ശ്രീനിവാസന്റെ തിരക്കഥയിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് പ്രവചന തുല്യമായ സംഭാഷണങ്ങളിലൂടെ വെള്ളിത്തിരയിൽ കണ്ട രാഷ്ട്രീയ പോർവിളിയുടെ നേർചിത്രം ഇന്ന് തെരുവിൽ കാണുകയാണ് മലയാളി പ്രേക്ഷകർ ( വോട്ടർമാർ ). കോട്ടപ്പള്ളി പ്രഭാകരനെയും പ്രകാശനേയും തിരക്കി മലയാളികൾക്ക് ഇന്ന് മറ്റെങ്ങും പോകേണ്ടതില്ല. പെണ്ണ് കേസ്, ഗർഭ കേസ് എന്നീ സംജ്ഞകൾ സിനിമയിൽ വരുംമുമ്പ് രാഷ്ട്രീയക്കാർ എടുത്ത് പയറ്റിയ വജ്രായുധങ്ങൾ ആയിരുന്നു അവ. അതിൽ ഇടത് വലത് വ്യത്യാസങ്ങൾ നോക്കേണ്ടതില്ല. പി.ടി. ചാക്കോയുടെ കാലം മുതൽ ഇന്നോളം കാലാകാലങ്ങളിൽ അവ ആവശ്യക്കാർ എടുത്ത് പ്രയോഗിച്ചിട്ടുണ്ട്.
സതീശന്റെ സമയം
ദുർബലമായ പ്രതിപക്ഷം എന്ന ചീത്തപ്പേര് നെഞ്ചിലേറ്റിക്കൊണ്ട് നടന്ന ഒരു പ്രതിപക്ഷ നേതാവിന് ഉണർന്നെഴുന്നേൽക്കാൻ ലഭിച്ച അത്യപൂർവ്വ അവസരമായി മാറി സ്വന്തം പാളയത്തിലെ യുവ നേതാവിന് ഏറ്റ കൂരമ്പ്.
അതേ ആയുധമെടുത്ത് ശത്രുപക്ഷത്തിന് നേരെ പ്രയോഗിക്കുന്ന അസാമാന്യ വൈഭവമാണ് വി.ഡി.സതീശൻ എന്ന പ്രതിപക്ഷ നേതാവ് ഈ ദിവസങ്ങളിൽ പ്രകടിപ്പിച്ചത്.
തിരക്കഥ ആരുടേതായിരുന്നാലും ഇത്തരമൊരു വിസ്‌ഫോടനം ഈ സമയത്ത് സതീശന് ആവശ്യമായിരുന്നു. രാഹുൽ മാങ്കൂട്ടം എന്ന യുവതുർക്കിക്ക് നേരെ ആക്ഷേപം ഉന്നയിച്ച യുവതി തനിക്കും മകളെപ്പോലെയാണെന്ന് സതീശൻ പറയുമ്പോൾ, ആ കുട്ടി നേരത്തെ ഒരു വാക്ക് സതീശനോട് പറഞ്ഞില്ലേ എന്ന ചോദ്യം സാമാന്യബുദ്ധിക്ക് നിരക്കുന്നത് അല്ല എന്ന് പലർക്കും തോന്നിയേക്കാം. എന്നാൽ അങ്ങനെ ഒരു ചോദ്യത്തിന് സാംഗത്യം ഉണ്ടെന്ന് ചിന്തിക്കുന്നവരും കോൺഗ്രസിൽ ഉണ്ട്.
സതീശൻ കൈവശമുള്ള ബോംബുകൾ സൂക്ഷിച്ചുവച്ച് നേരത്തെ തന്നെ അത് പൊട്ടിക്കും എന്ന് പ്രഖ്യാപിച്ചതോടെ തീരദുർബലനല്ല താനെന്ന ഇമേജ് സൃഷ്ടിക്കാൻ അദ്ദേഹത്തിനായി. ബി.ജെ.പി നേതാവിനെതിരെ ആയ ആക്ഷേപം ഉയർന്നപ്പോൾ കോൺഗ്രസുകാർ ക്ഷണനേരം കൊണ്ട് പ്രതികരിച്ചതും സതീശന്റെ തെരഞ്ഞെടുപ്പ് പടയൊരുക്കം ആയി വേണം കരുതാൻ.
ഗോവിന്ദൻ മാഷിന്റെയും സമയം
പുറത്ത് പറയാൻ കഴിയാത്ത സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് പോളിറ്റ് ബ്യൂറോയ്ക്ക് ലഭിച്ച കത്ത് ചോർന്നതിന് പിന്നിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാമാണെന്ന ആക്ഷേപം സി.പി.എമ്മിനെയും പാർട്ടി സെക്രട്ടറിയെയും ചെറുതായി ഒന്നുമല്ല ഉലച്ചത്. എല്ലാം അസംബന്ധം എന്ന് തള്ളിക്കൊണ്ട് ഗോവിന്ദൻ മാസ്റ്റർ മാധ്യമങ്ങൾക്ക് മുന്നിൽ നിന്ന് മുങ്ങുന്ന സമയത്താണ് ഇപ്പുറത്ത് ആദ്യ ബോംബ് വീഴുന്നത്. രാഹുൽ മാങ്കൂട്ടത്തിനെതിരായ പെണ്ണിന്റെ പരാതി.
അതോടെ ഫലത്തിൽ രക്ഷപ്പെട്ടത് ഗോവിന്ദൻ മാഷാണ്. കൃത്യസമയത്ത് വന്നു വീണ മാങ്കൂട്ടം കഥയിൽ മാധ്യമങ്ങൾ ഒന്നടങ്കം അതിനു പിന്നാലെ പോയി. പരാതിക്കാരിയുടെ പിതാവ് ഒരു സി.പി.എം കാരൻ ആണെന്ന വസ്തുതയും സംശയാലുക്കളായ രാഷ്ട്രീയ നിരീക്ഷകരെ ചിന്താലുക്കളാക്കി. ചക്ക വീണ് മുയൽ ചത്തതോ എന്ന സംശയം അവിടെ കിടന്നു.
ഏതായാലും മറുപടി പറയാൻ മാഷിന് തീരെ സമയം കിട്ടിയില്ല. മാധ്യമങ്ങൾക്ക് അതിന് നേരവുമില്ല. നാമറിയാത്ത അന്തർധാരകൾ എവിടെയെങ്കിലും സജീവമാണോ എന്ന് ബി.ജെ.പിക്കാരൻ എങ്കിലും ചിന്തിച്ചിരിക്കെയാണ് അവിചാരിതമായി ബി.ജെ.പി നേതാവ് കൃഷ്ണകുമാറിനെതിരെ ലൈംഗികാരോപണം പൊട്ടിവീണത്. ഉടനെ ഒരു ബോംബ് വീഴുമെന്ന സതീശന്റെ പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ വീണ ബോംബ് യഥാർത്ഥത്തിൽ ആരെ ലക്ഷ്യം വെച്ചാണെന്ന് ഇനിയും തെളിയേ ണ്ടിയിരിക്കുന്നു.
ചട്ടമ്പി കവല
വന്ന് വന്ന്, നേതാക്കളെ തെരുവിൽ കൈകാര്യം ചെയ്യുംവിധം നിയമം കയ്യിലെടുക്കുന്ന നിലയിലേക്ക് കേരളത്തിന്റെ രാഷ്ട്രീയ നഭോമണ്ഡലം പരിണമിച്ചത് വളരെ പെട്ടെന്ന് ആയിരുന്നു. അത് ഷാഫി പറമ്പിൽ പോലുള്ളവരെ തെരുവിൽ നേരിട്ടത് കൊണ്ടല്ല. ഷാഫി പറമ്പിൽ അതിനോട് പ്രതികരിച്ച രീതി കൊണ്ട് കൂടിയാണ്. ഈ വെല്ലുവിളി രാഷ്ട്രീയം, കയ്യാങ്കളി രാഷ്ട്രീയം തദ്ദേശ തെരഞ്ഞെടുപ്പിൽ, കേരളം മുൻപെങ്ങും കാണാത്ത തെരുവ് യുദ്ധത്തിലേക്ക് കാര്യങ്ങൾ കൊണ്ടുപോകും എന്ന് വേണം അനുമാനിക്കാൻ.
മൂന്നാംവട്ടം എന്ന സ്വപ്‌നം പേറുന്ന സി.പി.എം.
പത്തുവർഷം പട്ടിണി കിടന്ന യുഡിഎഫ്. വികസന സ്വപ്‌നം എന്ന തെരഞ്ഞെടുപ്പ് കാർഡ് അച്ചടിച്ചു വച്ചിരിക്കുന്ന ബി.ജെ.പി. മൂന്നു കൂട്ടർക്കും കേരളമെന്ന ഇട്ടാവട്ടം കിട്ടിയേ പറ്റൂ.
ഏറ്റവും ഒടുവിൽ,രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കൈക്കൊണ്ട സമീപനത്തിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ എത്തി. പാർട്ടിയിലെ മുതിർന്നവരുടെ വികാരങ്ങൾ ഉൾക്കൊള്ളാതെയാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യത്തിൽ പ്രതികരണം നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയത്തിനും പൊതുപ്രവർത്തകർക്കും അപമാനം വരുത്തിവെയ്ക്കുന്നതാണ് അദ്ദേഹത്തിന്റെ നിലപാട്.
എന്നാൽ,ഇത്രയേറെ ലൈംഗിക അപവാദ കേസുകളിലെ പ്രതികളെ സംരക്ഷിച്ചൊരു രാഷ്ട്രീയ നേതാവും മുഖ്യമന്ത്രിയും പിണറായി വിജയനെ പോലെ ഇന്ത്യയിൽ മാറ്റാരുമുണ്ടാകില്ലെന്ന് സതീശൻ തിരിച്ചടിച്ചു. എനിക്ക് നേരെ വിരൽ ചൂണ്ടിയ മുഖ്യമന്ത്രിയുടെ നാലു വിരലുകളും അദ്ദേഹത്തിന്റെ നെഞ്ചിലേക്കാണെന്നത് മറക്കരുത്; ഹവാല ഇടപാടിലൂടെ മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടിലേക്ക് പണം നൽകിയെന്നതിലും പാർട്ടി സെക്രട്ടറിയുടെ മകനെതിരായ ആരോപണത്തിലും മുഖ്യമന്ത്രിക്ക് മറുപടിയില്ല; സ്വന്തമായി കണ്ണാടി നോക്കാത്തതു കൊണ്ടാണ് മുഖ്യമന്ത്രി മറ്റുള്ളവർക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നത്; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊട്ടിത്തെറിച്ച രാജീവ് ചന്ദ്രശേഖർ ആരോപണ വിധേയനായ ബി.ജെ.പി നേതാവിനെതിരെ എന്ത് നടപടിയെടുക്കും?
തിരഞ്ഞെടുപ്പിൽ ജനകീയപ്രശ്‌നങ്ങളിൽ പരാജയപ്പെട്ട സർക്കാരിന്റെ പ്രകടനമാണ് ജനം വിലയിരുത്തുകയെന്നും മറ്റൊന്നും വിലപ്പോവില്ലെന്നും കുഞ്ഞാലിക്കുട്ടി ആ പറഞ്ഞിടത്തേക്കാണ് കാര്യങ്ങൾ അവസാനം എത്തുക.
കേരള നിയമസഭയ്ക്ക് ഇനി ശേഷിക്കുന്ന എട്ടു മാസത്തിനുള്ളിൽ ചേരാനുള്ളത് രണ്ട് സമ്മേളനങ്ങൾ മാത്രം. ആ സമ്മേളന കാലയളവിൽ ആയിരിക്കും ഭരണ പ്രതിപക്ഷ ഏറ്റുമുട്ടലിന്റെ തീവ്രത കേരളം അറിയാൻ പോകുന്നത്. അതിനകം എത്ര ബോംബുകൾ കൂടി വന്നു വീഴുമെന്ന് മാത്രം അറിഞ്ഞാൽ മതി ചുരുക്കത്തിൽ അമ്പു കൊള്ളാത്തവർ ആരും ഉണ്ടാവില്ല എന്ന് പറയാം.
വികസനവും വികസന സ്വപ്‌നങ്ങളും ജനകീയ വിഷയങ്ങളും സാമ്പത്തിക ഞെരുക്കങ്ങളും രാജ്യാന്തര തലത്തിലെ സാമ്പത്തിക സമവാക്യങ്ങളുടെ അവസ്ഥ സൃഷ്ടിക്കുന്ന ചലനങ്ങളും ഒരുവശത്ത് നിൽക്കുമ്പോഴാണ്,കേവലം ലൈംഗിക ആരോപണങ്ങളുടെ പൊരുൾ തേടി മാധ്യമ ലോകവും അത് ഉണർത്തുന്ന പൊതുജന വികാരവും ചലിക്കുന്നത് എന്നു വരുന്നത് സംസ്ഥാനത്തിന്റെ ദൗർഭാഗ്യമെന്ന് വേണം പറയാൻ.
ഏതായാലും സമ്മതിദാന അവകാശം എന്ന കരുത്തുറ്റ ആയുധം കൈവശമുള്ള വോട്ടർമാർ എന്ന പൊതുജനം നെല്ലും പതിരും തിരിച്ചറിയുക തന്നെ ചെയ്യും. അത് പ്രാദേശിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ആയാലും സംസ്ഥാനം ആര് ഭരിക്കണമെന്ന് നിശ്ചയിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലായാലും. ലൈംഗിക ആരോപണങ്ങളും അത് ഉയർത്തുന്ന ഇക്കിളിക്കഥകളും മാത്രമായിരിക്കില്ല വോട്ടർമാർ മനസ്സിൽ കൊണ്ടുനടക്കുന്നത്. അങ്ങനെ നിലംപൊത്താനുള്ളതല്ല ജനാധിപത്യത്തിന്റെ വരദാനമായ വോട്ടവകാശം.
പ്രജിത്ത് രാജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1