വിദ്യാഭ്യാസ മേഖലയിലെ മികവാണ് ഒരു സമൂഹത്തെ പുരോഗതിയിലേക്കു നയിക്കുന്ന പ്രധാന ഘടകം. വൈവിധ്യമാർന്ന മേഖലകളിൽ അതു പ്രതിഫലിക്കും. സാമ്പത്തിക, സാമൂഹ്യ സാഹചര്യങ്ങളെ മാത്രമല്ല, ധാർമിക നിലപാടുകളെപ്പോലും അതു സ്വാധീനിക്കും. വെറും വിജ്ഞാന സമ്പാദനം മാത്രമല്ല വിദ്യാഭ്യാസം. അതു സങ്കീർണമായൊരു പ്രക്രിയയാണ്. പാഠപുസ്തകങ്ങളിൽനിന്നു മാത്രമല്ല നാം പഠിക്കേണ്ടത്്. എഴുതപ്പെടാത്ത പല വിജ്ഞാനശകലങ്ങളും അതിനേക്കാൾ പ്രധാനമാണ്.
ഭാരതീയ വിദ്യാഭ്യാസ മണ്ഡലത്തിൽ നിലവിലിരുന്ന ഗുരുകുല സമ്പ്രദായം വിജ്ഞാന സമ്പാദനത്തിന്റെ ഉദാത്തമായൊരു മാതൃകയായിരുന്നു. ഗുരുവിനോടൊപ്പം താമസിച്ചു ഗുരുമുഖത്തുനിന്നുതന്നെ വിജ്ഞാനം സമ്പാദിച്ചുപോന്ന രീതി. തിയറിയും പ്രാക്ടിക്കലുമൊക്കെ ഗുരു നൽകുമായിരുന്നു. അക്കാലത്തെ സാമൂഹിക സാഹചര്യങ്ങളും വിദ്യാസമ്പാദനത്തെ സ്വാധീനിച്ചിരുന്നു. ആയുധ പരിശീലനം പോലും ഗുരുകുല സമ്പ്രദായത്തിലാണ് നടന്നുവന്നത്.
അറിവു സമ്പാദനത്തിനും അന്നു പലർക്കും പരിമിതികളുണ്ടായിരുന്നു. ഇന്ന് അതല്ല സ്ഥിതി.
ആർക്കും എത്രയും ഉയരത്തിലെത്താനാവുംവിധം നമ്മുടെ വിദ്യാഭ്യാസ സാഹചര്യങ്ങളിൽ മാറ്റം വന്നിരിക്കുന്നു. കെ.ആർ. നാരായണൻ, എ.പി.ജെ അബ്ദുൾ കലാം തുടങ്ങി എത്രയോ പേരാണ് പരിമിത സാഹചര്യങ്ങളിൽനിന്ന് വിദ്യയിലൂടെ ഉന്നത നിലകളിലെത്തിയത്. അവരുടെ സാമ്പത്തിക സാഹചര്യം മാത്രമല്ല, സാമൂഹിക സാഹചര്യങ്ങളും ദയനീയമായിരുന്നു. ഇന്നിപ്പോൾ അതുപോലുള്ള തടസങ്ങൾ പലതും ഇല്ലാതായി. സമർത്ഥരായവർക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതിനു വിവിധ വഴികൾ തുറന്നു. അത്് ഉപയോഗിക്കുന്നവർ ഏറെ. എന്നാൽ ലഭിച്ച അവസരങ്ങൾ കുരങ്ങനു കിട്ടിയ പൂമാല പോലെ പിച്ചിച്ചീന്തി കളയുന്നവരുമുണ്ട്.
വിദ്യാഭ്യാസ രംഗത്ത്് ഇന്ത്യയിൽ മുൻനിരയിൽ നിൽക്കുന്ന സംസ്ഥാനമാണു കേരളം. സാക്ഷതയുടെ പേരിലാണ് നമ്മുടെ പ്രധാന അവകാശവാദം. അതിനിപ്പോൾ വലിയ പ്രസക്തിയില്ലാതായി. വൈജ്ഞാനിക ലോകത്തുണ്ടായിരിക്കുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങൾ കൂടുതൽ മെച്ചപ്പെട്ട, ഗുണനിലവാരമുള്ള, മത്സരാധിഷ്ഠിത അറിവു സമ്പാദനത്തിനു വഴി തുറന്നിരിക്കുന്നു. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന വൈജ്ഞാനിക അന്തരീക്ഷത്തെ വ്യക്തികൾക്കും സമൂഹത്തിനും പ്രയോജനപ്പെടുന്ന രീതിയിൽ രൂപപ്പെടുത്തി എടുക്കുക എന്നതാണു പ്രധാനം. അക്കാര്യത്തിൽ വിദ്യാഭ്യാസ വിദഗ്ധർക്കും ഭരണാധികാരികൾക്കും വലിയ പങ്കു വഹിക്കാനുണ്ട്്. നാം ഇപ്പോൾ പിന്നോക്കം പോകുന്നത് ഇക്കാര്യത്തിലാണ്.
വിദ്യാഭ്യാസ മേഖലയിലും ആധിപത്യത്തിനായുള്ള മത്സരം കടുക്കുകയാണ്. എന്തിനാണീ മത്സരം? എന്തിനാണീ കലാപങ്ങൾ? ആർക്കും അറിഞ്ഞുകൂടാ. എങ്കിലും എല്ലാവരും തങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും മാത്രമാണു നല്ലതെന്ന നിലപാടിൽ നിന്നു പൊരുതുകയാണ്. ഇവിടെ ഹോമിക്കപ്പെടുന്നത് വളരുന്നതലമുറയുടെ അവസരങ്ങളും വിജ്ഞാന സമ്പാദന അവസരങ്ങളുമാണ്.
പാഠപുസ്തകങ്ങളിൽ വിവാദ വിഷയങ്ങൾ ഉൾപ്പെടുത്തി പ്രശ്‌നം ഉണ്ടാക്കുന്നത് പതിവായിരിക്കുന്നു. സാക്ഷര കേരളവും ഇതിന് അപവാദമല്ല. ഏഴാം ക്ലാസിലെ സാമൂഹ്യ ശാസ്ത്ര പാഠപുസ്തകത്തിൽ 'മതമില്ലാത്ത ജീവൻ' കൊണ്ടുവന്ന വിവാദക്കൊടുങ്കാറ്റ് മറക്കാറായിട്ടില്ല. ചോദ്യപേപ്പറിലെ പരാമർശം തൊടുപുഴയിലെ ജോസഫ് മാഷിനു വരുത്തിവച്ച ദുരന്തം ചെറുതൊന്നുമായിരുന്നില്ല. ചരിത്രം വളച്ചൊടിക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ തന്നെ സമീപകാലത്ത് എത്രയോ വിവാദങ്ങൾ ഉയർന്നു. ഇപ്പോഴിതാ കേരള ഗവർണറും സംസ്ഥാന സർക്കാരുമായുള്ള തർക്കത്തിലും പാഠപുസ്തകം കക്ഷി ചേരുന്നു.
രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഭാരതാംബയുടെ ചിത്രം വച്ചതിൽ പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രി ആ ചടങ്ങു ബഹിഷ്‌കരിച്ചിരുന്നു. ഈ വിഷയം കൂടുതൽ വിവാദങ്ങളിലേക്കു വളരുകയാണ്. ഗവർണറുടെ അധികാരവും കടമകളും സംബന്ധിച്ചുള്ള വിവരങ്ങൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്താനാണു തീരുമാനം. ചർച്ചയും പഠനവും ഒക്കെ നടത്തിയാണ് പാഠപുസ്തകങ്ങൾ തയാറാക്കുന്നത്. പാഠപുസ്തകങ്ങളിൽ എന്തൊക്കെ വേണമെന്ന് വകുപ്പു മന്ത്രിയായാലും ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നതു ശരിയല്ല. ഈ വർഷം സാമൂഹ്യശാസ്ത്രം രണ്ടാം വാല്യത്തിലും പിന്നീട് ഹയർ സെക്കൻഡറി പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കുന്ന വേളയിലും വിഷയം ഉൾപ്പെടുത്തുമെന്നാണ് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി പറഞ്ഞത്.
ഗവർണറുടെ മാത്രമല്ല, പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയുമൊക്കെ അധികാരങ്ങളെക്കുറിച്ചും അവരുടെ ഭരണഘടനാപരമായ ബാധ്യതകളെക്കുറിച്ചുമൊക്കെ വിദ്യാർഥികളെ പഠിപ്പിക്കണം. ജനാധിപത്യ ഭരണക്രമത്തെക്കുറിച്ചുള്ള പഠനം കുട്ടികളിൽ ജനാധിപത്യ അവബോധം സൃഷ്ടിക്കാനും ഭരണഘടനയെക്കുറിച്ചു മനസിലാക്കാനുമൊക്കെ അവസരം ഒരുക്കും.
നിയമസഭയെക്കുറിച്ചും അവിടെ എങ്ങിനെയാണ് നിയമനിർമാണപ്രവർത്തനങ്ങൾ നടക്കുന്നതെന്നും കുട്ടികളെ പഠിപ്പിക്കട്ടെ. സ്പീക്കറുടെ അധികാരാവകാശങ്ങളെക്കുറിച്ചും നിയമസഭാംഗങ്ങളുടെ പെരുമാറ്റ മര്യാദകളെക്കുറിച്ചുമൊക്കെ അവരെ പഠിപ്പിക്കട്ടെ. പഴയ സർക്കാരിന്റെ കാലത്ത് നിയമസഭയക്കുള്ളിൽ സ്പീക്കറുടെ ചേംബറിൽ നടന്ന നാടകങ്ങളും അവർക്കു പഠിക്കാൻ നൽകണം. അതിന്റെ വീഡയോ ദൃശ്യങ്ങളും അവർ വീണ്ടും കാണട്ടെ.
രാഷ്ട്രീയം കളിക്കാനുള്ള വേദിയായി രാജ്ഭവനും ക്ലിഫ് ഹൗസും മന്ത്രിമന്ദിരങ്ങളും മാറരുത്.
സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ രാജ്ഭവനിൽ സഘടിപ്പിച്ച സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് പുരസ്‌കാര വിതരണച്ചടങ്ങിലാണ് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചു പുഷ്പാർച്ചന നടത്തിയത്. അതിൽ പ്രതഷേധിച്ചാണ് മന്ത്രി ശിവൻകുട്ടി ഇറങ്ങിപ്പോയത്. ഇതിനെല്ലാം സാക്ഷികളായി സദസിൽ വിദ്യാർഥികളും ഉണ്ടായിരുന്നു. പാഠപുസ്തകങ്ങളിലില്ലാത്ത എത്രയോ പാഠങ്ങളാണ് അവർ മുതിർന്നവരിൽനിന്നും ബഹുമാന്യരായ നേതാക്കളിൽനിന്നും നേരിട്ടു പഠിക്കുന്നത്.
ഇതിനിടെ കേന്ദ്ര ആഭ്യന്ത്രര മന്ത്രി അമിത് ഷാ മറ്റൊരു വിവാദവുമായി രംഗത്തെത്തി. കണക്കുകൂട്ടി കരു നീക്കുന്നയാളാണ് അമിത് ഷാ. ഇന്ത്യയിൽ ഇംഗ്ലീഷ് സംസാരിക്കുന്നവർ ലജ്ജിക്കുന്ന കാലം ഉടനെത്തുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. ന്യുഡൽഹിയിൽ ഒരു പുസ്തക പ്രകാശനച്ചടങ്ങിലായിരുന്നു അമിത് ഷായുടെ ഈ വിദേശ ഭാഷാ വിരുദ്ധ പ്രസ്താവന. ഭാഷയുടെ പേരിൽ ഇന്ത്യയിൽ ഇപ്പോൾതന്നെ വിവാദങ്ങളേറെയുണ്ട്. അതിനിടയിലാണ് ലോകഭാഷയെന്നും ബന്ധഭാഷയെന്നും ഒക്കെ വിശേഷിപ്പിക്കപ്പെടുന്ന ഇംഗ്ലീഷിനെതിരേയുള്ള നീക്കം.
ഇന്ത്യയുടെ സ്വത്വം തന്നെ ഈ രാജ്യത്തെ ഭാഷകളിലാണെന്നും അവയുടെ പൈതൃകം വീണ്ടെടുക്കുമെന്നും തദ്ദേശീയ ഭാഷകളുടെ പ്രൗഢിയിൽ ഇന്ത്യ ലോകത്തെ തന്നെ നയിക്കുമെന്നുമൊക്കെ അമിത് ഷാ പറയുന്നുണ്ട്. ഏതായാലും ഇംഗ്ലീഷിനെ അവഗണിക്കുന്നത് നമ്മുടെ യുവതലമുറ ഉൾക്കൊള്ളാനിടയില്ല. കാരണം അവർക്കു നാട്ടിലോ മറുനാട്ടിലോ ഒക്കെ പോയി ജീവിക്കണമല്ലോ. ഭാഷയും പഠനവും പാഠ്യപദ്ധതിയുമൊക്കെ വളരെ പ്രധാനപ്പെട്ടതാണ്. ഉത്തരവാദിത്വമുള്ളവർ അതിങ്ങനെ തട്ടിക്കളിക്കരുത്. അത് തലമുറകളോടു ചെയ്യുന്ന കൊടിയ പാതകമാണ്.
സംസ്ഥാനത്തെ ഹൈസ്‌കൂൾ ക്ലാസുകളിൽ വെള്ളിയാഴ്ച ഒഴിച്ചുള്ള ദിവസങ്ങളിൽ ക്ലാസ് സമയം അര മണിക്കൂർ വർധിപ്പിച്ചു. ഇതു പ്രകാരമുള്ള പുതിയ ടൈം ടേബിൾ പൊതവിദ്യാഭ്യാസ വകുപ്പു പുറത്തിറക്കി. പരിഷ്‌കാരങ്ങൾ നടപ്പാക്കുമ്പോൾ അതെക്കുറിച്ചുള്ള ആലോചന അത്യാവശ്യമാണ്. അധികാരമുള്ളവർക്കു പല കാര്യങ്ങളും ഉത്തരവുകളായി ഇറക്കാനും നടപ്പാക്കാനും സാധിക്കും. പക്ഷേ അതു പ്രയോജനകരമാണെന്ന് ഉറപ്പുവരുത്തണം. പാർട്ടിയോ സർക്കാരോ എടുക്കുന്ന തീരുമാനങ്ങൾ ഏതുവിധേനയും നടപ്പാക്കാനുള്ള ആവേശം ആരംഭശൂരത്വത്തിൽ അവസാനിക്കുന്നതും യുടേൺ തിരിയുന്നതുമൊക്കെ നാം പലപ്പോഴും കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്.
വിദ്യാഭ്യാസ രംഗത്തുണ്ടാകുന്ന ഒരോ മാറ്റങ്ങളും വലിയ ആലോചനകൾക്കും വിലയിരുത്തലുകൾക്കും ശേഷമാണ് നടപ്പാക്കേണ്ടത്. അക്കാര്യത്തിൽ വിദഗ്ധരുടെ അഭിപ്രായങ്ങൾ വളരെ പ്രധാനമാണ്. ഗുണമേന്മ തന്നെയാവണം പ്രധാനം. ആധുനിക ലോകത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചും അക്കാദമിക് രംഗത്തുണ്ടാകുന്ന ചടുലമായ മാറ്റങ്ങൾ ഉൾക്കൊണ്ടും വേണം ഏതു പരിഷ്‌കാരവും നടപ്പാക്കാൻ. പാഠ്യപദ്ധതികളിൽ മാറ്റം വരുത്തുന്നതിനു മുമ്പ് വിശദമായ ചർച്ചകൾ നടക്കാറുണ്ട്. എന്നിട്ടുപോലും പല വിവാദഭാഗങ്ങളും പാഠപുസ്തകങ്ങളിൽ കടന്നുകൂടുന്നു. ചരിത്ര തമസ്‌കരണവും വിഭാഗീയത വളർത്തുന്ന ഭാഗങ്ങളുമൊക്കെ നമ്മുടെ പാഠ്യപദ്ധതികളിൽ കടന്നുകൂടുന്നത് അപ്രകാരമാണ്.
കാലിക്കറ്റ് സർവകലാശാല ബിഎ മൂന്നാം സെമസ്റ്റർ മലയാള പാഠ്യപദ്ധതിയിൽ റാപ്പർ വേടന്റെ 'ഭൂമി ഞാൻ വാഴുന്നിടം' എന്ന പാട്ട്്് പാഠ്യപദ്ധതിയിൽ ചേർത്തിരുന്നു. 'സിറിയ നിൻ മാറിലെ മുറിവിൽ ചോരയൊലിപ്പതിൽ ഈച്ചയരിപ്പൂ' എന്നു തുടങ്ങുന്ന വേടന്റെ പാട്ടും 'ദേ ഡോണ്ട് കെയർ എബൗട്ട് അസ്്' എന്ന മൈക്കിൾ ജാക്‌സന്റെ പാട്ടും തമ്മിലുള്ള താരതമ്യ പഠനമായിരുന്നു ഈ പാഠഭാഗം. വേടന്റെ പാട്ട് പാഠ്യപദ്ധതിൽനിന്നു നീക്കണമെന്നാവശ്യപ്പെട്ട്്് കാലിക്കറ്റ്് സിൻഡിക്കറ്റ് ്അംഗം എം.കെ അനുരാജ് പരാതി നൽകി. ഈ പാട്ട്് തെറ്റായ സന്ദേശമാണു നൽകുന്നതെന്നായിരുന്നു അനുരാജിന്റെ ആരോപണം. ഇതെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ സർവകലാശാലാ ചാൻസലർ കൂടിയായി ഗവർണർ രാജേന്ദ്ര അർലേക്കർ വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രനാഥിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതുപോലുള്ള വിവാദങ്ങളാണ് ഇപ്പോൾ നമ്മുടെ വിദ്യാഭ്യാസ മണ്ഡലത്തെ പൊതിഞ്ഞു നിൽക്കുന്നത്്. കാമ്പുള്ള ചർച്ചകളെ ഇത് കാർമേഘാവൃതമാക്കുന്നു.
കേരളത്തിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകൾ, സർക്കാർ അംഗീകൃത എയ്ഡഡ് സ്‌കൂളുകൾ എന്നിവിടങ്ങളിൽ വർധിപ്പിച്ച പുതിയ സമയക്രമം നിലവിൽ വരികയാണ്. എൽപി. യു.പി ക്ലാസുകൾ കൂടി ചേർന്നതാണ് മിക്ക ഹൈസ്‌കൂളുകളും. അവിടെ ഹൈസ്‌കൂൾ ക്ലാസിൽ മാത്രം ക്ലാസ് സമയത്തുണ്ടാകുന്ന ഈ മാറ്റം പല അസൗകര്യങ്ങളും സൃഷ്ടിക്കും. സ്‌കൾ ബസുകളിലും മറ്റും വരുന്ന കുട്ടികൾക്കാവും കൂടുതിൽ ബുദ്ധിമുട്ട്. ഇതു സംബന്ധിച്ചു വ്യക്തമായ മാർഗനിർദേശങ്ങൾ ഇനിയും വന്നിട്ടില്ല. സ്‌കൂൾ സമയം വർധിപ്പിക്കുന്നതു മൂലം കുട്ടികൾക്കും അധ്യാപകർക്കും ലഭിക്കുന്ന അധികസമയം ഏതുവിധത്തിൽ ഫലപ്രദമായി ഉപയോഗിക്കാനാവും എന്നതിനെക്കുറിച്ചു വ്യക്തമായ പദ്ധതി ഉണ്ടാവണം. തിയറി പഠനത്തിന്റെ പഴയകാല രീതിയിൽനിന്നും പ്രായോഗിക ജ്ഞാനസമ്പാദനത്തിന്റെയും മറ്റും ആധുനിക വഴികളിലേക്കു കുട്ടികൾ മാറിക്കഴിഞ്ഞു. അധ്യാപകരും മാതാാപിതാക്കളും പോലും പൂർണമായി മനസിലാക്കാത്ത വിജ്ഞാന സ്രോതസുകളിലൂടെയാണു പുതിയ തലമുറ കടന്നുപോകുന്നത്.
ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുമ്പോൾ അക്കാദമിക് മികവിനേക്കാൾ കൂടുതൽ ശ്രദ്ധ മറ്റു പല കാര്യങ്ങൾക്കും നൽകുന്ന രീതി നിലവിലുണ്ട്. അറിവുകളെ സംബന്ധിച്ചുപോലും കാലം പുതിയ പാഠങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു. ക്ലാസ് മുറികളിൽനിന്നു മാത്രമല്ല ഇന്നു നമുക്ക് അറിവുകൾ ലഭ്യമാക്കേണ്ടത്. അതിനുള്ള നിരവധി മാർഗങ്ങൾ നമ്മുടെ മുന്നിലുണ്ട്.
സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകളിലുടെ ലോകത്തെ അറിയാനും അറിവിന്റെ പുതുവഴികൾ തേടാനും ഇന്നത്തെ വിദ്യാർഥികൾക്കു സാധിക്കും. വിദ്യാർത്ഥികൾ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും അവിടുത്തെ സാമൂഹിക സാഹചര്യങ്ങളുമായും ഹൃസ്വകാല ദീർഘകാല ബന്ധത്തിൽ ഏർപ്പെടുന്ന പദ്ധതികൾ കേരളം നടപ്പാക്കിവരുന്നുണ്ട്. അറിവിന്റെ അനന്തസാധ്യതകളിലേക്കുള്ള പ്രയാണത്തിനും അതൊടൊപ്പം നല്ല വ്യക്തിത്വ രൂപീകരണത്തിനുംകൂടി പ്രയോജനപ്പടുംവിധം അര മണിക്കൂറിന്റെ ഈ അധിക സമയം നമുക്ക് ഉപയോഗപ്പെടുത്താനാവണം.
വിദ്യാഭ്യാസ നയരൂപീകരണത്തിൽപോലും നമുക്കു പ്രകടമായ അഭിപ്രായവ്യത്യാസങ്ങളുണ്ട്. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പുതിയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരിക്കുകയാണ്. എസ്എഫ് ഐ അഖിലേന്ത്യാ സമ്മേളനവേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം. വിദ്യാർഥികളെ തെറ്റായി രീതിയിൽ ചരിത്രം പഠിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പാഠപുസ്തക ഭേദഗതികൾ കേരളം അംഗീകരിക്കാത്തതിന്റെ പക തീർക്കുന്ന നടപടിയാണു കേന്ദ്രത്തിന്റേത് എന്നും മുഖ്യമന്ത്രി ആരോപിക്കുന്നു.
കാമ്പസിലെ രാഷ്ട്രീയവത്കരണവും അമിതമായ സംഘടനാ ഇടപെടലുകളും കേരളത്തിലെ വിദ്യാഭ്യാസമേഖലയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്്. വിദ്യാഭ്യാസ മേഖലയെ വിഭാഗീയതയ്ക്കും പ്രത്യയശാസ്ത്ര പ്രചരണത്തിനും രാഷ്ട്രീയ ലാഭത്തിനും വേണ്ടി ഉപോയഗിക്കുന്നവർ വലിയ വില നൽകേണ്ടിവരും.
സെർജി ആന്റണി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1