പശ്ചിമ-മദ്ധ്യ ആഫ്രിക്കയിലെ ഒരു മുന്‍ ഫ്രഞ്ച് കോളനി ആണ് റിപ്പബ്ലിക്ക് ഓഫ് കോംഗോ. ആഫ്രിക്കയില്‍ ഏറ്റവും അധികം സ്വര്‍ണം ഖനനം ചെയ്യുകയും വില്‍ക്കുകയും ചെയ്യുന്ന രാജ്യങ്ങളിലൊന്നുമാണ് കോംഗോ. ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ എന്നാണ് ഈ രാജ്യത്തിന്റെ പൂര്‍ണമായ പേര്. ഒട്ടേറെ സ്വര്‍ണ ഖനികള്‍ കോംഗോയിലുണ്ടെങ്കിലും മിക്കതും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതല്ല. ചെറുകിട സംരംഭകരാണ് പകുതിയില്‍ അധികം ഖനികളും നിയന്ത്രിക്കുന്നത്.
അതുകൊണ്ടുതന്നെ എത്ര സ്വര്‍ണം ഖനനം ചെയ്യുന്നു, എത്രത്തോളം കയറ്റുമതി ചെയ്യുന്നു, എത്ര ശേഖരിക്കുന്നു എന്നതിനൊന്നും കൃത്യമായ കണക്കില്ല. സ്വര്‍ണ ശേഖരത്താല്‍ മാത്രമല്ല കോംഗോ സമ്പന്നമായി നില്‍ക്കുന്നത്. കൊബാള്‍ട്ട്, ചെമ്പ്, ലിഥിയം ശേഖരവും ഈ രാജ്യത്തിന്റെ മണ്ണിനടിയിലുണ്ട്. കഴിഞ്ഞ വര്‍ഷം 24 ടണ്‍ സ്വര്‍ണം ഉല്‍പ്പാദിപ്പിച്ചു എന്നാണ് അനൗദ്യോഗിക കണക്ക്.
രണ്ട് ലക്ഷത്തോളം ജനങ്ങളാണ് കോംഗോയിലെ സ്വര്‍ണ ഖനികളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നതും ഉപജീവന മാര്‍ഗം കണ്ടെത്തുന്നതും. ഈ മേഖലയില്‍ ബാലവേല ഉള്‍പ്പെടെ നടക്കുന്നുണ്ടെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. ഇത്തരം പ്രതിസന്ധികള്‍ തരണം ചെയ്യണം എങ്കില്‍ കോംഗോയില്‍ സമാധാനം പുനസ്ഥാപിക്കണം. ഖത്തര്‍ നടത്തിയ മധ്യസ്ഥ ശ്രമങ്ങള്‍ വിജയം കണ്ടിരിക്കുകയാണിപ്പോള്‍. സര്‍ക്കാരും വിമതരും സമാധാന കരാറിലെത്തി.
കോംഗോയിലെ പുതിയ മാറ്റം
കോംഗോ ഭരണകൂടത്തിനെതിരെ വര്‍ഷങ്ങളായി പോരാട്ടം നടത്തുകയായിരുന്നു വിമതരായ എം23 എന്ന ഗ്രൂപ്പ്. ഇരുവിഭാഗവും ദോഹയില്‍ നടത്തിവന്ന ചര്‍ച്ചയില്‍ സമാധാന കരാറിലെത്തി. ഇനി കരാര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ ചര്‍ച്ചകള്‍ ആവശ്യമാണ്. കഴിഞ്ഞ ഏപ്രിലില്‍ തുടങ്ങിയ ചര്‍ച്ചയാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്. എത്രയും വേഗം സമാധാന ധാരണയില്‍ എത്തണം എന്ന് അമേരിക്കയും മുന്നറിയിപ്പ് നല്‍കിയിരുന്നു.
ധാതു സമ്പന്നമായ കോംഗോയില്‍ വന്‍തോതില്‍ നിക്ഷേപം നടത്താന്‍ അമേരിക്കക്ക് ആലോചനയുണ്ട്. ഇക്കാര്യം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ വ്യക്തമാക്കുകയും ചെയ്തിരുന്നു. റുവാണ്ടയുടെ പിന്തുണയിലാണ് എം23 വിമതര്‍ കോംഗോ സര്‍ക്കാരിനെതിരെ നീക്കം നടത്തിയിരുന്നത്. കിഴക്കന്‍ കോംഗോയിലെ പ്രധാന നഗരമായ ഗോമ ഇവര്‍ പിടിച്ചടക്കിയിരുന്നു. നോര്‍ത്ത് കിവു, സൗത്ത് കിവു പ്രവിശ്യകളിലേക്കും ഇവര്‍ മുന്നേറ്റം നടത്തി.
ആയിരക്കണക്കിന് ആളുകളാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. പതിനായിരങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ടി വന്നു. അയല്‍രാജ്യങ്ങളെല്ലാം തങ്ങളുടെ സൈനികരെ കോംഗോ അതിര്‍ത്തിയില്‍ സുസജ്ജരാക്കി നിര്‍ത്തിയിട്ടുണ്ട്. ഈ വേളയിലാണ് ഖത്തര്‍ കഴിഞ്ഞ മാര്‍ച്ചില്‍ മധ്യസ്ഥ ശ്രമം തുടങ്ങിയത്. കോംഗോ പ്രസിഡന്റ് ഫെലിക്‌സ് ഷിസെകേഡി, റുവാണ്ടന്‍ പ്രസിഡന്റ് പോള്‍ കഗാമെ എന്നിവരുമായിട്ടായിരുന്നു ചര്‍ച്ച.
വൈകാതെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും നേരിട്ടുള്ള ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുകയും ചെയ്തു. ആദ്യം എം23 വിമതരുമായി ചര്‍ച്ചയ്ക്ക് മടിച്ച കോംഗോ സര്‍ക്കാര്‍ ഖത്തറിന്റെ നിര്‍ബന്ധത്തില്‍ വഴങ്ങി. തടവിലാക്കിയ വിമതരെ വിട്ടയക്കണം, വിമത മേഖലയിലെ ബാങ്കുകള്‍ വീണ്ടും തുറക്കണം തുടങ്ങിയ വിഷയത്തിലാണ് പ്രധാനമായും ചര്‍ച്ച നീണ്ടത്. ഇക്കാര്യത്തില്‍ ധാരണയായി എന്നാണ് പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ സമാധാന കരാറിന്റെ സമ്പൂര്‍ണ വിവരം പുറത്തുവന്നിട്ടില്ല.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1