വിമർശനങ്ങളോടുള്ള അസഹിഷ്ണുത, വിവരശേഖരത്തോടുള്ള എതിർപ്പ് എന്നിവ ചില അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ നിഷേധിക്കപ്പെടുന്നതിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഭരണാധികാരികളും രാഷ്ട്രീയക്കാരുമാണ് വിമർശനങ്ങളോടു കടുത്ത അസഹിഷ്ണുത പ്രകടിപ്പിക്കുന്നത്. ആ വിപ്രതിപത്തി രോഷപ്രകടനത്തിലേക്കും വാവിട്ട വാക്കുകളിലേക്കും പടരുന്നു. സാമൂഹ്യ, സാംസ്‌കാരിക, സാമുദായിക മേഖലകളിലും ഇത്തരം അസഹിഷ്ണുതയും വാക്‌പോരും ഇപ്പോൾ പടർന്നു പിടിച്ചിട്ടുണ്ട്.
ഉത്തരവാദപ്പെട്ടവരുടെ വിമർശനം വെറും വാചകക്കസർത്തായി മാറരുത്. വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലായിരിക്കണം വിമർശനം. അടിസ്ഥാനരഹിത ആരോപണങ്ങളെ ഒന്നുകിൽ അവഗണിക്കാം, അല്ലെങ്കിൽ കൃത്യമായ മറുപടിയോ വിശദീകരണമോ നൽകാം. എന്നാൽ, വിമർശനങ്ങൾക്ക് കുറിക്കുകൊള്ളുന്ന മറുപടി നൽകുന്നവർ മിടുക്കരാകുന്നു. മറുപടി എത്രമാത്രം വസ്തുനിഷ്ഠമാണെന്നൊന്നും ആരും ശ്രദ്ധിക്കുന്നില്ല. അപമാനിച്ചും അസഭ്യം പറഞ്ഞും എതിരാളിയെ അതിജീവിക്കാനുള്ള ശ്രമമാണു പലേടത്തും കാണുന്നത്. ഇനി മാധ്യമരംഗത്തേക്കു കടന്നാലോ. അവിടെയും പുഴുക്കുത്തുകൾ ഏറെയുണ്ട്. പക്ഷേ, യാഥാർത്ഥ്യബോധത്തോടെയും വസ്തുനിഷ്ഠമായും കാര്യങ്ങൾ അവതരിപ്പിക്കുന്നവരേക്കാളേറെ ആവേശം കൊള്ളിക്കുന്നവരാണ് ഇപ്പോൾ ഈ രംഗത്തു വിലസുന്നത്.
ഭരണാധികാരികളും നേതാക്കളും അവർക്ക് ഇഷ്ടമുള്ളതെല്ലാം പൊതുവേദികളിൽ വിളമ്പുമ്പോൾ അതു പൊതുസമൂഹത്തെ അറിയിക്കുന്ന മാധ്യമങ്ങളെയും ആരും വെറുതെവിടുന്നില്ല. മാധ്യമങ്ങൾക്കു മൂക്കുകയറിടാൻ ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമങ്ങൾ എല്ലാവരും തുടരുന്നു. കൃഷി വകുപ്പുമായി ബന്ധപ്പെട്ടു മാധ്യമങ്ങളിൽ വന്ന ചില വാർത്തകളെക്കുറിച്ച് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. വിവരങ്ങൾ മാധ്യമപ്രവർത്തകർക്ക് എങ്ങിനെ ലഭിച്ചു എന്നു കണ്ടെത്തുകയാണു ലക്ഷ്യം. മാധ്യമ പ്രവർത്തകരിൽനിന്നും മാധ്യമ സ്ഥാപനത്തിൽ നിന്നും വിശദീകരണം തേടാനും മൊഴിയെടുക്കാനും അന്വേഷണ ഉദ്യോഗസ്ഥനായ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് അധികാരം നൽകിക്കൊണ്ടുള്ളതാണ് ഈ ഉത്തരവ്.
നിയമസഭാ സമുച്ചയത്തിനകത്തു മാധ്യമ പ്രവർത്തകർ പാലിക്കേണ്ട മാർഗനിർദേശങ്ങൾ ഈയിടെ പുറത്തിറക്കിയിരുന്നു. പൊതുവായ ചില കാര്യങ്ങളുടെ കൂട്ടത്തിൽ മാധ്യമങ്ങൾക്കു കൂച്ചുവിലങ്ങിടാനുള്ള ചില നിർദേശങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സഭാ ഗാലറിയിൽ പൂർണ നിശബ്ദത പാലിക്കണം, മൊബൈൽ ഫോൺ ഉപയോഗിച്ചു സഭാ നടപടികൾ പകർത്തരുത് തുടങ്ങിയ നിർദ്ദേശങ്ങൾ പാലിക്കപ്പെടേണ്ടതാണ്. അതേസമയം, നിയമസഭാംഗത്തിന്റെ പ്രസംഗം മന:പൂർവം വ്യാഖ്യാനം ചെയ്താൽ നടപടി എടുക്കുമെന്നൊക്കെയുള്ള മാർഗനിർദേശങ്ങൾ ചില മുന്നറിയിപ്പുകൾ തന്നെ. മാധ്യമലോകം ഇതിനോടൊക്കെ എങ്ങിനെ പ്രതികരിക്കും എന്ന കാര്യം നിലവിലെ സാഹചര്യത്തിൽ വിലയിരുത്തുക പ്രയാസമാണ്.
പുറമേ പറയുന്ന വ്യക്തിസ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും ഭരണകൂടത്തിന്റെ ഇച്ഛയ്ക്കനുസരിച്ചു മാത്രമാവും എന്നതാണ് ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത്. ഭരണകൂടവും രാഷ്ട്രീയ നേതൃത്വവുമെല്ലാം പരസ്പരവിരുദ്ധമായ നയസമീപനങ്ങളിലൂടെ ജനത്തെ വിഡ്ഢികളാക്കുകയാണ്.
മാധ്യമ വാർത്തകളോടു മാത്രമല്ല, അഭിപ്രായപ്രകടനങ്ങളോടും വിമർശനങ്ങളോടും ഭരണകൂടവും സംഘടിത ശക്തികളും വിയോജിപ്പു പ്രകടിപ്പിക്കുന്നതു മനസിലാക്കാനാവും. പക്ഷേ അതെല്ലാം അടിച്ചമർത്താൻ തുനിഞ്ഞാൽ എന്താവും സ്ഥിതി? സുപ്രീംകോടതിയും കേരള ഹൈക്കോടതിയും ഈയിടെ ഇക്കാര്യത്തെക്കുറിച്ചു നടത്തിയ നിരീക്ഷണങ്ങൾ വിഷയത്തിന്റെ ഗൗരവം പൂർണമായി ഉൾക്കൊണ്ടായിരുന്നു. 'ദി വയർ' എന്ന ഓൺലൈൻ മാധ്യമത്തിൽ വന്ന ഒരു ലേഖനവുമായി ബന്ധപ്പെട്ട കേസിലായിരുന്നു സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം.
ലേഖനം എഴുതിയതിന്റെ പേരിലോ വീഡിയോകൾ തയ്യാറാക്കുന്നതിന്റെ പേരിലോ മാധ്യമ പ്രവർത്തകരെ കേസിൽ കുടുക്കാനാവുമോ എന്നതായിരുന്നു കോടതി മുമ്പാകെ വന്ന വിഷയം. ഒരു മാധ്യമ പ്രവർത്തകന്റെ വാർത്തയോ വീഡിയോയോ പ്രഥമദൃഷ്ട്യാ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാകുമെന്നു പറയാനാവില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. വാർത്ത തയ്യാറാക്കുന്നതും ലേഖനം എഴുതുന്നതും നിയമവിരുദ്ധമായി ആയുധങ്ങളും വെടിക്കോപ്പുകളും കടത്തുന്നതുപോലെയല്ലെന്നു കോടതി അഭിപ്രായപ്പെട്ടു. രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന കേസുകളെ വസ്തുതകളുടെ അടിസ്ഥാനത്തിൽ മാത്രമേ നിർവചിക്കാൻ സാധിക്കൂ എന്നും കോടതി നിരീക്ഷിച്ചു.
ഭാരതീയ ന്യായസംഹിതയുടെ 152-ാം വകുപ്പ് ദുരുപയോഗിക്കുന്നതിനെക്കുറിച്ചായിരുന്നു ഹർജിയിലെ പ്രധാന ആരോപണം. സമാന സ്വഭാവമുള്ള മറ്റൊരു കേസുമായി ഈ ഹർജിയെ ബന്ധിപ്പിച്ച സുപ്രീംകോടതി, 'ദി വയറി'ന്റെ എഡിറ്റർ സിദ്ധാർത്ഥ് വരദരാജൻ ഉൾപ്പെയുള്ളവർക്ക് എതിരേയുള്ള അറസ്റ്റ് തടഞ്ഞിട്ടുണ്ട്.
മാധ്യമങ്ങളെ ചൊൽപ്പടിക്കു നിർത്താനുള്ള ശ്രമം എല്ലാക്കാലത്തും ഭരണകൂടങ്ങൾ നടത്താറുണ്ട്. ജനാധിപത്യത്തിൽ മാധ്യമങ്ങളെ കയറൂരി വിട്ടാൽ കുഴപ്പമാകുമെന്നു ഏകാധിപത്യ സ്വഭാവമുള്ള ഭരണാധികാരികൾക്കു നല്ല ബോധ്യമുണ്ട്. അതിനു 'സാമം ദാനം ഭേദം..' തുടങ്ങിയ തന്ത്രങ്ങളൊക്കെ അവർ തരാതരം പോലെ ഉപയോഗിക്കും. സംസ്ഥാന ഭരണകൂടങ്ങളും ഇക്കാര്യത്തിൽ പിന്നോട്ടല്ല. വിയോജിപ്പും വിമർശനങ്ങളും പ്രകടിപ്പിക്കുന്നവരെ ക്രിമിനൽ കേസ് ഉപയോഗിച്ച് അടിച്ചമർത്തുന്നത് ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യ തത്വങ്ങളോടുള്ള വെല്ലുവിളിയാണെന്നു കേരള ഹൈക്കോടതിയും കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.
വയനാട്ടിലെ ചൂരൽമലയിലും മുണ്ടകൈയിലും ഉരുൾ പൊട്ടിലനെത്തുടർന്നു വൻ നാശനഷ്ടമാണ് ഉണ്ടായത്. ദുരന്തത്തെത്തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ സംഭാവന സ്വരൂപിക്കുന്നതിനെതിരെ വാട്‌സാപ് ഗ്രൂപ്പിൽ കമന്റ് ഇട്ടതിനെതിരേയുള്ള കേസ് റദ്ദാക്കിക്കൊണ്ടു ഹൈക്കോടതി ഈയിടെ പുറപ്പെടുവിച്ച ഉത്തരവാണ് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പ്രസക്തി ചൂണ്ടിക്കാട്ടിയ മറ്റൊരു അവസരം. വിയോജിപ്പും വിമർശനവും പ്രകടിപ്പിക്കുന്നവരെ ക്രിമിനൽകേസ് എടുത്ത് അടിച്ചമർത്തുന്നത് ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യ തത്വങ്ങളോടുള്ള വെല്ലുവിളിയാണെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജനാധിപത്യത്തിൽ ന്യായമായ വിമർശനവും വിയോജിപ്പും പ്രകടിപ്പിക്കാനുള്ള അവകാശം പൗരന് ഉണ്ട്. ചർച്ചയുടെ ഭാഗമായി ഫണ്ട് ദുരുപയോഗത്തെക്കുറിച്ചും ഭരണകക്ഷിക്കെതിരേയും അഭിപ്രായം പറയുന്നത് കലാപാഹ്വാനമാണെന്നു പറയുന്നത് അസംബന്ധമാണെന്നും ജസ്റ്റിസ് വി.ജി. അരുൺ അഭിപ്രായപ്പെട്ടു.
സംഭാവന നൽകുന്നതു ജാഗ്രതയോടെ വേണമെന്നു കമന്റ് കലാപമുണ്ടാക്കാൻ പര്യാപ്തവും സംഭാവന തടയാൻ ലക്ഷ്യമിട്ടുള്ളതുമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. ദുരന്ത കൈകാര്യ നിയമപ്രകാരമുള്ള ജോലി തടസപ്പെടുത്തുകയോ നിർദേശങ്ങൾ പാലിക്കാതിരിക്കുകയോ ചെയ്താൽ മാത്രമേ ഈ നിയമം ബാധകമാകൂ എന്നും കോടതി ചൂണ്ടിക്കാട്ടി. കലാപാഹ്വാനത്തിനും ദുരന്ത കൈകാര്യനിയമലംഘനത്തിനും എടുത്ത കേസിൽ അന്തിമ റിപ്പോർട്ടും മജിസ്‌ട്രേറ്റ് കോടതിയിലെ തുടർനടപടികളും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.
സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയുമൊക്കെ ഇത്തരം ചില നിലപാടുകളും ഉത്തരവുകളുമാണ് നമ്മുടെ ജനാധിപത്യത്തെയും ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശങ്ങളെയുമൊക്കെ ഇന്നും ഉറപ്പിക്കുന്നത്. അതിന് ഇളക്കം സൃഷ്ടിക്കാൻ നടത്തുന്ന ശ്രമങ്ങളെ നിരന്തരം എതിർത്തുകൊണ്ടേയിരിക്കണം.
വിപ്ലവകരമായൊരു നിയമനിർമാണമായിരുന്നു വിവരാവകാശ നിയമം. ജനാധിപത്യ ഭരണക്രമത്തിൽ ഭരണാധികാരികളും ഉദ്യോഗസ്ഥ വൃന്ദവുമൊക്കെ ജനങ്ങളോട് എത്രമാത്രം വിധേയമാകണം എന്നു വ്യക്തമാക്കിയ നിയമം. അതനുസരിച്ചു കേന്ദ്ര, സംസ്ഥാന തലങ്ങളിൽ വിവരാവകാശ കമ്മീഷനുകൾ രൂപീകരിക്കപ്പെട്ടു. മാധ്യമങ്ങളും മാധ്യമപ്രവർത്തകരും മാത്രമല്ല, സാധാരണ പൗരന്മാർപോലും വിവരശേഖരണത്തിന് ഈ അവസരം ഉപയോഗിച്ചു. ഫയലുകളിലും സർക്കാർ രേഖകളിലും ഒളിപ്പിച്ചുവച്ചിരുന്ന പല വിവരങ്ങളും ഇതിലൂടെ പൊതുസമൂഹത്തിനു മുന്നിൽ എത്തി.
വിവരാകാശനിയമത്തിന്റെ ഉപയോഗം തങ്ങളുടെ നിലനിൽപ്പിനുതന്നെ വിഘാതമാകുമെന്നു മനസിലാക്കിയ ഭരണാധികാരികൾ സാവധാനം ഇതിന്റെ ചിറകു മുറിക്കാൻ ശ്രമം തുടങ്ങി. അവസരം പാർത്തിരുന്ന ചില ഉദ്യോഗസ്ഥരും അവരോടൊപ്പം ചേർന്നു. രാജ്യസുരക്ഷ പോലുള്ള സുപ്രധാന വിഷയങ്ങളിലൊഴികെ പൊതുസമൂഹം അറിയേണ്ട കാര്യങ്ങളെല്ലാം ചുവപ്പു നാടകളുടെ കെട്ടഴിച്ചു പുറത്തുവന്നപ്പോൾ പലർക്കും പൊള്ളിത്തുടങ്ങി. അതാണ് ഒളിഞ്ഞും തെളിഞ്ഞും വിവരാവാകശനിയമത്തിനു കൂച്ചുവിലങ്ങിടാനുള്ള ശ്രമം ഇപ്പോഴും തുടരുന്നതിന്റെ പ്രധാന കാരണം.
വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട ചില കേസുകൾ ഇപ്പോൾ ഹൈക്കോടതികളിലും സുപ്രീംകോടതികളിലും എത്തുന്നുണ്ട്. അവിടെയും പരസ്പരവിരുദ്ധമായ വിധിയും വിശകലനങ്ങളും ഉണ്ടാകുന്നു. 'സിയാൽ' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വിവരാവകാശ നിയമത്തിനു കീഴീൽ വരുമെന്ന കേരള ഹൈക്കോടതി ഉത്തരവ് കഴിഞ്ഞ ദിവസം സുപ്രീംകോടതി സ്റ്റേ ചെയ്തു. പാർലമെന്റ് നിയമപ്രകാരമല്ല കമ്പനി നിയമപ്രകാരമാണ് സിയാൽ സ്ഥാപിച്ചതെന്നും സർക്കാർ സഹായം ലഭിക്കുന്നില്ലെന്നുമുള്ള സിയാൽ അഭിഭാഷകന്റെ വാദം സുപ്രീംകോടതി കണക്കിലെടുത്തു. എന്നാൽ സിയാൽ ഒരു പൊതുസ്ഥാപനമാണെന്നും വിവരാവകാശ നിയമത്തിനു കീഴിൽ വരുമെന്നും കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചു വിധിച്ചിരുന്നതും ഡിവിഷൻ ബെഞ്ച് അതു ശരിവച്ചിരുന്നതുമാണ്.
വിവരാവകാശവുമായി ബന്ധപ്പെട്ട് വന്ന മറ്റൊരു വിധിയും ശ്രദ്ധേയമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തണമെന്നു കേന്ദ്ര വിവരാവാകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു. കമ്മീഷന്റെ ആ ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. പൊതുജനങ്ങൾക്കു താത്പര്യമുള്ളതെന്നു പറയുന്നതും പൊതുജന താത്പര്യപ്രകാരമെന്നു പറയുന്നതും തമ്മിൽ ഏറെ വ്യത്യാസമുണ്ടെന്നു ജസ്റ്റിസ് സച്ചിൻ ദത്ത ഉത്തരവിൽ പറഞ്ഞു. പൊതുസേവകരാകുന്നുതിനു നിശ്ചിത വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ലെന്നും കോടതി കൂട്ടിച്ചേർത്തു. മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പത്ത്, പന്ത്രണ്ട് ക്ലാസ് രേഖകൾ പരിശോധിക്കാൻ സി.ബി.എസ്.ഇയെ അനുവദിക്കണമെന്ന കേന്ദ്രവിവരാവകാശ കമ്മീഷൻ ഉത്തരവും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.
നിയമങ്ങളും ചട്ടങ്ങളുമൊക്കെ പലപ്പോഴും ഭരണകൂടത്തിന്റെ ചൊൽപ്പടിക്കു നിൽക്കുന്നതാണു നാം കണ്ടുവരുന്നത്. സാധാരണക്കാരുടെ കാര്യത്തിൽ ആനുകൂല്യങ്ങളോ നിയമപരിരക്ഷയോ പലപ്പോഴും കിട്ടാറുമില്ല. ജുഡീഷറിയിൽനിന്നുപോലും അപ്രതീക്ഷിതമായ ചില നിലപാടുകൾവരുന്നു. അതിനെല്ലാം നിയമപരമായ ചില ന്യായങ്ങൾ കാണാം. പക്ഷേ, പൊതുസമൂഹത്തിനിടയിൽ സംശയങ്ങളും ആശങ്കകളും ഉയരാൻ ഇതു കാരണമാകും. ഭരണതലത്തിലും ഉദ്യോഗസ്ഥ തലത്തിലുമുള്ള അഴിമതിയും സ്വജനപക്ഷപാതവും വർധിച്ചുവരുന്ന കാലത്ത് അതിനൊക്കെ തടയിടാൻ ശക്തമായ നിയമങ്ങളുണ്ടാവണം. അതു ഫലപ്രദമായി ഉപയോഗിക്കാനാവണം. ഉള്ളതിന്റെ പോലും പല്ലു കൊഴിക്കുകയാണിപ്പോൾ.
രാഷ്ട്രീയ പാർട്ടികളിലും സംഘടനകളിലുമൊക്കെ പലതരത്തിലുള്ള അടിയൊഴുക്കുകൾ ഉണ്ടാവും. പക്ഷേ ഭരണതലത്തിലും ഉദ്യോഗസ്ഥ തലത്തിലും അങ്ങിനെ ഉണ്ടാവാൻ പാടില്ല. കാരണം അവർക്കു ജനങ്ങളോടും രാജ്യത്തോടും സവിശേഷമായൊരു ഉത്തരവാദിത്വമുണ്ട്. കുടെ നിൽക്കുന്നവരെ സംരക്ഷിക്കാൻ രാഷ്ട്രീയ കക്ഷികൾ ചിലപ്പോൾ വഴിവിട്ടു പലതും ചെയ്തുവെന്നിരിക്കും. എന്നാൽ ഭരണാധികാരികൾ അതു ചെയ്യാൻ പാടില്ല. അവർ ചെയ്യുന്ന ഓരോ നടപടിക്കും നിയമത്തിന്റെ പിൻബലവും ധാർമികതയുടെ പിന്തുണയും ഉണ്ടാവണം.
സെർജി ആന്റണി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1