ഇന്ത്യയിലെ ദേശീയ മാധ്യമങ്ങൾ കണ്ണടച്ചു പാൽ കുടിക്കാൻ ശ്രമിക്കുന്നു

AUGUST 13, 2025, 3:11 AM

വൻകിട കോർപറേറ്റുകളുടെ നിയന്ത്രണത്തിലുള്ള ദേശീയ മാധ്യമങ്ങൾ ഒന്നുപോലും ആ ദിവസങ്ങളിൽ  രാഹുൽ ഗാന്ധിയുടെ പരിശ്രമത്തിന് പുറംതിരിഞ്ഞു നിന്നു. വോട്ടർ പട്ടിക പോലെ പൊതുസമൂഹത്തിന് മുന്നിലുള്ള ഒരു ഡോക്യുമെന്റിലുണ്ടാകുന്ന പിഴവുകൾ സാധാരണ മട്ടിലുള്ള ഒരു അന്വേഷണത്തിലൂടെ തെളിയിക്കാൻ എല്ലാ സൗകര്യങ്ങളുമുള്ള മാധ്യമങ്ങൾ അതിന് ശ്രമിക്കാതെ വന്നതായിരിക്കാം രാഹുൽഗാന്ധിയെ ഇങ്ങനെയൊരു ഉദ്യമത്തിന് മുന്നിട്ടിറങ്ങാൻ പ്രേരിപ്പിച്ചിട്ടുണ്ടാകുക. നാലാം തൂണെന്നു വിശേഷിപ്പിക്കുന്ന, എന്നും പ്രതിപക്ഷമായി നിൽക്കേണ്ട മാധ്യമങ്ങൾ പ്രതിപക്ഷത്തിന് എതിരെ നിൽക്കുന്ന കാഴ്ചയാണിവിടെ..!

ഇന്ത്യയിൽ ആദ്യത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നത് 1951-52 വർഷങ്ങളിലായിരുന്നു. അന്നുമുതൽ ഇക്കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിനു മുമ്പുവരെ കേൾക്കാത്ത വിചിത്രമായ സംഗതിയാണിപ്പോൾ നടന്നിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയാണ് ഇന്ത്യയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്. ചെലവഴിക്കുന്ന പണത്തിന്റെ കാര്യത്തിലും ഇത് മുന്നിൽത്തന്നെ. 10,000 കോടിയാണ് തിരഞ്ഞെടുപ്പിൽ ചെലവഴിക്കപ്പെടുന്നതെന്നത് സെന്റർ ഫോർ മീഡിയ സ്റ്റഡീസിന്റെ പഠനത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്ന കാര്യവുമാണ്.

അത് ഭംഗിയായി നടത്താൻ അറിയാത്തവർ അതിന്റെ തലപ്പത്തെത്തുകയും അവർ ഭരണകക്ഷിയുടെ സഖ്യകക്ഷിയെപ്പോലെ പെരുമാറുകയും ചെയ്താൽ എങ്ങിനെയിരിക്കും..! അതുതന്നെയാണിവിടെ നടന്നിരിക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തെളിവുസഹിതം പറയുന്നത്. തിരഞ്ഞെടുപ്പു കമ്മീഷനെ തിരഞ്ഞെടുത്തതുമുതൽ എന്തോക്കയോ ദുരൂഹതകൾ ഉരുണ്ടുകൂടിയിട്ടുള്ളതായി പൊതുജനത്തിന് തോന്നിത്തുടങ്ങിയിരിക്കുന്നു. ആ പ്രിക്രിയയിൽ നിന്നും നൈസായി സുപ്രീം കോടതി ജഡ്ജിയെ ഒഴിവാക്കി. എല്ലാം പ്രധാനമന്ത്രി കൈക്കലാക്കി. അടുത്തകളി തിരഞ്ഞെടുപ്പു ഹർജികളുടെ കാര്യത്തിൽതീരെ ചെറിയൊരു സമയം മാത്രം പേരിന് അനുവദിച്ചെന്നു വരുത്തി. അതായത് കേവലം 45 ദിവസം മാത്രം. ക്രമക്കേട് കണ്ടെത്തുമ്പോഴേക്കും കേസ് കൊടുക്കാനുള്ള സമയം കഴിഞ്ഞിരിക്കണമെന്നു നിർബന്ധമുള്ളതുപോലെ..! 

vachakam
vachakam
vachakam

തിരഞ്ഞെടുപ്പു ഫലം ചോദ്യംചെയ്ത് കോടതിയെ സമീപിക്കാനും സിസിടിവി ദൃശ്യങ്ങളടക്കം സൂക്ഷിച്ചുവയ്ക്കാനുമുള്ള '45 ദിന' സമയപരിധിയിൽ രാഷ്ട്രീയപാർട്ടികൾക്ക് നേരത്തെ തന്നെ ആശങ്ക ഉണ്ടായിരിക്കുകയും പരതിപ്പെടുകയും ചെയ്‌തെങ്കിലും ഒന്നും നടന്നില്ല. ക്രമക്കേടു പെട്ടെന്നു തിരിച്ചറിയാനാകുന്ന 'മെഷിൻ റീഡിങ്' സാധ്യമായ വോട്ടർപട്ടിക തിരഞ്ഞെടുപ്പു കമ്മിഷൻ നൽകുകയുമില്ല. അതുകൊണ്ട് പട്ടിക നേരിട്ടു സൂക്ഷ്മമായി പരിശോധിക്കണം. ഫലത്തിൽ, തിരഞ്ഞെടുപ്പു ചോദ്യംചെയ്തുള്ള കേസുകളുടെ വഴി തന്ത്രപൂർവ്വം അടയ്ക്കുന്നതാണ് ഈ സമയപരിധി. ജനപ്രാതിനിധ്യ നിയമത്തിലെ 81 -ാം വകുപ്പിലാണ് തിരഞ്ഞെടുപ്പു ഹർജി നൽകാനുള്ള സമയ പരിധിയെക്കുറിച്ചു പറയുന്നത്. 

തിരഞ്ഞെടുപ്പു ഫലം വന്ന് 45 ദിവസത്തിനകം സ്ഥാനാർത്ഥിക്കോ വോട്ടർമാർക്കോ (വോട്ട് രേഖപ്പെടുത്തിയില്ലെങ്കിലും) ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യാം. ഈ പറയുന്ന 45 ദിവസത്തിനിടെ ഹർജി ഫയൽ ചെയ്യപ്പെട്ടില്ലെങ്കിൽ സിസിടിവി ക്യാമറ, വെബ് കാസ്റ്റിങ് എന്നിവയിൽനിന്നടക്കമുള്ള വിഡിയോ ദൃശ്യങ്ങൾ നശിപ്പിക്കാനാണു തിരഞ്ഞെടുപ്പു കമ്മിഷൻ കഴിഞ്ഞ മേയ് 30നു സംസ്ഥാന കമ്മിഷനുകളോടു നിർദേശിച്ചത്. രേഖകൾ കൂടുതൽ കാലം സൂക്ഷിക്കണമെന്ന് കഴിഞ്ഞ സെപ്തംബറിൽ മാർഗരേഖയിറക്കിയ കമ്മിഷനാണ് ഡേറ്റ ദുരുപയോഗം ചെയ്യപ്പെടാമെന്നു ചൂണ്ടിക്കാട്ടി മലക്കംമറിഞ്ഞത്. ഉള്ളതു പറയണമല്ലോ, വിഡിയോ റിക്കോർഡിങ്ങും മറ്റും ചട്ടത്തിൽ ഇല്ലെന്നും മുൻകരുതലെന്ന നിലയിൽ തിരഞ്ഞെടുപ്പു ഘട്ടത്തിൽ ചെയ്യുന്നതാണ്.

അത് ഒരു ഔധാര്യം മാത്രമാണെന്ന മട്ടിലാണ് കമ്മിഷന്റെ പറച്ചിൽ..!
ഇങ്ങനെ വല്ലാത്തൊരു കാലഘട്ടത്തിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കാണിച്ച ധൈര്യം അപാരം തന്നെയാണ്. ഇന്ത്യാ മഹാരാജ്യത്തെ പിടിച്ചുകുലുക്കാൻ പോന്ന ഒരു മാസ്റ്റർ സ്‌ട്രോക്ക്! 2025 ഓഗസ്റ്റ് 7ന് രാഹുൽ ഗാന്ധി നടത്തിയ ചരിത്രപരവും വൈകാരികവുമായ പത്രസമ്മേളനം തന്നെയായിരുന്നു. ആ പത്രസമ്മേളനത്തിൽ രാഹുൽ ഗാന്ധി സത്യം വിളിച്ചുപറയുക മാത്രമല്ല ശക്തമായ ഒരു മുന്നറിയിപ്പ് നൽകുക കൂടിയായിരുന്നു.

vachakam
vachakam
vachakam

അദ്ദേഹം ഉയർത്തിയ ശബ്ദം ഒരുപക്ഷേ ഇന്ത്യൻ ജനാധിപത്യത്തിന്റെ തകർച്ച തടയാനുള്ള ശക്തമായ പോരാട്ടം തന്നെയായിരിക്കാം.
തിരഞ്ഞെടുപ്പ് കൃത്രിമത്വത്തിനെതിരെയും, സ്ഥാപനങ്ങളുടെ സമഗ്രതയുടെ തകർച്ചയ്‌ക്കെതിരെയും, സത്യപ്രതിജ്ഞ ചെയ്ത ഭരണഘടനയെ ഭയപ്പെടാത്ത ഭരണകൂടത്തിനെതിരെയും ഉള്ള ശക്തമായ ഒരു കുറ്റപത്രമായിരുന്നു രാഹുൽഗാന്ധി അവതരിപ്പിച്ചത്.

രാഹുലും സംഘവും എടുത്തത് നീണ്ട ആറുമാസക്കാലം

കർണാടകയിലെ ആറരലക്ഷം വോട്ടർമാരുള്ള മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ വോട്ടർപട്ടിക സൂക്ഷ്മമായി പരിശോധിച്ചു അവിടെ ഒട്ടേറെ ക്രമക്കേടു കണ്ടെത്തുകയും ചെയ്തു. നാൽപതോളം പേരുടെ നിരന്തര അദ്ധ്വാനം അതിനു പിന്നിലുണ്ടായിരുന്നു. പല തവണ പരിശോധിച്ചും പേരും വിലാസവും ഫോട്ടോയും താരതമ്യം ചെയ്തുമാണു ക്രമക്കേടു കണ്ടെത്തിയത്. മണ്ഡലം തോറും വോട്ടർ പട്ടികയിൽ കൃത്രിമം നടത്തിയതും, തിരിച്ചറിയൽ കാർഡുകൾ ഇരട്ടിപ്പിച്ചതും, ജനാധിപത്യ മാനദണ്ഡങ്ങൾ ചവിട്ടിമെതിച്ചതും എങ്ങനെയെന്ന് തെളിവുകൾ സഹിതം അദ്ദേഹം വിശദീകരിച്ചു. എല്ലാത്തിനും ഉദാഹരണമായി അദ്ദേഹം തെളിവ് സഹിതം ചൂണ്ടിക്കാണിച്ചപ്പോൾ തത്സമയം അത് കണ്ടുകൊണ്ടിരുന്നവർ ഒന്നടങ്കം ഞെട്ടിത്തരിച്ചു.

vachakam
vachakam
vachakam

11,965 ഇരട്ട വോട്ടർമാർ, 40,009 വ്യാജ വിലാസങ്ങൾ, 10,452 വോട്ടർമാർ ഒറ്റമുറി വീടുകളിൽ രജിസ്റ്റർ ചെയ്തവർ, 4,132 വ്യാജ ഫോട്ടോഗ്രാഫുകൾ, 33,692 കൃത്രിമമായ ഫോം6 എൻട്രികൾ. ഇത് ഒരു മണ്ഡലത്തിന്റെ മാത്രം കണക്കാണ്. വ്യക്തമായ ദൃശ്യങ്ങൾ, രേഖപ്പെടുത്തിയ ഉദാഹരണങ്ങൾ, ഗുർകിരത് സിംഗ് പോലുള്ള യഥാർത്ഥ വ്യക്തികളെ പേരെടുത്തുപറഞ്ഞും, രാഹുൽ ഗാന്ധി രാജ്യത്തോട് സത്യം വിളിച്ചു പറഞ്ഞു. ഇതിന് മുമ്പ് സത്യം പറഞ്ഞപ്പോഴെല്ലാം രാഹുൽ ഗാന്ധിയെ നിശബ്ദമാക്കാൻ ശ്രമിച്ചകാര്യം മറക്കാറായിട്ടില്ലല്ലോ..! ബി.ജെ.പി നയിക്കുന്ന സർക്കാരും അവരുടെ മാധ്യമ, പോലീസ്, ജുഡീഷ്യറി സഖ്യകക്ഷികളും രാഹുൽഗാന്ധിയെ വ്യവസ്ഥാപിതമായി ലക്ഷ്യം വെച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ വിവാദ വ്യവസായികളുമായുള്ള ബന്ധത്തെ ചോദ്യം ചെയ്തതിന് അദ്ദേഹത്തെ പാർലമെന്റിൽ നിന്ന് അയോഗ്യനാക്കി. സാങ്കേതിക കാരണങ്ങളാൽ അദ്ദേഹത്തിന്റെ ലോക്‌സഭാ നാമനിർദേശം തള്ളി. വീട് റെയ്ഡ് ചെയ്തു. ഫോൺ ചോർത്തി. ഓരോ നീക്കവും നിരീക്ഷിച്ചു. ഉത്തരം കിട്ടേണ്ട ചോദ്യങ്ങൾ ഭരണകൂടത്തോട് ചോദിച്ചതിന് രാഹുൽ ഗാന്ദിയെ ജയിലിലടച്ചു. എന്നിട്ടും, രാഹുൽഗാന്ധി ഒരിക്കലും പിൻവാങ്ങിയില്ല. ഈ പത്രസമ്മേളനവും ഒറ്റപ്പെട്ട ഒരു പ്രവൃത്തിയല്ല. ഇത് സമഗ്രാധിപത്യത്തിനെതിരായുള്ള പ്രതിരോധത്തിന്റെ ഭാഗമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന് ഇനി ഒളിക്കാനാവില്ല. അവതരിപ്പിച്ച ഡാറ്റ അന്വേഷിക്കുന്നതിന് പകരം, സത്യം വിളിച്ചു പറയുന്നയാളിന്റെ വായടപ്പിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുന്നത്. സത്യവാങ്മൂലം ആവശ്യപ്പെടുകയും നടപടിക്രമങ്ങളിൽ കളിക്കുകയും ചെയ്യുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ, വോട്ട് സംരക്ഷിക്കുന്നതിനേക്കാൾ കൃത്രിമം കാണിച്ച ശക്തരായവരെ സംരക്ഷിക്കുന്നതിലാണ് കൂടുതൽ താൽപ്പര്യം കാണിക്കുന്നത്.

ഫോം17സി ഡാറ്റ പ്രസിദ്ധീകരിക്കാൻ വിസമ്മതിച്ചതും, സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതും ഇതേ തിരഞ്ഞെടുപ്പ് കമ്മീഷനാണ്. മഹാരാഷ്ട്ര, ഹരിയാന, മധ്യപ്രദേശ്, ബിഹാർ എന്നിവിടങ്ങളിലെ സംശയാസ്പദമായ വോട്ടർ പാറ്റേണുകളെ ന്യായീകരിക്കാൻ ശ്രമിച്ചതും ഇവർ തന്നെയാണ്. തെളിവുകൾ ഹാജരാക്കുന്നവരെ നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നു. രാഹുൽ ഗാന്ധിയുടെ ശബ്ദം ഇന്ത്യയുടെ ശബ്ദമാണ്. ആ ശബ്ദം നിശബ്ദരാക്കപ്പെട്ട, വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട, വോട്ടവകാശം തട്ടിയെടുക്കപ്പെട്ട ലക്ഷക്കണക്കിന് ആളുകളെ പ്രതിനിധീകരിക്കുന്നു. ഇതിന് നേരെ മൗനം പാലിക്കുന്നവർ ജനാധിപത്യത്തിന്റെ തകർച്ചയിൽ പങ്കാളികളാണെന്ന് പറയേണ്ടി വരും. 
ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പരാതികൾ ഉയരാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. വോട്ടിംഗ് മെഷീനിൽ കൃത്രിമത്വം കാണിക്കുന്നുവെന്നതായിരുന്നു പ്രധാന പരാതി.

ആ പരാതി പരിഹരിക്കപ്പെടാതെ തുടരുന്നതിനിടെയാണ് പുതിയ ആരോപണം ഉയർന്നത്. ഇതുവരെ ഇല്ലാത്ത വിധത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ എന്ന സ്വതന്ത്ര സ്ഥാപനത്തിന്റെ പ്രവർത്തനത്തിൽ ദുരൂഹതയും സംശയവും ഉയർത്തിയിരിക്കുന്നത് ലോക്‌സഭാ പ്രതിപക്ഷനേതാവാണ്.  തിരഞ്ഞെടുപ്പ് ജനാധിപത്യത്തിൽ കുറ്റമറ്റ വോട്ടർപട്ടികയെന്നത് ഏറ്റവും അടിസ്ഥാനമാണ്. അത് ഉറപ്പു വരുത്തുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടുവെന്നതാണ് ഇതിലെ മുഖ്യ പ്രശ്‌നം..! അത് മാത്രമല്ല, തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി ആ പട്ടികയെ മാനിപ്പുലേറ്റ് ചെയ്തുവെന്നും രാഹുൽ ആരോപിക്കുകയാണ്. 

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്ര മോദിക്ക് എതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘന ആരോപണം ഉയർന്നിരുന്നു. പുൽവാമയും സർജിക്കൽ സ്‌ട്രൈക്കും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നത് അടക്കമാണ് പ്രധാനമന്ത്രിക്ക് എതിരെ ആരോപണം ഉയർന്നത്. എന്നാൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ചട്ടലംഘനമുണ്ടായില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയത്. ഇങ്ങനെ പല പ്രശ്‌നങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷം ഉയർത്തിയെങ്കിലും ആ പരാതികളൊന്നും ശ്രദ്ധകൊടുക്കേണ്ടവരാരും ഗൗനിച്ചുപോലുമില്ല. 

മറ്റൊരു പ്രധാന വിഷയം അച്ചടിദ്യശ്യ മാധ്യമങ്ങളുടെ മൗനമാണ്. ദേശീയ മാധ്യമങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന വൻകിട കോർപറേറ്റുകളുടെ മാധ്യമങ്ങൾ ഒന്നുപോലും ആ ദിവസങ്ങളിൽ രാഹുൽ ഗാന്ധിയുടെ പരിശ്രമത്തിന് ശ്രദ്ധയോ പരിഗണനയോ കൊടുത്തില്ല. വോട്ടർ പട്ടിക പോലെ പൊതുസമൂഹത്തിന് മുന്നിലുള്ള ഒരു ഡോക്യുമെന്റിലുണ്ടാകുന്ന പിഴവുകൾ സാധാരണ മട്ടിലുള്ള ഒരു അന്വേഷണത്തിലൂടെ തെളിയിക്കാൻ എല്ലാ സൗകര്യങ്ങളുമുള്ള മാധ്യമങ്ങൾ അതിന് ശ്രമിക്കാതെ വന്നതും രാഹുൽ ഗാന്ധിയെ ഇങ്ങനെയൊരു ഉദ്യമത്തിന് മുന്നിട്ടിറങ്ങാൻ പ്രേരിപ്പിച്ചിട്ടുണ്ടാകണം. നാലാം തൂണെന്നു വിശേഷിപ്പിക്കുന്ന, എന്നും പ്രതിപക്ഷമായി നിൽക്കേണ്ട മാധ്യമങ്ങൾ പ്രതിപക്ഷത്തിന് എതിരെ നിൽക്കുന്ന കാഴ്ചയും നമുക്കു കാണേണ്ടി വന്നു

എമ എൽസ എൽവിൻ

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam