ജനാധിപത്യത്തിന്റെ സർവ്വശക്തിയും കുടിയിരിക്കുന്ന പോളിംഗ് സ്റ്റേഷനിൽ അവിഹിതമായി എന്തെങ്കിലും നടക്കുമെന്ന് വിശ്വസിക്കുന്നവരല്ല സമ്മതി ദായകരിൽ 99% പേരും. അത് ബീഹാറിലായാലും തൃശ്ശൂരിലായാലും ഒരുപോലെ തന്നെ. തൃശ്ശൂരിൽ ലോക്‌സഭാ സീറ്റിൽ തിരഞ്ഞെടുപ്പിൽ ഇല്ലാ വോട്ടുകൾ ചേർത്തതാണ് സുരേഷ് ഗോപിയുടെ വിജയത്തിന് കാരണമായതെന്ന ആരോപണം ചെറുതല്ല. ഒരാൾ ഒരേ സമയം രണ്ടിടത്ത് കാണപ്പെടുന്ന കുമ്പിടി പ്രതിഭാസം ഇത് ആദ്യമല്ല. അതിന് പല മാനങ്ങളുണ്ട്. ജയിച്ചു വന്നയാൾ കേന്ദ്രമന്ത്രിയായിരിക്കുന്നു. കേന്ദ്രം ഭരിക്കുന്ന കക്ഷിക്ക് പ്രിയപ്പെട്ടവനായിരിക്കുന്നു. വീഴുമ്പോൾ വൻവൃഷ്ടം തന്നെ വീണാൽ അത് രാഷ്ട്രീയ എതിരാളികൾക്ക് കരുത്താണ്.
മത്സരം കഴിഞ്ഞ് ഒന്നര വർഷത്തിനുശേഷം ഉയർന്നുവരുന്ന ഈ ആരോപണം, തദ്ദേശ തെരഞ്ഞെടുപ്പിലും വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മുഖ്യപ്രചാരണ വിഷയ മാകുമെന്ന് ഉറപ്പായി. എന്നാൽ അത് ആരു മുതലാക്കുമെന്ന് കണ്ടറിയണം. ഉത്തരേന്ത്യയിലെ കന്യാസ്ത്രീ വിഷയത്തിൽ കേരളത്തിലെ വോട്ടർമാർക്ക് മുന്നിൽ പ്രതിരോധത്തിൽ നിൽക്കുകയാണ് ഇപ്പോൾ ബി.ജെ.പി. ബിഷപ്പുമാർ പോലും രണ്ട് തട്ടിൽ നിൽക്കുന്ന വിവാദം. തെരഞ്ഞെടുപ്പ് സമയമാവുമ്പേഴേക്കും പ്രശ്‌നങ്ങൾ പരിഹരിച്ച് വോട്ടർമാരെ സമീപിക്കാമെന്ന ബിജെപിയുടെ കണക്കുകൂട്ടലിലാണ് വിള്ളൽ വീഴുന്നത്.
വോട്ടർമാരെ ചേർക്കലും കള്ളവോട്ട് ചെയ്യലും വോട്ട് മറിക്കലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പുതിയതല്ല. തൃശ്ശൂർ വോട്ട് വിവാദം ഇതിനെല്ലാം അപ്പുറമാണ്. മൂന്നു തെരഞ്ഞെടുപ്പിൽ മത്സരിച്ച സുരേഷ് ഗോപിക്ക് പ്രദേശിക മേൽവിലാസം ഉണ്ടാവുക സ്വാഭാവികമാണ്. തിരുവനന്തപുരം വോട്ട് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അത്യാർത്തി കൊണ്ടായിരിക്കില്ല. പകരം സ്ഥിരമായി തൃശ്ശൂരിൽ തങ്ങുന്ന സുരേഷ് ഗോപിക്ക് തിരുവനന്തപുരം വോട്ടർപട്ടിക തിരുത്താൻ സമയം കിട്ടിക്കാണില്ല. അത് കണ്ടെത്തേണ്ടത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോ രാഷ്ട്രീയ എതിരാളികളോ ആണ്. ഒരു വാദത്തിനുവേണ്ടി എങ്കിലും ഇക്കാര്യം സമ്മതിക്കേണ്ടി വരും.
ഇതിനിടെ, തിരികെ സ്വന്തം പ്രദേശങ്ങളിലേക്ക് പേരുമാറ്റാൻ അപേക്ഷിക്കുന്നവരുടെ എണ്ണവും തൃശ്ശൂരിൽ കൂടി. തൃശ്ശൂരിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് വോട്ടുമാറ്റം നടത്തിയവർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമീപിച്ചതോടെ അതിർത്തി മണ്ഡലങ്ങളിലെ വോട്ട് അങ്ങോട്ട് മാറ്റാൻ അപേക്ഷ നൽകി തുടങ്ങി. ഇനി കേരളത്തിലെ വോട്ടർമാർക്ക് അറിയേണ്ടത് ഇക്കാര്യത്തിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ന്യായീകരണത്തിലെ പൊരുളുകളും പൊരുത്തക്കേടുകളുമാണ്.
ന്യായാന്യായങ്ങൾ
ബി.ജെ.പിയുടെ ന്യായീകരണം ഏതാണ്ട് ഇങ്ങനെയാണ്: തിരഞ്ഞെടുപ്പ് സമയത്തും തിരഞ്ഞെടുപ്പിന് മുൻപും വോട്ടർ പട്ടിക സൂക്ഷ്മപരിശോധന നടത്താനും മറ്റും ജനാധിപത്യ സംവിധാനത്തിൽ ഒരു രീതിയുണ്ട്. ഇക്കാര്യങ്ങൾ അന്വേഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനുണ്ട്, കോടതിയുണ്ട്. ഇങ്ങനെയൊരു കാര്യം കണ്ടിട്ടുണ്ടെങ്കിൽ ജനങ്ങളെ വിഡ്ഢികളാക്കാൻ ശ്രമിക്കരുത്. തിരഞ്ഞെടുപ്പ് കമ്മീഷനിലോ കോടതിയിലോ പരാതി നൽകണം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, തേക്കിൻകാട് വന്ന സമയത്ത് തൃശ്ശൂരിൽ സുരേഷ് ഗോപി മത്സരിക്കുമെന്ന് ബി.ജെ.പി നിശ്ചയിച്ചതാണ്. അതിന്റെ അടിസ്ഥാനത്തിൽ സുരേഷ് ഗോപിയും കുടുംബവും ഡ്രൈവറും സഹപ്രവർത്തകരും തൃശ്ശൂരിൽ വീട് വാടകയ്‌ക്കെടുത്ത് അവിടെത്തന്നെയാ യിരുന്നു ക്യാമ്പ്. സുരേഷ് ഗോപി തൃശ്ശൂരിൽ വന്ന് തലകുത്തി മറിഞ്ഞാലും ജയിക്കില്ലെന്നായിരുന്നു അന്ന് എൽ.ഡി.എഫും യു.ഡി.എഫും പറഞ്ഞിരുന്നത്. 70,000 വോട്ടിലധികം ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി ജയിച്ചത്.
കേരളത്തിലെ ഒരു മന്ത്രി പറഞ്ഞത്, അദ്ദേഹം 60,000 വോട്ട് കള്ളവോട്ട് ചേർത്തിട്ടുണ്ടെന്നാണ്. അതുകൊണ്ട് സുരേഷ് ഗോപി രാജിവെക്കണമെന്നും തൃശ്ശൂരിൽ ഉപതിരഞ്ഞെടുപ്പ് വേണമെന്നുമാണ്. കേരളത്തിൽ ഒരു എം.എൽ.എ പോലുമില്ലാത്ത പാർട്ടി 60,000 വോട്ട് ഇവിടെ അനധികൃതമായി ചേർക്കുമ്പോൾ നിങ്ങൾ എന്ത് കണ്ട് ഇരിക്കുകയായിരുന്നു എന്നാണ് എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും നേതാക്കന്മരോട് ചോദിക്കാനുള്ളത്. നിങ്ങളൊക്കെ പോയി തൂങ്ങിച്ചാകുന്നതാണ് നല്ലത്' ബി.ജെ.പിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ വാക്കുകളാണ് ഇത്.
എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനിലോ കോടതിയിലോ പോയി പറയട്ടെ എന്നാണ് ഇപ്പോഴത്തെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ നിലപാട്. എന്നാൽ, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറയുന്നു: പാലക്കാട് ഉപതെരഞ്ഞെടുപ്പിന് മുമ്പും കള്ളവോട്ട് വിഷയം ഉയർത്തിക്കൊണ്ടുവന്നിരുന്നു. അന്നും ബി.ജെ.പി കള്ളവോട്ട് ചേർക്കാൻ ശ്രമിച്ചു. അന്ന് അത് ഫലപ്രദമായി തടയാൻ കഴിഞ്ഞു. ഇടുക്കിയിലും മൂന്നാറിലും ഒക്കെ ഇതേ ആരോപണം ഉയരുന്നുണ്ട്. ഇതിലെല്ലാം അന്വേഷണം നടത്താനുള്ള അവസരമുണ്ട്. വോട്ടർ പട്ടിക ശുദ്ധീകരിക്കണം. പ്രവർത്തകർ കൃത്യമായി പരിശോധന നടത്തണം. നടന്നത് ജനഹിതത്തെ അട്ടിമറിക്കലാണ്. തെരഞ്ഞെടുപ്പ് കമ്മീഷണർ ആണ് പ്രതിക്കൂട്ടിൽ. കൂട്ടുനിന്ന് കുടപിടിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ ആണ് എല്ലാം നടന്നത്.
നിയമപരമായി ഒരാൾക്ക് ഒരു ഐഡി കാർഡ് മാത്രമാണ് കൈവശം വയ്ക്കാൻ കഴിയുന്നത്. രണ്ടാമത്തെ കാർഡ് ലഭിച്ചാൽ ഉടൻ തന്നെ ഒരു കാർഡ് സമർപ്പിച്ച് റദ്ദാക്കണം. ഇരട്ട കാർഡുകൾ ഉപയോഗിക്കുന്നത് ക്രിമിനൽ കുറ്റമാണ്. സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങൾ മാത്രമല്ല, ബി.ജെ.പിയുടെ നേതൃത്വത്തിൽ ഇത്തരത്തിൽ ഇരട്ട ഐഡി കാർഡ് നിർമിച്ച് ആയിരക്കണക്കിന് വോട്ടർമാരെയാണ് തൃശൂരിലെ പട്ടികയിൽ തിരുകി കയറ്റിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിൽ രണ്ട് തിരിച്ചറിയൽ കാർഡ് കൈവശം വെക്കുന്നത് കുറ്റകരമാണെന്നും കോൺഗ്രസ് ആരോപിക്കുന്നു.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തൃശൂരിൽ വ്യാപകമായി വ്യാജ വോട്ട് ചേർത്തതിന്റെ രാഷ്ട്രീയ ഉത്തരവാദിത്വം ബി.ജെ.പിക്കാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞുവെച്ചു. അവിടെ ബി.ജെ.പി ഉണ്ടാക്കിയ രാഷ്ട്രീയ നേട്ടം വലുതായി സി.പി.എമ്മിനെ ബാധിക്കുന്നില്ല എന്നതുകൊണ്ടാണ് ഈ ആലസ്യം. എന്നാൽ, കള്ളവോട്ടിൽ, പോലീസ് കേസുമായി പോവുകയാണ് പ്രദേശിക കോൺഗ്രസ് നേതൃത്വം തൃശ്ശൂരിൽ ചെയ്തത്.
വൈകിയ പരാതി നിലനിൽക്കുമോ എന്ന സങ്കേതിക പ്രശ്‌നം ബി.ജെ.പി ശക്തമായി ഉയർത്തുന്നുണ്ട്. സുരേഷ് ഗോപി എന്ന അതികായനാണ് ലക്ഷ്യം. കേവലം ഒരു പോലീസ് പരാതിയിൽ സുരേഷ് ഗോപിയെ കുടുക്കാൻ ടി.എൻ. പ്രതാപൻ തൃശ്ശൂർ പോലീസിൽ നൽകിയ പരാതി പോരാതെ വരും. രാജ്യവ്യാപക മാനമുള്ള ഒരു തെരഞ്ഞെടുപ്പ് അട്ടിമറി പരാതിയാണ് ഉയർന്നുവന്നിരിക്കുന്നത്. ബീഹാറിലെ തെരഞ്ഞെടുപ്പ് അട്ടിമറികൾ കോടതിയുടെ നിരീക്ഷണത്തിൽ നിലനിൽക്കെ തൃശ്ശൂർ വിവാദം തീർച്ചയായും മികച്ച ഒരു തെരഞ്ഞെടുപ്പ് വിഷയം തന്നെയാണ്. ഇക്കാര്യത്തിൽ കക്ഷി നേതാക്കൾക്ക് ഗഹനമായ പഠനം ആവശ്യമായി വരും. കാരണം നിയമപരമായും സങ്കേതികമായും തെരഞ്ഞെടുപ്പ് ചട്ടങ്ങൾ പ്രകാരവും ആരോപണങ്ങൾ എത്രത്തോളം നിലനിൽക്കും എന്നും കോടതിയിൽ വിജയം കാണുമെന്നും കാത്തിരുന്നു കണേണ്ടതാണ്.
കള്ളവോട്ട് സംബന്ധിച്ച് കേരളത്തിൽ ഏറ്റവും കൂടുതൽ ആക്ഷേപം കേട്ടിട്ടുള്ള രാഷ്ട്രീയ കക്ഷിയാണ് സി.പി.എം. അവർക്കും ഇക്കാര്യത്തിൽ എത്രത്തോളം മേനി നടിക്കാൻ കഴിയും എന്നത് ഒരു രാഷ്ട്രീയ ചോദ്യമാണ് ഏതായാലും അപകടത്തിൽപ്പെട്ടത് ജനാധിപത്യ പ്രക്രിയ തന്നെ.
എത്രത്തോളം ന്യായീകരിച്ചാലും തങ്ങളുടെ ഹിതമല്ല തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് എന്നറിയുമ്പോഴുള്ള ഒരു ജനാധിപത്യ വിശ്വാസിയുടെ, വോട്ടറുടെ ആകുലതയും ഖിന്നതയും നവലോക ക്രമത്തിലെ മുറിവുകളായി മറേണ്ടതാണ്.
സ്ഥിരമായി അബദ്ധം പറ്റാറുള്ള ജനങ്ങളെ കഴുതകൾ എന്ന് വിശേഷിപ്പിക്കുന്ന ഒരു പ്രവണത പണ്ടേ നമുക്ക് ഉണ്ട്. വിവേചനശേഷിയുള്ള സമ്മതിദായകർ പുതുതലമുറയിൽ ഉണർന്നു വരുമ്പോൾ ജനാധിപത്യ പ്രക്രിയകൾ ഇപ്രകാരം അട്ടിമറിക്കപ്പെടുന്നത് നോക്കിനിൽക്കില്ലെന്ന് വേണം നമുക്ക് പ്രത്യാശിക്കാൻ. ഭരണഘടന നൽകുന്ന സംരക്ഷണങ്ങളിൽ ഒന്നു കൂടിയാണ് ജനമനസ്സ് പ്രതിഫലിപ്പിക്കാനുള്ള നമ്മുടെ അവകാശം.
പ്രിജിത്ത് രാജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1