ഒരു വ്യവസായിയുടെ പരാതിയിൽ മന്ത്രിപദം ഒഴിയേണ്ടിവന്നു എന്ന നാണക്കേട് എല്ലാക്കാലത്തും കെ.എം.മാണിയെ വേട്ടയാടും. കാരണം അത്തരമൊരു പൂർവചരിത്രം ആർക്കുമുണ്ടായിട്ടില്ല.
ഉമ്മൻചാണ്ടി മന്ത്രിസഭയിൽ കെ.എം. മാണി ഇക്കുറി അവതരിപ്പിക്കാൻ പോകുന്നത് 13-ാമത്തെ ബജറ്റാണ്. യു.ഡി.എഫ് പ്രകടനപത്രികയിൽ പറഞ്ഞപ്രകാരം കേരളത്തിൽ 700 ബാറുകളാണ് പൂട്ടിക്കെട്ടിയത്. അതിൽ കടുത്ത എതിർപ്പുമായി ചില ബാറുടമകൾ രംഗത്തുവന്നു. അതിനു ചൂട്ടുപിടിക്കാൻ ഒരുതരം പ്രതികാരദാഹത്തോടെ പ്രതിപക്ഷം കൂടി. മാണിയെക്കൊണ്ട് ബജറ്റ് അവതരിപ്പിക്കാതിരിക്കാൻ പ്രതിപക്ഷം കാട്ടിക്കൂട്ടിയ പേക്കൂത്തുകൾ സഭാചരിത്രത്തിലെ കറുത്ത അധ്യായമായി മാറുകയും ചെയ്തു.
സി. അച്യുതമേനോൻ, എ.കെ. ആന്റണി, ഇ.കെ നായനാർ, കെ. കരുണാകരൻ തുടങ്ങി എത്ര ഭിന്നരുചിക്കാരായ മുഖ്യമന്ത്രിമാരുടെ ഗവൺമെന്റിന് ബജറ്റ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു. അല്പമൊന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ ഇ.എം.എസിന്റെ കീഴിലും അദ്ദേഹം ധനകാര്യ മന്ത്രിയാകുമായിരുന്നു. അങ്ങിനെയുള്ള മാണിയോടാണോ കളി..! കല്യാണത്തിന് മണവാട്ടിപ്പെണ്ണൊരുങ്ങുന്നതുപോലെ ചമഞ്ഞാണ് ബജറ്റ് ദിവസം ഒരോ ധനകാര്യമന്ത്രിയും ഇറങ്ങുന്നത്. ആ ഒരു ദിവസത്തിനുവേണ്ടിയാണ് അവരുടെ ഒരു വർഷത്തെ കാത്തിരിപ്പെന്നു തോന്നിപ്പോകും.!
ഏറ്റവുമധികം ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയായിരുന്നു കെ.എം. മാണി. എന്നാൽ ഏറെ സംഭവബഹുലമായിരുന്നു കെ.എം. മാണിയുടെ 13-ാം ബജറ്റ് അവതരണം. ആരോപണ വിധേയനായതിനാൽ മാണിയുടെ ബജറ്റവതരണം എങ്ങനെയും തടയാനായി പ്രതിപക്ഷം കച്ചമുറുക്കി. തലേന്ന് വൈകീട്ടു മുതൽ നിയമസഭയിലേക്കുള്ള മുഴുവൻ റോഡുകളും ഉപരോധിച്ചു. ഇതോടെ, മാണിയും മുഖ്യമന്ത്രി അടക്കം മന്ത്രിമാരും ഭരണപക്ഷ എം.എൽ.എമാരും രാത്രിയിൽ തന്നെ സഭയിൽ തങ്ങി. അംഗങ്ങൾ നേരത്തേതന്നെ സഭയിലെത്തിയിരുന്നു.
ബാർകോഴ ഉൾപ്പടെ നിരവധി ആരോപണങ്ങൾ നേരിടുന്നതിനിടയിലായിരുന്നു 2015 മാർച്ച് 15ന് കെ.എം മാണി ബജറ്റ് അവതരിപ്പിച്ചത്. ഏറെ കോലാഹലങ്ങൾക്കിടയിൽ ബജറ്റ് അവതരണം പൂർത്തിയാക്കിയപ്പോൾ ലഡു വിതരണം ചെയ്താണ് ഭരണപക്ഷം അത് ആഘോഷിച്ചത്.
എന്ത് സംഭവിച്ചാലും ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്. ബാർകോഴകേസിൽ പുറത്തെ സമരം സഭയ്ക്കുള്ളിലേക്കും വ്യാപിപ്പിച്ചിരുന്നു. തുടക്കംമുതൽ പ്രതിഷേധവും മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം സഭാ നടപടികൾ തടസപ്പെടുത്തി. സ്പീക്കർ ഡയസിലേക്ക് വരാതിരിക്കാൻ അദ്ദേഹത്തിന്റെ കസേര വലിച്ചെറിഞ്ഞു.
നിയമസഭയിൽ ബജറ്റവതരണത്തിനിടയിലെ കയ്യാംങ്കളി
വാച്ച് ആൻഡ് വാർഡ് പിടിച്ചുതള്ളിയെന്ന ആരോപണവുമായി തോമസ് ഐസകും ശിവദാസൻ നായർ ആക്രമിച്ചുവെന്ന് ആരോപിച്ച് ജമീല പ്രകാശും രംഗത്തെത്തി. കെ.കെ. ശൈലജയ്ക്കുനേരെ എം.എ വാഹിദ് രംഗത്തെത്തിയതോടെ പ്രതിപക്ഷ എം.എൽ.എമാരും പാഞ്ഞടുത്തു. ശിവൻകുട്ടിയാണ് ഏറ്റവും പ്രകോപനപരമായി പെരുമാറിയത്. അൽപ്പസമയത്തിനകം വാച്ച് ആൻഡ് വാർഡുമാരുടെ സഹായത്തോടെ ഡയസിലെത്തിയ സ്പീക്കർ എൻ. ശക്തൻ ബജറ്റ് അവതരണത്തിന് ആംഗ്യം കാണിച്ചു. മറുവശത്തെ വാതിലിലൂടെ ഉള്ളിലെത്തിയ കെ.എം. മാണി ഇതിനിടയിൽ ബജറ്റ് വായിച്ചുതുടങ്ങി. കുറച്ചുവരികൾ മാത്രം വായിച്ചശേഷം ബജറ്റ് അവതരിപ്പിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു.
ചരിത്രത്തിലെ ഏറ്റവും സംഘർഷഭരിതമായ അന്തരീക്ഷത്തിലൂടെയായിരുന്നു അന്ന് നിയമസഭ കടന്നുപോയത്. കേരളത്തിൽ 2014 മാർച്ച് അവസാനം വരെ 740 ബാറുകളാണ് ഉണ്ടായിരുന്നത്. അതിൽ പത്തെണ്ണം കോടതി നടപടികളുടെ പേരിൽ അടഞ്ഞു കിടക്കുകയും ചെയ്യുന്നു. വേണ്ടത്ര നിലവാരമില്ല എന്നു കണ്ടതിനെ തുടർന്ന് 418 ബാറുകൾക്ക്, ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന അബ്കാരിവർഷത്തേക്ക് ലൈസൻസ് പുതുക്കി നൽകിയില്ല. അവ തുറക്കാൻ വിവിധ കോണുകളിൽനിന്ന് സമ്മർദമേറി. പക്ഷേ, സർക്കാർ അതിനു വഴങ്ങിയില്ല. 2023ഓടെ സംസ്ഥാനത്ത് സമ്പൂർണ മദ്യനിരോധനം നടപ്പിലാക്കണം എന്നതായിരുന്നു യു.ഡി.എഫിന്റെ നയം.
നിലവാരമില്ലാത്ത ബാറുകൾ എന്നന്നേക്കുമായി പൂട്ടണമെന്നായിരുന്നു കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്റെ നിലപാട്. കെ.പി.സി.സി. അതിനോട് യോജിക്കുകയും ചെയ്തു.
അപ്പോൾ ഒരു നിയമപ്രശ്‌നം ഉയർന്നുവന്നു. 418 ബാറുകൾ ഒഴിവാക്കി മറ്റു ബാറുകൾ തുറന്നാൽ വിവേചനം ചൂണ്ടിക്കാട്ടി ലൈസൻസ് നിഷേധിക്കപ്പെട്ട ബാറുടമകൾക്ക് കോടതിയിൽ പോകാം. കോടതി അവർക്കനുകൂലമായി നിലപാട് എടുക്കാൻ സാധ്യതയുണ്ട്. സർക്കാർ ലൈസൻസ് പുതുക്കാതിരിക്കുകയും കോടതിവിധി അനുസരിച്ച് കൊടുക്കേണ്ടിവരികയും ചെയ്താൽ പിന്നെ അഴിമതിയാരോപണം കേൾക്കാനിടവരുമെന്നുഭയന്നാണ് അങ്ങിനെ ഒരു നടപടിയിലേക്ക് ഉമ്മൻചാണ്ടി കടന്നത്.
അതുകൊണ്ട് ഫൈവ്സ്റ്റാർ ഹോട്ടൽ ഒഴിച്ച് സംസ്ഥാനത്തെ എല്ലാ ബാറുകളും പൂട്ടുക എന്ന ആശയം ഉമ്മൻചാണ്ടി യു.ഡി.എഫ്. യോഗത്തിൽ അവതരിപ്പിച്ചു. അതേസമയം സർക്കാർ ഉടമസ്ഥതയിലുള്ള ചില്ലറമദ്യവിൽപ്പനശാലകൾ തുടരാം.അതിന്റെ എണ്ണം വർഷംതോറും 10 ശതമാനം വീതം കുറച്ചുകൊണ്ടുവരികയും ചെയ്യും. എല്ലാ ഞായറാഴ്ചകളും മദ്യശാലകൾക്ക് അവധിയും നിർദേശിച്ചിരുന്നു. മുസ്ലിംലീഗും കേരളാ കോൺഗ്രസ്സും ഉമ്മൻചാണ്ടിയുടെ നിർദേശത്തെ ശക്തമായി പിന്താങ്ങിയതിനാൽ അത് യു.ഡി.എഫിന് അംഗീകരിക്കേണ്ടി വന്നു. 2024 സെപ്തംബർ 27നു ചേർന്ന മന്ത്രിസഭായോഗവും അനുമതി നൽകി. ബാർ ഉടമകൾ കേസുമായി പോയി.
നാലു നക്ഷത്ര ഹെറിറ്റേജ് ഹോട്ടലുകൾക്ക് ബാർലൈസൻസ് നൽകാം എന്ന നിർദേശത്തോടെ, സർക്കാരിന്റെ മദ്യനയം 2014 ഒക്ടോബർ 30ന് ഹൈക്കോടതി ശരിവെയ്ക്കുകയും ചെയ്തു.
സംസ്ഥാനത്തെ ബാർ ലോബിക്ക് ഏറ്റ കനത്ത ആഘാതമായിരുന്നു അത്. അവർക്ക് ഹാലിളകി. പിന്നങ്ങോട്ട് അഴിമതിയാരോപണങ്ങളുമായി ഉമ്മൻചാണ്ടി സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ എല്ലാ വഴികളും തേടി. ധനമന്ത്രി കെ.എം. മാണിക്കെതിരേ ബാർഹോട്ടൽ ഉടമകളുടെ സംഘടനാനേതാവ് ബിജു രമേശനാണ് ആദ്യം രംഗത്തുവന്നത്. റദ്ദാക്കിയ ബാർ ലൈസൻസ് പുതുക്കിക്കൊടുക്കാൻ അഞ്ചു കോടി രൂപ കെ.എം. മാണി ആവശ്യപ്പെട്ടു എന്നും മുൻകൂറായി ഒരു കോടി രൂപ നൽകി എന്നും അദ്ദേഹം ആരോപിച്ചു. അതേത്തുടർന്ന് കെ.എം മാണിയ്ക്ക് രാജിയ്‌ക്കേണ്ടി വരെ വന്നു.
സ്ഥാനമൊഴിഞ്ഞ കെ.എം മാണി രണ്ടുനാൾ കഴിഞ്ഞാണ് പാലായിലേക്ക് തിരിച്ചത്. പാലായിലേക്ക് എത്തുന്ന മാണിക്ക് വിവിധ സ്ഥലങ്ങളിൽ സ്വീകരണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ പറഞ്ഞതിങ്ങനെയായിരുന്നു:
അഴിമതി ആരോപണത്തെ തുടർന്ന് ധനമന്ത്രി സ്ഥാനമൊഴിഞ്ഞ കെ.എം മാണിക്ക് പിന്നീട് ലഭിച്ച ഓരോ സ്വീകരണവും അഴിമതിക്ക് നൽകുന്ന സ്വീകരണമാണ്. ഇത് കോടതിയെ അപമാനിക്കലാണ്.
ഒരു വ്യവസായിയുടെ പരാതിയിൽ മന്ത്രിപദം ഒഴിയേണ്ടിവന്നു എന്ന നാണക്കേട് എല്ലാക്കാലത്തും കെ.എം.മാണിയെ വേട്ടയാടും. കാരണം അത്തരമൊരു പൂർവചരിത്രം ആർക്കുമുണ്ടായിട്ടില്ല. 2014 ഒക്ടോബർ 30 വരെ തിരുവനന്തപുരത്തെ ഒരു വ്യവസായി മാത്രമായിരുന്നു ബിജു രമേശ്. വ്യവസായിയായ രമേശൻ കോൺട്രാക്ടറുടെ മകനെന്ന നിലയിൽ തിരുവനന്തപുരം നഗരത്തിൽ അറിയപ്പെടുന്ന വ്യക്തി. തൊട്ടടുത്ത ദിവസം ബിജു കേരളസമൂഹത്തിനു മുന്നിലേക്ക് കൊളുത്തിയെറിഞ്ഞ ആരോപണങ്ങളുടെ വെള്ളിടി അത്ര നിസാരമായിരുന്നില്ല.
ഒരു ടെലിവിഷൻ ചർച്ചയിൽ ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലാണ് മാണിയുടെ രാജിയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചത്.
പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മാത്രമായി ബാർ ലൈസൻസ് പരിമിതപ്പെടുത്താനുള്ള സർക്കാർതീരുമാനം സംബന്ധിച്ച ചർച്ചയിൽ പങ്കെടുക്കവെയാണ് ബാർ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ വർക്കിങ് പ്രസിഡന്റായ ബിജു രമേശ് ഈ വെളിപ്പെടുത്തൽ നടത്തിയത്. സർക്കാർ തീരുമാനത്തിൽ വെള്ളംചേർക്കാൻ ധനമന്ത്രി മാണിക്ക് ബാറുടമകൾ ഒരുകോടി രൂപ നൽകി
യെന്നായിരുന്നു ബിജുവിന്റെ വെളിപ്പെടുത്തൽ. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ ഏറ്റുപിടിച്ചതോടെ ആരോപണത്തിന് പുതിയ മാനം ലഭിച്ചു. വിജിലൻസ് അന്വേഷണത്തിലേക്ക് കാര്യങ്ങൾ നീങ്ങി. പ്രക്ഷോഭങ്ങളും മാണിയുടെ രാജിക്കായുള്ള മുറവിളികളും ഉണ്ടായി. തുടക്കത്തിൽ ബിജു രമേശിനൊപ്പം നിന്ന ബാറുടമകൾ കളംമാറിച്ചവിട്ടിയതോടെ ബിജു തികച്ചും ഒറ്റപ്പെടുന്നതും കേരളം കണ്ടു.
(തുടരും)
ജോഷി ജോർജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1