2012 മാർച്ച് 17 ന് തിരഞ്ഞെടുപ്പ് നടക്കുകയും 2012 മാർച്ച് 21ന് ഫലം പ്രഖ്യാപിക്കുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പിൽ 12,071 വോട്ടുകളുടെ ഗണ്യമായ ഭൂരിപക്ഷത്തിന് അനൂപ് ജേക്കബ് വിജയിച്ചു. 2012 മാർച്ച് 22ന് അദ്ദേഹം എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തു. 2012 ഏപ്രിൽ 12ന് പിതാവ് കൈകാര്യം ചെയ്തിരുന്ന ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പിന്റെ തന്നെ മന്ത്രിയുമായി. ഒപ്പം മഞ്ഞളാംകുഴി അലിയും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ടി.എം. ജേക്കബിന്റെ മരണം ഉമ്മൻചാണ്ടി സർക്കാരിനെ വല്ലാതെ വിഷമിപ്പിച്ചു. കാരണം ഭരണകക്ഷിയുടെ ഭൂരിപക്ഷം രണ്ടിൽ നിന്നും ഒന്നായി ചുരുങ്ങി. എങ്ങിനേയും പിറവത്തെ ഉപതെരഞ്ഞടുപ്പിൽ ജയിച്ചേ പറ്റൂ. ജേക്കബിന്റെ ഭാര്യ ഡെയിസിയെ മത്സരിപ്പിക്കാൻ ഒരാലോചന നടന്നെങ്കിലും ഡെയിസി അതിനു വഴങ്ങിയില്ല. മകൻ അനൂപ് മത്സരിച്ചോട്ടെ എന്നാണ് അവർ പറഞ്ഞത്. അങ്ങിനെ പിറവത്ത് യു.ഡി.എഫിന്റെ സ്ഥാനാർത്ഥി അനൂബ് ജേക്കബായി. എൽ.ഡി.എഫ് സ്ഥാനാർത്ഥി പഴയ എം.ജെ. ജേക്കബ് തന്നെ. കഴിഞ്ഞ പ്രാവശ്യം കേവലം 157 വോട്ടിന്റെ ഭൂരിപക്ഷം മാത്രമേ ടി.എം. ജേക്കബിനുണ്ടായിരുന്നുള്ളൂ.
2012 മാർച്ചിൽ പിറവം മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ കടുത്ത മത്സരമാണ് അരങ്ങേറിയത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ അനൂപ് ജേക്കബ് കേരള ലോ അക്കാദമിയിൽ നിന്ന് ബിരുദം നേടിയ ശേഷം കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തുവരുകയായിരുന്നു. 1994ൽ മാർ ഇവാനിയോസ് കോളേജിലെ വിദ്യാർത്ഥിയായിരിക്കെയാണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്.
അവിടെ കേരള സ്റ്റുഡന്റ്‌സ് കോൺഗ്രസ് (ജേക്കബ്) എന്ന വിദ്യാർത്ഥിപ്രസ്ഥാനത്തിൽ സജീവമായി. 1997ൽ, കോളേജ് യൂണിയൻ മാസികയായ പ്രതിഭയുടെ എഡിറ്ററായി അനൂപ് തിരഞ്ഞെടുക്കപ്പെട്ടു. ആ വർഷത്തെ ഏറ്റവും മികച്ച കോളേജ് മാഗസിനുള്ള മലയാള മനോരമ അവാർഡ് ആ മാസികയ്ക്ക് ലഭിച്ചു. 1998ൽ, മാർ ഇവാനിയോസ് കോളേജ് യൂണിയന്റെ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 2001ൽ അനൂപ് കെ.എസ്.സി (ജേക്കബ്) ന്റെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
പിറവത്ത് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനിടയിലാണ് എൽ.ഡി.എഫിന്റെ നെയ്യാറ്റിൻകര എം.എൽ.എ സെൽവരാജ് രാജി പ്രഖ്യാപിച്ചത്. അത് പ്രതിപക്ഷത്തെ ഞെട്ടിച്ചുകളഞ്ഞു. അദ്ദേഹം എം.എൽ.എ സ്ഥാനം മാത്രമല്ല സി.പി.എമ്മിൽ നിന്നുതന്നെ രാജിവച്ചു. കുറെ നാളുകളായി ആനാവൂർ നാഗപ്പനുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു സെൽവരാജ്. താഴേതട്ടുമുതൽ ജില്ലാതലം വരെയുള്ള സി.പി.എമ്മിന്റെ സമ്മേളനങ്ങളിൽ നിത്യേന അദ്ദേഹം വിമർശനത്തിന് വിധേയനായിക്കൊണ്ടിരുന്നു. അതിന്റെയൊക്കെ പരിണിത ഫലമാണ് അവസരോചിതമായ ഈ രാജി.
2012 മാർച്ച് 17ന് തിരഞ്ഞെടുപ്പ് നടക്കുകയും 2012 മാർച്ച് 21 ന് ഫലം പ്രഖ്യാപിക്കുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പിൽ 12,071 വോട്ടുകളുടെ ഗണ്യമായ ഭൂരിപക്ഷത്തിന് അനൂപ് ജേക്കബ് വിജയിച്ചു. 2012 മാർച്ച് 22ന് അദ്ദേഹം എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തു. 2012 ഏപ്രിൽ 12ന് പിതാവ് കൈകാര്യം ചെയ്തിരുന്ന ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പിന്റെ തന്നെ മന്ത്രിയുമായി. ഒപ്പം മഞ്ഞളാംകുഴി അലിയും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ഏതാണ്ട് മൂന്നുമാസം കഴിഞ്ഞ്, ജൂൺ 15ന് നെയ്യാറ്റിൻകരയിൽ ഉപതിരഞ്ഞെടുപ്പു നടന്നു. ഇതിനകം കോൺഗ്രസ്സിൽ ചേർന്ന സെൽവരാജിനെത്തന്നെ ഉമ്മൻചാണ്ടി അവിടെ സ്ഥാനാർഥിയാക്കി. സി.പി.എം. സ്വതന്ത്രൻ എഫ്. ലോറൻസായിരുന്നു എതിരാളി. അവിടേയും കടുത്ത മത്സരം. 6334 വോട്ടിന് സെൽവരാജ് ജയിച്ചു. അതോടെ യു.ഡി.എഫിന്റെ ഭൂരിപക്ഷം മൂന്നായി ഉയർന്നു.
ഈ രണ്ടു തിരഞ്ഞെടുപ്പു വിജയങ്ങൾ ഉമ്മൻചാണ്ടിക്ക് വലിയ ആശ്വാസമാണ് നൽകിയത്. അദ്ദേഹം കൂടുതൽ ഊർജസ്വലനായി.
തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള ലൈവ് വെബ്കാസ്റ്റിങ് നൂറുദിന പരിപാടികളുടെ ഭാഗമായി നടപ്പാൽ വരുത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് ജനങ്ങളുടെ മുന്നിൽ മലർക്കെ തുറന്നിടുന്നതായിരുന്നു ആ പരിപാടി. അവിടെ എന്തു നടക്കുന്നു എന്ന് ജനങ്ങൾക്ക് നേരിട്ടു കാണാം. ഇന്ത്യയിലാദ്യമായി കേരളത്തിലാണ് ഇതു പരീക്ഷിച്ചത്. സുതാര്യതയായിരുന്നു ലക്ഷ്യം.
ന്യൂയോർക്ക് ടൈംസ്, വാഷിംഗ്ടൺ പോസ്റ്റ്, ഒബ്‌സർവർ തുടങ്ങിയ വിദേശപത്രങ്ങൾ വരെ അതിനെ പ്രശംസിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നടക്കുന്നത് അപ്പപ്പോൾ ജനങ്ങൾക്കു കാണാൻ കഴിയുന്ന സംവിധാനം മാത്രമായിരുന്നു വെബ്കാസ്റ്റിങ്.
'മുഖ്യമന്ത്രി വിളിപ്പുറത്ത്' എന്നതായിരുന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓഫീസിൽ ഇരുപത്തിനാലുമണിക്കൂറും പ്രവർത്തിച്ചിരുന്ന കോൾസെന്ററിന്റെ ഉദ്ദേശ്യം. ടോൾഫ്രീ നമ്പർ വഴി ലോകത്തിന്റെ ഏതു കോണിൽനിന്നും ഏതു സമയത്തും ബന്ധപ്പെടാവുന്ന ഈ സംവിധാനം ഉമ്മൻചാണ്ടിക്ക് വമ്പിച്ച ജനപിന്തുണയും പെരുമയും നേടിക്കൊടുത്തു.
അങ്ങിനെയിരിക്കെയാണ് യു.ഡി.എഫിൽ മറ്റൊരു വിവാദം ഉരുണ്ടുകൂടിയത്. മുസ്ലീംലീഗ് അഞ്ചാമതൊരു മന്ത്രിസ്ഥാനം കൂടി ആവശ്യപ്പെട്ടതാണ് പ്രശ്‌നം. എന്നാൽ അതിന്റെ സത്യാവസ്ഥ മനസിലാക്കാതെയാണ് പലരും ബഹളം കൂട്ടിയതെന്നാണ് ഉമ്മൻചാണ്ടി പറയുന്നത്. മാധ്യമങ്ങളും തത്പരകക്ഷികളും അതേറ്റുപിടിച്ചെന്നും അദ്ദേഹത്തിന് പരാതിയുണ്ടായി. വൻവിവാദമായി ഉയർത്തിക്കൊണ്ടുവന്ന മുസ്ലീം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം, വാസ്തവത്തിൽ അഞ്ചാമതൊരു മന്ത്രിയെ അല്ല മുസ്ലീംലീഗ് ആവശ്യപ്പെട്ടത്. അഞ്ചാം പദവിയാണ്. അതു നേരത്തേതന്നെ ഉണ്ടായിരുന്ന ധാരണയായിരുന്നു എന്നാണ് ഉമ്മൻചാണ്ടി പറയുന്നത്.
മുൻ യു.ഡി.എഫ്. സർക്കാരിൽ നാലു മന്ത്രിസ്ഥാനങ്ങളും ചീഫ് വിപ്പ് പദവിയുമാണ് മുസ്ലീംലീഗിനുണ്ടായിരുന്നത്. ഇത്തവണയും നാലു മന്ത്രിമാരെ കൂടാതെ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് ഏതെങ്കിലുമൊന്ന് എന്നായിരുന്നു ധാരണ. സ്പീക്കർ സ്വാഭാവികമായും കോൺഗ്രസ് എടുത്തു. അത് സാമുദായികപ്രാതിനിധ്യം ഉറപ്പാക്കാൻ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും കോൺഗ്രസ് എടുക്കുകയായിരുന്നു. ചീഫ് വിപ്പ് സ്ഥാനം പി.സി. ജോർജിനായി നീക്കിവയ്‌ക്കേണ്ടി വന്നു. ആ ഒരു സാഹചര്യത്തിലാണ് മുസ്ലീംലീഗിന് അഞ്ചാം മന്ത്രിസ്ഥാനം എന്ന ആശയം വരുന്നത്.
ലീഗിന് അഞ്ചാം മന്ത്രി എന്ന വാർത്ത വലിയരീതിയിൽ ചർച്ച ചെയ്യപ്പെട്ടു. മുസ്ലീംലീഗിന്റെ സമ്മർദത്തിന് കോൺഗ്രസ് വഴങ്ങുന്നു. മുസ്ലീംലീഗാണ് കോൺഗ്രസിനെ ഭരിക്കുന്നത് എന്നിങ്ങനെ പലരീതിയിലുള്ള പരിഹാസങ്ങൾ ഉണ്ടായി. ജാതിരാഷ്ടീയം പറഞ്ഞ് സമൂഹീക വിടവ് സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പായിരുന്നു പ്രതിപക്ഷത്തിന്റെ ലക്ഷ്യം. എന്നാൽ യു.ഡി.എഫ് മുൻ ധാരണപ്രകാരം മഞ്ഞളാംകുഴി അലിയെ മന്ത്രിയാക്കി.
(തുടരും)
ജോഷി ജോർജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1