ബ്രിട്ടനിൽ ബ്രിട്ടീഷ് രാജ്ഞിയേക്കാൾ ധനവാനായ സ്വരാജ് പോൾ എന്ന ഇന്ത്യാക്കാരന്റെ കഥ നമ്മേ അമ്പരപ്പിക്കുക തന്നെ ചെയ്യും. നാലു വയസുള്ള മകളും അവളുടെ ദീനവുമാണ് സ്വരാജ് പോളിനെ പ്രഭുത്വത്തിലേക്ക് ഉയർത്തിയതെന്നതാണ് മറ്റൊരു കൗതുകം. അങ്ങിനെ ജീവിതം തന്നെ അത്യത്ഭുതമാക്കിയ ആ മനുഷ്യനും മരണത്തിനു കീഴടങ്ങി. 94 വയസിലെത്തിയ അദ്ദേഹത്തെ ആരോഗ്യനില വഷളായതിനെ തുടർന്ന് അടുത്തിടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
തീർച്ചയായും ഒരു മനുഷ്യൻ ജനിച്ച സാഹചര്യങ്ങളെ ആശ്രയിച്ചല്ല, മറിച്ച് അവനിലെ മനോഭാവത്തെ ആശ്രയിച്ചാണ് വിജയവും പരാജയവും കുടികൊള്ളുന്നത്. ഒരാൾ ഏത് സാഹചര്യത്തിൽ ജനിക്കുന്നു എന്നല്ല, ആ സാഹചര്യത്തിൽ കേവലം നാലു വയസുള്ള മകളും അവളുടെ ദീനവുമാണ് സ്വരാജ് പോളിനെ പ്രഭുത്വത്തിലേക്ക് വളർത്തിയത്. കാലം 1966. ലൂക്കേമിയ (രക്താർബുദം) പിടിപെട്ട മകൾ അംബികയുടെ ചികിത്സയ്ക്കായി ലണ്ടനിൽ പോയതായിരുന്നു. അന്ന് കുട്ടികളിലെ ലൂക്കേമിയയ്ക്ക് ഇന്നത്തെപ്പോലെ ചികിത്സിച്ച് ഭേദമാക്കാനാകുമായിരുന്നില്ല. ചികിത്സയ്‌ക്കൊടുവിൽ കുഞ്ഞ് മരിച്ചു. മനസ്സുനൊന്ത പിതാവ് സ്വരാജ് പോൾ ഭ്രാന്തനെപ്പോലെ അലഞ്ഞു. യുകെയിലെ ഇന്ത്യൻ വംശജനായ വ്യവസായി സ്വരാജ് ദു:ഖം പെയ്‌തൊഴിഞ്ഞപ്പോൾ എങ്ങിനേയും ജീവിക്കണമെന്നൊരു വാശി കയറി.
പലവഴി ചിന്തിച്ചു. ഒടുവിൽ ലണ്ടനിലെ വില്യം ആൻഡ് ഗ്ലെൻ ബാങ്കിൽ നിന്ന് 500 പൗണ്ട് (ഇന്നത്തെ മൂന്നരലക്ഷം രൂപ) സ്വരാജ് പോൾ കടം വാങ്ങാൻ നിശ്ചയിച്ചു. ആ പണവുമായി അയാൾക്ക് ആകെ അറിയാവുന്ന സ്റ്റീൽ ബിസിനസ്സിലേക്കിറങ്ങി. ആദ്യമൊക്കെ കടുത്ത വെല്ലുവിളികളെ നേരിടേണ്ടിവന്നു. നിരാശപ്പെടാതെ ശുഭപ്രതീക്ഷയോടെ മുന്നോട്ടുനീങ്ങിയപ്പോൾ ഭാഗ്യദേവത കടാക്ഷിക്കാൻ തുടങ്ങി. പിന്നീട് ബിസിനസ്സ് കോടികൾ കടന്ന് കുതിക്കാൻ തുടങ്ങി. അവിടത്തെ രാജ്ഞിയേയും കടന്ന് ബ്രിട്ടണിലെ 25 അതിസമ്പന്നൻമാരുടെ നിരയിലെത്താൻ ഏറെക്കാലമൊന്നും വേണ്ടി വന്നില്ല.
ബ്രിട്ടനിലെ പ്രഭുസഭയിൽ അംഗത്വം, ഗ്രേറ്റ് ബ്രിട്ടന്റെ ഉലകം ചുറ്റും സ്ഥാനപതിസ്ഥാനം, ലോർഡ് സ്വരാജ് പോൾ നയിച്ച ഇംഗ്ലണ്ടിലെ കപാറോ ഗ്രൂപ്പ് ഇന്ത്യാക്കാരന്റെ ഏറ്റവും പ്രശസ്തമായ വ്യവസായ പ്രസ്ഥാനമായി വളർന്നു പന്തലിച്ചു. നഷ്ടത്തിലോടിയ പല കമ്പനികളേയും വിലയ്ക്കുവാങ്ങി മെച്ചപ്പെട്ട മാനേജ്‌മെന്റ് തന്ത്രങ്ങളിലൂടെ ലാഭത്തിലാക്കിയെടുത്തു സ്വരാജ് പോൾ.
പഞ്ചാബിലെ ജലന്തറിൽ പ്യാരേലാലിന്റേയും മങ്കാവതിയുടേയും പുത്രനായി ജനിച്ച സ്വരാജിന് ഏഴാം വയസ്സിൽ മാതാവിനേയും 13 -ാം വയസ്സിൽ പിതാവിനേയും നഷ്ടമായി.
ഷീറ്റ് മെറ്റൽ കൊണ്ട് ബക്കറ്റും ട്യൂബും ഉണ്ടാക്കി വിൽക്കുന്ന ബിസിനസ്സായിരുന്നു പ്യാരേലാലിന്. പിതാവ് മരിക്കുമ്പോൾ മൂത്ത സഹോദരൻ സത്യപാലിന് സ്വരാജിന്റെ ഇരട്ടി വയസ്സുണ്ടായിരുന്നു. ബിസിനസ്സ് സത്യപാലും സഹോദരൻ ജിതും ചേർന്നു നടത്തി.
ബിസിനസ്സ് പച്ചപിടിച്ചതുകൊണ്ട് സ്വരാജിന് അമേരിക്കയിലെ മസച്യൂസെറ്റ്‌സ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് എൻജിനിയർ ബിരുദം നേടാനായി. പഠനാവശ്യങ്ങൾക്കുള്ള പണം കണ്ടെത്തുന്നതിനായി വെയ്റ്ററായും മറ്റും ജോലി നോക്കേണ്ടി വന്നിട്ടുണ്ട്. ഒടുവിൽ അവിടെനിന്ന് തിരികെ നാട്ടിലെത്തി. സഹോദരൻമാർ നടത്തുന്ന എ.പി.ജെ ഗ്രൂപ്പിന്റെ കാര്യങ്ങളുമായി കഴിയുമ്പോഴാണ് മകൾ അംബികയുടെ രോഗവും ലണ്ടൻ യാത്രയും. ലണ്ടനിലെ ചികിത്സക്ക് ധാരാളം പണം ആവശ്യമായിരുന്നു. ഇന്നത്തെപ്പോലെ ഉദാരമായി അന്ന് വിദേശനാണ്യം ലഭിക്കില്ല. സ്വരാജ് ഇന്ദിരാഗാന്ധിക്ക് കത്തെഴുതി. ഒരു പിതാവിന്റെ ഹൃദയം മുറിഞ്ഞ് ചോരപൊടിഞ്ഞ കത്ത് മറ്റനേകം കത്തുകൾക്കിടയിൽ നിന്ന് ഇന്ദിരാഗാന്ധിയുടെ ശ്രദ്ധയിൽപ്പെട്ടു. ആവശ്യമുള്ള വിദേശനാണ്യം അനുവദിക്കാൻ റിസർവ് ബാങ്കിന് ഉത്തരവ് നൽകി. അംബികയുടെ മരണശേഷം സ്വരാജ് പോൾ ലണ്ടൻ വിട്ടില്ല.
അവിടെ തുടർന്ന അദ്ദേഹത്തിന്റെ ആദ്യത്തെ ബിസിനസ്സ് സ്റ്റീൽ വാങ്ങി മറിച്ചു വിൽക്കുന്നതായിരുന്നു. സ്റ്റീൽ ട്യൂബ് നിർമാണ ഫാക്ടറി വെയിൽസിൽ 1978ൽ തുടങ്ങിയപ്പോൾ സാക്ഷാൽ വെയിൽസ് രാജകുമാരൻ തന്നെ ഉദ്ഘാടനം ചെയ്യാൻ എത്തി. ഇതിനിടെ ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ പണമിറക്കി സ്വരാജ് പോൾ പണമുണ്ടാക്കാൻ തുടങ്ങിയിരുന്നു. മകളുടെ ചികിത്സയ്ക്ക് സഹായിച്ചതിന്റെ നന്ദിസൂചകമെന്നോണം ഒരു പതിറ്റാണ്ടിനു ശേഷം ഇന്ദിരാഗാന്ധിയെ ആർക്കും വേണ്ടാത്ത ജനതാപാർട്ടി ഭരണകാലത്ത് ലണ്ടനിലേക്ക് ക്ഷണിച്ചുവരുത്തി. അവരോടുള്ള ബഹുമാനാർത്ഥം നൽകിയ അത്താഴവിരുന്നിൽ ബ്രിട്ടീഷ് മന്ത്രിമാർ, സ്ഥാനപതിമാർ, പ്രഭുക്കൻമാർ, വ്യവസായ പ്രമുഖർ എന്നിവർ പങ്കെടുത്തു.
രാജ്യാന്തരരംഗത്ത് ഇന്ദിരാഗാന്ധിയുടെ തിരിച്ചുവരവിന്റെ തുടക്കമായി അത്. അധികാരത്തിൽ തിരിച്ചു വന്നശേഷം ഇന്ദിരാഗാന്ധി സ്വരാജ് പോളിന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ പദം വാഗ്ദാനം ചെയ്‌തെങ്കിലും സ്വീകരിച്ചില്ല. പിന്നീട് ഇന്ദിരാഗാന്ധി പത്മഭൂഷൻ നൽകി ബഹുമാനിച്ചു.
ഒരുകാലത്ത്
ബ്രിട്ടണിൽ ലേബർ പാർട്ടി നേതാവായിരുന്നു സ്വരാജ് പോൾ. പ്രഭു സഭയിൽ
സജീവമായതിനാൽ പീർ സ്ഥാനവുമലങ്കരിച്ചിരുന്നു. പോർട്ട്‌ലാൻഡ് പ്ലേസിൽ
ബി.ബി.സി റേഡിയോ ആസ്ഥാനമായ ബ്രിട്ടീഷ് ബ്രോഡ് കാസ്റ്റിംഗ് ഹൗസിനുമുന്നിലെ
ഫ്‌ളാറ്റിലാണ് സ്വരാജ് പോൾ ലണ്ടനിൽ വരുമ്പോൾ താമസം തുടങ്ങിയത്. പിന്നീട് ആ
ഫ്‌ളാറ്റ് ഉൾപ്പെട്ട ബ്ലോക്ക് മുഴുവൻ സ്വരാജ് സ്വന്തമാക്കി. അംബികാ ഹൗസ്
എന്നാണ് ആ ബ്ലോക്കിന് പേരിട്ടിരിക്കുന്നത്. പോൾ സഹോദരൻമാർ നടത്തുന്ന
ഇന്ത്യയിലെ എ.പി.ജെ ഗ്രൂപ്പ് 1989ൽ വേർപിരിഞ്ഞിരുന്നു.
ഓരോ സഹോദരനും
200 കോടിയുടെ ആസ്തിയാണ് വഴക്കൊന്നുമില്ലാതെ അന്ന് പങ്കുവെച്ചത്.
സ്വരാജ് പോൾ വിവാഹം കഴിച്ചിരിക്കുന്നത് കൊൽക്കത്താക്കാരി അരുണയെയാണ്. ഈ ദമ്പതികൾക്ക് മൂന്ന് ആൺമക്കളും ഒരുപെൺകുട്ടിയുമുണ്ട്. അംബർ, ആകാശ്, അങ്കദ്, അഞ്ജലി. ബ്രിട്ടണിലെ അറിയപ്പെടുന്ന ദാനശീലനുമാണ് സ്വരാജ്. ബേക്കർ തെരുവിലെ കപാറോ ഹൗസിൽ ആർക്കും കയറിച്ചെല്ലാം. സഹായാഭ്യർത്ഥന യഥാർത്ഥ്യമാണെന്ന് തോന്നിയാൽ പണം ഉറപ്പ്.
മരിക്കും മുൻപ് അംബിക സ്ഥിരമായി പോകാൻ ഇഷ്ടപ്പെട്ടിരുന്ന ലണ്ടൻ മൃഗശാല 1991ൽ പൂട്ടാനൊരുങ്ങിയപ്പോൾ 10 ലക്ഷം പൗണ്ടാണ് (ഏഴുകോടി രൂപ) സ്വരാജ് പോൾ സഹായം നൽകിയത്. ലണ്ടൻ മൃഗശാല ഇന്നും നിലനിൽക്കുന്നത് ആ സഹായം കൊണ്ടാണ്. ഇവിടെ സ്വരാജ് പോളിന്റെ മനോഭാവം ഒന്നുകൊണ്ടുമാത്രമാണ് ഇത്തരത്തിലൊരു വിജയം നേടാനായത് എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകാൻ ഇടയില്ല. അലസത വെടിഞ്ഞ് വലിയ രീതിയിലുള്ള സ്വപ്നം നെയ്യുന്നതിൽ ഒട്ടും പിശുക്കു കാണിച്ചതുമില്ല. നമുക്ക് ഒരു കാര്യം കാര്യക്ഷമമായി ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അങ്ങിനെ ചെയ്ത് വിജയം വരിച്ച വ്യക്തികളെ ആഴത്തിൽ പഠിക്കാൻ ശ്രമിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. ഒട്ടേറെ ദുരന്തങ്ങൾ അദ്ദേഹത്തെ വേട്ടയാടിയിരുന്നു എങ്കിലും അതിലൊന്നും തെല്ലും പതറിയില്ല.
അകാലത്തിലുള്ള മകളുടെ മരണത്തിനു ശേഷം സ്വരാജ് പോളിന്റെ മറ്റൊരു മകൻ അംഗദ് 2015ലും ഭാര്യ അരുണ 2022ലും അന്തരിച്ചു. അരുണയ്ക്ക് ലണ്ടൻ സൂ ഏറെ പ്രിയപ്പെട്ടതായിരുന്നു. ഏതാണ്ട് 65 വർഷം നീണ്ട ദാമ്പത്യത്തിൽ ഒരിക്കലും താനും അരുണയും തമ്മിൽ തർക്കങ്ങൾ ഉണ്ടായിട്ടില്ലെന്നും അടുത്തിടെ സ്വരാജ് പോൾ പറഞ്ഞിരുന്നു.
ജോഷി ജോർജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1