എട്ട് വര്‍ഷമായി വ്യാജ എംബസിയും ആഡംബര കെട്ടിടവും; ലോകത്ത് ആരും അംഗീകരിക്കാത്ത 'വെസ്റ്റ് ആര്‍ക്ട്ടിക്ക'യുടെ 'അംബാസഡര്‍' പിടിയില്‍

JULY 23, 2025, 9:48 AM

ന്യൂഡല്‍ഹി: ലോകത്ത് ഒരു രാജ്യവും അംഗീകരിച്ചിട്ടില്ലാത്ത 'വെസ്റ്റ് ആര്‍ക്ടിക്ക' എന്ന രാജ്യത്തിന്റെ പേരില്‍ എംബസി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ എട്ട് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന വ്യാജ എംബസിയുടെ 'അംബാസഡറെ' യുപി സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് പിടികൂടി. വെസ്റ്റ് ആര്‍ക്ടിക്കയുടെ 'ബാരണ്‍' എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഹര്‍ഷവര്‍ധന്‍ ജെയിന്‍ ആണ് പിടിയിലായത്. 

വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതാണ് ഇയാള്‍ക്കെതിരെയുള്ള പ്രധാന കുറ്റം. എംബസി കെട്ടിടവളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന വ്യാജ നയതന്ത്ര നമ്പര്‍ പ്ലേറ്റുകള്‍ ഉള്ള ആഡംബര കാറുകള്‍ എസ്ടിഎഫ് കസ്റ്റഡിയിലെടുത്തു. ഓഫിസില്‍ നിന്ന് വ്യാജ പാസ്‌പോര്‍ട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കം ഈ ശൃംഖലയുടെ ഭാഗമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇരുനില കെട്ടിടം വാടകയ്ക്ക് എടുത്താണ് ജെയിന്‍ എംബസി നടത്തിയിരുന്നത്. ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത നേടുന്നതിനായി രാഷ്ട്രപതി, പ്രധാനമന്ത്രി, മറ്റ് പ്രമുഖര്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന മോര്‍ഫ് ചെയ്ത ചിത്രങ്ങളും ജെയിന്‍ ഉപയോഗിച്ചിരുന്നു. നിയമവിരുദ്ധമായി സാറ്റലൈറ്റ് ഫോണ്‍ കൈവശം വച്ചതിന് 2011 ല്‍ ജെയിനിനെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കുറച്ച് ദിവസം മുന്‍പ്, വെസ്റ്റ് ആര്‍ക്ടിക്ക എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡില്‍, ന്യൂഡല്‍ഹിയിലെ കോണ്‍സുലേറ്റ് ജനറലിന്റെ ഫോട്ടോകള്‍ എന്ന പേരില്‍ ജെയിനിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നെന്നും എസ്ടിഎഫ് സംഘം പറയുന്നു.

യുഎസ് നാവികസേനയിലെ ഉദ്യോഗസ്ഥനായിരുന്ന ട്രാവിസ് മക്ഹെന്റി 2001 ലാണ് 'വെസ്റ്റ് ആര്‍ക്ടിക്ക'എന്ന രാജ്യം സ്ഥാപിച്ചത്. രാജ്യത്തിന്റെ ഗ്രാന്‍ഡ് ഡ്യൂക്കായി ട്രാവിസ് സ്വയം പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. അന്റാര്‍ട്ടിക്കയില്‍ സ്ഥിതി ചെയ്യുന്നുവെന്ന് പറയപ്പെടുന്ന വെസ്റ്റ് ആര്‍ക്ടിക്കയുടെ വിസ്തീര്‍ണ്ണം 6,20,000 ചതുരശ്ര മൈല്‍ ആണെന്നാണ് മക്ഹെന്റി അവകാശപ്പെടുന്നത്. രാജ്യത്ത് 2,356 പൗരന്മാരുണ്ടെന്നും ഇയാള്‍ പറയുന്നു. സ്വന്തമായി ഒരു പതാകയും കറന്‍സിയും ഉണ്ടെങ്കിലും ലോകത്ത് ഒരു രാജ്യവും ഈ രാജ്യത്തെ അംഗീകരിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam