രാഷ്ട്രീയ വനവാസത്തിന് ഒരുങ്ങുന്നതാര്?

JULY 30, 2025, 10:32 AM

ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തുംവരെ ജനമനസ്സ് പ്രവചിക്കാൻ നിരനിൽക്കുന്നവരുടെ വാക്കുകൾക്ക് എത്രപേർ കാതോർക്കാറുണ്ട്? അഭിപ്രായ സർവ്വേകളുടെ ആധികാരികതയിൽ ലോകമാകെ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന കാലം. കേരളത്തിലെ വോട്ടർമാർ വി.ഡി. സതീശന്റെ രാഷ്ട്രീയ വനവാസം ആഗ്രഹിക്കുന്നുവോ എന്ന ചോദ്യം അപ്രസക്തമാണ്.

ഏത് സർവ്വേകൾക്കിടയിലും ഒളിഞ്ഞു കിടക്കുന്ന ജനമനസിന്റെ പൊട്ടാത്ത ഒരു കണ്ണാടിയുണ്ട്. അതാണ് വരും നാളുകളിൽ കേരളം കാത്തിരിക്കുന്ന രാഷ്ട്രീയ ചിത്രം. വി.ഡി. സതീശന്റെ ആത്മവിശ്വാസം ഭരണവിരുദ്ധ വികാരത്തിന്റെ ചെലവിൽ ആണെന്ന് വേണം കരുതാൻ. ഇടത് ഭരണത്തിന് സ്വാഭാവിക അന്ത്യം സംഭവിച്ചേക്കുമെന്ന പ്രതീക്ഷയിൽ കല്യാണപ്പന്തലിൽ   തള്ളുണ്ടാക്കുന്ന മനുഷ്യരെപ്പോലെ പെരുമാറുന്ന ചില നേതാക്കൾ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിൽ ആശാന്മാരാണ്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ തിരിച്ചെത്താമെന്നുള്ള കോൺഗ്രസിന്റെ ശ്രമം അപകടത്തിലാണെന്നും മൂന്നാം തവണയും പരാജയത്തിലേയ്ക്ക് കൂപ്പുകുത്തുമെന്നും തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗൊലു നടത്തിയ ആഭ്യന്തര സർവേയിൽ പറയുന്നതായി സൂചന വന്നത് ഒരു സൂചകമായി പോലും ഇവർ കാണുന്നില്ല. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി മൂന്നാമത്തെ പരാജയത്തിലേയ്ക്ക് നീങ്ങുമെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചത്. 2016ലേയും 2021ലേയും നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോൽവിക്ക് പിന്നാലെ, അധികാരം വീണ്ടെടുക്കാൻ ശ്രമിക്കുന്ന പാർട്ടിക്ക് സർവേ വലിയ തിരിച്ചടിയാകുമെന്നുമാണ് റിപ്പോർട്ട്.

vachakam
vachakam
vachakam

കേരളത്തിൽ കോൺഗ്രസിനുള്ളിലെ ആഭ്യന്തരകലഹങ്ങളും പാർട്ടി വിരുദ്ധ പരാമർശങ്ങളും നിയന്ത്രിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ഗുണം ചെയ്യുന്നില്ലെന്നാണ് സർവേ സൂചിപ്പിക്കുന്നത്. ഇതിനകം തന്നെ പാർട്ടിക്ക് അധഃപതനം സംഭവിച്ചുകഴിഞ്ഞുവെന്ന് കനുഗൊലു സർവേയിൽ പറയുന്നു. പൊതുവിൽ കേരളത്തിൽ ഭരണ വിരുദ്ധ വികാരമുണ്ട്. പക്ഷേ കോൺഗ്രസിനുള്ളിൽ ആഭ്യന്തര സംഘർഷങ്ങൾ, മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള തർക്കം, ശശി തരൂരിന്റെ സ്റ്റാർട്ട് അപ്പ് പ്രസ്താവന, ഡൽഹിയിൽ ഹൈക്കമാൻഡ് ഇടപെട്ട് നടത്തിയ ചർച്ചകൾ പാർട്ടിക്കകത്തും യു.ഡി.എഫിനകത്തും ഐക്യമില്ലെന്ന് തെളിയിക്കുന്നതാണ്.

കോൺഗ്രസിനകത്ത് നേതൃതർക്കമുണ്ട്. ശശി തരൂരിന്റെ നിലപാടുകളും അദ്ദേഹത്തോടുള്ള കോൺഗ്രസ് നേതാക്കളുടെ നിലപാടുകളും ആഭ്യന്തര സംഘർഷത്തിന്റെ ചിത്രമാണ് നൽകുന്നത്.
കോൺഗ്രസ് അധികാരത്തിൽ വരണമെങ്കിൽ ആദ്യം വേണ്ടത് സംഘടനാ സംവിധാനം മെച്ചപ്പെടുത്തുകയെന്നുള്ളതാണെന്നും ഈ തെരഞ്ഞെടുപ്പ് തോറ്റാൽ കോൺഗ്രസ് കേരളത്തിൽ ഇല്ലാതാകുമെന്നും രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. ഇപ്പോൾ തന്നെ മുഖം രക്ഷിക്കാൻ കഴിയുന്നത് ലീഗെന്ന പാർട്ടി കൂടെയുള്ളതുകൊണ്ടാണ്. അവർ മലബാറിൽ നേടിയെടുക്കുന്ന സീറ്റ് തന്നെയാണ് രക്ഷ.

തെക്കൻ കേരളത്തിലെ മുസ്ലീം വോട്ടുകളും മലബാറിലെ വിദ്യാസമ്പരായിട്ടുള്ളവരിൽ നിന്നുള്ള മുസ്ലീം വോട്ടുകളും സിറിയൻ ക്രിസ്ത്യൻ വോട്ടുകളുമൊന്നും തിരിച്ചുപിടിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രകടനത്തിൽ 2025 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുമുള്ള ഒരുക്കങ്ങൾ ആരംഭിക്കാൻ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ ആത്മവിശ്വാസം വടക്കേ ഇന്ത്യയിലെ കന്യാസ്ത്രീ വിഷയത്തിൽ കേരളത്തിലെ വോട്ട് ബാങ്കിൽ അടിപതറുമോ എന്ന വലിയൊരു ചോദ്യം മുന്നിലുണ്ട്.

vachakam
vachakam
vachakam

സംസ്ഥാനത്ത് ആദ്യ ലോക്‌സഭാ സീറ്റ് തൃശ്ശൂരിൽ നേടിയ ബി.ജെ.പി, നിരവധി മണ്ഡലങ്ങളിൽ വോട്ട് വിഹിതം വർദ്ധിപ്പിച്ചതോടെ, വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഭാവി പാർട്ടിയായി സ്വയം ബ്രാൻഡ് ചെയ്യുകയാണ്. കഴിഞ്ഞ വോട്ടെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച സ്ഥാനാർത്ഥികളോട് അതത് മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മാസത്തിൽ 10 ദിവസം അവിടെ ചെലവഴിക്കാനും ആവശ്യപ്പെടും.

തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ 11 നിയമസഭാ മണ്ഡലങ്ങളിൽ ബി.ജെ.പി ഒന്നാം സ്ഥാനത്തും എട്ട് നിയമസഭാ മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തും എത്തിയതായ കണക്കുകൾ ബി.ജെ.പി ക്യാമ്പിന് ആവേശം നൽകുന്നു. 2026 ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി 20 നിയമസഭാ സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. തൃശ്ശൂരിൽ നിന്ന് 74,686 വോട്ട് നേടിയ സുരേഷ് ഗോപി, ബി.ജെ.പിയുടെ പ്രതീക്ഷകൾക്ക് തിരികൊളുത്തി. ഗുരുവായൂർ മാത്രമാണ് അദ്ദേഹത്തിന് സ്വാധീനം ചെലുത്താൻ കഴിയാതെ പോയ ഏക നിയമസഭാ മണ്ഡലം. 

തൃശ്ശൂർ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ തൊട്ടുകൂടായ്മയെ മറികടക്കാൻ സഹായിച്ചതായി ബി.ജെ.പി നേതൃത്വം കരുതുന്നു. കേരളത്തിലെ വോട്ടർമാർക്ക് സംസ്ഥാനത്തിന്റെ ദ്വിമുഖ രാഷ്ട്രീയത്തിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ബി.ജെ.പി നേതൃത്വം പ്രതീക്ഷിക്കുന്നു. വികസന അജണ്ടയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ മുന്നേറ്റം ഉണ്ടാക്കാം എന്നാണ് കണക്കുകൂട്ടൽ. സി.പി.എമ്മിൽ നിന്നും കോൺഗ്രസിൽ നിന്നും വോട്ടുകൾ മറിയുന്ന പ്രവണത ബി.ജെ.പി നിരീക്ഷിക്കുന്നുണ്ട്.

vachakam
vachakam
vachakam

അതേസമയം മുന്നൊരുക്കവുമായി സി.പി.എം കളത്തിൽ ഇറങ്ങി കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി അംഗങ്ങൾ ഉൾപ്പെടുന്ന വാർഡ് ഡിവിഷൻ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനമാരംഭിക്കാൻ സി.പി.എം ഒരുങ്ങുകയാണ്. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ലോക്കൽ ഏരിയാ കമ്മിറ്റികൾക്കും  സംസ്ഥാനത്തെ 14 ജില്ലാ കമ്മറ്റികൾക്കും സംസ്ഥാന കമ്മിറ്റി സർക്കുലർ മുഖേന അറിയിച്ചു കഴിഞ്ഞു.

പഞ്ചായത്തുകളിൽ വാർഡ് കമ്മിറ്റികളും മുനിസിപ്പൽ കോർപ്പറേഷൻ മേഖലകളിൽ പാർട്ടിയുടെ ഡിവിഷൻ കമ്മിറ്റികളും രൂപീകരിക്കാനാണ് നിർദ്ദേശം. തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടി വോട്ടുകളുടെ പട്ടിക സംബന്ധിച്ച് കൃത്യമായ ധാരണ ഉണ്ടാക്കുകയാണ് ലക്ഷ്യം. പാർട്ടി വോട്ടുകളിൽ സംഭവിച്ചിട്ടുള്ള ചോർച്ചകളും പുതിയ വോട്ടർമാരുടെ കണക്കെടുപ്പും നടത്തേണ്ടതുണ്ട്. ഓഗസ്റ്റ് 15 നകം ഇത് സംബന്ധിച്ച പ്രവർത്തനങ്ങൾ നടത്തി പ്രാഥമിക പട്ടിക തയ്യാറാക്കാൻ ആണ് നിർദ്ദേശം.

രണ്ട് പാർട്ടി പ്രവർത്തകർ 30 വീടുകൾ എന്ന നിലയ്ക്ക് വാർഡുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കരട് വോട്ടർ പട്ടിക എത്തുമ്പോൾ, അതിൽ ഒഴിവാക്കപ്പെട്ടവയും ഇരട്ട വോട്ടുകളും പാർട്ടി വോട്ടുകളും തരാതരം തിരിച്ചറിയാൻ വേണ്ടിയാണ് ഈ സംവിധാനം. പുതിയ വോട്ടർമാരെ ചേർക്കണം. ഒരു വാർഡിൽ നാല് സ്‌ക്വാഡുകൾ വീതം പ്രവർത്തിക്കണം. ഒരു പഞ്ചായത്തിൽ ഒരു ജില്ലാ കമ്മിറ്റി അംഗത്തിന് വീതം ചുമതല ഉണ്ടായിരിക്കും. മുനിസിപ്പൽ, കോർപ്പറേഷൻ മേഖലകളിൽ ഒരു സംസ്ഥാന കമ്മിറ്റി അംഗവും ഒരു ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ചുമതലക്കാരവും.

നഗരപ്രദേശത്ത് ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ചും അല്ലാത്തിടങ്ങളിൽ വീട്ടുമുറ്റ യോഗങ്ങൾ സംഘടിപ്പിച്ചും പ്രത്യേക യോഗങ്ങൾ നടത്തണം. ഇതിന് അംഗൻവാടി, ഹരിത കർമ്മസേന, കുടുംബശ്രീ, ആശാവർക്കർമാർ, ഗ്രന്ഥശാലാ പ്രവർത്തകർ എന്നിവരുടെ സാന്നിധ്യം ഉണ്ടാകണം. തദ്ദേശ തെരഞ്ഞെടുപ്പുകളും പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പും മുന്നിൽകണ്ടാണ് സി.പി.എമ്മിന്റെ മുന്നൊരുക്കം.

ഭരണവിരുദ്ധ വികാരങ്ങൾ എത്രയുണ്ടായാലും ഒരു കേഡർ പാർട്ടിയുടെ കെട്ടുറപ്പോടെ തന്നെയാണ് മുന്നിൽ കാണുന്ന തെരഞ്ഞെടുപ്പുകളെ നേരിടാൻ സി.പി.എം ഒരുക്കങ്ങൾ നടത്തുന്നത്. കേരളത്തിൽ കാവിയുടെ ലാഞ്ചന കാട്ടാതെ വോട്ടർമാരുടെ മനസ്സിൽ ഇടം നേടാനുള്ള അക്ഷീണ പ്രയത്‌നവുമായാണ് ബി.ജെ.പി ക്യാമ്പും മുന്നേറുന്നത്. എന്നാൽ കോൺഗ്രസ് കൂടാരത്തിൽ ആവട്ടെ മൂപ്പിളമ തർക്കവും അധികാരം കയ്യിൽ കിട്ടിക്കഴിഞ്ഞതു മാതിരിയുള്ള ശരീരഭാഷയും പ്രകടിപ്പിച്ച് പ്രതിപക്ഷ ധർമ്മം പോലും മറന്നു വിഴുപ്പലക്കുയാണ് ഖദറിട്ട നേതാക്കൾ.

പ്രജിത്ത് രാജ്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam