മലയാള മനോരമ ബാലജനസഖ്യം, കെ.എസ്.യു, യൂത്ത് കോൺഗ്രസ്സ് എന്നിവയിലൂടെ സാമൂഹ്യരാഷ്ട്രീയ പ്രവർത്തനങ്ങളുടെ മേഖലയിൽ ഉയരങ്ങളെ പ്രാപിച്ചയാളാണ് ഉമ്മൻചാണ്ടി. കോൺഗ്രസ്സിന് നിരവധി നേതാക്കളെ സംഭാവന ചെയ്ത ഒരണ സമരത്തിലൂടെയായിരുന്നു ഉമ്മൻചാണ്ടിയുടേയും അരങ്ങേറ്റം. ഇപ്പോഴിതാ നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയിരിക്കുന്നു.
ഓഗസ്റ്റ്, 2020. മഹാമാരിയായെത്തിയ കൊവിഡും പ്രകൃതിക്ഷോഭങ്ങളും തകർത്ത കേരളം. പിണറായി വിജയൻ നയിക്കുന്ന ഇടതുജനാധിപത്യമുന്നണി ഗവൺമെന്റിന്റെ നാലാമത്തെ വർഷം. ജനതയും സംസ്ഥാന ഭരണകൂടവും പ്രതിസന്ധികളിൽപ്പെടുന്ന അവസരങ്ങളിലൊഴികെ, മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ വിമുഖനായിരുന്ന മുഖ്യമന്ത്രി മൂന്നു മാസത്തിലേറെയായി ദിവസേനയെന്നോണം മാധ്യമങ്ങൾ മുഖാന്തരം ജനങ്ങളുടെ മുൻപാകെ പ്രത്യക്ഷപ്പെടുന്നു. ഓരോ ദിവസവും ഉൽക്കണ്ഠയോടെയും ആകാംക്ഷയോടെയും ജനം മുഖ്യമന്ത്രിക്കു പറയാനുള്ളത് കേൾക്കാൻ കാതുകൂർപ്പിക്കുന്നു. അങ്ങിനെയിരിക്കെ കേരളത്തിലെ ഒരു പ്രമുഖ ചാനൽ ഒരു തുടർഭരണം പ്രവചിക്കുന്നു.
വൈകാതെ ഗവൺമെന്റിനെതിരേയും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേയും നിരവധി ആരോപണങ്ങൾ ഉയരുന്നു. ഡാറ്റാ വിവാദം, സ്വർണ്ണ കള്ളക്കടത്ത്, സെക്രട്ടേറിയറ്റ് തീപ്പിടുത്തം, ബംഗ്ലൂരിലെ മയക്കുമരുന്നു വേട്ട, പ്രോട്ടോക്കോൾ ലംഘിച്ച് ഖുർആൻ എത്തിച്ചത് അങ്ങനെ അനവധി ആക്ഷേപങ്ങൾ അന്തരീക്ഷം ശബ്ദായമാനമാക്കുന്നു. മാധ്യമങ്ങളൊന്നടങ്കവും പ്രതിപക്ഷവും ലിബറൽ ബുദ്ധിജീവികളും സർക്കാരിനേയും മുഖ്യമന്ത്രിയേയും പ്രതിക്കൂട്ടിൽ നിർത്തുന്നു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിത്യേനയെന്നോണം പുതിയ പുതിയ ആരോപണങ്ങളുമായി മാധ്യമസമ്മേളനം നടത്തി വിയർക്കുന്നു. ഒരുവേള തുടർഭരണം പോലും പ്രതീക്ഷിച്ചവർ ''തീർന്നു കഥയെന്ന് വിധിയെഴുതിക്കൂടേ'' എന്നു ചോദ്യമുയർത്തുന്നു. സമരങ്ങൾ തെരുവുകളെ മുദ്രാവാക്യമുഖരിതവും സംഘർഷപൂരിതവുമാക്കുന്നു. രക്തവും പോസ്റ്റർ പെയിന്റും കറുത്ത പാതകളെ വല്ലാതെ ചുവപ്പിക്കുന്നുണ്ട്.
ഇങ്ങനെ കേരളരാഷ്ട്രീയം ഒരു പിരിമുറുക്കത്തിലമർന്നൊരു സന്ദർഭത്തിലാണ് താരശോഭയോടെ മാധ്യമലോകത്ത് വീണ്ടും ഉമ്മൻചാണ്ടി എന്ന നേതാവ് പ്രത്യക്ഷപ്പെടുന്നത്. അതുതികച്ചും യാദൃച്ഛികം. നിമിത്തമായത് അദ്ദേഹത്തിന്റെ നിയസഭാ സാമാജികത്വത്തിന്റെ സുവർണ്ണജൂബിലിയും. 2020ൽ ഉമ്മൻചാണ്ടിക്ക് അമ്പതിന്റെ സുവർണ്ണകാന്തി. ശോഭ പകർന്നതാകട്ടെ, തുടർച്ചയായി അരനൂറ്റാണ്ടു കാലം കോട്ടയം ജില്ലയിലെ പുതുപ്പള്ളി എന്ന മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലിരുന്ന് റെക്കോർഡിട്ടും. തീർച്ചയായും പാലാക്കാരുടെ കെ.എം. മാണിക്കു പുറമേ മറ്റാർക്കും അവകാശപ്പെടാൻ കഴിയാത്ത നേട്ടം. പാലാ മണ്ഡലം നിലവിൽ വന്നതിനുശേഷം മരിക്കുംവരെ കെ.എം. മാണി പാലായേയും പാലാക്കാർ മാണിയേയും കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിച്ചിട്ടുണ്ട്.
പ്രതിപക്ഷനേതാവെന്ന നിലയിൽ ചെന്നിത്തല സഭയ്ക്കകത്തും പുറത്തും തിളങ്ങിനിൽക്കുകയും അദ്ദേഹത്തിൽ 'ഭാവി മുഖ്യമന്ത്രി'യെ സ്വന്തം ഗ്രൂപ്പുകാരും ഗ്രൂപ്പിനതീതമായി മറ്റു ചിലരും ദർശിക്കുകയും ചെയ്ത സന്ദർഭത്തിലാണ് ചാണ്ടിയുടെ നിയമസഭാംഗത്വാഘോഷമെന്നത് ശ്രദ്ധേയമാണ്. മറ്റൊരു സംസ്ഥാനത്തിന്റെ ചുമതല ഏറ്റ ശേഷം അവിടത്തെ കാര്യങ്ങളിൽ മുഴുകിയിരിക്കുകയായിരുന്നു ഉമ്മൻചാണ്ടി.
നിയമസഭാ സുവർണ്ണജൂബിലി എന്ന അവസരം മുൻനിർത്തി ഉജ്ജ്വലമായ ഒരു തിരിച്ചുവരവിനാണ് അദ്ദേഹം തുടക്കം കുറിച്ചിരിക്കുന്നത്. അതോടൊപ്പം കോൺഗ്രസ്സ് പ്രവർത്തകസമിതി അംഗമായുള്ള നിയമനവും ചാണ്ടിയുടെ തിരിച്ചുവരവിനു മാറ്റ് വർദ്ധിപ്പിച്ചിട്ടുണ്ട്. അതോടെ നേതൃ വടംവലിയിൽ രമേശ് ചെന്നിത്തലയെ അതിവേഗം ബഹുദൂരം പിറകിലാക്കാനും അദ്ദേഹത്തിനു സാധിച്ചിരിക്കുന്നുവെന്നുവേണം പറയാൻ. പുതുപ്പള്ളിക്കാരെപ്പോലെ മാധ്യമങ്ങൾക്ക് ഇത്രയേറെ പ്രിയങ്കരനായ മറ്റൊരു നേതാവില്ലെന്നതും എടുത്തുപറയേണ്ട വസ്തുതയാണ്.
ഇമ്മട്ടിലൊരു സ്വീകാര്യത കോൺഗ്രസ്സ് പാർട്ടിയുടെ ദേശീയ നേതാക്കൾക്കുപോലും ലഭിച്ചിട്ടില്ലെന്നതും കാണേണ്ടതാണ്. ഏതു വലിയ പ്രതിസന്ധിഘട്ടത്തിലും അക്ഷോഭ്യനായും സമചിത്തതയോടെയും നിലകൊള്ളാൻ കഴിവുള്ള ചാണ്ടിയെ കേരളത്തിലെങ്കിലുമൊരു തിരിച്ചുവരവിനു ശ്രമിക്കുന്ന കോൺഗ്രസ്സ് പ്രസ്ഥാനം ആശ്രയിക്കുന്നതിൽ അദ്ഭുതമൊന്നുമില്ല. എത്ര വലിയ വിമർശനങ്ങളോടും സൗമനസ്യത്തോടെ പ്രതികരിക്കുന്ന അദ്ദേഹത്തിന്റെ പതിവും ആർക്കും എപ്പോഴും ആശ്രയമേകുന്ന ശീലവും ജനപ്രിയതയുമാണ് ഉമ്മൻ ചാണ്ടി എന്ന നേതാവിനെ വ്യത്യസ്തനാക്കുന്നത്.
മനോരമ ബാലജനസഖ്യം, കെ.എസ്.യു, യൂത്ത് കോൺഗ്രസ്സ് എന്നിവയിലൂടെ സാമൂഹ്യരാഷ്ട്രീയ പ്രവർത്തനങ്ങളുടെ മേഖലയിൽ ഉയരങ്ങളെ പ്രാപിച്ചയാളാണ് ഉമ്മൻചാണ്ടി. കോൺഗ്രസ്സിന് നിരവധി നേതാക്കളെ സംഭാവന ചെയ്ത ഒരണ സമരത്തിലൂടെയായിരുന്നു ഉമ്മൻചാണ്ടിയുടേയും അരങ്ങേറ്റം. സമരം നടക്കുമ്പോൾ സെയിന്റ് ജോർജ് ഹൈസ്‌കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായിരുന്നു അദ്ദേഹം. തുടർന്ന് 1962-1963 കാലത്ത് കെ.എസ്.യു ജില്ലാ സെക്രട്ടറിയായ ഉമ്മൻചാണ്ടി 1964ൽ സംസ്ഥാന ജനറൽ സെക്രട്ടറിയുമായി.
തുടർന്ന് 1967ൽ എ.കെ. ആന്റണിക്ക് പകരക്കാരനായി കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷ പദവിയിൽ അവരോധിക്കപ്പെട്ടു. തുടർന്ന് രണ്ടു വർഷത്തിനുശേഷം സംസ്ഥാന യൂത്ത് കോൺഗ്രസ്സിന്റെ തലപ്പത്തെത്തി. ചാണ്ടിയുടെ ശൈലിപോലെ അനന്യത അവകാശപ്പെടാൻ കഴിയുന്ന ഒന്നാണ് അദ്ദേഹത്തിന്റെ പേരും. ''അങ്ങനെയൊരു പേര് വേറൊരാൾക്കും ഇല്ലാതെ പോയതാണ്'' കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ പേര് ഉയർന്നുവരാൻ കാരണമായത് എന്ന് പാർട്ടിക്കുള്ളിലെ എതിരാളികൾ രഹസ്യമായി ആക്ഷേപിച്ചു കേട്ടിട്ടുണ്ട്.
1970ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ ഇടതുമുന്നണി സ്ഥാനാർത്ഥി ഇ.എം. ജോർജിനെ പരാജയപ്പെടുത്തി സംസ്ഥാന നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. കന്നിമത്സരത്തിൽ കോൺഗ്രസ്സ് നേതൃത്വത്തിന് രണ്ടുവട്ടം പുതുപ്പള്ളിയിൽനിന്നും വിജയിച്ച സി.പി.എം സ്ഥാനാർത്ഥിയെ തോൽപ്പിക്കാനാകുമെന്ന് പ്രതീക്ഷയില്ലായിരുന്നു. ''രണ്ടാം സ്ഥാനത്തു വന്നാലും ജയിച്ചതായി തങ്ങൾ കണക്കുകൂട്ടും'' കോൺഗ്രസ്സ് നേതാവ് പ്രൊഫ. കെ.എം. ചാണ്ടി പറഞ്ഞതിങ്ങനെ. എന്നാൽ, എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഉമ്മൻചാണ്ടി എതിരാളിയെ മലർത്തിയടിച്ചു. ഏഴായിരത്തിലധികം വോട്ടുകൾക്ക് ഉമ്മൻചാണ്ടി വിജയിച്ചു. പിന്നെ ആ മനുഷ്യന് തിരിഞ്ഞുനോക്കേണ്ടതായി വന്നിട്ടില്ല.
ഏറെ ആവേശത്തോടെയാണ് ഉമ്മൻചാണ്ടിയുടെ സുവർണ നിയമസഭാ വർഷങ്ങൾ കൊറോണക്കാലമായിരുന്നിട്ടും ആഘോഷിക്കാൻ തീരുമാനിച്ചത്.
തിരഞ്ഞെടുത്ത സ്ഥലം കോട്ടയമായിരുന്നു. സുവർണ ജൂബിലിയുടെ തലേന്ന് ഉമ്മൻചാണ്ടിക്ക് ആശംസ നേരാനെത്തിയവരുടെ തിരക്കായിരുന്നു രാവിലെ മുതൽ ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ തൊണ്ട ശരിയല്ലെങ്കിലും പതിഞ്ഞ ശബ്ദത്തിൽ എല്ലാവരെയും സ്‌നേഹപൂർവം അദ്ദേഹം സ്വീകരിച്ചു, വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. മുൻ മന്ത്രി വി.എസ്. ശിവകുമാർ ഷാൾ അണിയിച്ച് ആദരിച്ചപ്പോൾ ക്രൂശിത ക്രിസ്തുരൂപം അദ്ദേഹത്തിന്റെ ഭാര്യ ഉപഹാരമായി നൽകി. പന്തളത്തു പത്താം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ക്ലാസിൽ നിന്നു വിളിച്ചിറക്കിക്കൊണ്ടു പോയ ആളാണിതെന്നു പറഞ്ഞാണു പന്തളം സുധാകരൻ ഉമ്മൻചാണ്ടിയെ ഷാൾ അണിയിച്ചത്. ഗുരുസ്ഥാനത്താണു കാണുന്നതെന്നു പറഞ്ഞ് അദ്ദേഹം കാൽ തൊട്ടു വന്ദിച്ചു. ഇടയ്ക്ക് ബൊക്കെയുമായി എത്തിയ ഒരു പ്രവർത്തകൻ ഉമ്മൻചാണ്ടിയെ കെട്ടിപ്പിടിച്ചു സ്‌നേഹം പ്രകടിപ്പിച്ചു.
ഉച്ചയോടെ വീട്ടിൽ പ്രത്യേക പ്രാർഥന. അതു കഴിഞ്ഞപ്പോൾ ഒരു ഉദ്ഘാടനച്ചടങ്ങ്. സന്ദർശകരുടെ ഒഴുക്കു മൂലം ഊണു കഴിക്കാതിരുന്ന ഉമ്മൻചാണ്ടി, സി.പി.ഐ ഓഫിസിനു മുന്നിലെ സമരപ്പന്തലിലേക്കു പോകാൻ ഇറങ്ങിയപ്പോൾ ഊണു കഴിഞ്ഞിട്ടാവാം എന്നു പറഞ്ഞു മകൻ ചാണ്ടി ഉമ്മൻ തടഞ്ഞു. ആദ്യം വഴങ്ങിയില്ല. ഒടുവിൽ മകന്റെ കൽപനയ്ക്കു കീഴടങ്ങി.
ഇതിനിടെ എത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉമ്മൻചാണ്ടി സമരപ്പന്തലിൽ നിന്നു മടങ്ങിയെത്തും വരെ കാത്തിരുന്നു. കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളടക്കം ആശംസ നേരാൻ വന്നു കൊണ്ടേയിരുന്നു. ഇടയ്ക്കു കേക്ക് വിതരണം നടക്കുന്നുമുണ്ട്.
അങ്ങിനെ 50 സംവത്സരക്കാലം നിയമസഭാംഗമായിരുന്നതിന്റെ വാർഷീകാഘോഷം 2020 സെപ്തംബർ 17ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിലാണ് നടക്കുകയാണ്. വൈകീട്ട് അഞ്ചിന് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. ഉമ്മൻചാണ്ടിയുടെ അധ്യാപകൻ സ്‌ക്കറിയാ തൊമ്മി പറപ്പള്ളി, ശിവരാമൻ എന്നിവർ പ്രത്യേക ക്ഷണിതാക്കളായിരുന്നു.
കൊറോണക്കാലമായതിനാൽ ക്ഷണിക്കപ്പെട്ട 50 പേർ മാത്രമാണ് നേരിട്ട് പങ്കെടുത്തത്. മറ്റുള്ളവർ വീഡിയോ കോൺഫറൻസ് വഴി ചേരുകയായിരുന്നു. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും അന്നേദിവസം രാവിലെ തന്നെ ഉമ്മൻചാണ്ടി പര്യടനം നടത്തിയിരുന്നു. അതിനായി തലേദിവസം തന്നെ കുടുംബസമേതം പുതുപ്പള്ളിയിലെത്തിയിരുന്നു.
ഉമ്മൻചാണ്ടി നിയമസഭാംഗമായി 50 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി മൈ സ്റ്റാംപ് പദ്ധതിയിൽ തയാറാക്കിയ തപാൽ സ്റ്റാപ് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി പ്രകാശനം ചെയ്തു.
എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. വേണുഗോപാൽ, എൻ.കെ. പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ബെന്നി ബഹനാൻ, എം.കെ. രാഘവൻ എന്നിവർ ചേർന്നു പ്രകാശനം ചെയ്തു. അഞ്ചു രൂപയുടെ സ്റ്റാംപാണ് ഇറക്കിയത്.
(തുടരും)
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1