'നിങ്ങള്‍ നല്‍കുന്നത് ഉക്രെയ്‌നില്‍ ചോരയൊഴുക്കാനുള്ള പണം'; ഇന്ത്യയ്ക്ക് യു.എസിന്റെ മുന്നറിയിപ്പ്; എണ്ണ കാര്യത്തില്‍ നയം മാറ്റമോ?

JULY 21, 2025, 12:33 PM

ഇന്ത്യയടക്കമുള്ള അമേരിക്കയുടെ വ്യാപാര പങ്കാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാം. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി തുടര്‍ന്നാല്‍ ഈ രാജ്യങ്ങള്‍ക്ക് നൂറുശതമാനം നികുതി ചുമത്തുമെന്നും നിങ്ങളുടെ സാമ്പത്തിക രംഗം ട്രംപ് തകര്‍ക്കുമെന്നുമാണ് ലിന്‍ഡ്സെയുടെ മുന്നറിയിപ്പ്. ഇന്ത്യയ്ക്ക് പുറമേ, ബ്രസീല്‍, ചൈന എന്നീ രാജ്യങ്ങളെയും ഉന്നമിട്ടായിരുന്നു പ്രസ്താവന.

ഈ മൂന്നു രാജ്യങ്ങളാണ് റഷ്യയുടെ 80 ശതമാനവും ക്രൂഡ് ഓയിലും വാങ്ങുന്നത്. ഇതിലൂടെ ഉക്രെയ്‌നുമായുള്ള പുടിന്റെ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുകയാണു ചെയ്യുന്നത്. റഷ്യക്കു യുദ്ധത്തിനാവശ്യമായ സാമ്പത്തിക സഹായം ലഭിക്കുന്നത് എണ്ണ വില്‍പനയിലൂടെയാണ്. റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തിനുള്ള സാമ്പത്തിക പിന്തുണയില്ലാതാക്കുകയാണ് ട്രംപിന്റെ ലക്ഷ്യം. ഇതുവരെ ഈ വിഷയത്തില്‍ ട്രംപിന്റെ നിലപാട് മയമുള്ളതായിരുന്നു. ഇനിയും തുടര്‍ന്നാല്‍ മൂന്ന് രാജ്യങ്ങളുടെയും സമ്പദ്രംഗം ട്രംപ് തകര്‍ക്കും. രക്തച്ചൊരിച്ചിലിനുള്ള പണമാണ് നിങ്ങള്‍ നല്‍കുന്നതെന്നും ലിന്‍ഡ്സെ പറഞ്ഞു.

കടുത്ത വിമര്‍ശനങ്ങളുള്ളപ്പോഴും ഇന്ത്യയും ചൈനയുമാണ് റഷ്യയുടെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാര്‍. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ റഷ്യന്‍ എണ്ണയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയതോടെയാണ് ഇന്ത്യക്കും ചൈനയ്ക്കും വിലക്കിഴിവ് പ്രഖ്യാപിച്ചത്. ചെറിയ ഇടപാടുകളായിട്ടും ബ്രസീലിനും മോസ്‌കോ ഇളവുകള്‍ നല്‍കുന്നുണ്ട്.

റഷ്യന്‍ എണ്ണയുടെ കാര്യത്തില്‍ വൈറ്റ്ഹൗസ് ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ലെങ്കിലും ട്രംപിന്റെ അടുത്ത വിദേശനയത്തിന്റെ പ്രതിഫലനം ഏത് രീതിയിലാകുമെന്നതിന് സൂചന നല്‍കുന്നതാണ് ലിന്‍ഡ്സെയുടെ വാക്കുകളെന്നാണ് വിലയിരുത്തുന്നത്. ലോകത്ത് വേഗത്തില്‍ വളരുന്ന സമ്പദ്രംഗമെന്ന നിലയില്‍ അമേരിക്കന്‍ നിയന്ത്രണങ്ങള്‍ ഇന്ത്യയെ ബാധിക്കാന്‍ സാധ്യതയുണ്ട്.

എണ്ണയില്‍ ഇന്ത്യന്‍ തന്ത്രം

ആഗോള തലത്തില്‍ എണ്ണ ഉപഭോഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഉപയോഗത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ് രാജ്യം. എണ്ണ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതില്‍ ഇന്ത്യയുടെ പങ്ക് വളരെ വലുതാണ്. ഒന്നാംസ്ഥാനത്തുള്ള ചൈനയില്‍ പോലും ഡിമാന്‍ഡ് കുറഞ്ഞു നില്‍ക്കുമ്പോഴാണ് ഇന്ത്യയുടെ വളര്‍ച്ചയെന്നത് ശ്രദ്ധേയമാണ്.

മുമ്പ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നായിരുന്നു ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങിയിരുന്നത്. എന്നാല്‍ അക്കാലം മാറി. ഇപ്പോള്‍ റഷ്യയാണ് ഇന്ത്യയ്ക്ക് കൂടുതല്‍ എണ്ണ വില്ക്കുന്നത്. അതും ഡിസ്‌കൗണ്ട് നിരക്കില്‍. ഉക്രെയ്ന്‍ അധിനിവേശത്തിനെതിരേ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം വന്നപ്പോള്‍ റഷ്യയെ രക്ഷിച്ചതും ഇന്ത്യയുടെ ഈ വാങ്ങലായിരുന്നു.

റഷ്യയെ സാമ്പത്തികമായി വരിഞ്ഞു മുറുക്കാനുള്ള നീക്കങ്ങളാണ് നാറ്റോയും യു.എസും നടത്തുന്നത്. ഇതിന്റെ ഭാഗമായി കൂടുതല്‍ ഉപരോധം റഷ്യക്കുമേല്‍ ചുമത്താന്‍ ശ്രമിക്കുകയുമാണ്. റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കുമേല്‍ കനത്ത ഉപരോധം ഏര്‍പ്പെടുത്തുമെന്ന ഭീഷണിയാണ് നാറ്റോയില്‍ നിന്നുള്ളത്. അതേസമയം ആരുടെയും ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

ഇന്ത്യയുടെ ആത്മവിശ്വാസത്തിന് പിന്നില്‍

ഡൊണള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നശേഷം റഷ്യന്‍ എണ്ണയ്ക്കും ഇത് കൊണ്ടുപോകുന്ന കപ്പലുകള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണയുടെ വിഹിതം കൂടിയതല്ലാതെ കുറഞ്ഞില്ല. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 35 ശതമാനവും റഷ്യയില്‍ നിന്നാണ്. ഇറാഖ്, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളാണ് ലിസ്റ്റില്‍ പിന്നാലെയുള്ളത്.

മുമ്പ് പത്തില്‍ താഴെ രാജ്യങ്ങളെയായിരുന്നു എണ്ണയ്ക്കായി ഇന്ത്യ ആശ്രയിച്ചിരുന്നത്. സ്വഭാവികമായും എണ്ണ ലഭ്യതയിലുള്ള കുറവ് ഇന്ത്യയ്ക്ക് ആശങ്ക സൃഷ്ടിച്ചിരുന്നു. 2020 ആയപ്പോഴേക്കും ഇന്ത്യ എണ്ണ വാങ്ങുന്ന രാജ്യങ്ങളുടെ എണ്ണം 27 ആയി ഉയര്‍ന്നു. നിലവില്‍ 40 രാജ്യങ്ങളില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. ഗയാന, ബ്രസീല്‍ തുടങ്ങി പുതിയ വിപണികളിലേക്ക് എണ്ണയ്ക്കായി എത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചു.

വെല്ലുവിളിച്ച് ഇന്ത്യ

നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടി കഴിഞ്ഞ ദിവസം ഇന്ത്യയെ പേരെടുത്ത് പരാമര്‍ശിക്കാതെ ഒരു മുന്നറിയിപ്പ് നല്കിയിരുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നായിരുന്നു അത്. ഇതിന് മറുപടിയായി എവിടെ നിന്ന് എണ്ണ വാങ്ങുമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം പ്രസ്താവനയിറക്കുകയും ചെയ്തിരുന്നു.

കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് പുരിയും എണ്ണവാങ്ങലില്‍ ഇന്ത്യന്‍ നയം വ്യക്തമാക്കിയിട്ടുണ്ട്. കുറഞ്ഞ വിലയ്ക്ക് എവിടെ നിന്ന് എണ്ണ കിട്ടുമോ അവിടെ നിന്ന് വാങ്ങുമെന്നും അതിന് ആരുടെയും അഭിപ്രായം പരിഗണിക്കില്ലെന്നുമായിരുന്നു പുരി അഭിപ്രായപ്പെട്ടത്. ഈ വര്‍ഷം ഇന്ത്യയുടെ റഷ്യന്‍ എണ്ണ വാങ്ങല്‍ വര്‍ധിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനികളായ റിലയന്‍സും നയാരയും അവരുടെ വാങ്ങലിന്റെ 50 ശതമാനത്തിലേറെയും റഷ്യയില്‍ നിന്നാണ്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam