കെ-റെയിൽ മാഞ്ഞു; ശബരിക്ക് ഗ്രീൻ സിഗ്‌നൽ

AUGUST 13, 2025, 9:35 AM

അയ്യപ്പ ഭഗവാനെ നേരിട്ടു വണങ്ങാൻ സ്ത്രീകളെ അനുവദിക്കണമോയെന്ന തർക്കത്തിൽ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരും കേരളത്തിലെ ഇടതു മുന്നണി സർക്കാരും രണ്ടു പക്ഷത്തെങ്കിലും ശബരിമലയടിവാരം വരെ തീവണ്ടി ഓടിക്കണമെന്നതിൽ ഏകാഭിപ്രായം ശക്തം. ഡൽഹിയിൽ നിന്നു വന്ദേഭാരതിലും ബുള്ളറ്റ് ട്രെയിനിലും വന്ന് ധർമ്മശാസ്താവിനെ തൊഴുതു മടങ്ങുന്നത് എക്കാലവും ദിവാസ്വപ്‌നമായവശേഷിക്കില്ലെന്നു വ്യക്തമാക്കുന്നു പുതിയ സംഭവ വികാസങ്ങൾ.

കാൽനൂറ്റാണ്ടിലേറെയായി ഇഴഞ്ഞുനീങ്ങിയതിനു ശേഷം മരവിപ്പിക്കപ്പെട്ട അങ്കമാലി ശബരി റെയിൽ പദ്ധതി ജീവൻ വീണ്ടെടുത്തു കഴിഞ്ഞു. മരവിപ്പിച്ച പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള കേരളത്തിന്റെ ആവശ്യത്തിന് റെയിൽവേ ബോർഡിന്റെ അനുകൂല തീരുമാനം ഉണ്ടായതിനു പിന്നാലെ പദ്ധതിക്കുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ പുനരാരംഭിക്കാൻ തീരുമാനമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്മാനും കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസും റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച ധാരണയായത്. ശബരി റെയിൽപ്പാത നിർമ്മാണത്തിന് സംസ്ഥാനം ഉപാധികളില്ലാതെയാണ് പകുതി ചെലവ് പങ്കിടാൻ സന്നദ്ധമായിരിക്കുന്നത്. അങ്കമാലി ശബരി പാതയ്ക്ക് പകരമായി മുന്നോട്ടുവെച്ചിരുന്ന ചെങ്ങന്നൂർ - പമ്പ റെയിൽ പദ്ധതി ഇതോടെ മരവിച്ചു.

തീർത്ഥാടന ലക്ഷ്യത്തിലൊതുങ്ങാതെ മദ്ധ്യകേരളത്തിന്റെ വികസനത്തിന് ഹേതുവാകുന്ന ശബരി റെയിൽ പദ്ധതിക്ക് റെയിൽവേ ആവർത്തിച്ചു ഗ്രീൻ സിഗ്‌നൽ നൽകുന്നുണ്ടിപ്പോൾ. സംസ്ഥാനം ഭൂമിയേറ്റെടുത്താലുടൻ നിർമ്മാണം ആരംഭിക്കുമെന്നറിയിച്ച് റെയിൽവേ ബോർഡ് എക്‌സിക്യുട്ടീവ് ഡയറക്ടർ വിവേക് കുമാർ കേരള ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിന് കത്ത് നൽകി. പദ്ധതി നടത്തിപ്പിനു കേരളം ഉറപ്പ് നൽകിയ പകുതി തുകയിൽ നിന്നുള്ള വിഹിതം സ്ഥലമെടുക്കാൻ വിനിയോഗിക്കാം. 2019ൽ പദ്ധതി മരവിപ്പിച്ച ഉത്തരവ് ഭൂമിയേറ്റെടുത്താലുടൻ പിൻവലിക്കുമെന്നും ഉറപ്പുനൽകി. അടിയന്തര നടപടികളെടുക്കാൻ ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കും റെയിൽവേ ബോർഡ് കത്തയച്ചിട്ടുണ്ട്. മരവിപ്പിച്ച അങ്കമാലി-ശബരി പാത പുനരുജ്ജീവിപ്പിക്കാൻ തത്ത്വത്തിൽ സമ്മതിച്ചതു പ്രകാരം ബജറ്റ് വിഹിതമായ 142 കോടിയിൽ 20 കോടി തിരിച്ചെടുക്കാനും ബാക്കി നിലനിർത്താനും ദക്ഷിണ റെയിൽവേ കഴിഞ്ഞ ദിവസം കേന്ദ്രത്തിന് കത്തെഴുതിയിരുന്നു.

vachakam
vachakam
vachakam

വാജ്‌പേയി സർക്കാരിന്റെ കാലത്ത് 1997-98 ലെ ബജറ്റിലാണ് അങ്കമാലി-ശബരി പാതയ്ക്ക് ആദ്യമായി കേന്ദ്രം അനുമതി നൽകിയത്. തുടർന്ന് പദ്ധതിയിൽ 8 കിലോമീറ്റർ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി. അങ്കമാലിക്കും കാലടിക്കും ഇടയിൽ 7 കിലോമീറ്റർ ട്രാക്ക് നിർമാണവും നടന്നു. 70 കിലോമീറ്ററിനു വിജ്ഞാപനവും ഇറക്കി. കാലടി റെയിൽവേ സ്‌റ്റേഷനും പെരിയാറിന് കുറുകേയുള്ള പാലവും പണിതു.

286 കോടി ചെലവഴിച്ച ശേഷം 2020 ഡിസംബറിലാണ് പദ്ധതി കേന്ദ്ര സർക്കാർ മരവിപ്പിച്ചത്. അങ്കമാലി മുതൽ എരുമേലിവരെ 111.48 കിലോമീറ്റർ ദൈർഘ്യമുള്ള ശബരി പാതയ്ക്കായി എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ 416 ഹെക്ടറോളം ഭൂമിയേറ്റെടുക്കണം. 1400 കോടിയോളം കേരളം മുക്കേണ്ടിവരും. എറണാകുളം ജില്ലയിൽ 152 ഹെക്ടറിൽ 24.4 ഹെക്ടർ നേരത്തേ ഏറ്റെടുത്തിട്ടുണ്ട്. ഇടുക്കി ജില്ലയിൽ വേണ്ടത്ര മുഴുവൻ ഭൂമിയും കല്ലിട്ട് തിരിച്ച നിലയിലാണ്. കോട്ടയത്തെ രണ്ടു വില്ലേജുകളിലും ഏറ്റെടുക്കേണ്ട ഭൂമി കല്ലിട്ട് തിരിച്ചിട്ടുണ്ട്. മരവിപ്പിച്ച പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിലെ ആശങ്ക സംസ്ഥാനം റെയിൽവേ മന്ത്രാലയത്തെ കത്തു മുഖേന അറിയിച്ചിട്ടുമുണ്ട്.

അതേസമയം, ശബരി പാതയ്ക്ക് ഭൂമി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ ബോർഡ് കത്ത് നൽകും മുമ്പേ അതിനുള്ള നടപടിയാരംഭിച്ചു സംസ്ഥാന സർക്കാർ. പാതയ്ക്ക് 391.6 ഹെക്ടറാണ് ഏറ്റെടുക്കേണ്ടത്. ഇതിനായി ജൂൺ ആദ്യവാരം റെയിൽവേയുടെ ചുമതലയുള്ള സംസ്ഥാന മന്ത്രി വി. അബ്ദുറഹിമാൻ എറണാകുളം, ഇടുക്കി, കോട്ടയം കലക്ടർമാരുടെ യോഗവും വിളിച്ചു. ജില്ലകളിൽ നിർത്തിവച്ച ലാൻഡ് അക്വിസിഷൻ ഓഫീസ് പുനരാരംഭിക്കാനും പുതുക്കിയ അലൈൻമെന്റ് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാനും നിർദേശിക്കുകയും ചെയ്തു. ഭൂമി ഏറ്റെടുക്കാൻ 1200 കോടി രൂപയാണ് ചെലവ്. പദ്ധതിക്ക് 3800 കോടി രൂപ ചെലവുവരും. ഇതിന്റെ പകുതി, 1900 കോടി സംസ്ഥാന സർക്കാർ നൽകണം. ഇത് നൽകാൻ മന്ത്രിസഭ അംഗീകരിച്ചതാണ്.

vachakam
vachakam
vachakam

അങ്കമാലി ശബരി പാത വരുമ്പോൾ, നിലവിലുള്ള അങ്കമാലി റെയിൽവേ സ്‌റ്റേഷൻ ജങ്ഷൻ സ്‌റ്റേഷനായി മാറും. കാലടി- കൊച്ചി എയർപോർട്ട് റോഡിലാണ് കാലടി സ്‌റ്റേഷൻ. സ്‌റ്റേഷന്റെ നിർമാണം പൂർത്തിയായി. ഇവിടെവരെയാണ് പാത നിർമാണം പൂർത്തിയായിട്ടുള്ളത്. പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ (ഇടുക്കി ജില്ലയിലെ ആദ്യ റെയിൽവേ സ്‌റ്റേഷൻ), കരിങ്കുന്നം, രാമപുരം (ഇവിടെ വരെ സ്ഥലമേറ്റെടുപ്പിന് കല്ലിട്ടു), ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നിവയാണ് കാലടിക്കു ശേഷം വരുന്ന സ്‌റ്റേഷനുകൾ. എരുമേലി സ്‌റ്റേഷനിൽ നിന്ന് ശബരിമലയിലേക്ക് ദൂരം 43 കി.മീ.

കാലടി മുതൽ എരുമേലി വരെ 104 കിലോമീറ്റർ പാത നിർമ്മാണമാണ് ഇനി ബാക്കിയുള്ളത്. കഴിഞ്ഞ രണ്ടു ബജറ്റുകളിലായി 200 കോടി രൂപ കേന്ദ്രം നീക്കിവച്ചെങ്കിലും എസ്റ്റിമേറ്റിന് അനുമതി ഇല്ലാത്തതിനാൽ പണം ചെലവാക്കാൻ കഴിഞ്ഞില്ല. പ്രഖ്യാപിക്കുമ്പോൾ 550 കോടിയെന്നു കണക്കാക്കിയ ചെലവാണ് ഇപ്പോൾ 3800 കോടിയായി ഉയർന്നിരിക്കുന്നത്. ഇതിന്റെ പകുതിയാണ് കേരളം നൽകേണ്ടത്. അഞ്ചു വർഷങ്ങളിലായി പ്രതിവർഷം 400 കോടി രൂപ വീതം കണ്ടെത്തിയാൽ മതിയാകും. ഈ തീരുമാനം ഇനിയും വൈകിപ്പിക്കാതെ എടുക്കുകയും എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ 416 ഹെക്ടർ സ്ഥലം യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റെടുത്തു നൽകാനുള്ള നടപടികൾ ഈ സർക്കാരിന്റെ കാലയളവിൽത്തന്നെ പൂർത്തിയാക്കുകയും വേണമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു. അങ്ങനെ വന്നാൽ ഈ സർക്കാരിന്റെ കിരീടത്തിലെ തിളക്കമാർന്ന് പൊൻതൂവലാകും അത്.

കാലടി മുതൽ രാമപുരം വരെയുള്ള 70 കിലോ മീറ്റർ സ്ഥലമേറ്റെടുപ്പിനുള്ള സർവേ നടപടികൾ പൂർത്തിയാക്കിയിരുന്നു. ഇവിടെ സ്ഥലമെടുപ്പിന് തടസ്സങ്ങളില്ലെന്ന് കേരളം വ്യക്തമാക്കി. കഴിഞ്ഞവർഷം പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 3810 കോടി രൂപയാണ് പദ്ധതിക്ക് ചെലവ്. പദ്ധതിയുടെ പകുതി ചെലവ് വഹിക്കാമെന്ന് കേരളം സമ്മതിച്ചിരുന്നു. കിഫ്ബി വഴി വായ്പയെടുത്ത് കേരളത്തിന്റെ വിഹിതം വഹിക്കാനാണു കേരളത്തിന്റെ പരിപാടി. ഇത്തരത്തിൽ കിഫ്ബിയിൽനിന്ന് ചെലവഴിക്കുന്ന തുകയെ സംസ്ഥാനത്തിന്റെ വായ്പാപരിധിയിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യം കേന്ദ്രം തള്ളിയത് ഇപ്പോഴും പ്രശ്‌നമായവശേഷിക്കുന്നുണ്ട്. പകുതി ചെലവിന് ഉപാധിവയ്ക്കാൻ മന്ത്രിസഭായോഗമാണ് തീരുമാനിച്ചതെന്നതിനാൽ തീരുമാനം മാറ്റാനും മന്ത്രിസഭാ തീരുമാനം വേണ്ടിവരും.

vachakam
vachakam
vachakam

വിഴിഞ്ഞത്തോളം... 

കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ അങ്കമാലി-ശബരിമല റെയിൽപാത വിഴിഞ്ഞത്തേക്കു നീട്ടുന്നത് സംസ്ഥാനത്തിന്റെ അതിവിപുലമായ വികസനത്തിനു വഴി തെളിക്കുമെന്ന നിർദ്ദേശവും ഉയർന്നുവരുന്നുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ ട്രാൻസ്ഷിപ്പ്‌മെന്റ് തുറമുഖമായ വിഴിഞ്ഞം തുറമുഖം പ്രവർത്തനമാരംഭിച്ച പശ്ചാത്തലത്തിലാണ് ഹിൽ ഇന്റഗ്രേറ്റഡ് ഡെവലപ്പ്‌മെന്റ് ഫൗണ്ടേഷൻ (ഹിൽഡെഫ്) ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. ശബരിമല റെയിൽപാത യാഥാർഥ്യമാക്കാൻ ശ്രമിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഹിൽഡെഫ് നന്ദി അറിയിച്ചു. ശബരി റെയിൽവേ കേരളത്തിന് ലഭിക്കുന്ന പുതിയൊരു റെയിൽവേ പദ്ധതി മാത്രമല്ല, മറിച്ച് രാജ്യത്തിനു തന്നെ ഗുണകരമായ പദ്ധതിയാണ്. ടൂറിസം, വാണിജ്യം, തീർഥാടനം തുടങ്ങി എല്ലാ മേഖലകളിലും ഇതുവഴി മുന്നേറാൻ കഴിയും. നിർദിഷ്ട ശബരിമല വിമാനത്താവളം കൂടി യാഥാർഥ്യമാകുമ്പോൾ ലോക ഭൂപടത്തിൽ ഇടംപിടിക്കും നമ്മുടെ മലയോര പ്രദേശം.

നിലവിൽ എരുമേലിയിൽ അവസാനിക്കുന്ന രീതിയിലാണ് ശബരി റെയിൽപാതയുടെ ആസൂത്രണം. ഇത് ശബരിമല തീർത്ഥാടകർക്ക് ഏറെ ഗുണകരമാണ്. പക്ഷേ കേരളത്തിന്റെ തെക്കൻ പ്രദേശങ്ങളുടെ വികസന സാധ്യതകളെ കൂടി ഈ പദ്ധതി വഴി പൂർണ്ണമായി പ്രയോജനപ്പെടുത്തണം: ഹിൽഡെഫ് ആവശ്യപ്പെട്ടു. അങ്കമാലി-ശബരി പാതയ്ക്ക് പകരമായി നിർദേശിക്കപ്പെട്ട ചെങ്ങന്നൂർ-പമ്പ പാതയ്ക്ക് ദൈർഘ്യം കുറവാണെങ്കിലും സാമ്പത്തികമായി പ്രായോഗികമാവില്ലെന്നാണ് കേരള നിലപാട്. ചെങ്ങന്നൂർ-പമ്പ പാത നടപ്പാക്കുന്നതിൽ കേരളത്തിന് എതിർപ്പില്ലെങ്കിലും പദ്ധതിച്ചെലവിൽ പങ്കുവഹിക്കാനാവില്ലെന്ന് പരോക്ഷമായി വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ പുതുക്കിയ കണക്കനുസരിച്ച് ചെങ്ങന്നൂർ-പമ്പ പാതയ്ക്ക് കണക്കാക്കുന്നത് 9000 കോടിയാണ്.

ദീർഘകാലമായി കേരളം കണ്ടുകൊണ്ടിരിക്കുന്ന സ്വപ്‌നമാണ് ശബരി പാതയുടെ പൂർത്തീകരണം. രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള അയ്യപ്പഭക്തർക്ക് ശബരിമലയിലേക്കുള്ള യാത്രയ്ക്കും, അതിലുപരി നാടിന്റെ വികസനത്തിനും പ്രയോജനപ്പെടുന്നതാവും ശബരി റെയിൽപ്പാതയെന്നാണ് വിദഗ്ധാഭിപ്രായം. ശബരിമലയുടെ കവാടമായ എരുമേലിയിലേക്ക് റെയിൽപ്പാതയെന്ന സ്വപ്‌നം യാഥാർത്ഥ്യമായാൽ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടെ മലയോര മേഖലയുടെ വികസനത്തിന് കുതിപ്പുണ്ടാകും. സ്വന്തം ചെലവിൽ കേരളം ഭൂമി ഏറ്റെടുത്താൽ 111.48 കിലോമീറ്റർ പാത നിർമ്മിക്കാമെന്നാണ് കേന്ദ്രം നൽകിയിരിക്കുന്ന ഉറപ്പ്. ആകെ വേണ്ട 3800 കോടിയിൽ കേരളം 1900 കോടി ചെലവഴിക്കണം. ഇക്കാര്യത്തിൽ തീരുമാനമെടുക്കാതെ കേരളം സമയം പാഴാക്കിയാൽ ഭാവിയിൽ ഈ പദ്ധതി തന്നെ നടക്കാതെ പോകും. അതിനാൽ കിഫ്ബി വഴി ഈ തുക മറ്റ് ഉപാധികളില്ലാതെ നൽകാൻ കേരളം അടിയന്തരമായി തീരുമാനമെടുക്കുകയാണ് വേണ്ടത്. അങ്ങനെ വന്നാൽ ഇടതുപക്ഷ സർക്കാരിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി അത് രാജ്യത്തെമ്പാടും വീക്ഷിക്കപ്പെടും. 

റെയിൽവേ രംഗത്ത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വികസനം കാര്യമായി നടക്കുന്നില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. ഇതിന് പ്രധാന കാരണം പല പദ്ധതികളിലും ചെലവ് പങ്കിടാനുള്ള കേരളത്തിന്റെ നിസ്സഹരണവും സ്ഥലം ഏറ്റെടുത്തു കൊടുക്കാനുള്ള സംസ്ഥാനത്തിന്റെ താത്പര്യക്കുറവുമാണെന്ന് കേന്ദ്രമന്ത്രി പാർലമെന്റിൽ പറഞ്ഞിരുന്നു. എന്നാൽ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ കേരളത്തോടുള്ള അവഗണനയാണ് ഇവിടത്തെ റെയിൽ വികസനം മുരടിപ്പിക്കുന്നതെന്നാണ് കേരളം പറയുന്നത്. ഇതിൽ ഏതു വാദഗതിയാണ് ശരി എന്നതിലേക്കു കടന്ന് വാദപ്രതിവാദങ്ങൾ നടത്തിയതുകൊണ്ട് ജനങ്ങൾക്കു ഗുണമില്ലെന്നു വ്യക്തം. രണ്ടു ഭാഗത്തും സംഭവിച്ചിട്ടുള്ള വീഴ്ചകൾ പരിഹരിച്ച് ഭാവിയിൽ റെയിൽ വികസനം ത്വരിതപ്പെടുത്താൻ എന്താണു വേണ്ടത് എന്നതിലാകണം ശ്രദ്ധചെലുത്തേണ്ടത്.

കെ-റെയിൽ പദ്ധതിയുമായി മുന്നോട്ടു പോവുക അസാധ്യമാണെന്നു തിരിച്ചറിഞ്ഞതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശബരി പാത സജീവമാക്കണമെന്ന ചിന്ത ദൃഢമാക്കിയത്. കാസർഗോഡിനെയും തിരുവനന്തപുരത്തെയും ബന്ധിപ്പിക്കുന്ന സെമി ഹൈസ്പീഡ് കോറിഡോർ പദ്ധതിയായ കെ-റെയിൽ 63,940.67 കോടി മുതൽ മുടക്കിൽ നിർമിക്കാനായിരുന്നു ഇടതു സർക്കാരിന്റെ നീക്കം. 530 കിലോമീറ്റർ ദൈർഘ്യമുള്ള സ്റ്റാന്റേർഡ് ഗേജ് ലൈൻ നിർമിച്ച് സംസ്ഥാനത്തിന്റെ വടക്കും തെക്കും അറ്റങ്ങൾ തമ്മിലുള്ള ഗതാഗതം സുഗമമാക്കാനുള്ള സംവിധാനമൊരുക്കുകയായിരുന്നു ലക്ഷ്യം. അതോടെ തിരുവനന്തപുരത്ത് നിന്ന് കാസർഗോട്ടേക്കുള്ള ദൂരം നാല് മണിക്കൂറായി ചുരുങ്ങുമെന്ന കണക്കും വന്നു. പക്ഷേ, ജനവികാരം പ്രതികൂലമായി ആളിക്കത്തിയതോടെ കെ-റെയിലിനു മുന്നിലെ റെഡ് സിഗ്‌നൽ ശാശ്വതമായി.

ബാബു കദളിക്കാട്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam