ആധാർ കാർഡും വോട്ടേഴ്‌സ് ഐഡിയും വോട്ടേഴ്‌സ് ലിസ്റ്റിനായുള്ള ആധികാരിക രേഖകളായി പരിഗണിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചത്. തെരഞ്ഞെടുപ്പു കമ്മിഷന് വലിയ തിരിച്ചടിയായിരിക്കുന്നു. ഏകദേശം 7.9 കോടി വോട്ടർമാരുള്ള സംസ്ഥാനത്ത് സമഗ്രമായ പരിഷ്‌കരണത്തിനാണ് കമ്മീഷൻ തീരുമാനിച്ചിരുന്നത്. ഈ തീരമാനം വലിയ വിവാദമായിരിക്കുകയാണ്. നേരത്തെ മഹാരാഷ്ട്രയിലെ വോട്ടർപട്ടിക പരിഷ്‌കരണവും സമാനമായ രീതിയിൽ വിവാദമായിരുന്നു. എന്തായാലും പൊതുജനമധ്യത്തിൽ ഇത്രത്തോളം നാണംകെട്ടു നിൽക്കേണ്ട അവസ്ഥ ഇതിനുമുമ്പ് ഒരു തെരഞ്ഞെടുപ്പുകമ്മിഷനും വേണ്ടിവന്നിട്ടില്ല.
ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് എന്ന നിലയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രണ്ടാം വയസിലേക്ക് കടക്കുകയാണ്. അപ്പോൾ ഒരു ചോദ്യമുയരുന്നു. സത്യത്തിൽ ഇന്ത്യൻ രാഷ്ട്രീയരംഗത്തെ യഥാർത്ഥ 'പപ്പു'ആരാണ..്? ബി.ജെ.പി നിരന്തരമായി പരിഹാസം ചൊരിഞ്ഞുകൊണ്ടിരിക്കുന്നതിനു പുറമേ, പാർലമെന്റിലും പുറത്തും മാധ്യമങ്ങളിലും രാഹുൽ ഗാന്ധിയെ നിന്ദിക്കാനും പരിഹസിക്കാനും മാത്രമായി ചിലരെയൊക്കെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നാണ് കേൾക്കുന്നത്.
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നതുവരെ സ്മൃതി ഇറാനിയുടെ പ്രധാന പണി രാഹുൽ ഗാന്ധിയെ കൊഞ്ഞനം കുത്തുക എന്നതു മാത്രമായിരുന്നല്ലോ..! ഇവർ മാത്രമല്ല, പല ബി.ജെ.പി അനുകൂലികളുടേയും കൂലി എഴുത്തുകാരുടേയും പെരുമാറ്റത്തിൽ നിന്നും അത് മനസിലാക്കാനും കഴിഞ്ഞിരുന്നു.
എന്തിനേറെ കോൺഗ്രസ് പാർട്ടിയിൽ നിന്നുപോലും അദ്ദേഹത്തിന്റെ നേതൃശേഷിയെക്കുറിച്ച് വിമർശനങ്ങളുയർന്നിട്ടുണ്ട്. രാഹുൽ ഗാന്ധി മാറിയാൽ എല്ലാം ശരിയാകുമെന്ന് കരുതുന്നവരുമുണ്ടായിരുന്നു. കോടികൾ മുടക്കി നൂറുകണക്കിന് ഐ.ടി പ്രൊഫഷണലുകൾ ഏറെക്കാലം അധ്വാനിച്ച് രാഹുൽഗാന്ധിയെ അവഹേളിക്കാനും തകർക്കാനും ശ്രമിച്ചുപോന്നതിന്റെ കഥകൾ വേറേയുമുണ്ട്.2014 മുതൽ തുടർച്ചയായി കോൺഗ്രസ് നേരിട്ട കനത്ത പരാജയങ്ങൾ ബി.ജെ.പി പടച്ചുണ്ടാക്കിയ നുണകൾക്ക് ശക്തി പകർന്നുകിട്ടുകയും ചെയ്തു.
രാഹുൽഗാന്ധിയെ നോക്കി അവർ 'പപ്പു...പപ്പു..' എന്നാക്ഷേപിച്ചുവിളിച്ചു രസിച്ചു. ഈ സത്യാനന്തര കാലത്ത് അപൂർവ്വം ചില നേതാക്കൾക്ക് മാത്രം ചെയ്യാൻ കഴിയുന്ന കാര്യം. രാജ്യമൊട്ടാകെ പ്രതിധ്വനിക്കാൻ കെൽപ്പുള്ള ഒരു മാസ്റ്റർ സ്‌ട്രോക്ക്! 2025 ഓഗസ്റ്റ് ഏഴിന് രാഹുൽ ഗാന്ധി നടത്തി. അത് ചരിത്ര സംഭവമായി മാറിക്കഴിഞ്ഞു. ഇനി പറയൂ..., ദ്വിഭാഷികളില്ലാതെ ലോകോത്തര നേതാക്കളോട് സംസാരിക്കാനും ഇടപെടാനും, ടെലി പ്രോംപ്റ്റർ ഇല്ലാതെ പ്രസംഗിക്കാനും, കഴിയാത്ത നരേന്ദ്രമോദിയാണോ, അതോ രാഹുൽഗാന്ധിയാണോ അക്ഷരാർത്തത്തിൽ പപ്പു..?
അങ്ങിനെയൊരു മനുഷ്യനെ വിശ്വഗുരുവാക്കി എഴുന്നള്ളിച്ചുകൊണ്ട് നടക്കുന്നവരെക്കുറിച്ച് എന്തുപറയാൻ..! പ്രധാനമന്ത്രിയുടെ വാർത്താസമ്മേളനം എന്നൊന്നില്ലാതായി. മുൻകൂർ ചോദ്യങ്ങളുടെ അകമ്പടിയോടെ അപൂർവ്വമായി മാത്രം അഭിമുഖം നൽകുന്ന പ്രവണതയ്ക്ക് തുടക്കം കുറിക്കുകയും ചെയ്തു. അതൊന്നും ഒരിക്കലും ചർച്ചാവിഷയമാക്കാതിരിക്കാനുള്ള പി.ആർ.ഒ വർക്കുകൾ ഭംഗിയായി നടത്താനും മിടുക്കന്മാർ ഏറെയുണ്ട്.
അതിനെയെല്ലാം കീഴ്‌മേൽ മറിച്ചുകൊണ്ട് ഏതാണ്ട് 300 കിലോ കടലാസുകെട്ടിൽനിന്നിതാ, ജനാധിപത്യം നിലനിർത്താനായി ഒരു പോരാട്ടം. അതാണിപ്പോൾ നടക്കുന്ന ജൻ അധികാർ യാത്ര. പാർലമെന്ററി സമ്പ്രദായത്തിൽ പ്രതിപക്ഷ നേതാവിനും കൂട്ടർക്കും നിർദ്ദേശിച്ചിട്ടുള്ള ഉത്തരവാദിത്വം നിർവ്വഹിക്കാൻ പോലും അനുവദിക്കാത്ത അവസ്ഥ. ഭരണപക്ഷത്തെ വിമർശിക്കലും സർക്കാരിന്റെ ഏകപക്ഷീയമായ നടപടികളെ എതിർക്കലുമൊക്കെയല്ലെ പ്രതിപക്ഷത്തിന്റെ കടമ. പ്രതിപക്ഷ നേതാവെന്നാൽ നിലവിൽ പ്രധാനമന്ത്രിയാണ്.
നിലവിലെ സർക്കാർ ഏതെങ്കിലും കാരണവശാൽ രാജിവയ്‌ക്കേണ്ടി വന്നാൽ, പരാജയപ്പെട്ടാൽ ആ സാഹചര്യത്തിൽ സർക്കാർ രൂപീകരിക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട വ്യക്തിയാണ്. നിർഭാഗ്യവശാൽ ഭരണപക്ഷം എപ്പോഴെങ്കിലും ആ ഒരു മാന്യത പ്രതിപക്ഷ നേതാവിനോടോ, പ്രതിപക്ഷത്തോടൊ കാണിച്ചിട്ടുണ്ടോ..? രാഹുൽ ഗാന്ധിയെ അവഗണിക്കുന്ന പതിവ് രീതി പൂർവ്വധികം ഭംഗിയായി നടത്തിക്കൊണ്ടിരുന്ന പ്രതിപക്ഷത്തെ പൊടുന്നനെ നിശബ്ദരാക്കിയ ഒരു സംഭവം ജാതി സെൻസസ് വിഷയത്തിലെ പ്രകടനമാണ്.
രാഹുൽഗാന്ധി ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ജാതിവിഷയം വിടുമെന്നും പ്രധാനമന്ത്രി ഒ.ബി.സിയെന്നും ആ വിഭാഗങ്ങളിലെ മന്ത്രിമാരുടെ എണ്ണം ചൂണ്ടികാണിച്ചും മുന്നോട്ടുപോകാമെന്നുമുള്ള ബി.ജെ.പിയുടെ പ്രതീക്ഷയാണു അപ്പാടെ തെറ്റിയത്. രാഹുൽഗാന്ധി ജാതിക്കാര്യം പറയുന്നതു തുടർന്നപ്പോൾ ഒടുവിൽ സർക്കാരിന് ജാതി സെൻസസ് പ്രഖ്യാപിക്കേണ്ട അവസ്ഥ വന്നുചേർന്നു. വീണതു വിദ്യയാക്കി കൂടെയുള്ളവർ പ്രചരിപ്പിച്ചതിങ്ങനെ: കണ്ടോ, പ്രധാനമന്ത്രിയുടെ സാമൂഹീക നീതിയിലുള്ള ഉത്തരവാദിത്വം..!
അതുപോലെ ജി.എസ്.ടി ഘടന പരിഷ്‌ക്കരിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചപ്പോൾ അത് സത്യത്തിൽ രാഹുൽ ഗാന്ധിയുടെ വിജയമല്ലേ എന്ന് നിഷ്പക്ഷമതികൾ ചിന്തിക്കണം. നികുതി സ്ലാബുകളുടെ എണ്ണം കുറയ്ക്കുന്നതുൾപ്പെടെയുള്ള നീക്കങ്ങളിലൂടെയുള്ള നടപടികളിലൂടെ ജി.എസ്.ടിയുടെ 'ഗബ്ബർ സിങ് ടാക്‌സ്' സ്വഭാവം മാറ്റണമെന്നും നികുതി 18 ശതമാനത്തിൽ നിർത്തണമെന്നും രാഹുൽഗാന്ധി 2018 മുതൽ ആവശ്യപ്പെടുന്നതാണ്. യു.പി.എ ഭരണകാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ജി.എസ്.ടിയെ എതിർത്തിരുന്നതാണ്.
അങ്ങനെ നോക്കിയാൽ, ജാതി സെൻസസിലെന്നപോലെ ജി.എസ്.ടിയിലും പ്രതിപക്ഷ നിലപാട് അംഗീകരിച്ചിരിക്കുകയാണ് നരേന്ദ്ര മോദി. വോട്ടെടുപ്പിൽ ക്രമക്കേടു പതിവാകുന്നുവെന്നും അതിന്റെ മുഖ്യ ഉപകരണം വോട്ടിങ് യന്ത്രമാണെന്നുമുള്ള വാദം ഭരണപ്രതിപക്ഷങ്ങളാൽ മാത്രമല്ല, കോടതിപോലും തള്ളിക്കളഞ്ഞിരുന്നു. വോട്ടിങ് യന്ത്രത്തെ ഒരുതരത്തിലും ചോദ്യംചെയ്യപ്പെടാൻ തെരഞ്ഞെടുപ്പു കമ്മീഷൻ അനുവദിക്കാത്ത സാഹചര്യത്തിൽ, എങ്ങിനെ അട്ടിമറി നടത്തുന്നു എന്ന് തെളിയിക്കാനുള്ള ശ്രമം തന്നെ പാഴ്‌വേലയായിത്തീർന്നു.
അങ്ങിനെയാണ് രാഹുൽഗാന്ധി യന്ത്രത്തെ വിട്ട് വോട്ടർ പട്ടികയെ സസൂഷ്മം പഠിക്കാൻ തന്നെ തീരുമാനിച്ചു. തിരഞ്ഞെടുപ്പിലെ ക്രമക്കേട് ബി.ജെ.പിയുടെ വിജയത്തിന് ഇടയാക്കിയിട്ടുണ്ടെന്ന ഉത്തമവിശ്വാസത്തിന്റെ പുറത്താണ് ഇപ്പോഴുണ്ടായിട്ടുള്ള വിജയം..! കോൺഗ്രസുകാർ പോലും രാഹുൽഗാന്ധിയെ വിശ്വാസത്തിലെടുത്തില്ല. പിന്നല്ലേ മറ്റുള്ളവർ.
തൃണമൂൽ കോൺഗ്രസിന്റെയും ആംആദ്മി പാർട്ടിയുടെയും നേതാക്കളുൾപ്പെടെ കാര്യമാണ് കഷ്ടം. അവർ ഇന്ത്യാമുന്നണിയിൽ ഉണ്ടെന്നോ ഇല്ലെന്നോ ഉറച്ചുപറയാൻ പറ്റാത്തവരാണ്. അവർക്കൊരാവശ്യം വരുമ്പോൾ ഇന്ത്യാ മുന്നണിയോട് ഒട്ടി നിൽക്കുന്നതായി ഭാവിക്കും. ഇനിയെങ്കിലും ഇത്തരക്കാർ ജനാധിപത്യത്തെ കരുതിയെങ്കിലും ഒന്നുറച്ചു നിൽക്കാൻ ശ്രമിക്കണം. എന്തായാലും ഇപ്പോൾ രാഹുൽഗാന്ധിയുടെ കേസിൽ കക്ഷി ചേർന്നതു നന്നായി. മുന്നൂറിലേറെ എംപിമാർ ഒരുമിച്ച് ഡൽഹിയിൽ വലിയൊരു പ്രക്ഷോഭത്തിന് ഇറങ്ങുന്നത് ഇതാദ്യമായിരിക്കണം. രാഹുൽഗാന്ധിയാണ് തങ്ങളുടെ നേതാവ് എന്ന് പ്രതിപക്ഷത്തിന്റെയാകെ പ്രഖ്യാപനം കൂടിയായി അത് മാറിയിരിക്കുന്നു.
വോട്ടർപട്ടിക വിഷയത്തിൽ തിരഞ്ഞെടുപ്പു കമ്മിഷനും ബി.ജെ.പിയും ആദ്യം ഒരേ നിലപാടിലായിരുന്നു: ഇതു രാഹുലിന്റെ പതിവ് ഏർപ്പാട് മാത്രമാണ്. എന്നാൽ, ബി.ജെ.പിയും അവരുമായി ചേരുന്നതിൽ തെറ്റു കാണാത്ത തെരഞ്ഞെടുപ്പു കമ്മിഷനും പറയുന്നതുപോലെയല്ല കാര്യങ്ങൾ എന്ന് വളരെ വേഗം തന്നെ പൊതുജനത്തിന് മനസിലായി.
എന്നാൽ, തങ്ങൾ പരിശോധിച്ച മണ്ഡലങ്ങളിലും പിഴവെന്ന് ബി.ജെ.പിയുടെ അനുരാഗ് ഠാക്കൂർ പറഞ്ഞപ്പോൾ ഫലത്തിലത് രാഹുലിന്റെ വാദങ്ങൾക്കു പിന്തുണ പ്രഖ്യാപിക്കലായി. പ്രശ്‌നം രൂക്ഷമായപ്പോൾ തെരഞ്ഞെടുപ്പുകമ്മിഷനെ ബി.ജെ.പി കൈവിട്ടപോലെയായി. കോൺഗ്രസിനും പ്രതിപക്ഷത്തിനാകെയും രാഹുൽഗാന്ധി ഒരു ബാധ്യതയാണെന്നും അതിന്റെ ഗുണം നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമാണെന്നുമുള്ള ആരോപണത്തിന്റെ കാലം എന്തായാലും കഴിഞ്ഞിരിക്കുന്നു.
എമ എൽസ എൽവിൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1