'ആ നിലവിളി ശബ്ദ'മിട്ടുവരുന്ന വാഹനക്കരാറിലും അഴിമതിയോ?

AUGUST 28, 2025, 2:08 AM

ആംബുലൻസ് എന്ന ജീവൻരക്ഷാ വാഹനങ്ങളുടെ കരാറുകളിൽനിന്നുപോലും 250 കോടിയിലേറെ രൂപ അടിച്ചുമാറ്റിയെന്ന ആരോപണം പ്രതിപക്ഷം ഇന്ന് (ബുധൻ) പരസ്യപ്പെടുത്തിക്കഴിഞ്ഞു. എന്നാൽ അത്തരം ആരോപണങ്ങൾ ഭരണകർത്താക്കൾ അവഗണിക്കുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ കുടുക്കാൻ സ്വമേധയാ കേസെടുത്തുകൊണ്ട് ക്രൈംബ്രാഞ്ച്, മുഖ്യമന്ത്രിയുടെ ഇന്നത്തെ വാർത്താസമ്മേളനത്തിന്റെ ലക്ഷ്യം നിറവേറ്റിക്കഴിഞ്ഞിട്ടുണ്ട്.

തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിക്കെതിരെ കുറ്റപത്രമുണ്ടായിട്ടും ചെറുവിരലനക്കാത്ത ഭരണകൂടത്തിന്റെ ഏറ്റവും പുതിയ കോമഡിയാണിത്. ക്ലിഫ് ഹൗസ് ബഡായി ബംഗ്ലാവ് മാത്രമല്ല, രാഷ്ട്രീയ എതിരാളികളെ കൈകാര്യം ചെയ്യാനുള്ള 'കുതന്ത്രഭവനം' കൂടിയായി മാറിയെന്ന് പ്രതിപക്ഷം ആരോപണമുയർത്തിക്കഴിഞ്ഞു. പ്രതിപക്ഷ നേതാവിനോട് ''നീപോടാ സതീശാ'' എന്ന് പറയുന്ന മുഖ്യനും സി.എം. പോയി ആദ്യം കണ്ണാടിയിൽ നോക്കിയാൽ കുറ്റവാളിയാരെന്ന് മനസ്സിലാകുമെന്നു പറയുന്ന പ്രതിപക്ഷ നേതാവും കേരളത്തിലെ ഓണനാളുകളിലെ രാഷ്ട്രീയ പുലികളി വേഷങ്ങളായി ചമയമിട്ടുകഴിഞ്ഞു. ഇനി എന്തൊക്കെ നടക്കുമാവോ എന്നു പറയാൻ വരട്ടെ, നമ്മുടെ രാഷ്ട്രീയമല്ലേ, ഒന്നും നടക്കില്ലെന്നു പറയുന്നതായിരിക്കും ഉചിതം.

ഐസ് കട്ടയിൽ പെയിന്റടിക്കല്ലേ

vachakam
vachakam
vachakam

ഐസ് കട്ടയിൽ പെയിന്റടിക്കുന്നതുപോലെ ഭരണകൂടം ചില ഇവന്റുകളുടെ പിന്നാലെ പരക്കംപായുകയാണ്. ഓരോ സംസ്ഥാനവും ജനങ്ങൾക്കായി എന്തുചെയ്യുന്നുവെന്നതിനേക്കാൾ, കുറേ പരസ്യങ്ങൾ നൽകി ഒരുതരം ഓളമുണ്ടാക്കിയാൽ മതിയെന്ന് നമ്മുടെ ഭരണകർത്താക്കൾ ചിന്തിക്കുന്നുണ്ടോ? സമീപകാല സംഭവവികാസങ്ങളെല്ലാം ജനങ്ങൾ നൽകുന്ന നികുതിപ്പണം എങ്ങനെ ഇവന്റുകൾക്കായി ബെല്ലും ബ്രേക്കുമില്ലാതെ ചെലവഴിക്കുന്നുവെന്നതിന് ഉദാഹരണങ്ങളാണ്.

പേപ്പട്ടി ചീറിക്കുരയ്ക്കുന്ന പൊതുവഴികളും ദിവസേന മൂന്നും നാലും റോഡപകടങ്ങൾ അരങ്ങേറുന്ന ദേശീയപാതകളും ഈ ഓണക്കാലത്തും നമ്മെ ഭയപ്പെടുത്തുന്നുണ്ട്. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ എല്ലാ റെക്കോഡുകളും ഭേദിച്ച് മുന്നേറുകയാണ്. വാതിലിന് തീയിട്ടുപോലും ഭവനഭേദനങ്ങൾ അരങ്ങേറുന്നു. റോഡിലൂടെ പട്ടാപ്പകൽ നടന്നുപോകുന്ന സ്ത്രീയെ മദ്യപിച്ച് ലക്കുകെട്ട ഒരാൾ ചവിട്ടിവീഴ്ത്തുന്നു. ഇങ്ങനെ കുറ്റകൃത്യങ്ങൾ നമ്മുടെ നാട്ടിൽ നിരന്തരം അരങ്ങേറുന്നു. അഴിമതിയുടെ പല കഥകളും ക്ലൈമാക്‌സിലെത്തിനിൽക്കുന്നു.

ഇതിനിടെ, ഒരു എം.എൽ.എ.യ്‌ക്കെതിരെ സാദാ മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഉയർത്തിക്കൊണ്ടുവരുന്ന ആരോപണത്തിന് ഇന്ന് (ബുധൻ) മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിൽ ലഭിച്ച പ്രാധാന്യം അമ്പരപ്പിക്കുന്നതായി. ഇതിനുമുമ്പ് ഭരണകക്ഷി എം.എൽ.എ.മാർക്കുനേരെ മാധ്യമങ്ങൾ ഉയർത്തിയ ആരോപണങ്ങൾക്ക് ഒരു വാക്കുകൊണ്ടുപോലും മറുപടി പറയാതിരുന്ന മുഖ്യൻ, രണ്ടര മാസങ്ങൾക്കുശേഷം വിളിച്ച പത്രസമ്മേളനത്തിൽ ധാർമികതയെക്കുറിച്ചും പൊതു പ്രവർത്തനത്തിലെ ആദർശാധിഷ്ഠിത നിലപാടിനെക്കുറിച്ചുമെല്ലാം വാചാലനായതും മാധ്യമങ്ങളെ കണക്കറ്റ് പുകഴ്ത്തിയതും കൗതുകമായിത്തോന്നി.

vachakam
vachakam
vachakam

ഈ ഓണനാളുകളിൽ പേപ്പട്ടികളുടെ പ്രശ്‌നമോ ദിവസേന അരങ്ങേറുന്ന സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളോ ചർച്ചയാകുന്നില്ല. പകരം ചില രാഷ്ട്രീയക്കാരുടെ ചീഞ്ഞളിഞ്ഞ 'ഡിംഗോൾഫിതരവഴിത്തരങ്ങൾ'' മാധ്യമങ്ങളിൽ പൊങ്ങിവരുന്നതിന് യാതൊരു കുറവുമില്ല. തെരഞ്ഞെടുപ്പുകൾക്ക്  മുമ്പായുള്ള അഴുക്ക് അലക്കിക്കളയൽ കാണുമ്പോൾ അതിനുപിന്നിലുള്ള 'രാഷ്ട്രീയത്തിലെ രാഷ്ട്രീയം' ജനങ്ങൾക്ക് മനസ്സിലാകും. ഗ്രൂപ്പുപോരും  മൂപ്പിളമത്തർക്കവും പകപോക്കലുമെല്ലാം അരങ്ങേറുന്ന രാഷ്ട്രീയ വാർത്തകളിൽനിന്ന് ഉയരുന്നത് ഒരുതരം ചീഞ്ഞ മണമാണെന്ന് എല്ലാ നേതാക്കളും മറക്കാതിരിക്കുക.

കുറ്റകൃത്യങ്ങളുടെ കുത്തൊഴുക്ക്

കേരളത്തിൽ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ കണക്ക് ഇപ്പോൾ വിവരാവകാശം വഴി ലഭിക്കില്ല. അതുകൊണ്ടുതന്നെ പത്രവാർത്തകളെ ആശ്രയിക്കാനേ നമുക്ക് കഴിയൂ. ഭരണകൂടവും കോടതികളും കുറ്റവാളികളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിനെ ആശ്രയിച്ചാണ് ഒരു സമൂഹത്തിന്റെ സാംസ്‌ക്കാരികവും ക്രമസമാധാനപാലനവും വിലയിരുത്തപ്പെടുകയെന്ന് ഓർമിക്കേണ്ടതുണ്ട്.

vachakam
vachakam
vachakam

ദേശീയതലത്തിൽ ഹൈക്കോടതി ജഡ്ജിമാരുടെ കണക്കെടുക്കുമ്പോൾ, കേരളത്തിൽ ആവശ്യമുള്ളന്യായാധിപന്മാരുടെ തസ്തികകളിൽ രണ്ടുപേരുടെ കുറവേയുള്ളൂ. എന്നിട്ടും കേരളത്തിൽ 2.5 ലക്ഷം കേസുകൾ വിധികാത്തു കിടപ്പുണ്ട്. ഇതിൽ 15 കേസുകൾ മൂന്നു ദശകങ്ങളേറെ പഴക്കമുള്ളവയാണ്. 1039 കേസുകൾ 20 വർഷത്തിലേറെയും. 32209 കേസുകൾ 10 വർഷത്തിലേറെയും പഴക്കമുള്ളവയാണെന്നാണ് കണക്കുള്ളത്. ജില്ലാ കോടതികളിലും 10 വർഷത്തിലേറെ പഴക്കമുള്ള 2,16,806 കേസുകളുണ്ട്. കീഴ്‌ക്കോടതികളിലും 18.05 ലക്ഷം കേസുകൾ കെട്ടിക്കിടക്കുന്നു. ഇതിൽ 12.10 ലക്ഷവും ക്രിമിനൽ കേസുകളാണെന്നാണ് ശ്രദ്ധേയം. രാജ്യത്താകെയാകട്ടെ, 5.8 കോടി കേസുകൾ കെട്ടിക്കിടക്കുന്നു.

കേരള ഹൈക്കോടതിയിൽ മാത്രം 2024ൽ 1,00,377 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ വർഷം ജൂൺ വരെ 53,982 കേസുകളെത്തിക്കഴിഞ്ഞു. ലഹരി അക്രമ കേസുകളാണ് കെട്ടിക്കിടക്കുന്ന കേസുകളിൽ 90 ശതമാനവും. വിചാരണ വൈകുന്നതോടെ, പോക്‌സോ, മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്ക് ജാമ്യം ലഭിക്കും. ഈ പ്രതികളുടെ പ്രായക്കണക്ക് 25 -28 വയസ്സാണെന്നതും ജാമ്യം നേടിയവർ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതായും പോലീസ് വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. ജയിലുകളിൽ കുറ്റം ചെയ്യാനുള്ള സന്ദർഭങ്ങൾ ഒഴിവാക്കി, ഒരുവനെ നല്ല മനുഷ്യനാക്കുന്ന പ്രക്രിയയാണ് നടക്കേണ്ടത്. എന്നാൽ, രാജ്യാന്തര, ദേശീയ, സംസ്ഥാനതലത്തിൽ കുറ്റവാളികളുടെ 'നെറ്റ്‌വർക്ക്' രൂപപ്പെടാനാണ് തടവറ അവസരമൊരുക്കുന്നതെന്നതിന് മാധ്യമവാർത്തകൾതന്നെ സാക്ഷി.

തടവറകൾ ഹൗസ്ഫുൾ

കേരളത്തിലെ ജയിലുകളുടെ പാർപ്പിടശേഷി 7367 ആണ്. എന്നാൽ കഴിഞ്ഞമാസത്തെ കണക്കനുസരിച്ചുതന്നെ ഇപ്പോഴുള്ള തടവുകാരുടെ എണ്ണം 10375 ആണ്. 6 തടവുകാർക്ക് എട്ട് മണിക്കൂർ ഡ്യൂട്ടിയിൽ ഒരു അസിസ്റ്റന്റ് പ്രിസണർ ഓഫീസർ ഉണ്ടായിരിക്കണമെന്നാണ് ചട്ടം. 8 മണിക്കൂറുള്ള 3 ഷിഫ്റ്റിനായി മൊത്തം 5187 ജോലിക്കാരാണ് വേണ്ടത്. അനുപാതക്കണക്കനുസരിച്ച് (3:1) 1729 തസ്തികകളെന്ന് രേഖകളിലുണ്ട്. എന്നാൽ ആകെ 1284 അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരും 447 ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരുമേ ഇപ്പോഴത്തെ കണക്കിലുള്ളൂ. 50 ഏ.പി.ഒ.മാരുടെയും തസ്തികകളിൽ നിയമനം നടന്നിട്ടില്ല. 4 സെൻട്രൽ ജയിലുകളും മൂന്നുവീതം വനിതാ ജയിലുകളും തുറന്ന ജയിലുകളുമാണ് സംസ്ഥാനത്തുള്ളത്. ജയിൽ ഉപദേശക സമിതി സ്ഥിരമായി തവണവച്ച് ഓരോ ജയിലുകളിലും യോഗം ചേരണമെന്നുണ്ട്. നടക്കാറില്ലെന്നുമാത്രം. 5 വർഷത്തിൽ കൂടുതൽ ഒരേ തസ്തികയിൽ, ഒരേ ജയിലിൽ ഉദ്യോഗസ്ഥർക്ക് തുടരാൻ അനുമതിയില്ലെങ്കിലും അതെല്ലാം എഴുതിവച്ച നിയമങ്ങളിൽ ഒതുങ്ങുകയാണ്.

തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും ജയിലുകളിൽ സൂപ്രണ്ടുമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. 19-6-25ന് മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് പുതിയ നിയമനങ്ങൾക്കായി ഫയൽ സമർപ്പിച്ചുവെങ്കിലും അനക്കമില്ല. എറണാകുളം, തൃശൂർ, കോട്ടയം ജില്ലകളിൽനിന്ന് 30ൽ ഏറെ കേസുകളുള്ള 88 ഗുണ്ടകൾ സംസ്ഥാനത്തെ ജയിലുകളിലുണ്ടെന്നാണ് പോലീസ് രേഖ.

ജയിലുകളിലെ സുരക്ഷാമികവ് കാണിക്കുന്ന ഒരു വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കാന്റീനിൽ സൂക്ഷിച്ച നാലേകാൽ ലക്ഷം രൂപ ഒരു കള്ളൻ അടിച്ചുമാറ്റി ജയിൽ ചാടിയെന്ന വാർത്തയായിരുന്നു ഇത്. മിക്ക ജയിലുകളിലും മൊബൈൽ ഫോണുകളും മയക്കുമരുന്നുമെല്ലാം എത്തിക്കാൻ സുരക്ഷിതമായ സംവിധാനങ്ങളുണ്ടത്രേ. കുറ്റങ്ങൾ തടയാനും കുറ്റവാളികളെ മാനസാന്തരപ്പെടുത്താനും നമ്മുടെ തടവറകൾക്ക് കഴിയുന്നതേയില്ല. ഭരണത്തിന്റെ തണലിൽ കഴിയുന്ന കുറ്റവാളികൾ പെരുകിയതോടെ ഉദ്യോഗസ്ഥർ ക്രിമിനലുകളുടെ കരുണയിൽ കഴിയേണ്ട അവസ്ഥയുമുണ്ട്.

12 വർഷംമുമ്പും ഒരു റിപ്പോർട്ട്

ജയിൽ സുരക്ഷയെ സംബന്ധിച്ച് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻനായരും ഡോ. ജേക്കബ് പുന്നൂസും അംഗങ്ങളായുള്ള ഒരു സമിതിയെ സർക്കാർ നിയമിച്ച വാർത്ത കണ്ടു. ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം സംബന്ധിച്ച കോലാഹലത്തിന് തടയിടാനായിരുന്നു ഈ സമിതിയെ നിയോഗിച്ചത്. എന്നാൽ 12 വർഷങ്ങൾക്കുമുമ്പ് ജയിൽ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ പഠിക്കാൻ ഒരു സമിതിയെ നിയോഗിച്ച കാര്യം എല്ലാവരും മറന്ന മട്ടാണ്. ജയിൽ ജോലിക്കാർ ഒരേ തസ്തികയിൽ 3 വർഷമേ തുടരാൻ അനുവദിക്കാവൂ എന്നും വാർഡർമാരുടെ എണ്ണം കൂട്ടണമെന്നും ജയിലിൽ ഒരു പ്രശ്‌നമുണ്ടായാൽ കൈകാര്യം ചെയ്യാവുന്ന ദ്രുത പ്രതികരണ സംവിധാനമുണ്ടാകണമെന്നും അന്നത്തെ റിപ്പോർട്ടിലുണ്ട്.

പൂജപ്പുര ജയിലിൽനിന്ന് 2 തടവു പുള്ളികൾ രക്ഷപ്പെട്ടതിനെത്തുടർന്നായിരുന്നു സമിതിയെ സർക്കാർ നിയോഗിച്ചത്. ഹോം സെക്രട്ടറി, ഡി.ജി.പി., ജയിൽ സൂപ്രണ്ട് എന്നിവർ ഉൾപ്പെട്ട മൂന്നംഗ സമിതി സമർപ്പിച്ച ഒരൊറ്റ നിർദേശംപോലും സർക്കാർ നടപ്പാക്കിയില്ല. ടി.പി. സെൻകുമാർ ജയിൽ മേധാവിയായിരിക്കേ, ജയിലുകളുടെ സുരക്ഷ ഉറപ്പാക്കാൻ 12 നിർദേശങ്ങൾ അദ്ദേഹം സർക്കാരിന് സമർപ്പിച്ചുവെങ്കിലും ആരും ചെവിക്കൊണ്ടില്ല. ചുരുക്കത്തിൽ, തടവറകളുടെ നിയന്ത്രണം രാഷ്ട്രീയ നേതാക്കൾക്കായി വിട്ടുകൊടുത്തിരിക്കുകയാണ് ഇപ്പോൾ. ഇതുമൂലം ഒരു തടവറ ലക്ഷ്യമിടുന്ന നല്ല കാര്യങ്ങളൊന്നും അവിടെ നടക്കുന്നതേയില്ല. തടവറ തടവുകാരെ തടവി സുഖിപ്പിക്കുന്ന ഇടമാകുന്നത് നല്ലതാണോ ? ഇത്തരമൊരു വേറിട്ട ചിന്ത നല്ലതാണ്.

ആന്റണി ചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam