വിവേകം 'പഞ്ചറാ'യി ചിഞ്ചുറാണിമാർ

JULY 23, 2025, 8:41 AM

വിവേകരാഹിത്യത്തിന്റെ ആൾരൂപങ്ങൾ മന്ത്രിസഭയിൽ കയറിയിരുന്നു നടത്തുന്ന ജൽപ്പനങ്ങൾ കേരളത്തെ തുടർച്ചയായി ഞെട്ടിക്കുന്നു; നാണിപ്പിക്കുന്നു. കൊല്ലം തേവലക്കര സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ മരണത്തിൽ മന്ത്രി ചിഞ്ചുറാണി നടത്തിയ പ്രതികരണമാണ് ഈ നിരയിൽ ഏറ്റവും ഒടുവിലത്തേത്. മന്ത്രിയുടെ പരാമർശത്തിൽ വിമർശനം ശക്തമായതോടെ ഖേദം പ്രകടിപ്പിച്ചു തടിയൂരാനുള്ള ശ്രമമാകട്ടെ പാളുകയും ചെയ്തു.

മിഥുൻ വൈദ്യുതാഘാതമേറ്റു മരിച്ച സംഭവത്തിൽ അധ്യാപകരെ കുറ്റംപറയാൻ പറ്റില്ലെന്നും വിദ്യാർഥിയുടെ ഭാഗത്തു വീഴ്ചയുണ്ടായെന്ന തരത്തിലുമായിരുന്നു കൊല്ലം ജില്ലക്കാരിയായ മന്ത്രി ചിഞ്ചുറാണിയുടെ ആദ്യ പ്രതികരണം. ഒരു പതിമൂന്നു വയസുകാരന്റെ തെറ്റും ശരിയും അനവസരത്തിൽ പറഞ്ഞ് അനാദരവ് കാട്ടിയ ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പു മന്ത്രിക്ക് അനാസ്ഥയുടെ ഇരയാണ് മിഥുനെന്നു മനസിലാകാതെ പോയതണോ? പലരുടെ ഭാഗത്തുനിന്നുമായി സംഭവിച്ച അനാസ്ഥയാണു വിലപ്പെട്ടൊരു കുരുന്നു ജീവൻ അറ്റുവീഴാനിടയാക്കിയ ദുരന്തത്തിനു വഴി തെളിച്ചത്. കുട്ടിയുടെ കുസൃതിമാത്രമാണു ദുരന്ത കാരണമെങ്കിൽ സ്‌കൂൾ മനേജർ, ഹെഡ്മിസ്ട്രസ്, കെ.എസ്.ഇ.ബി അസി.എൻജിനീയർ എന്നിവരെ പ്രതിയാക്കി ശാസ്താംകോട്ട പൊലീസ് കേസെടുത്തതെന്തിനെന്ന് മന്ത്രി വിശദീകരിക്കേണ്ടിയിരുന്നു.

സഹപാഠികൾ പറഞ്ഞിട്ടും മിഥുൻ ഷീറ്റിന് മുകളിൽ വലിഞ്ഞുകയറിയത്രേ.'ആ പയ്യനാ ചെരുപ്പെടുക്കാൻ ഷെഡിന്റെ മുകളിൽ കയറി... ചെരിപ്പെടുക്കാൻ പോയപ്പോൾ കാലൊന്ന് തെന്നി പെട്ടെന്ന് കേറി പിടിച്ചത് വലിയ കമ്പിയിലാണ്. ഇതിലാണ് കറണ്ട് കടന്നു വന്നത്. ആ കുഞ്ഞ് അപ്പോഴേ മരിച്ചു. അത് അധ്യാപകരുടെ കുഴപ്പമൊന്നുമല്ല. നമുക്ക് അധ്യാപകരെ പറയാൻ പറ്റില്ല. അവിടെ കയറരുതെന്ന് സഹപാഠികൾ പറഞ്ഞിട്ട് പോലും അവൻ അവിടെ കയറി'യെന്നായിരുന്നു മന്ത്രിയുടെ നിരീക്ഷണം. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ സി.പി.ഐ വനിതാ സംഗമത്തിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രസ്താവന.

vachakam
vachakam
vachakam

സാമൂഹിക ജീർണതയ്‌ക്കെതിരെയെന്ന തലക്കെട്ടോടെ സംഘടിപ്പിച്ച പരിപാടിയിൽ സുംബ നൃത്തതോടെയായിരുന്നു തുടക്കം. നേതാക്കൾക്കും അണികൾക്കുമൊപ്പം മന്ത്രി നൃത്തം ചെയ്തു. മന്ത്രിയുടെ സ്വന്തം ജില്ലയിൽ വിദ്യാർഥി സ്‌കൂളിൽ ഷേക്കേറ്റ് മരിച്ച സംഭവം ഉണ്ടായപ്പോൾ, അപകടത്തെ ലഘൂകരിച്ച് കാണുകയും, നൃത്തമാടുകയും ചെയ്തു മന്ത്രിയെന്ന വ്യാപക വിമർശനവും ഉയർന്നു. എന്തായാലും സർക്കാർ സംവിധാനങ്ങളുടെ പ്രതിച്ഛായ നിലനിർത്താൻ 'വലിയ ഭാരം' ഏറ്റെടുത്തത് വഴി സി.പി.ഐ നേതാവു കൂടിയായ ചിഞ്ചുറാണിക്കു ചില്ലറ ലാഭം കൈവന്നു; ഇങ്ങനെയൊരു മന്ത്രി സംസ്ഥാനത്തുണ്ടെന്ന് ജനങ്ങൾ ഓർമ്മിക്കാൻ ഇടയാക്കി ആ പരാമർശം. കെ.എസ്.ഇ.ബിക്കും സ്‌കൂൾ മനേജ്‌മെന്റിനും വീഴ്ചയുണ്ടായെന്നു വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി നടത്തിയ പ്രതികരണം ചിഞ്ചുറാണി ഗൗനിച്ചതേയില്ല. വിദ്യാർത്ഥിയെ പഴിച്ചും അധ്യാപകരെ തുണച്ചും നടത്തിയ വിവേകമകന്ന പ്രസ്താവന ഇതിനിടെ വിവാദമായതു സ്വാഭാവികം.

പെട്ടെന്നു പറഞ്ഞപ്പോൾ മാറിപ്പോയതാണെന്നും ഇത്തരത്തിലൊരു പരാമർശം ഒഴിവക്കേണ്ടതായിരുന്നെന്നും മന്ത്രി വക വിശദീകരണംവന്നു. ഇതേ തരത്തിലുള്ള വകതിരിവില്ലായ്മതന്നെ കോട്ടയം മെഡിക്കൽ കോളജിൽ അപകടമുണ്ടായ സമയത്ത് ആരോഗ്യ മന്ത്രി വീണാ ജോർജിൽ നിന്നും പുറത്തുവന്നു. കെട്ടിടം തകർന്നുവീണപ്പോൾ സംഭവിച്ചിരിക്കാവുന്ന അപകട സാധ്യതകൾ പാടേ തിരസ്‌കരിച്ച് മന്ത്രിതന്നെ എല്ലാം ഭദ്രമെന്നു പറഞ്ഞു ചുരുട്ടിക്കെട്ടിയതിലൂടെ രക്ഷാപ്രവർത്തനം ശക്തമക്കേണ്ട നിർണായക നിമിഷങ്ങൾ നഷ്ടമായി. ഭരണഘടനയെക്കുറിച്ചു പറഞ്ഞപ്പോൾ പോലും വകതിരിവു പുലർത്താത്ത സജി ചെറിയാൻ എന്ന മന്ത്രിക്കു രാജിവയ്‌ക്കേണ്ടിവന്നിരുന്നു. ഈ നിരയിൽ വേറെയുമുണ്ട് ചിലർ.

അപകടരഹിത വൈദ്യുതി മേഖല സർക്കാരിന്റെ മുഖ്യലക്ഷ്യമാണെന്നും വൈദ്യുതി സുരക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് അതീവ പ്രാധാന്യം നൽകുമെന്നുമാണ് ജൂൺ 26 ന് തിരുവനന്തപുരം ടാഗോർ തീയറ്ററിൽ വൈദ്യുതി സുരക്ഷാ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കവേ വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി പ്രസ്താവിച്ചത്. ഇത്തരം പ്രഖ്യാപനങ്ങൾ പൊയ്‌വാക്കായി മാറുന്നു. ബോർഡിന്റെ അനാസ്ഥയെ തുടർന്നുള്ള അപകടങ്ങൾ അടിക്കടി റിപ്പോർട്ട് ചെയ്യപ്പെടുന്നു.

vachakam
vachakam
vachakam

മന്ത്രിമാർ കണ്ണു പൂട്ടി സർക്കാരിനും പാർട്ടിക്കും പ്രഥമ പരിഗണന നൽകുമ്പോൾ അവഗണിക്കപ്പെടുന്നതു ജനങ്ങൾ, നഷ്ടങ്ങൾ സംഭവിക്കുന്നതും ജനങ്ങൾക്ക്. ദേശീയപാതാ വികസനം, പൊതുജനരോഗ്യം, വിദ്യാഭ്യാസം എന്നീ മൂന്നു മേഖലകളിലും എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്തു മുന്നേറ്റമുണ്ടാക്കാൻ കേരളത്തിനു കഴിഞ്ഞുവെന്നതു തർക്കമറ്റ കാര്യം തന്നെ. എന്നാൽ, ഈ മൂന്നു വകുപ്പുകളെയും പ്രതിക്കൂട്ടിലാക്കുന്ന നിർഭാഗ്യകരമായ സംഭവങ്ങളുമുണ്ടായി. ഇത്തരം സന്ദർഭങ്ങളിൽ വിമർശനം ഉയരുക സ്വാഭാവികമാണെന്നു മനസിലാക്കി പക്വതയോടെ അതിനെ നേരിടാനുള്ള വകതിരിവ് മന്ത്രിമാർക്ക് ഉണ്ടായില്ല.

കളിക്കുന്നതിനിടെ സഹപാഠികൾ മുകളിലേക്ക് എറിഞ്ഞ ചെരുപ്പ് എടുക്കാനാണ് മിഥുൻ സ്‌കൂൾ കെട്ടിടത്തിന്റെ ജനാല വഴി സൈക്കിൾ ഷെഡിനു മുകളിൽ കയറിയതും ഷേക്കേറ്റു മരിച്ചതും. വൈദ്യുതി ലൈനിനു താഴെ അനധികൃതമായി സൈക്കിൾ ഷെഡ് സ്ഥാപിച്ചതാണ് അപകടകാരണമെന്നാണ് ഇതു സംബന്ധിച്ച് കെ.എസ്.ഇ.ബി. ഡെപ്യൂട്ടി ചീഫ് എൻജിനീയർ നൽകിയ പ്രാഥമിക റിപ്പോർട്ടിലുള്ളത്. എന്നാൽ, വൈദ്യുതി ലൈൻ മാറ്റാൻ അപേക്ഷ നേരത്തേ നൽകിയിരുന്നതായാണ് സി.പി.എം. നിയന്ത്രണത്തിലുള്ള സ്‌കൂൾ മനേജ്‌മെന്റിന്റെ ന്യായീകരണം. കുന്നത്തൂർ എം.എൽ.എ: കോവൂർ കുഞ്ഞുമോൻ രക്ഷാധികാരിയായിട്ടുള്ള സ്‌കൂളിൽ സുരക്ഷാ കാര്യങ്ങളിലടക്കം പരിശോധനകൾ നടക്കാറില്ലെങ്കിൽ അതീവ ഗൗരവതരം തന്നെയാണതെന്ന് ജനങ്ങൾ കരുതുന്നു.

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികളുടെ സുരക്ഷ മറ്റെന്തിനേക്കാളും പ്രധാനമെന്ന് തിരിച്ചറിഞ്ഞു നടപടി ശക്തമാക്കാൻ എന്തെല്ലാം ചെയ്യണമെന്നതിൽ സർക്കാരിനു വ്യക്തത ഉള്ളതിന്റെ സൂചനകൾ ഇനിയുമില്ല. കുട്ടികളെ സ്‌കൂളിലേക്ക് അയച്ചുകഴിഞ്ഞാൽ അവർ തിരിച്ചുവരുന്നതുവരെ ആധിയിലാണു മാതാപിതാക്കൾ. മോശം റോഡുകൾ, വാഹനങ്ങളുടെ മത്സരയോട്ടം എന്നിങ്ങനെയുള്ള ബുദ്ധിമുട്ട് തരണം ചെയ്തുവേണം ക്ലാസിലെത്താൻ. സ്‌കൂൾ പരിസരവും ക്ലാസ് മുറികളും അടക്കം സുരക്ഷിതമല്ലെങ്കിൽ വീടുകളിൽ രക്ഷിതാക്കൾക്കു സമാധാനത്തോടെയിരിക്കാനാവില്ല. ഇതു കൂടാതെയാണ് സംസ്ഥാനത്തു വർധിച്ചുവരുന്ന ലഹരി മാഫിയയുടെ സ്വാധീനം വലിയ ഭീഷണിയാകുന്നത്.

vachakam
vachakam
vachakam

നീളുന്ന അനാസ്ഥ

മിഥുൻ മരിച്ചതിന്റെ നാലാം നാൾ തിരുവനന്തപുരം നെടുമങ്ങാട്ട് പൊട്ടിവീണ വൈദ്യുതി ലൈനിൽ തട്ടി അക്ഷയ് എന്ന പത്തൊമ്പതുകാരൻ മരിച്ചു. വൈദ്യുതി ലൈനിൽ നിന്ന് ഷേക്കേറ്റുള്ള മരണം ഒഴിവാക്കാൻ കെ.എസ്.ഇ.ബിക്ക് ആകുന്നില്ലെന്ന് ഇതോടെ വീണ്ടും ജനങ്ങൾക്കു വ്യക്തമായി കാറ്ററിംഗ് ജോലി കഴിഞ്ഞ് പാതിരാവിൽ കൂട്ടുകരോടൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങവേയായിരുന്നുഅക്ഷയ് ദുരന്തത്തിനിരയായത്. കാറ്റിൽ മരമൊടിഞ്ഞ് വൈദ്യുതി ലൈനിലേക്ക് വീണതിനെ തുടർന്ന് വൈദ്യുതി പോസ്റ്റ് തകർന്ന് ലൈൻ താഴെ പതിച്ചു. പൊട്ടിവീണ പോസ്റ്റ് കാലപ്പഴക്കം ചെന്നതായിരുന്നു.

തേവലക്കരയിലെ പോലെ കെ.എസ്.ഇ.ബിയുടെ അനാസ്ഥയാണ് നെടുമങ്ങാട്ടെ ദുരന്തത്തിനും കാരണമെന്ന് പരാതി ഉയർന്നിട്ടുണ്ട്. ജീർണാവസ്ഥയാലാണ് പോസ്റ്റ് കാറ്റിൽ ഒടിഞ്ഞുവീണതെന്ന് നാട്ടുകാർ പറയുന്നു. സമീപത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ വെട്ടിമാറ്റാൻ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടിരുന്നതായും കനത്ത അലംഭാവമാണു ബോർഡ് ജീവനക്കാരിൽ നിന്ന് പ്രകടമായതെന്നുമാണ് വിലയിരുത്തൽ. പരാതി കൊടുത്തിട്ടും നടപടിയുണ്ടായില്ല. അപകട വിവരം നാട്ടുകാർ കെ.എസ്.ഇ.ബിയിൽ അറിയിച്ചിട്ടും വളരെ വൈകിയാണ് ജീവനക്കാരെത്തിയതെന്നും പരാതി ഉയർന്നു. പുതിയ കണക്ഷൻ നൽകാനും സിംഗിൾ ഫേസ് ലൈനുകൾ ത്രീഫേസ് ആക്കാനും ഇൻസുലേഷൻ ഇല്ലാത്ത സാധാരണ കമ്പികൾ തന്നെയാണ് പലയിടങ്ങളിലും കെ.എസ്.ഇ.ബി ഇപ്പോഴും ഉപയോഗിച്ചു വരുന്നത്.

ലൈനുകൾ പൊട്ടിവീണുള്ള അപകടം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും ഇൻസുലേറ്റ് ചെയ്യാത്ത കമ്പി കാറ്റ് മൂലമോ മറ്റോ പൊട്ടിവീഴാൻ ഇടയായാൽ, തത്സമയം തന്നെ വൈദ്യുതി ബന്ധം വിഛേദിക്കാനുള്ള സംവിധാനം ഒരുക്കണമെന്നും കേന്ദ്ര നിയമത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. നിയമം വന്ന് ഏഴ് പതിറ്റാണ്ടും ഹൈക്കോടതി ഉത്തരവ് വന്ന് 19 വർഷവും കടന്നു പോയിട്ടും പൊട്ടിവീണ ലൈനുകളിൽ തട്ടിയുള്ള മരണം ഇപ്പോഴും തുടരുന്നു. തേവലക്കര വിദ്യാർഥിയുടെ അപകട മരണത്തിനു പിന്നാലെ സംസ്ഥാനത്തൊട്ടാകെ വൈദ്യുതി ലൈനുകളുടെ സുരക്ഷാ പരിശോധന നടത്താൻ മന്ത്രി ഉത്തരവിടുകയുണ്ടായി. ഇത്തരം മുൻകരുതലുകൾ നേരത്തേ നടത്തിയിരുന്നെങ്കിൽ നിരവധി അപകടങ്ങൾ ഒഴിവാക്കാനാകുമായിരുന്നില്ലേയെന്ന ചോദ്യം ജനങ്ങൾ ചോദിക്കുന്നു.

വൈദ്യുതി ലൈനിൽ തട്ടി ഷേക്കേറ്റുള്ള അപകടങ്ങൾ ഒഴിവാക്കാൻ ലൈനുകൾക്ക് ഇൻസുലേറ്റ് ചെയ്ത കമ്പി ഉപയോഗിച്ചുള്ള എ.ബി.സി (ഏരിയൽ ബഞ്ച്ഡ് കേബിൾസ്) രീതി സ്വീകരിക്കാനുള്ള തീരുമാനം ഇഴഞ്ഞുനീങ്ങുകയാണ്. വൈദ്യുതി കമ്പി പൊട്ടിവീണ് ഷേക്കേൽക്കൽ, മരച്ചില്ലകൾ തട്ടി വൈദ്യുതി ബന്ധം നിലക്കൽ, ജോലിക്കിടെ ജീവനക്കാർക്ക് ഷോക്കേൽക്കൽ തുടങ്ങിയ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമെന്നതിനു പുറമെ വൈദ്യുതി പ്രസരണനഷ്ടം ഗണ്യമായി കുറയ്ക്കുമെന്ന ഗുണവും കൂടിയുണ്ട് എ.ബി.സിക്ക്. സംസ്ഥാനത്ത് പ്രതിവർഷം 2,315 കോടി രൂപയുടെ പ്രസരണനഷ്ടം സംഭവിക്കുന്നുണ്ടെന്നാണ് 2022ലെ കണക്ക്. വൈദ്യുതി ചാർജ് കുത്തനെ വർധിപ്പിച്ച് ഭാരം ഉപഭോക്താക്കളുടെ തലയിൽ കെട്ടിവെച്ചാണ് ഈ നഷ്ടം കെ.എസ്.ഇ.ബി പരിഹരിക്കുന്നത്. ബോർഡിന്റെ പിടിപ്പുകേടിനും അനാസ്ഥയ്ക്കും ഉപഭോക്താക്കളെ ബലിയാടാക്കുന്നു. വൈദ്യുതി ലൈനിൽ തട്ടി ഷേക്കേറ്റുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 2021 ജൂണിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗം ലൈനുകൾ എ.ബി.സിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. താമസിയാതെ മുഴുവൻ ലൈനുകളിലും ഇത് നടപ്പാക്കുമെന്ന് വകുപ്പുമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.

മൂന്ന് വർഷം പിന്നിട്ടിട്ടും ഏരിയൽ ബഞ്ച്ഡ് കേബിൾസ് ലക്ഷ്യം പകുതി പോലുമെത്തിയില്ല. സാമ്പത്തിക മാന്ദ്യവും ഫീൽഡ് ജീവനക്കാരുടെ കുറവുമാണ് എ.ബി.സി പദ്ധതിയുടെ കാലതാമസത്തിനു കാരണമായി പറയപ്പെടുന്നത്. വർക്കർ, ലൈൻമാൻ, ഓവർസിയർ തുടങ്ങിയ ഫീൽഡ് തസ്തികകളിൽ 5,194 ജീവനക്കാരുടെ കുറവുണ്ടെന്ന് കഴിഞ്ഞ വർഷം ബോർഡ് തലത്തിൽ നടന്ന കണക്കെടുപ്പിൽ കണ്ടെത്തിയിരുന്നു. ലൈൻമാന്മാരുടെ എണ്ണത്തിലാണ് ഏറ്റവും വലിയ കുറവ്. 9,635 പേർ വേണ്ടിടത്ത് 7,647 പേരേയുള്ളൂ. വർക്കർ വിഭാഗത്തിൽ 5,311 പേർ വേണ്ടിടത്ത് 3,409 പേർ. 1,902 പേരുടെ കുറവുണ്ട്. കരാർ നിയമനങ്ങളും പുറംകരാർ ജോലികളും നൽകിയാണ് ഫീൽഡ് വർക്കുകൾ പൂർത്തിയാക്കുന്നത്. ഇത്തരത്തിൽ വ്യവസ്ഥാരഹിതമായി നീങ്ങാനാണു ഭാവമെങ്കിൽ കെ.എസ്.ഇ.ബിയുടെ പല വിധത്തിലുള്ള ഷോക്കുകൾക്കും ജനങ്ങൾ ഇനിയും വിധേയരാകുമെന്നു തീർച്ച.

ലൈനുകൾ പൊട്ടിവീഴുന്നത് ഉൾപ്പെടെ വൈദ്യുതി അനുബന്ധ അപകടങ്ങൾ ഒഴിവക്കേണ്ടത് വൈദ്യുതി ബോർഡിന്റെ ഉത്തരവാദിത്വമാണെന്ന കാര്യം ഹൈക്കോടതി സർക്കാരിനെയും കെ.എസ്.ഇ.ബിയെയും ഓർമിപ്പിച്ചതും അപകടങ്ങൾ ഇല്ലാതാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് കർശന നിർദേശം നൽകിയതുമാണ്. 2006 ജൂൺ രണ്ടിനാണ് അന്നത്തെ ചീഫ് ജസ്റ്റിസ് വി.കെ. ബാലി അധ്യക്ഷനായ ഹൈക്കോടതി ബഞ്ച്, വൈദ്യുതി മൂലം ജനങ്ങളുടെ ജീവനും സ്വത്തിനും നഷ്ടം സംഭവിക്കുന്ന സ്ഥിതിവിശേഷമുണ്ടാകരുതെന്നും ഇക്കാര്യത്തിൽ മതിയായ സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ടത്. ആറ് മാസത്തിനകം 1956ലെ കേന്ദ്ര വൈദ്യുതി നിയമം അനുശാസിക്കുന്ന മുഴുവൻ സുരക്ഷാ നടപടികളും സ്വീകരിക്കുമെന്ന് അന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിക്ക് ഉറപ്പ് നൽകുകയും ചെയ്‌തെങ്കിലും പിന്നീടു കാര്യമായൊന്നും അക്കാര്യത്തിലുണ്ടാകാത്തതെന്തെന്ന് ചിഞ്ചുറാണിമാർ വിശദീകരിക്കുന്നില്ല.

ബാബു കദളിക്കാട്


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam