും. ഇതില്‍ റിമോട്ട് ഒപ്ഷന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ഇനി മുതല്‍ ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കില്ലെന്നതാണ് നിബന്ധന. ഹൈബ്രിഡ് ഒപ്ഷനാണെങ്കില്‍ ആഴ്ചയില്‍ മൂന്ന് ദിവസം ഓഫീസിലേക്ക് വരണം. രണ്ട് ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാം. റിമോട്ട് ആണെങ്കില്‍ നിങ്ങള്‍ ലോകത്ത് എവിടെയാണെങ്കിലും സമയത്ത് ജോലി ചെയ്താല്‍ മതിയെന്ന് മാത്രം. ഈ ഒപ്ഷന്‍ തിരഞ്ഞെടുത്തവര്‍ക്ക് സ്ഥാനക്കയറ്റം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തങ്ങളുടെ കാറ്റഗറി ഹൈബ്രിഡ് എന്നാക്കി മാറ്റാന്‍ അപേക്ഷിക്കേണ്ടി വരും.

മുന്‍പ് മറ്റ് പല കമ്പനികളില്‍ നിന്നും വ്യത്യസ്തമായി വര്‍ക് ഫ്രം ഹോം ഒപ്ഷനെ കൈയ്യടിച്ച് അംഗീകരിച്ചവരായിരുന്നു ഡെല്‍ കമ്പനി. അന്ന് സിഇഒ മൈക്കല്‍ ഡെല്‍ തന്നെ ഇതിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. 2021 ല്‍ വര്‍ക്ക് ഫ്രം ഹോം തുടരുമെന്നും സമീപ ഭാവിയിലൊന്നും നിര്‍ത്തില്ലെന്നുമായിരുന്നു മാധ്യമങ്ങളോട് കമ്പനി അധികൃതര്‍ വ്യക്തമാക്കിയത്. മാത്രമല്ല, കൊവിഡിന് ശേഷം ഹൈബ്രിഡ് ഒപ്ഷനിലേക്ക് മാറി ജീവനക്കാരെ ഓഫീസിലേക്ക് തിരികെ വിളിച്ച മറ്റ് കമ്പനികള്‍ക്കെതിരെയും മൈക്കല്‍ ഡെല്‍ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതില്‍ നിന്നെല്ലാമുള്ള കമ്പനിയുടെ ഇപ്പോഴത്തെ നയം മാറ്റം ജീവനക്കാരെയും അത്ഭുതപ്പെടുത്തുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam