ട്രംപ് അവസാനിപ്പിച്ചതായി അവകാശപ്പെടുന്ന ആറ് യുദ്ധങ്ങള്‍ അറിയാം

AUGUST 19, 2025, 10:48 AM

വൈറ്റ് ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ നടന്ന സമാധാന ചര്‍ച്ചയിലേക്ക് ആയിരുന്നു ലോകത്തിന്റെ ശ്രദ്ധ. വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ സമാധാനത്തിന്റെ പാത തുറക്കുന്നു എന്ന ശുഭസൂചനകള്‍ ആണ് വരുന്നത്. യുദ്ധം അവസാനിപ്പിക്കാനായി റഷ്യന്‍ പ്രസിഡന്റ് പുടിനെയും ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയെയും ഒരു മേശയ്ക്ക് ചുറ്റും ഇരുത്തി ചര്‍ച്ച തുടരുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.

ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ ഉണ്ടായാല്‍ അത് ട്രംപിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം ആയിരിക്കും. കാരണം യുദ്ധം തുടങ്ങി മൂന്ന് വര്‍ഷത്തോളമായി യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ പരിശ്രമിച്ച് നടക്കാതിരുന്ന കാര്യമാണിപ്പോള്‍ ട്രംപിന്റെ മധ്യസ്ഥതയില്‍ പുരോഗമിക്കുന്നത്. സമാധാനം അധികം അകലെയല്ലെന്ന പ്രതീക്ഷ ഉക്രെയ്ന്‍ ജനതയുടെ മനസിലും തളിരിട്ടു തുടങ്ങി. ഒരുവേള തങ്ങളുടെ നേതാവായ സെലന്‍സ്‌കിയേക്കാള്‍ ഉപരി അവരിപ്പോള്‍ വിശ്വാസം അര്‍പ്പിക്കുന്നത് അമേരിക്കന്‍ പ്രസിഡന്റിലാണ്.

ആഗോള സമാധാന സ്ഥാപകനാകാനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ക്ക് ഈ ചര്‍ച്ചകള്‍ ശക്തി പകരും. ഇന്ത്യ-പാക് സംഘര്‍ഷം ഉള്‍പ്പെടെ ലോകത്തെ ആറ് യുദ്ധങ്ങള്‍ ആറ് മാസത്തിനുള്ളില്‍ താന്‍ അവസാനിപ്പിച്ചു എന്നാണ് ട്രംപ് ഇപ്പോള്‍ അവകാശപ്പെടുന്നത്. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ സാധ്യമായാല്‍ അതുകൂടി ട്രംപിന്റെ ക്രെഡിറ്റിലേക്ക് ചേര്‍ക്കപ്പെടും. ഇതോടെ ആ പട്ടിക ഏഴായി ഉയരും.

ഹമാസ്-ഇസ്രായേല്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിലും ട്രംപ് കാര്യമായി ഇടപെടുന്നുണ്ട്. സമാധാന ശ്രമങ്ങള്‍ക്ക് തനിക്ക് നൊബേല്‍ സമ്മാനത്തിന് അര്‍ഹതയുണ്ടെന്നും അത് മനപ്പൂര്‍വ്വം നല്‍കാത്തതാണെന്നും വരെ ട്രംപ് പറഞ്ഞിരുന്നു. ഈ വര്‍ഷം ജനുവരിയിലാണ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ രണ്ടാം വട്ടവും അധികാരത്തിലേറിയത്. അതിനു ശേഷം ആണവ ദുരന്തം ഉള്‍പ്പെടെ സംഭവിച്ചേക്കാവുന്ന ആറ് യുദ്ധങ്ങള്‍ ആറു മാസത്തിനുള്ളില്‍ പരിഹരിച്ചു എന്നാണ് ട്രംപ് പറയുന്നത്. ഇക്കാര്യം ആവര്‍ത്തിച്ച് ട്രംപ് അവകാശപ്പെടുന്നുണ്ട്. ട്രംപിന്റെ അവകാശവാദങ്ങളില്‍ എത്രത്തോളം യാഥാര്‍ത്ഥ്യമുണ്ട് എന്നതും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. 

താന്‍ പരിഹരിച്ചതായി ട്രംപ് അവകാശപ്പെടുന്ന ആറ് യുദ്ധങ്ങള്‍ 

1. അര്‍മേനിയ-അസര്‍ബൈജാന്‍ സംഘര്‍ഷം

അര്‍മീനിയ-അസര്‍ബൈജാന്‍ അതിര്‍ത്തിയിലെ നാഗര്‍ണോ-കരാബാക് മേഖലയെചൊല്ലി ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം ഇതിനകം നിരവധി ജീവനുകള്‍ എടുത്തുകഴിഞ്ഞു. അടുത്തിടെ പോരാട്ടം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളില്‍ ട്രംപ് മധ്യസ്ഥനായി. ഈ വര്‍ഷം ആദ്യം വൈറ്റ് ഹൗസില്‍ അര്‍മേനിയയില്‍ നിന്നും അസര്‍ബൈജാനില്‍ നിന്നുമുള്ള നേതാക്കള്‍ക്ക് ട്രംപ് ആതിഥേയത്വം വഹിച്ചു. 35 വര്‍ഷമായി തുടരുന്ന സംഘര്‍ഷമാണ് അവസാനിച്ചത്. അസര്‍ബൈജാന്‍-അര്‍മീനിയ സമാധാനക്കരാര്‍ ട്രംപിന്റെ രാഷ്ട്രീയ നേട്ടമായി മാറുകയും ചെയ്തു.

2. ഇസ്രായേല്‍-ഇറാന്‍ യുദ്ധം

ഈ വര്‍ഷം ജൂണിലാണ് ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയത്. ഇതോടെ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം ഉച്ചസ്ഥായിയിലെത്തി. ഇവിടെയും ട്രംപ് മധ്യസ്ഥനായി. വെടിനിര്‍ത്തലിന് ധാരണ നിലവില്‍ വന്നത് ട്രംപ് തന്നെയാണ് ലോകത്തെ അറിയിച്ചത്.

3. ഈജിപ്ത്-എത്യോപ്യ സംഘര്‍ഷം

നൈല്‍ നദിയില്‍ അണക്കെട്ട് പണിയുന്നതുമായി ബന്ധപ്പെട്ട് എത്യോപ്യയും ഈജിപ്റ്റും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തര്‍ക്കം അവസാനിപ്പിച്ചതായും ട്രംപ് അവകാശപ്പെടുന്നു. ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങളും മൗനം പാലിക്കുമ്പോഴും തന്റെ ഇടപെടല്‍ സംഘര്‍ഷം അവസാനിപ്പിച്ചതായി ട്രംപ് ആവര്‍ത്തിക്കുന്നു.

4. റുവാണ്ട-ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ സംഘര്‍ഷം

ഈ വര്‍ഷം ജൂണില്‍ റുവാണ്ടയും കോംഗോയും തമ്മിലുള്ള ഒരു സമാധാന ഉടമ്പടിക്ക് താന്‍ മധ്യസ്ഥത വഹിച്ചതായി ട്രംപ് പ്രഖ്യാപിച്ചു. പതിറ്റാണ്ടുകളായി നീണ്ടു നിന്ന രക്തരൂക്ഷിതമായ സംഘര്‍ഷം ഇതോടെ അവസാനിച്ചതായാണ് അദ്ദേഹം അവകാശപ്പെടുന്നത്.

5. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിലുള്ള ട്രംപിന്റെ അവകാശവാദമാണ് ലോകം ഏറ്റവും ശ്രദ്ധിച്ചത്. ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്ന് മെയ് മാസത്തില്‍ നടന്ന രൂക്ഷമായ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ ഇടപെട്ട് സമാധാന കരാര്‍ കൊണ്ടുവന്നത് താനാണെന്നായിരുന്നു ട്രംപ് പറഞ്ഞത്. ഇക്കാര്യം പലപ്പോഴായി അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു. അതേസമയം, ഇന്ത്യ ഇക്കാര്യം നിഷേധിച്ചു. ട്രംപിന്റെ അവകാശവാദം ഇന്ത്യയില്‍ വലിയ വിവാദമാകുകയും ചെയ്തു

അതേസമയം പാകിസ്ഥാനാകട്ടെ അദ്ദേഹത്തിന്റെ അവകാശവാദത്തെ പരസ്യമായി പിന്തുണയ്ക്കുകയും സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യുകയും ചെയ്തു.

6. തായ്‌ലന്‍ഡ്-കംബോഡിയ സംഘര്‍ഷം

ഓഗസ്റ്റ് ആദ്യം, അതിര്‍ത്തി സംഘര്‍ഷം അവസാനിപ്പിക്കാന്‍ ട്രംപ് തായ്‌ലന്‍ഡിലെയും കംബോഡിയയിലെയും നേതാക്കളെ വ്യക്തിപരമായി ട്രംപ് ഫോണില്‍ വിളിച്ചു. തുടര്‍ന്ന് വെടിനിര്‍ത്തല്‍ കരാറിന് ഇരു രാജ്യങ്ങളും സമ്മതിച്ചിരുന്നു. കംബോഡിയയുടെ പ്രധാനമന്ത്രി ഹാന്‍ മാനെറ്റ് ട്രംപിനെ സമാധാന സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തുകൊണ്ട് നോബല്‍ കമ്മിറ്റിക്ക് കത്തെഴുതി.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam