പ്രതിനായക വേഷത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ കേരള സമൂഹത്തിനു മുന്നിൽ അവതരിപ്പിച്ച വിവാദ പരമ്പര ഇനി 'ക്ലോസ്ഡ് ചാപ്ടർ' ആണെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിരീക്ഷണം ഏറെക്കുറെ ശരിയാകാനാണ് സാധ്യത. പക്ഷേ, പേമാരി അടങ്ങി ഇടിയും മിന്നലും തുടരുന്നു. മാധ്യമങ്ങൾക്കൊപ്പം കളിക്കാനിഷ്ടപ്പെടുന്ന കാണികളായും അമ്പയർമാരായും രംഗത്തു നിരന്ന ശേഷവും നിർണ്ണായക ചോദ്യങ്ങൾക്കു മറുപടി കണ്ടെത്താൻ കഴിയാത്ത ഇച്ഛാഭംഗത്തിലാണു ജനം. ഇതിനിടെ രാഷ്ട്രീയ മാന്യതയും ധാർമികതയും തകരുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ രേഖപ്പെടുത്തിയ 'അനുശോചനം' വേറിട്ടുനിൽക്കുന്നു.
ലൈംഗികാപവാദ വിഷയത്തിൽ പ്രതിപക്ഷനേതാവ് കൈക്കൊണ്ട സമീപനത്തെ വിമർശിക്കവേ മുഖ്യമന്ത്രി പറഞ്ഞതിങ്ങനെ:' രാഷ്ട്രീയപ്രവർത്തനത്തിന് ഒരു മാന്യതയും ധാർമികതയുമുണ്ട്. അവ നഷ്ടപ്പെട്ടുപോകുന്നുവല്ലോ എന്ന മനോവ്യഥ കോൺഗ്രസിൽ പലരും പ്രകടിപ്പിച്ചുകഴിഞ്ഞു. പാർട്ടിയിലെ മുതിർന്നവരുടെ വികാരങ്ങൾ ഉൾക്കൊള്ളാതെയാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യത്തിൽ പ്രതികരണം നടത്തിയത്. രാഷ്ട്രീയത്തിനും പൊതുപ്രവർത്തകർക്കും അപമാനം വരുത്തിവെയ്ക്കുന്നതാണ് അദ്ദേഹത്തിന്റെ നിലപാട്.' താൻ നേതൃത്വം നൽകുന്ന പ്രസ്ഥാനത്തിന്റെതുൾപ്പെടെ മുഖച്ഛായ താൻ കൂടി പങ്കാളിയായ പലവിധ വിവാദങ്ങളാൽ എന്നേ വികൃതമായ നിലയിലാണെന്ന കാര്യം എന്തായാലും മുഖ്യമന്ത്രി അറിഞ്ഞതിന്റെ സൂചനകളല്ല ഇതുവരെയുള്ളത്.
കായംകുളം വാൾ പോലെ ഇരുതലമൂർച്ചയുള്ളവയാകും രാഷ്ട്രീയനേതാക്കൾക്ക് എതിരായ ആരോപണങ്ങൾ. നേരിടുന്നയാളെ മാത്രമല്ല, അവർ അംഗമായ പ്രസ്ഥാനത്തെക്കൂടി അത് പ്രതിരോധത്തിലാക്കുക സ്വാഭാവികം. ഉയരുന്നത് ലൈംഗിക ആരോപണമാണെങ്കിൽ, അത് തൊടുക്കപ്പെടുന്ന നിമിഷം മുതൽ ആരോപിതനും രാഷ്ട്രീയ പാർട്ടിയും നാണക്കേടിന്റെ ആഴക്കയത്തിലേക്കു താഴുന്നു. പൊതുപ്രവർത്തകർക്കെതിരെ അഴിമതി ആരോപണങ്ങളും ലൈംഗികാരോപണങ്ങളും പുതിയതല്ല. പലതും, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ചമയ്ക്കപ്പെടുന്ന നുണകൾ മാത്രമാണെന്ന് പിന്നീട് തെളിഞ്ഞ അനുഭവങ്ങളുമുണ്ട്. പാലക്കാട് എം.എൽ.എയും, കോൺഗ്രസിന്റെ യുവനിരയിലെ കരുത്തന്മാരിൽ ശ്രദ്ധേയനും, യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനുമായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനു നേരെ ഉയർന്ന ലൈംഗികാരോപണങ്ങളുടെ സത്യസ്ഥിതിയെക്കുറിച്ച് ആർക്കും തീർച്ചയൊന്നുമില്ല. എന്തായാലും, ആരോപണവുമായി ബന്ധപ്പെട്ട് തന്റെ പേര് പുറത്തുവന്ന് മണിക്കൂറുകൾക്കകം സംഘടനാ പദവി രാഹുൽ രാജിവച്ചു. ന്യായങ്ങൾ നിരത്തി പിടിച്ചുനിൽക്കാൻ ശ്രമിക്കാതെ പദവിയിൽ നിന്ന് മാറിനിൽക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ഉചിതമായി.
ജനസേവകരായ പൊതുപ്രവർത്തകരിൽ നിന്ന് സമൂഹം പ്രതീക്ഷിക്കുന്ന ചില ധാർമ്മികതകളും മാന്യതകളുമുണ്ട്. അത് നൂറുശതമാനം ആത്മാർത്ഥതയോടെ കൊണ്ടുനടക്കാൻ ജനപ്രതിനിധികൾ ബാദ്ധ്യസ്ഥരുമാണ്. ഇപ്പോൾ, എം.എൽ.എ സ്ഥാനത്തുനിന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെടുന്ന ഭരണപക്ഷത്തു നിന്നുതന്നെയുള്ള ജനപ്രതിനിധിയും സമാന ആരോപണം നേരിട്ടിട്ടുണ്ടെന്നത് ജനം മറന്നിട്ടില്ല. ജനപ്രതിനിധി സ്ഥാനം രാജിവയ്ക്കുന്നതിൽ ധാർമ്മികതയുടെ വിഷയം ഒരാൾക്കു മാത്രം ബാധകമാകുന്നത് എങ്ങനെയെന്ന ചോദ്യത്തിനു മറുപടി അവ്യക്തം. രാഷ്ട്രീയാടിസ്ഥാനത്തിൽ നടന്ന ഒരു തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷ ഹിതമനുസരിച്ച് കൈവരുന്ന ഒരു പദവി, അയാൾക്കു നേരെയുണ്ടാകുന്ന ഏതെങ്കിലും ആരോപണം കോടതികളിൽ തെളിയിക്കപ്പെടുന്നതിനു മുമ്പുതന്നെ ഒഴിയണമെന്ന് ശാഠ്യം പിടിക്കുന്നതു ശരിയോയെന്ന സംശയവും ബാക്കി.
രാഹുലിന് എതിരായ ലൈംഗികാരോപണങ്ങളുടെ വെടിക്കെട്ടിന് തിരി കത്തിയത് യൂട്യൂബ് ചാനലിൽ യുവനടി നടത്തിയ ഗുരുതര പരാമർശങ്ങളിൽ നിന്നാണ്. ഒരു യുവനേതാവ് തനിക്ക് ദുരുദ്ദേശ്യത്തോടെ വാട്‌സ്ആപ്പ് സന്ദേശങ്ങൾ അയയ്ക്കുന്നെന്നും, ഉന്നതനായതിനാൽ പാർട്ടിയോട് പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നുമായിരുന്നു പരാമർശം. പല വനിതാ നേതാക്കൾക്കും ഇയാളിൽ നിന്ന് ദുരനുഭവമുണ്ടെന്നു കൂടി നടി ആരോപിച്ചതോടെ ആൾ ആരെന്ന ഊഹാപോഹങ്ങളായി പിന്നീട്. പിറ്റേന്നു രാവിലെയാണ്, രാഹുൽ മാങ്കൂട്ടത്തലിന്റെ പേര് വെളിപ്പെടുത്തിക്കൊണ്ട് മറ്റൊരു വനിത രംഗത്തെത്തിയത്. അതോടെ, ഗർഭച്ഛിദ്രത്തിന് യുവതിയെ നിർബന്ധിച്ചെന്ന തരത്തിലുള്ള ശബ്ദസംഭാഷണം, അശ്ലീല ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകൾ... അങ്ങനെ ആയുധങ്ങൾ ഒന്നൊന്നായി രംഗത്തുവന്നു.
അഴിമതി ഉൾപ്പെടെ മറ്റ് ഏതു കേസിലും കുറ്റം തെളിയിക്കേണ്ട ഉത്തരവാദിത്വം അത് ആരോപിച്ചയാൾക്കാണ് എന്നിരിക്കേ, ലൈംഗികാരോപണങ്ങളിൽ നിരപരാധിത്വം തെളിയിക്കേണ്ട ബാദ്ധ്യത കുറ്റാരോപിതനായ പുരുഷനിൽ നിക്ഷിപ്തമാണ്. അതായത്, ഇപ്പോൾ ആരോപിക്കപ്പെടുന്നതു പോലെ, ഒരു പൊതുപ്രവർത്തകനിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത വിധത്തിലുള്ള പെരുമാറ്റവും ചെയ്തികളും തന്റെ ഭാഗത്തുനിന്ന് സംഭവിച്ചിട്ടില്ല എന്ന് നിയമസംവിധാനത്തിനും പൊതുസമൂഹത്തിനും മുന്നിൽ തെളിയിക്കേണ്ട ബാദ്ധ്യത രാഹുൽ മാങ്കൂട്ടത്തിലിനുണ്ട്. ഇരകളെന്ന അവകാശവാദവുമായി അണിയറയിൽ മരുവുന്നവർക്ക് എന്തും പറയാം, പിന്നീടു മാറ്റിപ്പറയാം. തെളിവുകൾ ഹാജരാക്കണമെന്നില്ല. വേണമെങ്കിൽ മൗനവാൽമീകത്തിലേക്കും വലിയാം. നിയമത്തെ പേടിക്കേണ്ടതില്ല.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരന്ന ആക്ഷേപത്തിന്റെ ഗൗരവം കെ.പി.സി.സി അദ്ധ്യക്ഷൻ തന്നെ എ.ഐ.സി.സി നേതൃത്വത്തെ അറിയിക്കുകയും, ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം രാഹുലിന്റെ രാജി ആവശ്യപ്പെടുകയും ആയിരുന്നുവെന്നാണ് സൂചന. അതേസമയം, സി.പി.എമ്മിനെതിരായി പ്രതിപക്ഷം സംസ്ഥാനത്ത് പ്രക്ഷോഭം ശക്തമാക്കുന്ന ഘട്ടത്തിൽ ആയാസപ്പെട്ട് തന്നെ ന്യായീകരിക്കേണ്ട അധികബാദ്ധ്യത പ്രവർത്തർക്കുണ്ടാകരുതെന്നു കരുതി രാജിവയ്ക്കുന്നതായി മാങ്കൂട്ടത്തിൽ വിശദീകരിച്ചു. ന്യായീകരണ ബാദ്ധ്യത അദ്ദേഹം ഏറ്റെടുത്തതു നല്ല കാര്യം. അരോപണങ്ങൾ അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച കമ്മിറ്റിയുടെ കണ്ടെത്തലുകൾ ഇനി അറിയേണ്ടിയിരിക്കുന്നു. പൊതുരംഗത്തെ സംശുദ്ധിയും വ്യക്തിപരമായ മൂല്യബോധവും ധാർമ്മികതയും മാന്യതയുമൊക്കെ ഉൾപ്പെട്ട വിഷയമാണ് ഇത്. ധർമ്മശുദ്ധിയുടെ പാഠങ്ങൾ തുടങ്ങേണ്ടത് അവനവനിൽ നിന്നുതന്നെയാണെന്ന കാര്യം വാദപ്രതിവാദങ്ങൾക്കിടെ ഏവരും മറക്കുന്നു.
മാങ്കൂട്ടത്തിലിനെക്കൊണ്ട് എം.എൽ.എ സ്ഥാനം നിർബന്ധിച്ച് രാജിവയ്പ്പിക്കാത്തതിനു കാരണം പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കുമോയെന്ന പേടിയാണ്. ബി.ജെ.പി രണ്ടാം സ്ഥാനത്ത് വന്നിട്ടുള്ള സ്ഥലത്ത് ഈയവസരത്തിൽ തിരഞ്ഞെടുപ്പ് നടന്നാൽ എന്തും സംഭവിക്കാം. തോറ്റാൽ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാൻ വീണ്ടും അവസരം കൊടുത്തു എന്ന ആക്ഷേപം കോൺഗ്രസുകാർ കേൾക്കേണ്ടി വരും. നിയമസഭാ തിരഞ്ഞെടുപ്പ് വളരെ അടുത്ത് എത്തിയതിനാൽ സാധാരണ നിലയിൽ ഉപതിരഞ്ഞെടുപ്പ് ആവശ്യമില്ലെങ്കിൽ പോലും, ബി.ജെ.പിക്ക് പ്രതീക്ഷയുള്ളതുകൊണ്ട് പാലക്കാട്ടെ ജനത്തെ വീണ്ടും പോളിംഗ് ബൂത്തിൽ കയറ്റിയേക്കാം. ആ ഭയം മൂലം രാഹുലിന്റെ മേൽ ഉറപ്പിച്ചൊരു തീരുമാനം എടുക്കുന്നില്ല കോൺഗ്രസ്. ഇടത് എം.എൽ.എ ആയ മുകേഷ് സ്ഥാനം രാജിവച്ചില്ലല്ലോ എന്ന മറുവാദം ഉയർന്നു. രാഹുലിന് മുന്നേ തന്നെ രണ്ടു പേർ സമാന ആരോപണങ്ങളും കേസുകളുമായി ഇപ്പോഴും എം.എൽ.എമാരായി തുടരുന്നുണ്ട്. എം. വിൻസെന്റും എൽദോസ് കുന്നപ്പിള്ളിയും. കൂടുതൽ മാനക്കേട് കോൺഗ്രസിന് തന്നെ.
തെറ്റുന്ന ട്രാക്ക്
'വോട്ട് ചോരി' കൊടുങ്കാറ്റിനെ നയിച്ച് രാഹുൽ ഗാന്ധി ഉണ്ടാക്കുന്ന പ്രകമ്പനം ദേശീയതലത്തിൽ മുഴങ്ങുന്നതിനിടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ വിവാദ നായകനായി കേരളത്തിൽ കോൺഗ്രസ് അങ്കലാപ്പിനെ നേരിടുന്നത്. 2014ന് ശേഷം കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് ഒരു വിഷയം ദേശീയ തലത്തിൽ ഇത്ര ശക്തമായി ഉയർത്തിക്കൊണ്ടുവരുന്നത് ഇതാദ്യമായാണ്. പ്രത്യേകിച്ച് രാഹുൽ ഗാന്ധി. ഒരു ദേശീയ നേതാവിന്റെ പക്വതയോടെയും ധീരതയോടെയും രാഹുൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ വേര് അറക്കുന്ന പ്രവൃത്തി രാജ്യത്ത് നടന്നിട്ടുണ്ടെന്നാണ് ആരോപണം. ഈ പോരാട്ടത്തിൽ പ്രതിപക്ഷം ഒന്നടങ്കം രാഹുലിന് പിന്നിലുണ്ട്. കേരളത്തിൽ,തൃശൂരിൽ ബി.ജെ.പി ആദ്യമായി വിജയിച്ച പാർലമെന്റ് മണ്ഡലത്തിലെ ക്രമക്കേട് തെളിവുകൾ ഓരോന്നായി പുറത്തു വന്നു. സുരേഷ് ഗോപിയുടെ വിജയം ജനാധിപത്യപരമായിരുന്നില്ലെന്ന് കോൺഗ്രസും ഇടതുപക്ഷവും ചൂണ്ടിക്കാട്ടി.
രാഹുൽ ഗാന്ധി ചെയ്യുന്ന ജോലിയുടെ ഗുണം കേരളത്തിലെ കോൺഗ്രസുകാർക്കും കിട്ടുന്നതായിരുന്നു. കോൺഗ്രസ് എന്തൊക്കെയോ ചെയ്യുന്നുണ്ടെന്ന തോന്നൽ ജനങ്ങളിൽ വന്നു. വോട്ട് കൊള്ളയുടെ യാഥാർത്ഥ്യങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിക്കുന്നതിനുള്ള പണി നേതാക്കൾ എടുത്തു തുടങ്ങിയിരുന്നു. വോട്ട് ചോരി മുന്നേറ്റം വരുന്നതിന് മുമ്പ തന്നെ ഇവിടുത്തെ പാർട്ടി ട്രാക്കിൽ കയറിയിരുന്നു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ വിജയം വലിയ ഉത്തേജനമാണ് നൽകിയത്. നേതാക്കൾ മുതൽ സാധാരണ പ്രവർത്തകർ വരെ ആത്മവിശ്വാസത്തിലായി. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും പിന്നാലെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് വിജയം നേടുമെന്ന പ്രതീതി പാർട്ടിക്കുള്ളിലും ജനങ്ങൾക്കിടയിലും ഉണ്ടാക്കാൻ സാധിച്ചിരുന്നു.
കോൺഗ്രസിൽ ദൃഢമായിട്ടുള്ള ഈ ആത്മവിശ്വാസം തന്നെയാണ് എം.പിമാരായി പോയ നേതാക്കൾ തിരിച്ച് നിയമസഭയിലേക്ക് വരാൻ കാണിക്കുന്ന താൽപ്പര്യത്തിനു പിന്നിൽ. അര ഡസൻ നേതാക്കളെങ്കിലും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മന്ത്രിസഭയിലെ പ്രാതിനിധ്യമാണ് അവരുടെ ഉള്ളിൽ. മന്ത്രിയാകാൻ ഒരു വിഭാഗം കച്ച കെട്ടുന്നതുപോലെ മുഖ്യമന്ത്രിയാകാനും ഒന്നിൽക്കൂടുതൽ പേരുണ്ട്. ഇതിനിടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്‌ക്കെതിരെ ഇപ്പോൾ ഉണ്ടായ പരാതികളും ആക്ഷേപങ്ങളും പാർട്ടിയുടെ അടിതെറ്റിച്ചത്. ഇമേജ് നാശം ഉണ്ടായെന്നതു തീർച്ച. വനിതകൾ ഉൾപ്പെടെയുള്ള സീനിയർ നേതാക്കൾ പരസ്യമായി ആവശ്യപ്പെട്ടിട്ടും രാജിവയ്ക്കാതെ നിൽക്കുകയാണ് എം.എൽ.എ. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചുകൊണ്ട് ധാർമികത കാത്തൂ എന്നാണ് വാദം.
രാഹുൽ മാങ്കൂട്ടത്തിലും അദ്ദേഹത്തെ സംരക്ഷിക്കുന്നവരും സ്വന്തം പാർട്ടിയെയാണ് വെല്ലുവിളിക്കുന്നതെന്ന വാദവും ശക്തം. തൃശൂരിലെ വോട്ട് ചോരി വിവാദത്തിൽ നിന്നും എല്ലാ ശ്രദ്ധയും മാങ്കൂട്ടത്തിലിലേക്കായി. സുരേഷ് ഗോപിയൊന്നും ചിത്രത്തിലേയില്ല. ദേശീയതലത്തിൽ രാഹുൽ നടത്തുന്ന പ്രവർത്തനങ്ങൾ കേരളത്തിലുള്ളവർ അറിയുന്നില്ല, മാധ്യമങ്ങൾ അതിനേക്കാൾ കവറേജ് ഇവിടുത്തെ രാഹുലിന് നൽകുന്നു. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ ബി.ജെ.പി ദേശീയ തലത്തിൽ ആയുധമാക്കിയിട്ടുണ്ട്.
രാഹുൽ ഗാന്ധിക്കൊപ്പമുള്ള രാഹുൽ മാങ്കൂട്ടത്തിലിന്റെ ചിത്രം വച്ച് അവർ കളി തുടങ്ങി.
പാർട്ടിയിൽ നിന്നും തത്കാലത്തേക്കെങ്കിലും പുറത്താക്കിയൊരാളെ എം.എൽ.എ ആയി നിലനിർത്തുന്നതിലെ ധാർമികതയും സാംഗത്യവും ജനങ്ങൾ ചോദ്യം ചെയ്യുമെന്ന ചിന്ത കോൺഗ്രസിൽ ശക്തമാണ്. അതേസമയം, തെളിവുകളില്ലാതിരിക്കെ ഹിമക്കട്ട പോലെ അലിഞ്ഞില്ലാതാകാനാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളുടെ വിധിയെന്നും ആറു മാസത്തെ സസ്‌പെൻഷനു ശേഷം രാഹുൽ ഒച്ചപ്പാടില്ലാതെ പാർട്ടിയിലേക്ക് തിരിച്ചെത്തുമെന്നും ക്രമേണ ഇടതുപക്ഷത്തിനെതിരെ വർദ്ധിത വീര്യത്തോടെ ആഞ്ഞടിച്ചുതുടങ്ങുമെന്നും കണക്കുകൂട്ടുന്നു നിരവധി കോൺഗ്രസ് പ്രവർത്തകർ. പക്ഷേ, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ എവിടെയും സ്ഥാനാർത്ഥിയാക്കുമെന്നു പ്രതീക്ഷിക്കുന്നില്ല അവർ.
ബാബു കദളിക്കാട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1