ഇന്ത്യന്‍ വസ്ത്ര നിര്‍മ്മാണ മേഖലയ്ക്ക് കനത്ത ആഘാതമാണ് അമേരിക്കയുടെ അധിക തീരുവ നയംമൂലം ഉണ്ടായിരിക്കുന്നത്. തീരുവയുടെ അധിക ഭാരം പങ്കിടുകയോ അല്ലെങ്കില്‍ ഉല്‍പ്പാദനം ഇന്ത്യയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് മാറ്റുകയോ ചെയ്യണമെന്ന നിര്‍ദേശം ഇതിനോടകം തന്നെ പല അമേരിക്കന്‍ ഉപയോക്താക്കളും ഇന്ത്യന്‍ കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
യുഎസ് ഉപഭോക്താക്കള്‍ തങ്ങളെ വിളിക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് ഉല്‍പ്പാദനം ബംഗ്ലാദേശ്, ഇന്തോനേഷ്യ, വിയറ്റ്‌നാം, ഗ്വാട്ടിമാല എന്നിവിടങ്ങളിലെ തങ്ങളുടെ 17 ഫാക്ടറികളിലേക്ക് മാറ്റണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. പ്രമുഖ യു.എസ് കമ്പനികള്‍ക്ക് വസ്ത്രങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്ന പേള്‍ ഗ്ലോബല്‍ എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ പല്ലബ് ബാനര്‍ജിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പുതിയ തീരുവ വര്‍ധന ഇന്ത്യയുടെ ടെക്‌സ്‌റ്റൈല്‍ മേഖലയെ കാര്യമായി ബാധിക്കുമെന്ന് കിറ്റെക്‌സ് എംഡി സാബു എം. ജേക്കബും കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. 50 ശതമാനം തീരുവ കാരണം ഇന്ത്യയില്‍ നിന്ന് യുഎസിലേക്കുള്ള കയറ്റുമതി ബുദ്ധിമുട്ടായിരിക്കുകയാണ്, ഇത് തൊഴില്‍ മേഖലയെയും പ്രതിസന്ധിയിലാക്കും. പ്രതിസന്ധി തുടര്‍ന്നാല്‍ കിറ്റെക്‌സില്‍ പിരിച്ചുവിടലടക്കമുള്ള നടപടികളിലേക്ക് നീങ്ങേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
കിറ്റെക്‌സിന്റെ 91 ശതമാനം ബിസിനസും യുഎസുമായാണ്. എന്നാല്‍ തീരുവ വര്‍ധനയെ തുടര്‍ന്ന് കമ്പനി യുകെയും യൂറോപ്പുമായുള്ള വ്യാപാരം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. കുട്ടികളുടെ വസ്ത്ര ബ്രാന്‍ഡായ 'ലിറ്റില്‍ സ്റ്റാര്‍' ഇനി ഇന്ത്യയിലും ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും. യുഎസ് വിപണിയിലെ പ്രശ്‌നങ്ങള്‍ കാരണം ആന്ധ്രയില്‍ പുതിയ സംരംഭം തുടങ്ങാനുള്ള തീരുമാനം കിറ്റെക്‌സ് നീട്ടിവെച്ചതായും സാബു എം. ജേക്കബ് അറിയിച്ചു.
ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം തീരുവയാണ് അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബംഗ്ലാദേശിനും വിയറ്റ്‌നാമിനും 20 ശതമാനവും ചൈനയ്ക്ക് 30 ശതമാനവുമാണ് തീരുവ. ഏപ്രിലില്‍ ട്രംപ് പ്രഖ്യാപിച്ച തീരുവ നിര്‍ദ്ദേശങ്ങള്‍ ഇന്ത്യയ്ക്ക് താരതമ്യേന കുറവായിരുന്നു. ഇത് 16 ബില്യണ്‍ ഡോളറിന്റെ യുഎസ് വസ്ത്ര കയറ്റുമതി വിപണിയില്‍ ഇന്ത്യയ്ക്ക് വലിയ അവസരമായി കണക്കാക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യ-യുഎസ് ബന്ധം വഷളായതോടെ, റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേര് പറഞ്ഞ് ഇന്ത്യയ്ക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തി.
ഇന്ത്യയുടെ വസ്ത്രനിര്‍മ്മാണ മേഖല ഇതിനോടകം തന്നെ തൊഴിലാളി ക്ഷാമവും ഉല്‍പ്പാദന ശേഷിയിലെ പരിമിതിയും നേരിടുന്നുണ്ട്. പുതിയ തീരുവ വര്‍ധന, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിക്ക് വലിയ തിരിച്ചടിയുമാണ്. പേള്‍ ഗ്ലോബലിന് വിദേശ ഫാക്ടറികള്‍ ഉള്ളതിനാല്‍ യുഎസ് ഓര്‍ഡറുകള്‍ നിറവേറ്റാന്‍ കഴിയുമെങ്കിലും, ഇന്ത്യയിലെ ഫാക്ടറികളെ മാത്രം ആശ്രയിക്കുന്ന കയറ്റുമതിക്കാര്‍ക്ക് ഇത് വലിയ വെല്ലുവിളിയാണ്.
ഈ സാഹചര്യത്തിലാണ് നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ഒരു ഉല്‍പ്പാദന കേന്ദ്രം സ്ഥാപിക്കുന്നത് തങ്ങള്‍ പരിഗണിക്കുന്നുവെന്ന് ജെ. ക്രൂ ഗ്രൂപ്പ് പോലുള്ള യുഎസ് ഉപഭോക്താക്കള്‍ക്ക് 111 മില്യണ്‍ ഡോളറിന്റെ വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്ന റിച്ചകോ എക്‌സ്‌പോര്‍ട്‌സിന്റെ ജനറല്‍ മാനേജര്‍ ദിനേശ് രഹേജ അഭിപ്രായപ്പെട്ടത്.
ഇന്ത്യയുടെ നെയ്ത്തുവസ്ത്ര തലസ്ഥാനമായ തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് രാജ്യത്തിന്റെ മൊത്തം വസ്ത്ര കയറ്റുമതിയുടെ മൂന്നിലൊന്നും നിലനില്‍ക്കുന്നത്. വര്‍ഷത്തിന്റെ തുടക്കത്തില്‍ മേഖല ശുഭാപ്തിവിശ്വാസത്തിലായിരുന്നെങ്കിലും, ഇപ്പോള്‍ വലിയ ആശങ്കയാണ് നിറയുന്നത്. ചില യുഎസ് ഉപഭോക്താക്കള്‍ ഓര്‍ഡറുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, അടിവസ്ത്ര ഓര്‍ഡറുകള്‍ക്കായി നൂല്‍ വാങ്ങുന്നത് നിര്‍ത്തിവയ്ക്കാന്‍ ഒരു ഇറക്കുമതിക്കാരന്‍ ആവശ്യപ്പെട്ടതായി കോട്ടണ്‍ ബ്ലോസം ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നവീന്‍ മൈക്കല്‍ ജോണ്‍ വ്യക്തമാക്കി.
ബംഗ്ലാദേശില്‍ രാഷ്ട്രീയ പ്രതിസന്ധിയും ചൈനയില്‍ നിന്ന് വിതരണ ശൃംഖല വൈവിധ്യവത്കരിക്കാനുള്ള ശ്രമങ്ങളും നടക്കുന്ന സാഹചര്യത്തില്‍, ഇന്ത്യ യുഎസ് വസ്ത്ര വാങ്ങലുകാര്‍ക്ക് ഒരു പ്രധാന ബദലായി ഉയര്‍ന്നുവരികയായിരുന്നു. എന്നാല്‍, പുതിയ തീരുവ ഈ അവസരത്തെ ഇല്ലാതാക്കിയിരിക്കുകയാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1