ഉറങ്ങുന്ന രാജകുമാരി, സ്ലീപിങ് ബ്യൂട്ടി എന്ന ക്ലാസിക് ഫെയറി ടെയ്ല്‍ കാണാത്തവര്‍ ചിലപ്പോള്‍ ചുരുക്കമാവും. അല്ലെങ്കില്‍ ആ ഉറങ്ങുന്ന രാജകുമാരിയുടെ കഥയെങ്കിലും വായിച്ചിട്ടുണ്ടാവും. യൂറോപ്പില്‍ പ്രസിദ്ധമായിരുന്ന ഒരു നാടോടിക്കഥ ആസ്പദമാക്കി ഡിസ്നി ഒരുക്കിയ ആനിമേഷന്‍ ചിത്രമായിരുന്നു സ്ലീപ്പിങ് ബ്യൂട്ടി. ഒരു ശാപത്തെ തുടര്‍ന്ന് അറോറ എന്ന രാജകുമാരി 100 വര്‍ഷത്തെ ഉറക്കത്തിലേക്ക് വഴുതി വീഴുന്നതും പിന്നീട് ഒരു ചുംബനം കൊണ്ട് അവള്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.
യഥാര്‍ത്ഥത്തില്‍ ഒരു സ്ലീപിങ് ബ്യൂട്ടി ഉണ്ട് ഈ ലോകത്ത്. തായ്ലാന്‍ഡിന്റെ കിരീടാവകാശിയായ ബജ്റകിതിയാഭ നരേന്ദിര ദേബ്യാവതി എന്ന ഭാ രാജകുമാരി. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗാഢനിദ്രയിലാണ് ഭാ. ഹൃദയസംബന്ധിയായ അസുഖം മൂലം കുഴഞ്ഞുവീണ ഇവര്‍ ഇന്നേവരെ കോമയില്‍ നിന്ന് എഴുന്നേറ്റിട്ടില്ല. തന്റെ പ്രിയപുത്രി എന്നെങ്കിലും ജീവിതത്തിലേക്ക് മടങ്ങിവരും എന്ന പ്രതീക്ഷയില്‍ ഇതുവരെ തായ്ലാന്‍ഡ് രാജാവ് മറ്റൊരു കിരീടാവകാശിയെ പ്രഖ്യാപിച്ചിട്ടുമില്ല.
തായ്ലാന്‍ഡിന്റെ നിലവിലെ രാജാവ് മഹാ വജിരലോങ്കോണിന്റെയും അദ്ദേഹത്തിന്റെ നാല് പത്നിമാരില്‍ മൂത്തയാളായ സോംസാവാലിയുടെയും ഏകപുത്രിയാണ് ഭാ രാജകുമാരി. സ്ഥാനപ്രകാരം തായ്ലാന്‍ഡിന്റെ അടുത്ത ചക്രവര്‍ത്തിനി.
1978 ഡിസംബര്‍ 7ന് ബാങ്കോങ്ങില്‍ ജനിച്ച ഭാ, ഇംഗ്ലണ്ടിലും യുഎസിലുമായാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ന്യൂയോര്‍ക്കിലെ കോര്‍ണല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമബിരുദം നേടിയ അവര്‍ തായ്ലാന്‍ഡിന്റെ അറ്റോര്‍ണി ജനറല്‍ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഓസ്ട്രിയയിലും സ്ലോവാക്യയിലും തായ്ലാന്‍ഡിന്റെ നയതന്ത്രപ്രതിനിധി ആയിരുന്നു ഭാ. ഐക്യരാഷ്ട്രസഭയുടെ വിമന്‍, ഡ്രഗ്സ് ആന്‍ഡ് ക്രൈം എന്നീ വിഭാഗങ്ങളിലും പ്രവര്‍ത്തിച്ചു.
എല്ലാ മേഖലയിലും കഴിവ് തെളിയിച്ച ഭാ രാജാവിന്റെ എഴ് മക്കളില്‍ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടവളായിരുന്നു. അതുകൊണ്ട് തന്നെയാവാം തന്റെ സെക്യൂരിറ്റി കമാന്‍ഡ് യൂണിറ്റില്‍ ഭായ്ക്ക് ജനറല്‍ റാങ്ക് നല്‍കിയിരുന്നു വജിരലോങ്കോണ്‍. 2022 വരെ റോയല്‍ സെക്യൂരിറ്റി ഗാര്‍ഡില്‍ ജനറല്‍ ആയിരുന്നു ഭാ.
2022 ഡിസംബര്‍ 14ന് വൈകുന്നേരം തന്റെ നായ്ക്കളെ പരിശീലിപ്പിക്കുന്നതിനിടെ പെട്ടെന്നാണ് ഭാ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ഫസ്റ്റ് എയ്ഡ് നല്‍കി പാക് ചോങ് നന ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടര്‍ന്ന് വ്യോമമാര്‍ഗം ബാങ്കോങ്ങിലെ ചുലാലോങ്കോണ്‍ മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ചു. അന്ന് തൊട്ടിന്നുവരെ കോമയില്‍ തന്നെ തുടരുകയാണ് ഇവര്‍. ഹൃദയസംബന്ധിയായ അസുഖം ആണെന്നതല്ലാതെ, രാജകുമാരിയുടെ അസുഖത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ രാജകുടുംബം പുറത്തുവിട്ടിട്ടില്ല. അടുത്തിടെ ഭായ്ക്ക് രക്തത്തില്‍ അണുബാധയുണ്ടായതായി തായ്ലാന്‍ഡ് രാജകുടുംബം ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചിരുന്നു. കൂടെക്കൂടെ അണുബാധയുണ്ടാകുന്നതിനാല്‍ നിരീക്ഷണം കടുപ്പിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍ എന്നും പ്രസ്താവനയില്‍ കുടുംബം വ്യക്തമാക്കി.
കരളും വൃക്കകളും പ്രവര്‍ത്തിക്കാനുള്ള ഉപകരണങ്ങളടക്കം ഘടിപ്പിച്ചാണ് നിലവില്‍ ഭായുടെ ജീവന്‍ നിലനിര്‍ത്തുന്നത്. അണുബാധയെ ചെറുക്കാന്‍ ആന്റിബയോട്ടിക്കുകളും നല്‍കുന്നുണ്ട്. രാജകുമാരി കോമയിലാണെങ്കിലും രാജ്യത്തിന് മറ്റൊരു കിരീടാവകാശിയെ ഇപ്പോള്‍ പ്രഖ്യാപിക്കുന്നില്ല എന്ന നിലപാടിലാണ് തായ് രാജാവ് എന്നാണ് വിവരം. പക്ഷേ രാജ്യകാര്യങ്ങളില്‍ താല്പര്യം പ്രകടിപ്പിക്കുകയോ രാഷ്ട്രീയത്തില്‍ ഇടപെടുകയോ ചെയ്തിരുന്ന വ്യക്തിയല്ല പ്രിന്‍സസ് ഭാ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
രാജനിയമങ്ങളുടെ പരിഷ്‌കരണം ആവശ്യപ്പെട്ട് 2020ല്‍ തായ്ലാന്‍ഡില്‍ വന്‍ പ്രക്ഷോഭം നടന്നപ്പോഴും മൗനം പാലിച്ചിട്ടേ ഉള്ളൂ ഭാ. ക്രമമനുസരിച്ച് ഭാ അധികാരമേല്ക്കുകയാണെങ്കില്‍ തായ്ലാന്‍ഡിന്റെ ആദ്യ ചക്രവര്‍ത്തിനിയാകും അവര്‍. രാജ്ഞി അടക്കമുള്ള പദവികള്‍ തായ് രാജസ്ത്രീകള്‍ക്കുണ്ടെങ്കിലും ഇതുവരെ ഭരണതലപ്പത്ത് രാജകുടുംബത്തിലെ ഒരു സ്ത്രീയും എത്തിയിട്ടില്ല. ഭാ കോമയില്‍ ആയതുകൊണ്ട് തന്നെ, ഈ സ്ഥാനത്തേക്ക് ഇനിയൊരു സ്ത്രീ വരുമോ എന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. തായ് രാജകുടുംബത്തിലെ പരമ്പരാഗത നിയമപ്രകാരം രാജാവിന്റെ മൂത്ത മകനാണ് അടുത്ത കിരീടാവകാശി. എന്നാല്‍ 1974ല്‍ കിരീടാവകാശം മൂത്ത പെണ്‍മക്കള്‍ക്കും നല്‍കാമെന്ന് ഭരണഭേദഗതി ഉണ്ടായി. ഇതോടോയാണ് മൊണാര്‍ക്ക് പദവിയിലേക്ക് ഭായ്ക്കും അവകാശമുണ്ടായത്.
2016 ല്‍ ഭരണത്തിലേറിയത് മുതല്‍ ഇന്നേവരെ കിരീടാവകാശിയുടെ കാര്യത്തില്‍ തായ് രാജാവ് ഒരു പ്രഖ്യാപനം നടത്തിയിട്ടില്ല. അതുകൊണ്ടു തന്നെ, ഭാ രാജകുമാരിയെ കിരീടാവകാശിയായി കണക്കാക്കി വരികയായിരുന്നു ജനങ്ങള്‍.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1