മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തോടെ മഞ്ഞുരുകുമോ ?

AUGUST 13, 2025, 12:41 PM

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം അമേരിക്ക സന്ദര്‍ശിക്കാനുള്ള നീക്കത്തിലാണ്. ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലിയുടെ (യുഎന്‍ജിഎ) വാര്‍ഷിക ഉന്നതതല സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് മോദി യുഎസില്‍ എത്തുന്നത്. സമ്മേളനത്തെ മോദി അഭിസംബോധന ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎന്‍ പുറത്തിറക്കിയ പ്രഭാഷകരുടെ താല്‍ക്കാലിക പട്ടികയില്‍ പ്രധാനമന്ത്രിയുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സെപ്റ്റംബര്‍ ഒന്‍പതിന് ന്യൂയോര്‍ക്കിലാണ് ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലിയുടെ 80-ാമത് സെഷന്‍ ആരംഭിക്കുന്നത്. സെപ്റ്റംബര്‍ 23 മുതല്‍ 29 വരെ ഉന്നതതല പൊതുചര്‍ച്ചകള്‍ നടക്കും. സെഷനിലെ ആദ്യ പ്രഭാഷകന്‍ ബ്രസീല്‍ രാഷ്ട്രത്തലവനാണ്. അടുത്ത ഊഴം യുഎസിന്റേതാണ്. സെപ്റ്റംബര്‍ 23 നാണ് യുഎന്‍ജിഎ സമ്മേളനത്തെ ട്രംപ് അഭിസംബോധന ചെയ്യുന്നത്. അമേരിക്കയില്‍ രണ്ടാം വട്ടം അധികാരത്തില്‍ എത്തിയ ശേഷം യുഎന്‍ സെഷനിലെ അദ്ദേഹത്തിന്റെ ആദ്യ പ്രസംഗമാണിത്.

പ്രഭാഷകരുടെ താല്‍ക്കാലിക പട്ടികയില്‍ സെപ്റ്റംബര്‍ 26 നാണ് ഇന്ത്യയില്‍ നിന്നുള്ള സര്‍ക്കാര്‍ മേധാവി പ്രസംഗിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇസ്രായേല്‍, ചൈന, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ തലവന്മാരും അതേ ദിവസം തന്നെ യുഎന്‍ജിഎ പൊതുചര്‍ച്ചയെ അഭിസംബോധന ചെയ്യും.

നിലവിലെ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തിന് പ്രസക്തി ഏറെയുണ്ട്. താരിഫ് വിഷയത്തില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ കടുത്ത ഭിന്നത നിലനില്‍ക്കുകയാണ്. രണ്ടു തവണയായി ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് മേലുള്ള താരിഫ് 50 ശതമാനമായി അമേരിക്ക ഉയര്‍ത്തിയാണ് നയതന്ത്ര സംഘര്‍ഷങ്ങളുടെ കാരണം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനങ്ങളും ഇന്ത്യക്കെതിരേയുള്ള പരാമര്‍ശങ്ങളും രാഷ്ട്രീയ തലത്തിലും വലിയ ചര്‍ച്ചയായിട്ടുണ്ട്.

മോദിയുടെ ഉറ്റസുഹൃത്ത് എന്ന് അവകാശപ്പെടുന്ന ട്രംപിന്റെ നിലപാടുകളും അതിനോട് മോദി പുലര്‍ത്തുന്ന മൗനവും പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ അടക്കം ചോദ്യം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി അമേരിക്ക സന്ദര്‍ശിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനം ആയിട്ടില്ല. ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതേസമയം, യുഎന്‍ജിഎ പ്രഭാഷകരുടെ പട്ടിക താല്‍ക്കാലികമായി തയാറാക്കിയതാണ്. അടുത്ത ആഴ്ചകളില്‍ ഷെഡ്യൂളുകളിലും പ്രഭാഷകരിലും മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇസ്രായേലിന്റെ ഗാസ ആക്രമണം, റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം, യുഎസിന്റെ താരിഫുകള്‍ എന്നിങ്ങനെ നിരവധി സംഘര്‍ഷഭരിതമായ വിഷയങ്ങള്‍ക്ക് ഇടയിലാണ് ഈ വര്‍ഷത്തെ സെഷന്‍ എന്നതും ശ്രദ്ധേയമാണ്.

2025 ഫെബ്രുവരിയില്‍ വൈറ്റ് ഹൗസില്‍ പ്രധാനമന്ത്രി മോദിയും ട്രംപും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഏറെ സൗഹാര്‍ദപരമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ഈ വര്‍ഷം തന്നെ ഉഭയകക്ഷി വ്യാപാര കരാര്‍ ചര്‍ച്ച ചെയ്യാന്‍ പദ്ധതിയിടുന്നതായി പ്രധാനമന്ത്രി മോദിയും ട്രംപും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനു ശേഷമാണ് കാര്യങ്ങള്‍ വഷളായത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിച്ചത് താന്‍ ഇടപെട്ടിട്ടാണെന്ന ട്രംപിന്റെ പ്രസ്താവന മുതല്‍ ഇങ്ങോട്ട് ഇരു രാജ്യങ്ങളും തമ്മലുള്ള ബന്ധം വഷളാകുന്നതാണ് കണ്ടത്.

വ്യാപാര ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ അധിക തീരുവ യുഎസ് ചുമത്തിയത്. ഇതോടെ ഇന്ത്യയ്ക്ക് മേലുള്ള മൊത്തം തീരുവ 50 ശതമാനമായി ഉയര്‍ന്നു. അതേസമയം, റഷ്യയില്‍ നിന്ന് കോടിക്കണക്കിന് ഡോളറിന്റെ ഉല്‍പന്നങ്ങള്‍ വാങ്ങുന്ന അമേരിക്ക ഇന്ത്യയെ വിമര്‍ശിക്കുന്നതിന്റെ ഇരട്ടത്താപ്പ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത് ന്യായീകരിക്കാനാവാത്തതും യുക്തിരഹിതവുമാണെന്നും ഇന്ത്യ പ്രതികരിച്ചിരുന്നു.

ഇന്ത്യ അതിന്റെ ദേശീയ താല്‍പര്യങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് ട്രംപിന്റെ താരിഫുകള്‍ക്കുള്ള മറുപടിയായി ഇന്ത്യ വ്യക്തമാക്കിയത്. ഇന്ത്യയെ പിന്തുണച്ച് റഷ്യയും രംഗത്ത് എത്തിയിരുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam